Friday, June 22, 2007

ചീറ്റിംഗ്/ടീച്ചിംഗ് പ്രാക്റ്റീസ്..

തീയതി,
ആണിത്ര പെണ്ണിത്ര,
വന്നതിത്ര വരാത്തതിത്ര..
വിഷയം സാമൂഹ്യപാഠം..

ഞാന്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്കാല്‍ ഇത്യാതി കാര്യങ്ങള്‍ ആലേഖനം ചൈതു...

ഞാന്‍ ഒരു മാഷു വിദ്യാര്‍ത്ഥി.എന്നെ ഒബ്സര്‍വാന്‍ വന്ന മാഷന്മാരാവാന്‍ പഠിക്കുന്നവരുടെ മാഷുടെ മുന്നില്‍ ക്ലാസെടുത്ത് തുടങ്ങുകയാണ്. എട്ടാം തരം ബി യിലാണു കഥ...

ഇനി വിഷയത്തിലേക്ക് കൊണ്‍ടുവരണം..

അങ്ങിനെ ഞാനും എന്റെ ക്ലാസിലെ കുട്ടികളും നേരത്തെ ഉണ്‍ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍..നേരത്തെ നിശ്ചയിച്ച ഒരോരുത്തരോടും ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ അവരോട് പറയാന്‍ ഏല്‍പ്പിച്ചിരുന്ന ഉത്തരങ്ങള്‍ അവര്‍ പറയുകയും ചൈതു.ആയതിനാല്‍ സമുദ്രാന്തരയാത്രകള്‍ എന്ന വിഷയത്തിലെത്തിപ്പെടാന്‍ എനിക്ക് പ്രയാസമുണ്ടായില്ല..

ഞാന്‍ വിഷയത്തിലെത്തിപ്പെട്ട രീതികണ്‍ട് എന്റെ ഇന്റേണല്‍ മാര്‍ക്ക് കൂടീട്ടുണ്‍ടാവും എന്നു ഒബ്സെര്‍വന്‍ സാറിന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് ബോധ്യമായി..

അങ്ങിനെ ഞാന്‍ ഉള്ളം കയ്യില്‍ കുറിച്ചു കൊണ്‍ട് വന്ന പോയിന്റുകളും നോക്കി ക്ലാസ് തകര്‍ത്തുകൊണ്‍ടിരുന്നു.ഇനി ടീച്ചാനുള്ള സഹായി ഉപയോഗിക്കണം.

മേശപ്പുറത്ത് ചുരുണ്‍ട് കിടക്കുന്ന ചാര്‍ട്ട്"ഇനി നമുക്ക് യാത്രികര്‍ സന്‍ചരിച്ചിരുന്ന വഴികള്‍ നോക്കാം" എന്നും പറഞ്ഞ് ഞാന്‍ നിവര്‍ത്തി ചുമരില്‍ തൂക്കി..

ലോകത്തെ മൊത്തം കയ്യിലെടുത്ത് ഒരു വീരശൂരപരാക്രമിയെ പോലെ നില്‍ക്കുന്ന എന്നെ എല്ലാവരും സംശയ ഭാവത്തില്‍ നോക്കുന്നു..

"അല്ല സാറെ ഇത് വഴി തന്ന്യാണോ അവര്‍ സന്‍ചരിച്ചെ..?"എന്ന ഒരുത്തന്റെ ചോദ്യം ക്ലാസില്‍ ഉരുണ്‍ട് കൂടിയിരുന്ന ചിരിമേഘത്തെ പെയ്യിച്ചു..

ഞാന്‍ തൂക്കിയ ചാര്‍ട്ടിലേക്കൊന്നു നോക്കി..എന്റെ തൊണ്‍ട വറ്റി, ഭൂമി പിളര്‍ന്ന് പാതാളം പൊയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി..സമുദ്രാന്തരയത്രകളുടെ മാപ്പിനു പകരം ഞാന്‍ കൊണ്‍ടു വന്നിരുന്നത് ഒരു ബയോളജി മാഷുടെ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ചാര്‍ട്ട് ആയിരുന്നു..

Sunday, June 17, 2007

ഒരു തര്‍ക്കം....

നെഞ്ചകം തലയോട്...
നിന്നിലെ കണ്ണിമകളിലൂടെയല്ലെ
അവളാദ്യം എന്നിലേക്കിറങ്ങി വന്നത്?

അങ്ങിനെ എത്രപേര്‍ എന്റെ കണ്മുന്നിലൂടെ പൊയി
എന്നിട്ടും നീയല്ലെ അവളെ നിന്റെ ഒരു കോണില്‍ തുന്നി വെച്ചത്..?

