Tuesday, May 29, 2007

മഴ പെയ്യുന്നു....

















മഴ പെയ്യുന്നു,

ഓര്‍മകളുടെ
ബാല്യത്തിലേക്ക്,

പാടവരമ്പുകളില്‍
മഴ തീര്‍ത്ത കൊച്ചു വെള്ളച്ചാട്ടങ്ങളുടെ
ആസ്വാദനത്തിലേക്ക്,

മാളത്തില്‍നിന്നെത്തി നോക്കി
ഉള്‍വലിയുന്ന ഞണ്ടിന്റെ
കാഴ്ചയിലേക്ക്.

താടി വീര്‍പ്പിച്ച് മഴപ്പാട്ട് പാടി
വരമ്പില്‍ നിന്നു ചാടുന്ന
പോക്കാച്ചി തവളയിലേക്ക്,

മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന
തോര്‍ത്തിലേക്ക്,

ചേറുമാന്തി പുറത്തെടുക്കുന്ന
മണ്ണിരയിലേക്ക്,
അവ കോര്‍ത്ത്
ഒരു മീനിനായി തപസ്സിരിക്കുന്ന
പ്രതീക്ഷകളിലേക്ക്,

കടലാസുതോണികളുടെ
മത്സരത്തിലേക്ക്,

കുട മറന്നെന്ന വ്യാജേന
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി
പള്ളിക്കൂടത്തില്‍ നിന്നും 
പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്,

വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ
നിര്‍വൃതിയിലേക്ക്,

മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ
ഓര്‍മകളിലേക്ക്.

Monday, May 28, 2007

കല്ലടി കോളേജില്‍ ഒരു പുലിവാല്....

"ഇത്തവണ ഓണത്തിനു നമ്മക്കെന്തെങ്കിലും വറൈറ്റി പ്രോഗ്രാം വേണം"
മോഹന്‍ദാസ് സാറാണു കാര്യം അവതരിപ്പിച്ചത്.

ഈ അഭിപ്രായത്തോട് യോജിക്കാത്തവരായി ആരുമുണ്‍ടായിരുന്നില്ല.മണ്ണാര്‍ക്കാട് എം.ഇ.എസില്‍ ഞങ്ങള്‍ടെ കാലത്തെ എല്ലാ കലാപരിപാടികളുടെയും നടത്തിപ്പ് ഞങ്ങള്‍ടെ ഹിസ്റ്ററി ഡിപ്പാര്‍ട്ട് മെന്‍റ്റിലെ മോഹന്‍ദാസ് സാറിനായിരുന്നു.നിലവാരമുള്ള പരിപാടികള്‍ കൊണ്‍ടു വരാന്‍ സ്ക്രീനിംഗ് നടത്തുന്നതും സാറു തന്നെ.എന്റെ കുരുത്തക്കേടുകള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനം തന്നിരുന്ന സാര്‍ എനിക്ക് സ്ക്രീനിംഗ് നടത്തിയിരുന്നില്ല.

"സ്ക്രീനിംഗ് നടത്തിയാല്‍ നെന്നെ സ്റ്റേജിന്‍ ഏഴയലത്ത് അടുപ്പിക്കില്ല"എന്നെനിക്കെതിരെ ഒരു കുപ്രചരണമുണ്‍ട്.

ഓണത്തിനു വേണ്‍ട പ്രൊഗ്രമിനെ കുറിച്ച് ഞങ്ങളോട് പറയാന്‍ കാരണമുണ്‍ട്.അക്കാലത്ത് കോളേജിലെ കലാപരിപാടികളെല്ലാം കലാപ പരിപാടികളാക്കിയിരുന്നത് ഞങ്ങളായിരുന്നു.

ഞങ്ങളെന്നു പറഞ്ഞാല്‍ മസിലന്‍ സുരേഷ്...ക്ലാസ് മുറിയില്‍ ക്ലാസ്സ് നടന്നുകൊണ്‍ടിരിക്കുമ്പോള്‍ പോലും"ഡാ അന്‍റ്റെ മസിലു കോള്ളാട്ടോ..ഒന്ന് കാണിക്ക്"എന്നു പറഞ്ഞാല്‍ മസിലു കാണിക്കാന്‍ തയ്യാറാവുന്നവന്‍..മിസ്റ്റര്‍ കല്ലടിയാവണം എന്ന അന്ത്യാഭിലാഷവുമായി നടക്കുന്നവന്‍.ബു.ജി എന്ന നിലയില്‍ നടന്ന് മന്ദബുദ്ധിപ്പട്ടം ലഭിച്ചവന്‍..അങ്ങിനെ പൂവുന്നു അവന്റെ വിശേഷണങ്ങള്..‍

പിന്നെ നമ്പൂരി ഷെമീര്‍..ഞങ്ങടെ നാടക്കാന്തം എന്ന നാടകത്തില്‍ നമ്പൂരി വേഷമിട്ട് ബെസ്റ്റ് ആക്ടര്‍ പട്ടം ലഭിച്ചവന്‍.അല്പ്പം കുട വയറുണ്‍ടോ എന്ന് തോന്നും..പഠനം കഴിഞ്ഞെ ബാക്കിയിള്ളു അവന്..

പിന്നെ സഖാവ് അസീസ് പരോപകാരി.വെറും പത്ത് രൂപ ബെറ്റിനു കോളേജിന്‍റ്റെ അകത്ത് നിന്നും കോളേജ് വിട്ട സമയത്ത് ഒരു തെങ്ങിന്‍ പട്ട തലയില്‍ വെച്ച് ബസ് സ്റ്റോപ്പിലൂടെ നാലു ചുറ്റ് നടന്നവന്‍..

അടുത്തത് പ്രിയന്‍ മട്ടുള്ളവരൊട് തന്റെ പ്രിയവും കാണിച്ച് നടക്കുന്നവന്‍.പിന്നെ രാജാവ് ജിറാഫ് എന്നീ പെരുകളീല്‍ അറിയപ്പെടുന്ന അന്‍വര്‍ ഷാജ.ഞങ്ങള്‍ടെ നാടകത്തില്‍ രാജാവായിരുന്നു.അവന്‍റ്റെ ഒരു പതിഞ്ഞ ശബ്ദമാണു രാജാവ് "ആരവിടെ" എന്ന് ഗംഭീര ശബ്ദത്തോടെ ചോദിക്കുന്ന ചോദ്യം പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയവന്‍..

അടുത്തവന്‍ മജീദ് തീര്‍ത്തും ഞങ്ങള്‍ടെ ജൂനിയര്‍ ഒരു നടനാവണം എന്ന ആഗ്രഹത്താല്‍ ഞങ്ങളുടെ സംഘത്തിലെത്തിയവന്‍.നാടക സമയത്ത് ഡയലോഗ് മറന്ന് ടാബ്ലോക്കെന്ന പോലെ നില്‍ക്കുകയും അല്ലാത്ത സമയത്ത് കത്തിവെച്ച് ആളുകളെ കൊല്ലുകയും ചൈതവന്...

പിന്നെ ഈ എളിയവനാണു..ഹാസ്യപരിപാടികളെന്നും പറഞ്ഞ് സാറിനെ ചാക്കിട്ട് സ്റ്റേജില്‍ കയറി സകല കുരുത്തക്കേടുകളും കാണിച്ച് പ്രേക്ഷകരെ കരയിച്ചവന്‍.സര്‍വ്വതന്ത്ര സ്വതന്ത്രനായി ഇലക്ഷനില്‍ കല ക്ലബ്ബിലേക്ക് മത്സരിച്ച് വന്‍പിച്ച ഭൂരിപക്ഷത്തോടെ തോറ്റവന്‍.തോല്‍പ്പിച്ചതിനു ജീരകമിഠായി കൊടുത്തവന്‍..

അയ്യോ ഞാന്‍ പറഞ്ഞ് പറഞ്ഞ് കാടു കയറി...അങ്ങിനെ എന്ത് വറൈറ്റി കൊണ്‍ടു വരണം എന്നായി ആലോചന.. മസിലനാണു പരഞ്ഞത് "നമുക്ക് പുലിക്കളിയായാലോ.."ന്ന് കൊള്ളാമെന്നെല്ലാര്‍ക്കും തോന്നി..സാറും സമ്മതിച്ചു..അങ്ങിനെ പ്രോഗ്രാം ഞങ്ങള്‍ ഏറ്റെടുത്തു.‍..

മസിലന്‍ ഉത്സവനടത്തിപ്പിന്‍റ്റെ മേലധിക്കാരം കിട്ട്യാ പോലെ ഞെളിഞ്ഞ് നടന്നു. ഞങ്ങളെന്താത്ര മോശാ ഞങ്ങളും ഗമയില്‍ നടന്നു.

ഗമയുടെ ചൂട് കുറഞ്ഞപ്പൊഴാണു പുലിക്കളി എന്ന പരിപാടി പേപ്പറില്‍ കണ്‍ടൂന്നല്ലാതെ..ഒന്നുമറിയില്ലെന്ന സത്യം മസിലന്‍ വെളിവാക്കുന്നത്..കൂടെയുള്ള ഞങ്ങളാരും അത്ര മോശക്കാരല്ല കാരണം ഞങ്ങള്‍ക്ക് അത്രെം അറിയില്ലായിരുന്നു.

"എന്തായാലും ഏറ്റെടുത്ത പരിപാട്യല്ലെ നടത്തീലെങ്കില്‍ നാണക്കേടാവും"സഖാവ് തുറന്നടിച്ചു..

ടിയാന്‍ തന്‍റ്റെ ക്ലാസ്സ്മുറിയിമാര്‍ക്കിടയില്‍ ഞങ്ങള്‍ ഓണത്തിനു ഒരു വറൈറ്റി ഇറക്കണൂന്നും പറഞ്ഞ് കോളര്‍ പൊക്കി വന്നതെ ഉള്ളു..സഖാവ് മാത്രല്ല ഞാനും ഒന്ന് പൊക്കിപ്പറഞ്ഞൂന്ന് ആര്‍ക്കും തന്നെ കണ്‍ടു പിടിക്കാനാവില്ലെന്ന ഭാവേന എല്ലാവരും പറഞ്ഞു.

"എന്തായാലും കൊട പണയത്തിലായി..വരുന്നോടത്ത് വെച്ച് കാണാം"ന്നായി ഞാന്‍..

"അല്ലാ ദ്പ്പൊ ഈ പുലികള്ന്നൊക്കെ പറെമ്പൊ...പാന്‍റ്റും ഷര്‍ട്ടൊന്നും ഇടാന്‍ പറ്റില്ലാലൊ ? ആരാപ്പൊ പുലികളാവ്വാ..?"

രാജാവിന്‍റ്റെ പതിഞ്ഞ ശബ്ദം വളരെ ഗൌരവമായ ഒരു കാര്യം അവതരിപ്പിച്ചു..

മലയാളം ക്ലാസ്സ് പോലും കട്ട് ചൈത്, ഉച്ചഭക്ഷണം കൂടി കഴിക്കാതെ ഓക്കാസില്‍ ക്യു നിന്ന് ടിക്കറ്റ് കൌണ്‍ടറിന്‍റ്റെ അടുത്തെത്ത്യപ്പോള്‍ ടിക്കറ്റ് തീര്‍ന്നെന്ന അറിയിപ്പ് കേട്ടപോലെയായി മനസ്സ്..

നാലാളു കാണ്‍കെ ഞങ്ങള്‍ടെ കൂട്ടത്തില്‍ ഷര്‍ട്ടഴിക്കാന്‍ ദൈര്യമുള്ളവനും അതിനായീ വെമ്പുന്നവനുമായ മസിലനിലായിരുന്നു ഞങ്ങള്‍ടെ കണ്ണുകള്‍..എന്നാല്‍ പ്രധാനമന്ത്രി പദം തനിക്കു വെന്‍ടെന്നു പറഞ്ഞ സോണിയയെ പോലെ പുലിവേഷം ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്‍ട് മസിലന്‍ നിരസിച്ചു..

പിന്നീടുള്ളത് സഖാവാണ്‍ തന്‍റ്റെ പ്രതിശ്ചായക്ക് കോട്ടംതട്ടുന്ന കളിക്കൊന്നും താനില്ലെന്നു ശഠിച്ചു.

മുഖംമൂടി വെച്ചാല്‍ നമ്മളെ ആര്‍ക്കും തിരിച്ചറിയാനാവില്ലെന്നും ആരും യൂദാസാവാതിരുന്നാല്‍ നമ്മിലാരു പുലിയായെന്ന വിവരം പുറംലോകം അറിയില്ലെന്നും ഒരു കണ്‍ക്ലൂഷനില്‍ ഞങ്ങളെത്തി..

അങ്ങിനെ അല്പം വയറനായ നമ്പൂരിയും പ്രിയനും നെഞ്ചത്തെയും വാരിയെല്ലിലേയും എല്ലുകള്‍ ക്രിത്യമായി മുഴച്ചു കാണുന്നതിനാല്‍ ദേഹമാസകലം മഞ്ഞനിറം പൂശി പിന്നെ കാണുന്ന എല്ലുകളില്‍ കറുപ്പടിച്ചാല്‍ ഞാനൊരൊന്നാംതരം പുലി രൂപമാവുമെന്ന് എല്ലാവരും ഐകഖണ്ഠേന പസ്സാക്കിയതിനാല്‍ ഞാനും പുലിയാവാന്‍ തീരുമാനിച്ചു... മസിലന്‍ വെള്ള ഖദര്‍ ഷര്‍ട്ടും മുണ്‍ടുമുടുത്ത് നടത്തിപ്പുകാരന്‍റ്റെ വേഷത്തില്‍..മജീദ് തെങ്ങിന്‍റ്റെ മടലുകൊണ്‍ടൊരു തോക്കുമുണ്‍ടാക്കി പട്ടാളക്കാരന്‍റ്റെ വേഷത്തില്‍..സഖാവും പട്ടാളം..ചെണ്‍ടകൊട്ടുക എന്ന വീര ക്രിത്യംഏറ്റെടുക്കുവാന്‍ തയ്യാറായെങ്കിലും ആരൊക്കെയോ തടഞ്ഞതിനാല്‍ അത് ഭംഗിയാക്കാന്‍ പുറത്ത് നിന്നും ആളെ കൊണ്‍ടുവരാന്‍ തീരുമാനിച്ചു.

ഇനി വേഷം വേണം. ദേഹം മുഴുവന്‍ മഞ്ഞച്ഛായമടിച്ച് വിലങ്ങനെ ഒരോ കറുത്ത വരേം വരച്ചാല്‍ പുലിയായി...മുഖത്ത് ഒരു മുഖം മൂടീം ഒരു വാലും. ചെര്‍പ്പുളശ്ശേരീല്‍ ഒ.കെ.മയമോട്ടിക്കാന്‍റ്റെ കടയില്‍ കുറെ പഴയ കളര്‍കുമ്മായമുണ്‍ടെന്ന അറിവുണ്‍ടായിരുന്നതിനാല്‍ അതിന്‍റ്റെ കാര്യം ഞാന്‍ ഏറ്റു.സഖാവ് മുഖം മൂടീം,മസിലന്‍ വാലും തൊക്കും..

കോളേജ് വിട്ട് പോവുന്ന വഴി ദേഹത്ത് പുരട്ടാനുള്ള കളറും വാങ്ങിയാണു ഞാന്‍ വീട്ടിലെത്തിയത്.വൈകുന്നേരത്ത് ഒരു കവറും പിടിച്ച് വരുന്ന എന്‍റ്റടുത്തേക്ക് ഇളം ഞാര്‍ കണ്‍ട പശുവിനെപോലെ..ചില്ലറകള്‍ ഓടിയടുത്തു..ചിലര്‍ കവറില്‍ കടന്നു പിടിച്ചു..ചിലര്‍ എന്‍റ്റെ കയ്യില്‍ തൂങ്ങി.ചിലരതിനകം കവര്‍ പൊട്ടിച്ചു..ചില്ലറകളുടെ കയ്യിലാകെ മഞ്ഞയും കറുപ്പും കലര്‍ന്ന പൊടി.പിന്നെ അവിടെ ഒരു ഹോളി തന്നെയായിരുന്നു.