നിന്റെ നാസാരന്ധ്രങ്ങളല്ലെ
അവളുടെ സുഗന്ധം എന്നിലേക്ക് പകര്‍ന്നത്?

"അങ്ങിനെ എത്ര സുഗന്ധങ്ങള്‍ ഞാന്‍ തന്നു.?
നീയല്ലെ അവളുടെ സുഗന്ധത്തെ മാത്രംനിന്നില്‍ ആവാഹിച്ചത്..?"

"നിന്റെ കര്‍ണപുടങ്ങളാണവളുടെ
കിളിമൊഴി എന്നെ കേള്‍പ്പിച്ചത്."

"അങ്ങിനെയല്ല,കിളിമൊഴികള്‍ക്കിടയില്‍
അവളുടേത് മാത്രമായി നീയാണ്.. വേര്‍ത്തെടുത്തത്."

"നിന്റെ രസനയാലാണവളുടെ നാമമുരുവിട്ടത്."
"നീയാണവളുടെ പേരു മാത്രം നിന്നില്‍ പ്രധിഷ്ഠിച്ചത്."

"നിന്റെ അധരങ്ങളാലാണവളുടെ ചുടുകണ്ണീര്‍ തുടച്ചത്."
"നീയാണതിനെന്റെ കണ്ണീരിനേക്കാള്‍ വില നല്കിയത്."

"എന്നിട്ടും...ആവളെന്തേ..എന്നില്‍ നിന്നകന്നത്.?"
"അകന്നെന്നോ?! നിന്നില്‍ ഉരുകിയുറഞ്ഞ വിഷാദം പിന്നെ ആരാണ്..?"

Thursday, June 14, 2007

കൊടുക്കാനാവാത്ത സ്നേഹം..


എണ്ണമെഴുക്കിലുപ്പിറ്റിച്ചമ്മ
ചോറ്റുരുളയൂട്ടവേ
ഇനി മതിയെന്നു ഞാന്‍

ഈയുരുളമതി,
ഇതപ്പുവിനച്ഛനെപോല്‍
വലുതാവാനാണെന്നമ്മ

ഇതമ്മതന്‍ ഒറ്റമൂലിയെന്നാകിലും,
തിന്നുപോം ഒരുരുള കൂടിയാ
വാത്സല്യത്തിലുടഞ്ഞുപോയ്

തലയിലെണ്ണയിടുന്നതു-
പദ്രവമെന്നേ തോന്നൂ അന്ന്
മുറ്റത്ത്, തൊടിയില്‍,
മാവിനുചുറ്റുമായ്..
എത്രയമ്മയോടിയെന്നെയെണ്ണയിട്ടൊന്നു കഴുകുവാന്‍

കുട്ടിക്കൂറട്ടിന്നൊത്തിരി
കുടഞ്ഞെടുത്തണിയിച്ച
പൌഡറിനെന്ത്
സുഗന്ധമായിരുന്നെന്നോ

കഞ്ഞിപ്പശമുക്കിയ
ഉടുപ്പില്‍ ഞാന്‍
കണ്ണനെപോലെയാണെന്നമ്മ

നിമിഷമൊന്നേ വേണ്‍ടൂ..
ഉടുപ്പിലപ്പടി ചെളി പുരളുവാന്‍

കഴിവില്ലായിരുന്നെന്നമ്മയ്ക്ക്
ഒരു നാട്ട്യ ഗൌരവക്കാരിയാവാന്‍പോലും

ഉറക്കമെത്താതെ
മിഴിതുറന്നു മടിത്തട്ടില്‍
അമ്മതന്‍ താരാട്ടില്‍
കരളൂയലാടവേ
നിദ്രാദേവിയുമലിഞ്ഞുപോം
ആ മാതൃഹൃദയ സ്നേഹ വായ്പിനാല്‍

ഇന്നവര്‍ ചോരവറ്റി
നമ്ര മെയ്യുമായ്
ആ കൈതലമിന്നുമെന്‍
മൂര്‍ദ്ധാവിലൊന്നു തലോടവേ
കുളിര്‍ക്കുമെന്നുള്ളം,
അലിഞ്ഞുപോം എന്‍ മനോവ്യഥയാകെയും

ഇന്നവരൊരു രണ്ടാം
ശൈശവത്തില്‍ കട്ടിലിലമരവേ
എന്‍കയ്യാലൊരിറ്റുകഞ്ഞി
കുടിക്കുവാന്‍ മോഹിച്ചിരിക്കാം

ഈ മരുഭൂവിലൊരു
പ്രവാസിയായ് ജീവിതം തിരയവേ
എന്‍കണ്ണുനീരിറ്റിച്ചു
കഴുകട്ടെയെന്‍ ശാപ ജന്‍മത്തെ ഞാന്‍

Sunday, June 10, 2007

വഴിയറിയാതെ ഞാന്‍....