അവസാനം എന്‍റ്റെ ചേട്ടത്തിയമ്മമാര്‍ നടത്തിയ ലാത്തിച്ചാര്‍ജാണ്‍ രംഗം ശാന്തമാക്കിയത്.ഇതിനിടയില്‍ ചിലര്‍ പൊടി തിന്നിരുന്നു.ചിലര്‍ "പൊടി ബാത്തിംഗ്" നടത്തി..

ലാത്തിച്ചാര്‍ജിന്‍റ്റെയും,വെടിവെയ്പ്പിന്‍റ്റെയും..അത്യാഹിതങ്ങളുടെയുമെല്ലാം ഉത്തരവാദിത്വം എന്നില്‍ ചാര്‍ത്തപ്പെട്ടു.ആയതിനാല്‍ അത്യന്തം സ്പോടനാത്മകമായ പൊടി അകത്ത് കടത്താന്‍ വീട്ടിലെ കോടതി സമ്മതിചില്ല..അങ്ങിനെ പൊടി പൊടിയന്മാര്‍ക്ക് കിട്ടാത്ത ഒരിടത്ത് സൂക്ഷിക്കുവാന്‍ ഉത്തരവായി..പുലികളിക്ക് മുന്‍പ് തന്നെയുള്ള ഈ പന്തികേടിലൊന്നും പതറാന്‍ ഞാന്‍ തയാറായിരുന്നില്ല..

നാളെ കോളേജില്‍ പ്രേക്ഷക ശിരോമണികളില്‍ നിന്ന് ലഭിക്കുന്ന അനുമോദനങ്ങളായിരുന്നു മനസ്സ് നിറയെ..അത്താഴം കഴിചൂന്ന് വരുത്തി കിടന്നു.അടുത്ത ദിവസമായിരുന്നു മനസ്സില്‍ ഉരക്കം വന്നില്ല.

അങ്ങിനെ അടുത്ത ദിവസം ജീവിതത്തിലാദ്യമായി സുബഹി ബാങ്ക് കേട്ടു.അങ്ങിനെ ഒരേര്‍പ്പാടുണ്‍ടെന്ന് കേട്ടു കേള്‍വി മാത്രെ ഉണ്‍ടായിരുന്നുള്ളു.അമ്പലത്തീന്ന് കൌസല്യയെയും സുപ്രജയെയും രാമനെയും മറ്റും അത്യാവശ്യമായി വിളിക്കുന്നത് കേട്ടു.വീട്ടിലെ പൂവന്‍ കോഴിക്കൂടിന്റെ മുകളില്‍ മൂലോടില്‍ നിന്ന് മൂരി നിവര്‍ന്ന് ആഞ്ഞൊന്ന് കൂവി അങ്ങിനെ നേരം വെളുതൂന്ന് എല്ലാരും സ്തിരീകരിച്ചു. ഞാന്‍ എഴുനെറ്റു.പുലര്‍ച്ചെ എഴുനേല്‍ക്കാറുള്ള പലരും എന്നെ അത്ഭുതത്തോടെ നോക്കി..ഞാന്‍ ഉറക്കത്തില്‍ നടക്കുകയാണെന്നു ധരിച്ച് പലരും എന്‍റ്റെ യാത്രയുറ്റെ അന്ത്യം കണ്‍ടാസ്വദിക്കാന്‍ എന്നെ പിന്‍തുടര്‍ന്നു.എന്‍റ്റെ യാത്ര ബാത് റൂമില്‍ അവസാനിച്ചു.ഇത്രെം നെരത്തെ ഒരുങ്ങി വന്ന എന്നെ എല്ലാരും അതിനുമുന്പ് കണ്‍ടിട്ടില്ലാത്ത പൊലെ നൊക്കി.

തന്‍റ്റെ ഫാസ്റ്റിനെ ബ്രേക്ക് ചെയ്യുമൊ എന്ന ശങ്ക ഉള്ളതിനാല്‍ ബ്രേക്ക് ഫാസ്റ്റ് പോലും വേണ്‍ടെന്ന് വെച്ച് കോളേജിലേക്ക് നീങ്ങി.കൈയില്‍ ഉരുപ്പടിയുമെടുത്തു.

ഞാന്‍ രംഗത്തെത്തുമ്പൊള്‍ സഖാവും നമ്പൂരീം കോളേജിനകത്ത് ഗേറ്റിനരികിലായി പെണ്‍പിള്ളേരെല്ലാം ക്രിത്യമായി കോളേജില്‍ എത്തുന്നില്ലെ എന്ന് ശ്രദ്ധിക്കാന്‍ പയ്യന്‍മാര്‍ നില്‍ക്കുന്ന സ്പോട്ടില്‍ നില്‍ക്കുന്നു.മസിലന്‍ വാലിന്‍റ്റെ പണിപൂര്‍ത്തീകരിക്കാന്‍ പോയതാണത്രെ.

അല്‍പ്പ സമയത്തിനകം കരുവാരക്കുണ്‍ടില്‍ നിന്നും ഒരു ബസ് വന്ന് നിന്നു.നെല്ലിക്ക ചാക്ക് കുത്തഴിച്ചപോലെ കുട്ടികള്‍ കൊഴിഞ്ഞ് വീണു.അതില്‍ പ്രിയനും മജീദും.അപ്പൊഴെക്കും വാലുമായി മസിലനും എത്തി.

അങ്ങിനെ എല്ലാവരും തങ്ങളുടെ ചായം പൂശലുനു തയ്യാറാക്കിയ ജാസ് & ജാസ് ബില്‍ഡിംഗിന്റെ മുകളിലെ റൂമിലെത്തി.അങ്ങിനെ വെള്ളത്റ്റില്‍ കലക്കിയ ചായം ദേഹമാസകലം പൂശി.മസിലന്‍ടെയും എന്ടെയും കലാവിരുത് ഒരോ പുലികളെയും കരിവേല കെട്ടിയവരെപോലെ തോന്നിച്ചു.മീശയും കോട്ടുമിട്ട് പട്ടാളക്കാരനും ഖദരിട്ട് മസിലനും തയ്യാറായി.പുലിക്ക് വാല്‍ വെച്ചിരുന്നത് മസിലന്‍റ്റെ വീട്ടില്‍ അവന്റെ അമ്മ ചെടി നനക്കാന്‍ ഉപയോഗിച്ചിരുന്ന "ഓസ്" മുറിച്ചെടുത്തായിരുന്നു.വാലെത്ര കെട്ടിയാലും ഉറച്ച് നിന്നിരുന്നില്ല.പിന്നെ ഒരു വിധം നിര്‍ത്തീന്നു മാത്രം.മുഖംമൂടികൂടിയായപ്പോള്‍ പുലികള്‍ പുപ്പുലികളായി.

കോളേജിനകത്ത് നിന്നും "അല്പ്പസമയത്തിനുള്ളില്‍ ഏവരെയും ആവെശം കൊള്ളിച്ച് കൊണ്‍ട് പുലിക്കളി അരങ്ങേറും"എന്ന അനൌണ്‍സ്മെന്‍റ്റ് ഉണ്‍ടായി.സത്യം പരയാലൊ ഞങ്ങടെ നെഞ്ചിടിപ്പ് കൂടി.ചെണ്‍ടക്കാര്ടെ മേളം അപ്പോഴെ നെഞ്ചിടിപ്പായി മുഴങിയിരുന്നു. വെറും നിക്കറില്‍ സ്റ്റേജ് വരെ എങ്ങിനെ പോവും.കോളേജിന്റെ പുരത്താണല്ലൊ ഞങ്ങള്‍ടെ ഗ്രീന്‍ റൂം.അവിടെനിന്നും കോളേജ് ലൈബ്രറിയുടെ മുന്‍പിലുള്ള സ്റ്റേജിലെത്തന്‍ ഒരു അമ്പത് മീറ്ററോളം നടക്കണം.

അങ്ങിനെ പീഠനക്കേസില്‍ ഹാജരാക്കപ്പെട്ട പ്രതികളെപോലെ തലയില്‍ മുണ്‍ടിട്ട് മൂടി ഞങ്ങള്‍ സ്റ്റേജിനോടറ്റുത്തു. പ്രതികളെ തിരിച്ചറിയാനുളള്‍ കൌതുകത്താലും ഫോട്ടോ പത്രത്തില്‍ കൊടുത്ത് സര്‍ക്കുലേഷന്‍ കൂട്ടാനുള്ള ആര്‍ത്തിയാലും പാഞ്ഞടുക്കുന്ന പത്രക്കാരെ പോലെ പല വീരന്‍മാരും രംഗത്തെത്തി.മസിലന്‍റ്റെയും മറ്റുംഅ അവസരോചിതമായ് ഇടപെടലിലൂടെ ഞങ്ങള്‍ സ്റ്റേജിനരികിലെത്തി.

പിന്നെ പുലികളെല്ലാം മുഖംമൂടി വെച്ചു.മുണ്‍ടെടുത്ത് മാറ്റി.സ്റ്റേജിന്‍റ്റെ പുറത്ത് നിന്നു തന്നെ മേളം തുടങ്ങി.തോന്നിയ പോലെ ഞങ്ങള്‍ ചാടിക്കളിച്ചു.ചെണ്‍ടക്കാര്ക്കൊപ്പം പുലികളും പട്ടളക്കാരും കാര്യപ്രമുഖരുമെല്ലാം സ്റ്റേജില്‍ കയറി. ചെണ്‍ട്മേളം മുറുകുന്തോറും കാണികള്‍ ആര്‍ത്ത് വിളിച്ചു.അവരും കളിയില്‍ പങ്കാളികളായി.ചെന്ടക്കാര്‍ തകര്‍ത്ത് കൊട്ടാന്‍ തുടങ്ങി...ഞങ്ങള്‍ പുലികള്‍ തളരാനും.

അതിനു കാരണമുന്ടായിരുന്നു.മുഖംമൂടി വെച്ചപ്പോള്‍ മൂക്കിന്‍റ്റെ ഭാഗത്ത് ദ്വാരമിടാന്‍ ഞങ്ങള്‍ മറന്നിരുന്നു.ഞങ്ങള്‍ മസിലനോട് ഇടക്കിടെ ആംഗ്യം കാണീച്ചു.കലിയുടെ ആവെശം കൂട്ടാന്‍ മേളം മുറുക്കാനാണ്‍ പരയുന്നതെന്ന് കരുതി അവന്‍ ചെണ്‍ടക്കാര്‍ക്ക് അതിനുള്ള നിര്‍ദേശം നല്‍കി.പിന്നെ ഞ്ങ്ങള്‍ ചെന്ടക്കാരോട് നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. അതിനും വിപരീത ഫലമാണുണ്‍ടായത്.എന്ത് ചെയ്യും ഞങ്ങള്‍ കുഴഞ്ഞ് വീഴാറായി.

പെട്ടെന്നാണത് സംഭവിച്ചത്. നമ്പൂതിരിപ്പുലി ചെണ്‍ടക്കാരന്റെ കയ്യില്‍ നിന്നും ചെണ്‍ടക്കോലും വാങ്ങി സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടി...രണ്‍ടാമത്തെ ചെണ്‍ടക്കാരനപ്പോഴും കൊട്ട് തന്നെ.അയാള്‍ടെ കയ്യില്‍ നിന്ന് ഞാനും കോല്‍ വാങ്ങി ഓടി.ഞങ്ങളുടെ പുലിക്കളി സംഘം ഞങ്ങളെ അനുഗമിച്ചു.ചെണ്‍ടക്കോലിനായി ചെണ്‍ടക്കാര്‍ പിറകെ..പ്രതികളുടെ മുഖംകാണാന്‍ തടിച്ചു കൂടിയിരുന്ന പ്രേക്ഷകരും പിറകെ..അത്രേം ക്ഷീണിച്ചാലും ഇങ്ങിനെ ഓടാന്‍ പറ്റുമെന്ന അറിവ് അന്നാണുണ്‍ടായത്.പിറകില്‍ കൂടിയവര്‍ പിടിച്ചു പിടിച്ചില്ല എന്നമട്ടില്‍ വന്നു..ഓട്ടത്തിനിടയില്‍ ഒരുവനെന്റെ വാലില്‍ പിടുത്തമിട്ടു..ഏത് നിമിഷവും അഴിഞ്ഞു വീണേക്കാവുന്ന തരത്തിലുണ്‍ടായിരുന്ന പിലിവാല്‍ അങ്ങിനെ അവന്‍റ്റെ കൈയില്‍ പെട്ടു.

പൂരപ്പറമ്പില്‍ പെട്ട നായയെ പോലെ എന്നൊക്കെ കേട്ടിട്ടെ ഉണ്‍ടായിരുന്നുള്ളു.അങ്ങിനെ അതനുഭവിച്ചു.എങിനെയാണ്‍ ഞങ്ങള്‍ ഗ്രീന്‍ റൂമില്‍ എത്തിയതെന്നറിയില്ല..ക്ഷീണം മാറ്റാന്‍ ഹസ്സനിക്കാന്റെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓരോ ചായയും ബോണ്‍ടയും മസിലന്‍ കൊടുത്തോളാം എന്നു പറഞ്ഞ് തിന്നതിന്റെ കാശ് ഇനിയും കൊടുത്തിട്ടില്ലെന്നാണു വിശ്വസ്ത കേന്ദ്രത്തില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട്...

Saturday, May 26, 2007

വിരഹം


ആവില്ലയീ പേന തുപ്പും
മഷികൊണ്ടെന്നകത്തെരിയും
നെരിപ്പോടണയ്ക്കുവാന്‍

ആവില്ലയീ കടലാസുതുണ്ടിലെന്‍
കരള്‍ തുടിപ്പൊതുക്കുവാന്‍

അറുക്കട്ടെ ഞാനെന്‍ സിര
ചാലിയ്ക്കട്ടെ ചുടു നിണത്തിലെന്‍ അശ്രുധാര
നിറയ്ക്കട്ടെ ഉയിര്‍ കൊടുത്തെന്‍
പേനയിലീ മഷിക്കൂട്ട്

ഇല്ല,
ആവുന്നില്ലിനിയുമവള്‍തന്‍
വിരഹം പകര്‍ത്തുവാന്‍..!!

അയ്യപ്പങ്കുട്ടി.....

കുട്ടി എന്ന പേരു തന്റെ പെരിലുള്ളത് കൊണ്ടോ, "ഒന്നെ ള്ളൂങ്കി ഒലക്കെണ്ടടിക്കണം" എന്ന മഹത് വചനം കാളിയേട്ത്തീം,രാമേട്ടനൂം ഈസിയാക്കി എട്ത്തത് കൊണ്ടോ, അയ്യപ്പങ്കുട്ടിക്ക് കുട്ടിത്തം മാറീല.....

കള്ളിക്കാടിന്റെ മോളില്‍ സൂര്യന്‍ പൊങ്ങുന്നത് മുതല്‍ താമരശ്ശേരി കുന്നുമ്മല്‍ മറേണ വരെ കാളിയേട്ത്തീം,രാമേട്ടനും..അവര്ടെ വര്‍ക്ക് സൈറ്റായ അയമുട്ട്യാപ്ലടെ വില്ലു കണ്ടത്തില്‍ ലേബര്‍ പണിയെട്ക്കണത്..അയ്യപ്പന്‍ കാവില്‍ ഒരു പാല്‍പായസോം..ബീവീടെ ഏര്‍വാടീല്‍ ഒരു കുപ്പി നല്ലെണ്ണേം കൈക്കൂലി കൊട്ത്ത് ഒടയതമ്പുരാനോട് മാറത്തടിച്ച് പരഞ്ഞ് കിട്ട്യാ അയ്യപ്പങ്കുട്ടിക്കു വേണ്ടിയായിരുന്നു.

വെള്ളച്ചോര്‍ (തലെ ദിവസത്തെ ചൊറ്)പച്ചമൊളകും ഒടച്ച് ഇച്ചിരി ഉപ്പും ഇട്ട് വയറു നെറച്ചും രാവിലെ ബ്രേക്ക് ഫാസ്റ്റായി അയ്യപ്പങ്കുട്ടിക്ക് കാളിയേട്ത്തി കൊടുത്താലും..മൂപ്പത്ത്യാര്‍ടെ കോന്തലക്കല്‍ന്ന് രാമാസേട്ടന്‍റ്റെ ചായപീടീന്ന് പുളിച്ചവെള്ളപ്പോം വെള്ളംകൊണ്ടോണ വണ്ടി മറിഞ്ഞ പോലെള്ള ചട്ടിണീം തിന്നാന്‍ കാശു വാങ്ങിയേ അയ്യപ്പങ്കുട്ടി പൊറത്തിറങ്ങൂ...

"സംഭവം മ്മടെ അയ്യപ്പങ്കുട്ടിടെ ബുദ്ദി പത്തിലാണെങ്കിലുംഓന്റെ വയര്‍ എം.എ ക്കാ പഠിക്കണ്"ന്ന് ഒരു സംസാരംണ്ട്..

രാവിലെ രാമാസെട്ടന്റെ പീട്യെന്ന് തീറ്റേം കഴിഞ്ഞ് പീട്യെടെ മുന്‍പിലെ ഒങ്ങുംതറേല്‍ ഒന്നു റെസ്റ്റെട്ത്ത്.. "ന്തൊക്ക്യാ അയ്യപ്പങ്കുട്ട്യെ" എന്നു ചൊദിക്കുന്നവരോട് "സുഗാണ്ടോ" എന്നും പറഞ്ഞ് വിശദമായൊന്നു ചിരിച്ച് ഇഷ്ട്ടന്‍ പുത്തന്‍ ചെത്ത് വഴി നമ്മടെ കിഴാപ്പാട്ടെ പടിക്കല്‍കൂടി..വെള്ളോട്ടുര്‍ശ്ശി പാടംവഴി കുടീലെത്തും..അപ്പഴെക്കും ഉച്ചയായിട്ടുണ്ടാവും..

വര്‍ക്ക് സൈറ്റില്‍ നിന്നും "ചായീം കടീം ഇന്റെര്‍വെല്ലി"ല്‍ ഒരു പിടി അരീം തീമട്ട് (അടുപ്പത്ത് വെച്ച്) കാളിയേട്ത്തി പോന്നിട്ടുണ്ടാവും..ഉച്ചക്ക് പണിമാറ്റി വരുമ്പഴേക്കും വേവാനുള്ളതരത്തില്..വിറക് അട്ജെസ്റ്റ് ചെയ്യാന്‍ അവര്‍ക്കറിയായിരുന്നു.

ഒരു കിണ്ണം കഞ്ഞി പപ്പടം ചുട്ടതും ചമ്മന്തീം കൂട്ടീ കഴിച്ച് ഒരു നാലു ഏമ്പക്കവും വിട്ട് അയ്യപ്പങ്കുട്ടി ഒന്ന് നടു നിവര്‍ത്തും ..ഉച്ച ഭക്ഷണത്തിനു ശേഷം ഒരൊറക്കംണ്ട്ന്ന്. കെട്ട്യൊള്‍ടേം,കുട്ട്യോള്‍ടേം. സ്വര്‍ണ്ണോം, വീടിന്‍റ്റെം പരമ്പിന്റെം ആദാരോം പണയം വെച്ച് ഈ മരുഭൂമീലു വന്നിട്ടാവും പലരും മനസ്സിലാക്കണത്. ന്നാല്‍ ഇക്കാര്യം അയ്യപ്പങ്കുട്ടിക്ക് നേര്ത്തെ അറിയായിരുന്നു...

ചെര്‍പ്പുളശ്ശേരി ദേവീല്‍ പടം മാറ്ണ ദിവസം മാത്രെ അയ്യപ്പങ്കുട്ടി ഒറങ്ങാണ്ടിരിക്കൂ..അയ്യപ്പങ്കുട്ടിക്കുള്ള ടിക്കറ്റിന്‍ കാശുണ്ടാക്കാന്‍ കാളിയേട്ത്തീം, രാമേട്ടനും അയമുട്ട്യാപ്ലടെ വര്‍ക്ക് സൈറ്റില്‍ രണ്ട് മണിക്കൂറോളം ഓവര്‍ ടൈം എടുത്തിരുന്നു..

പടം മാറാത്ത ദിവസങ്ങലില്‍ പണിക്കാര്‍ക്ക് ചായകുടിക്കാന്‍ പള്ളീന്ന് മൊല്ലാക്ക തൊള്ളട്ണ വരെ ..അയ്യപ്പങ്കുട്ടി കെടക്കും...ഈ ഇടവേളയില്‍ കാളിയേട്ത്തി പെരെലെത്തി..ശര്‍ക്കരയിട്ടൊരു കട്ടങ്കാപ്പീണ്ടാക്കി..അയ്യപ്പങ്കുട്ട്യെ ഒണര്‍ത്തും..കാപ്പീം കുടിച്ച് പിന്നെ കള്ളിക്കാട് വഴി..മണ്ണര്‍ തൊടു വഴി..കാട്ടുകൊളത്തൂടെ ഒന്ന് ടേണ്‍ ചൈയ്ത് അയ്യപ്പങ്കുട്ടി വീണ്ടും രാമാസേട്ടന്റെ കടെടെ മുമ്പിലെത്തും..പിന്നേം ഒങ്ങിന്റെ ചോട്ടില്‍.

വൈകുന്നേരം വെടിവെട്ടത്തിനെത്തുന്ന മീശ മുളക്കാത്തവരും..മീശ മുളച്ചിട്ടും വടിച്ചവരുമായ പൊടിയന്മാര്‍ "ന്താ അയ്യപ്പങ്കുട്ട്യെ...ങ്ങനൊക്കെ നടന്നാ മത്യാ...അനക്കും വെണ്ടെ ഒരു കൊച്ചമ്പ്രാട്ടി...."എന്നും ചൊദിച്ച് ചൂടാക്കും.."ദോക്ക് ചെക്ക ജ്ജന്റെ തരക്കാരോട് കളിച്ചോ ...."എന്നും പരഞ്ഞ് അയ്യപ്പങ്കുട്ടി സ്ഥലം വിടും...

നെരം ഇരുട്ടണേന്റെ മുന്നെ അയ്യപ്പങ്കുട്ടി..കുടീലെത്തും....പിന്നെ ഒണക്കമീന്റെ തല ചുട്ടതും...ഒണക്കമൊളക് ചുട്ടരച്ചതും ക്കൂട്ടി ഒരു കിണ്ണംകഞ്ഞി കുടിച്ച് കൈതോലപ്പായീല്‍ തന്റെ ഒരു ദിവസത്തിന്‍ ക്ലൈമാക്സിടും...

അങ്ങിനെ സൂര്യന്‍ കള്ളിക്കാടിന്റെ മോളീന്നും പലതവണ താമരശ്ശേരി കുന്നിന്റെ അപ്പുറത്തേക്ക് പോയി..അയ്യപ്പങ്കുട്ടി കാളിയേട്ത്തീടെ കോന്തലക്കലും രാമാസേട്ടന്റെ ചായപ്പീദീലും...ഒങ്ങിന്‍ തരയിലുമായി വസിച്ച് പോന്നു....‍
പൊടുന്നനെ ഒരീസം കാളിയേട്ത്തിക്ക് ഒരു ബോധോദയം."ന്റെ അയ്യപങ്കുട്ടീനെ ഒന്നു പെണ്ണെട്ടിക്കണം.."രാമെട്ടനും അതന്നെ ചിന്തിക്കാര്ന്നു...ലോകരായ ലോകരെല്ലാം ഇതവരോട് പരയാഞ്ഞല്ല.."ന്റെ കുട്ടിക്ക് ഞാന്‍ടാവ്മ്പൊ ന്തിനാ ഒരു തൊണ"എന്ന വിശ്വാസമായിരുന്നു കാളിയേട്ത്തിക്ക്..

"ന്താപ്പോ അത് മാറാന്‍ കരക്കാര്‍ മൊത്തം ചിന്തിച്ചു..പുതനാല്ക്കലെ പൂരത്തിനു സ്പെഷല്‍ ഷോ ആയി ഓടിയിര്ന്ന് "കാലന്‍" എന്ന സിനിമ കണ്ടതോണ്‍ടാവുംന്ന് ഭൂരിപക്ഷവും വിലയിരുത്തി..."ആറടി മണ്ണ്" എന്ന അവസാന പരിപാടിക്ക് പോവാന്‍ ദേവീ ടക്കീസിലെ ക്യു പൊലെ ക്യു നില്‍ക്കേണ്‍ടതില്ലെന്നവര്‍ മനസ്സിലാക്കി..

അങ്ങനെ പെണ്ണന്യെഷണത്തിന്‍ അയ്യപ്പങ്കുട്ടിടെ ചെറ്യ്ഛ്ചന്‍ ബാലനെം..അമ്മായീ ശാന്തേം ചാര്‍ജെട്ത്തു..പിന്നീടങ്ങോട്ട് പിടുത്തം വിട്ട ആലോചനയായിരുന്നു...എന്തൊ ഒന്നും ഒത്ത് വന്നില്ല

കരക്കാര്‍ മൊത്തം പ്രശ്നം ഏറ്റെടുത്തു..തല്ലൊള്ളി രാമഷ്ണന്റെ നേത്രുത്ത്വത്തില്‍ കമ്മീഷന്‍ നിലവില്‍ വന്നു..അവരാദ്യം അയ്യപ്പങ്കുട്ടിയെ കുറിച്ച് പഠനം നടത്തി..

"ന്താപ്പോ ഓനൊരു കൊറവ്" രാമഷണന്‍ ചോദിച്ചു..

കരിവീട്ടീടെ കളറ്, ചുരുണ്‍ട് നീഗ്രൊ പോലെള്ള മുടികോണ്‍ട് തലയുടെ മുന്‍പില്‍ ഒരു കുരുവിക്കൂട്..മുമ്പിലെ പല്ലത്ര പൊങ്ങീട്ടൊന്നുല്ല..(ഓനെ മലര്‍ത്തി കെടത്ത്യാല്‍ ഒരു സദ്യക്കുളള്‍ തേങ്ങ ചിരവാന്‍ ചിരവ വെണ്‍ട എന്നൊക്കെ പറേണത് ദുഷ് പ്രചരണമായെ കാളിയേട്ത്തി കാണൂ..)പിന്നെ നല്ല ആരോഗ്യം ഒന്നിനാത്രം പോന്ന ചെര്‍പ്പക്കാരന്‍.

"ഓനെന്തേലും നയിച്ച് തിന്നണ്‍ട്രോ..?"മമ്മദാപ്ല ചൊദിച്ചു..

പൊടുന്നനെ ദൈവം സാമ്യാര്‍ കുന്നിന്‍മെ പ്രത്യക്ഷപ്പെട്ട പോലെ എല്ലാരും നിശ്ചലരായി.."അപ്പൊ അദന്നെ" പെണ്‍വീട്ടുകാര്‍ നടത്തുന്ന എന്‍ക്വയറിയില്‍ അയ്യപ്പങ്കുട്ടി പൊട്ടുന്നതിന്റെ കാരണം എല്ലാരും തിരിചരിഞ്ഞു.

അങ്ങിനെയാണ്‍ അയ്യപ്പങ്കുട്ടി പണിക്ക് പോവാന്‍ നിര്‍ബന്ധിതനാവുന്നത്.അധ്യയന വര്‍ഷാരംഭത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത കുട്ടിയെ മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി സ്കൂളിലെത്തിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളെ പോലെ അയ്യപ്പങ്കുട്ടീടെ കയ്യില്‍ സ്ലേറ്റിനും പെന്സിലിനും പകരം കൈക്കോട്ടും മണ്‍കൊട്ടേം കൊടുത്ത് കാളിയേട്ത്തീം രാമേട്ടനും അയമുട്ട്യാപ്ലടെ സൈറ്റ് നമ്പര്‍ രണ്‍ട് വാഴത്തോട്ടതിലേക്കയച്ചു.

"ഞാന്‍ പോവൂല" എന്നും പരഞ്ഞ് ചിണുങ്ങിയെങ്കിലും പിന്നെ പെണ്ണുകെട്ടെണ്‍ട കാര്യം ഓര്‍ത്തപ്പോള്‍ മൂപ്പര്‍ പോവാന്‍ തയ്യാറായി..

തൊടങ്ങ്യപ്പൊ തന്നെ അയ്യപ്പങ്കുട്ടിക്ക് ക്ഷീണം തുടങ്ങി..അതൊക്കെ മാറിക്കോളുംന്ന് എടക്കെടക്ക് കാളിയേട്ത്തി ഓര്‍മിപ്പിച്ചു.മേലതെ കണ്‍ടതില്‍ നിന്നും താഴത്തെ കണ്‍ട്ത്തിലെക്ക് മണ്ണു കൊണ്ട് വരലായിരുന്നു പണി...

രണ്ട് കൊട്ട മണണ്‍ എങ്ങിനെയൊ അയ്യപ്പങ്കുട്ടി താഴെ എത്തിച്ചു..മൂന്നാമത്തെ കൊട്ടയും ഏറ്റി താഴ്ത്തെ കണ്‍ട്ത്തിലേക്ക് ഹനുമാന്‍ മലയെന്നപോലെ പൊവുമ്പൊഴാണ്‍ കുഞ്ഞാപ്പുട്ടി ആ വഴി വന്നത.

"ദെന്താതെന്റെ അയ്യപ്പങ്കുട്ട്യെ..ഇക്കണ്‍ടതൊക്കെ ജ്ജ് ഒറ്റക്കേറ്റിക്കാ..?" എന്ന കുഞ്ഞാപ്പുട്ടീടെ വാക്ക് അരക്കൊട്ട മണണ്‍ ഒരായിരം കൊട്ടെടെ കനം തോന്നിച്ചു അയ്യപ്പങ്കുട്ടിക്ക്.ഉടനെ അയ്യപ്പങ്കുട്ടി മണ്ണും കൊട്ടേം വരമ്പിലിട്ടു..

"ദെന്താ കാട്ടണ്‍ അയ്യപ്പങ്കുട്ട്യെ " എന്ന അയമുട്ട്യാപ്ലടെ ചോദ്യത്തിന്‍

"ന്നെക്കൊണ്‍ട് പറ്റൂല" എന്നും പറഞ്ഞ് അയ്യപ്പങ്കുട്ടി രാജി സമര്‍പ്പിച്ചു.

അന്നയ്യപ്പങ്കുട്ടീടെ വീട്ടിലെല്ലാരും പട്ടിണിയായിരുന്നു.മണ്ണും കൊട്ട താഴെ വീണോണ്‍ടല്ല. എട്ടും പൊട്ടും തിര്യാത്ത എന്റെ കുട്ട്യെ ഞാനിതിനയച്ചല്ലോ എന്നും കരുതി കാളിയേട്ത്തീം.ഇവനീ ജന്മതില്‍ നന്നാവില്ലെന്നു കരുതി രാമേട്ടനും."ന്റെ ഭഗോതീ..ഞാനെത്ര മണ്ണാ ഏറ്റീത്" എന്നു കരുതി അയ്യപ്പങ്കുട്ടീം..

അങിനെ അയ്യപ്പങ്കുട്ടീടെ ആ ശ്രമം പരാജയപ്പെട്ടു.പിന്നീടാണ്‍ അയ്യപ്പങ്കുട്ടിക്ക് മേലങ്ങാത്ത പണികള്‍ കൊടുക്കാന്‍ തുടങ്ങിയത്. ആടിനെ നോക്കുക,പീട്യെന്ന് സാധനം വാങ്ങിക്കൊണ്‍ടുവന്നു കൊടുക്കുക,പയ്യിനെ മ്രിഗാസ്പത്രീല്‍ കൊണ്‍ടോവാ..തുടങ്ങിയ നിരുപദ്രവ ജോലികള്‍..

ഇതിനിടയില്‍ വേറെ ആരെം കിട്ടാത്തൊണ്‍ട് അയമുട്ട്യാപ്ല തന്റെ വീട്ടില്‍ നിന്നും കുറച്ച് ഓട് പാടത്തെ മെഷീന്‍പെര മേയാന്‍ അയ്യപ്പങ്കുട്ടി വശം തലച്ചുമടായി കൊടുത്തയച്ചു.വഴിയില്‍ വെച്ച് ആ പഴയ സ്പോട്ടില്‍ കുഞ്ഞാപ്പുട്ടീനെ കണ്‍ടതും ഒന്നുംപറയാതെ തന്നെ അയ്യപ്പങ്കുട്ടി ഓടുകള്‍ അനായാസം താഴെയിട്ടു...ഭാഗ്യമെന്നു പറയട്ടെ ഓരോട് പോലും പൊട്ടാത്തതായി ഉണ്‍ടായിരുന്നില്ല..

അങ്ങിനെ അയമുട്യാപ്ല ഒരു പാഠം പടീച്ചു..

ചെറ്യെ അറ്റകുറ്റപ്പണിയൊക്കെ ചെയ്യാന്‍ തൊടങ്ങ്യപ്പൊ...പണ്‍ട് രാമഷ്ണന്റെ നെത്രുത്വത്തില്‍ രൂപം കൊണ്‍ട "അയ്യപ്പങ്കുട്ടീ കല്ല്യാണ കമ്മീഷന്‍" പ്രവര്‍ത്തനം പുനരാരംഭിച്ചു.അങ്ങിനെയാണു അടയ്ക്കാ പുത്തൂരില്‍ നിന്നും രാധയെ കാനുന്നതും ഇഷ്റ്റമായീന്നു..അയ്യപ്പങ്കുട്ടി ഒരു ചിരിയിലൂടെ അറിയിച്ചതും...

രാധയെ ആരും ഇഷ്ടപ്പെട്ട് പോവുമായിരുന്നു.സിനിമാ നടി കല്‍പ്പനേടെ തടിയും,ഐ.എം.വിജയന്റെ കളറും..പിന്നെ ചെരട്ട പാറമ്മെ ഒരച്ചാലുണ്‍ടാവണ ശബ്ദവും..പിന്നെ അയ്യപ്പങ്കുട്ടിയെ ആകര്‍ഷിക്കാതിരിക്കുമോ?

രാധ അവള്‍ടമ്മയ്ക്കും,അച്ഛനും ഏക തരിയാണ്.ഇപ്പോള്‍ അവള്‍ കരിങ്കല്‍ സൈറ്റില്‍ സ്റ്റോണ്‍ അപ് ലോഡ് ചെയ്യുന്നു.വെട്ട് പൊത്തിനെ പൊലെനൊക്കുമെങ്കിലും സുന്ദരി..

രണ്‍ടു വീട്ടുകാര്‍ക്കും ഇഷടായ സ്ഥിതിക്ക് ഇനി എന്താലോചിക്കാന്‍...നെരിട്ട് കണ്‍ട് പറയെണ്ടവരൊടൊക്കെ കാളിയേട്ത്തീം,രാമേട്ടനും പോയി പറഞ്ഞു.ബാക്കി പരച്ചിലൊക്കെ കമ്മിഷന്‍ ഏറ്റെടുത്തു.

അയ്യപ്പങ്കാവില്‍ താലികെട്ട് അയമുട്ട്യാപ്ലടെ താഴെ കണ്‍ടത്തില്‍ താത്കാലിക കല്യാണ മണ്ഡപത്തില്‍ പായസോം പപ്പടോം കൂട്ടി ചോറൂണ്..സംഗതി കിടിലന്‍...അങ്ങിനെ ഈ പരിപാടി ഒരു ഗംഭീരവിജയമാക്കി തന്നതിന്‍ രാമഷണന്‍ എല്ലാവരൊടും നന്ദി പറഞ്ഞതൊടെ എല്ലാരും ഒരോര്ത്തര്ടെ കുടീപോയി..

അന്ന് രാത്രി വെള്ളോട്ടുകുര്ശ്ശി ദേശം പുത്തന്‍ ചെത്ത് അംശത്തില്‍ ചെറുപ്പക്കാരാരും ഉറങ്ങീല തെറ്റിധ്ദരിക്കേണ്‍ട ...കല്യാണത്തിന്‍ കൊണ്‍ട് വന്ന സാധനങ്ങള്‍ റീപ്ലേസ് ചെയ്യണമല്ലോ...അത് കൊണ്ട് മാത്രം...

അടുത്ത ദിവസം പതിവു സമയത്ത് തന്നെ കള്ളിക്കാടിന്റെ മുകളില്‍ സൂര്യന്‍ പൊങ്ങി...ച്ചിരി തെളക്കം സൂര്യനുണ്‍ടോന്ന് പലര്‍ക്കും തോന്നി..

ആസ് യൂഷ്വല്‍ അയ്യപ്പങ്കുട്ടിയെ രമാസേട്ടന്റെ ചായപ്പീട്യെല്‍ കണ്‍ടപ്പോള്‍ പലരും പലതും ചിന്തിച്ചു.അയ്യപ്പങ്കുട്ട്യെ എല്ലാരും ഒരു പുഞ്ചിരിയൊടെ നോക്കി..കരക്കാര്‍ മൊത്തം കുലുക്ക്യാലും അയ്യപ്പങ്കുട്ടി കുലുങ്ങോ...? ഓനാരാ മൊതല്‍ ...അയാപ്പങ്കുട്ടി ഒന്നും മൈന്റ് ചൈതില്ല..

"അയ്യപ്പ്ങ്കുട്ട്യെ സുഖാ......ല്ലെ.."എന്ന് ഏഷ്യനെറ്റ് റേഡിയോയില്‍ രാജീവ് ചോദിക്കണ പോലെ ചോദിച്ചപ്പോഴും..അവന്‍ ഓള്‍ട് മോടല്‍ മറുപടികൊടുത്തു.."ഓന്‍ വെളഞ്ഞ പുള്ളിയാ അമ്പിനും വില്ലിനും അടുക്കൂല"എന്ന നിഗമനത്തിലെത്തി ച്റുപ്പക്കാര്‍ പിന്‍മാറി..

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.ഒരു ഞെട്ടിക്കുന്ന വാര്‍ത്തകെട്ടാണ്‍ കരക്കാര്‍ ഉനര്‍ന്നത് അയ്യപ്പ്ങ്കുട്ടീടെ രാജകുമാരി രാധയെ കാണാനില്ല..

വീട്ടില്‍ മുക്കിലും മൂലേലും തപ്പി.പാടത്തെ കെണറ്റിലും..വല്യകൊളത്തിലും,കാട്ടുകൊളത്തിലും,പലരും മുങ്ങിതപ്പി. കള്ളിക്കാട്ന്റെം,താമരശ്ശേരിക്കുന്നിന്റെം മൊകളിലേക്ക് ആളുപോയി..എവിടീംല്ല....എലാരും അയ്യപ്പങ്കുട്ട്യെ സമാധാനിപ്പിക്കാന്‍ വന്നു

ന്നാല്‍ അയ്യപ്പങ്കുട്ടിക്കുണ്ടോ വല്ല കൂസലും...?

"ഓള്‍ ഓളോട്ക്ക് പോയിട്ടുണ്‍ടാവുംന്ന്" അയ്യപ്പങ്കുട്ടി..

അങ്ങിനെ ഒരു സംഘം രാധയുടെ വീട്ടിലെത്തി..ഉമ്മറപ്പടിയിലതാ രാധ ഒരു നോക്കുകുത്തിയെ പോലെ നില്ക്കുന്നു..

"അല്ലാ ന്റെ രാധെ ന്താ പ്പോ തിനുമാത്രം ണ്‍ടായെ..?"സംഘം ചോദിച്ചു.

ആ അവസരത്തിങ്കല്‍ രാധ മൊഴിഞ്ഞത്..
"കുളിക്കാന്‍ള്ള കൊളോം,പുരട്ടാന്‍ള്ള എണ്ണേം,തേക്കാന്‍ള്ള സോപ്പൂം ഇവടേംണ്‍ട്" എന്നായിരുന്നു.

തിരിച്ച് ന്യുസ് അയ്യപ്പങ്കുട്ടീടെ ചെവീല്‍ അപ്ഡേറ്റ് ചൈതപ്പോള്‍ അയ്യാപ്പങ്കുട്ടി പ്രതികരിച്ചത്..
"നേരം മോന്ത്യാവോളം കറ്റേം ഏറ്റണം.മോന്ത്യായാ ഓള്‍ടെ കാലൂം ഏറ്റണംന്ന് വെച്ചാ പറ്റൂല..."

കരക്കാര്‍ മൊത്തം പറഞ്ഞത്.."മ്മടെ അയ്യപ്പങ്കുട്ടി ഒരാണ്‍ "കുട്ട്യാ"....

Tuesday, May 22, 2007

വേനലവധി....

മൂകതയുടെ പര്യായം പോലെ..
ഒരു നോവു പോലെ...
കണ്ണുനീരണിഞ്ഞ് അവര്‍....
അവള്‍ക്കുവേണ്ടി അവനും...
അവനുവേണ്ടി അവളും കോറിയിട്ട പേരുകള്‍
വാകമരതില്‍ ഒരു മഷി മാഞ്ഞ മുദ്രപോലെ......
കരളുറച്ച മുദ്രാവാക്ക്യങ്ങളും....
മനംകുളിര്‍ത്ത ഘോഷയാത്രകളും....
ഈണമൊത്ത സംഘഗാനങ്ങളും...
നിശ്ശബ്ദതയിലുയരുന്ന ഇടനാഴി....
അവളെ ഒന്നു കാണാനവനും...
അവനെ ഒളികണ്ണാലൊന്നു നോക്കാന്വളും നടന്ന പാതകള്‍...
ഒടുവില്‍ അവള്‍ നീട്ടിയ ഓട്ടോഗ്രാഫിലേക്ക്‌പോലും....
പകര്‍ത്താനാവാതെ സ്വയമൊടുക്കിയ അവന്റെ പ്രണയം.....
പുസ്തകതാളുകള്‍ക്കിടയിലെ മയില്‍പീലിപോലെ...
തന്റെ പ്രണയമൊളിപ്പിച്ച്....
ഒടുവില്‍ ഹ്റ്ദയത്തിലുറഞ്ഞ ഒരു മധുര അസ്വാസ്ഥ്യമാക്കി അവള്‍...
ഒരു വേര്‍പാടിന്റെ മൌന ഭാഷ്യത്തില്‍...
വിങ്ങുന്ന ഹ്റ്ദയവുമായി അടുത്തടുത്ത്
എന്നാല്‍ എത്രയോ അകലത്തില്‍ അവര്‍...
വേനലറുതിയോടെ അവര്‍ മറ്റേതോ ദിക്കിലേക്ക്...
ഇനിയവര്‍ കണ്ടുമുട്ടിയേക്കുമായിരിക്കാം....

Monday, May 21, 2007

ഉമ്മ (അമ്മ)

ഉള്ളിലുറഞ്ഞ
നോവിന്റെ
ഹിമബാഷ്പമാണ്.

തേങ്ങല്‍ കണങ്ങളിറ്റിവീഴുന്ന-
ഞരക്കമാണ്.

ഉച്ഛ്വാസ വായുവിനായി
തപിക്കുന്ന-
തേങ്ങലാണ്.

നിസ്സഹായതയിലുരുവിടുന്ന-
ദൈവനാമമാണ്.

സ്നേഹം കൊതിച്ചിന്നും
ചാലിട്ടൊഴുകുന്ന-
കണ്ണീരാണ്.

ഇന്നും ഞാന്‍
അവിശ്ശ്വസിക്കുന്ന-
മൃതിയാണ്....

അങ്ങേപുറത്തെ കട്ടിലിലിന്നും
കേള്‍ക്കാതെ കേള്‍ക്കുന്ന-
"എന്റെ മക്കള്‍" എന്നവിലാപമാണ്.....

എന്റെ മാത്രം നീ....

നീ ഒരു കിനാവാണ്,
നിശകള്ലെന്റെ കണ്ണിമകളില്‍ വിശ്രമിക്കുന്നവള്‍.
നീ ഒരു പുഞ്ചിരിയാണ്,
ഒര്‍മകളിലെന്റെ ചുണ്ടിണകളില്‍ വിരിയുന്നവള്‍.
നീ ഒരു കണ്ണീര്‍ കണമാണ്,
നൊമ്പരങ്ങളിലെന്റെ കവിള്‍ തടങളിലൂടെ ഊര്‍ന്നിരങുന്നവള്‍.
നീ ഒരു വിങ്ങലാണ്,
ഏകാന്തതകളിലെന്റെ ഇടനെഞ്ചിനു ഭാരമേകുന്നവള്
‍നീ ഒരു തെന്നലാണ്,
ഉരുകുമെന്നാത്മാവിനെ വീശിത്തണുപ്പിക്കുന്നവള്‍.
നീ ഒരു നിലാവാണ്,
ഭയാനകമാമെന്റെ അന്ധകാരത്തെ അലിയിക്കുന്നവള്‍.
നീ ഒരു മഴയാണ്,
ദാഹാര്‍ത്തമായ എന്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്‍

മരിക്കാത്ത ഓര്‍മകള്‍.....

ഓര്‍മകള്‍,
ഒരു മന്ദസ്മിതത്തിന്റെ....

അത് വഴിമാറിയ
സൌഹൃദത്തിന്റെ....

പിന്നെ എന്നിലേക്കലിഞ്ഞുചേര്‍ന്ന
ഹൃദയത്തുടിപ്പിന്റെ.....

പിന്നെയും ഒത്തൊരുമിച്ച
സായാഹ്നങ്ങളുടെ.....

പിന്നീടാദ്യം നോവുന്ന
ഹൃദയത്തിന്റെ.....

അന്നെനിക്കേകിയ
സാന്ത്വനത്തിന്റെ....

ഒടുവില്‍ എന്നില്‍ നിന്നകന്ന
സൌഭാഗ്യത്തിന്റെ.....

ഒരു ഗദ്ഗദത്താലറിഞ്ഞ
നൊമ്പരത്തിന്റെ....

ഒരു നീണ്ട മൌനത്തിലൊതുങ്ങിയ
യാത്രാമൊഴിയുടെ.....

എന്നെ ഏകാന്തതയിലേക്കെറിഞ്ഞ
വേര്‍പാടിന്റെ....

ഇനിയും മരിക്കാത്ത ഒര്‍മകള്‍.......