വഴിയറിയാതെ ഞാന്‍ തേങ്ങുന്നു നോവിന്റെ-
വിരസമാം മരുഭൂവിലെന്‍ തോഴീ...
അകലങ്ങളിലെങ്ങോ മരുപ്പച്ച തീര്‍ത്തു നീ-
യിവനെയും കാത്തിരിപ്പുണ്‍ടോ...
എന്‍ വാരിയെല്ലില്‍ കൊരുത്തൊരു പാതി നീ-
യിപ്പാത വക്കിലിരിപ്പുണ്‍ടോ...
എന്‍ നൊമ്പരച്ചുമടിന്നൊരത്താണിയായ് നീ-
യൊരു കോണില്‍ മറഞ്ഞിരിപ്പുണ്‍ടോ....
എന്‍ കിനാക്കള്‍ക്കിരു ചിറകുമായ് നീ-
യൊരു മയക്കത്തിലിരിപ്പുണ്‍ടോ...
എന്‍ മൌനങ്ങള്‍ക്കൊരു വാക്കായ് നീ-
യൊരു വരിയുടെ തുമ്പിലിരിപ്പുണ്‍ടോ....
എന്‍ വേനലിനൊരു വര്‍ഷമായ് നീ-
യൊരു മുകിലായ് നില്‍പ്പുണ്‍ടോ....
എന്‍ ഇരുളിനൊരു നിലാവായ് നീ-
യീ വാനത്തിനപ്പുറമുണ്‍ടോ...
വഴിയറിയാതെ ഞാന്‍ തേങ്ങുന്നു നോവിന്റെ-
വിരസമാം മരുഭൂവിലെന്‍ തോഴീ...

Saturday, June 9, 2007

വിദ്യാലയങ്ങള്‍ തുറക്കുന്നു...



വിദ്യാലയങ്ങള്‍
തുറക്കുന്നു...
സ്മൃതികളിലേക്ക് ..

വീണു പൊട്ടി
പാതിയായ
സ്ലേറ്റിലേക്ക്...

തേഞ്ഞ് തേഞ്ഞ്
ചുരുങ്ങിയ
പെന്‍സിലിലേക്ക്..

വഴിയില്‍
നിന്നടര്‍ത്തിയ
ഇലമുളച്ചിയിലേക്ക്...


ഉടുപ്പിനുള്ളിലൊളിപ്പിച്ച്
വാടിയ
വെള്ളമഷിത്തണ്‍ടിലേക്ക്...


പെരുകുന്നതു കാത്ത്
മാനം കാണാതെ സൂക്ഷിച്ച
മയില്‍പീലിത്തുന്ടിലേക്ക്.....

പുത്തനുടുപ്പിന്റെ
സൌരഭ്യത്തിലേക്ക്..

നാരങ്ങ മിഠായിയുടെ
മധുരത്തിലേക്ക്..

കണക്കിനോട്
മല്ലടിച്ചു തോല്‍ക്കുന്ന
കയ്പ്പിലേക്ക്..

പേരു തുന്നിയ
ശീലക്കുടയിലേക്ക്...

പെന്‍സിലിനു
കണ്ണിമാങ്ങ കൈമാറുന്ന
വ്യവസായത്തിലേക്ക്...

ഇന്നും ആദരിക്കുന്ന
ഗുരുക്കന്‍മാരിലേക്ക്...

ഇനിയൊരിക്കലും
തിരിച്ചു കിട്ടാത്ത
ബാല്യത്തിലേക്ക്..

Tuesday, June 5, 2007

മഴ വിരഹത്തിലേക്ക്....

ഒരു പേമാരിയില്‍ കുതിര്‍ന്ന്..
ഒരു സ്വപ്നത്തിലലിഞ്ഞ്..
ചെമ്മണ്‍ പാതയിലൂടെ ഞാന്‍...
ഒരിത്തിരി തണലില്‍..
മഴതുള്ളികള്‍ പുതച്ച് അവള്‍...
ഒരു വെള്ളിടിയാണവളെ എന്നിലേക്കടുപ്പിച്ചത്..
പിന്നെ മഴയുടെ
ചിണുങ്ങലിലൂടെ...
പുന്‍ചിരിയിലൂടെ...
കുളിരിലൂടെ ഞങ്ങള്‍...
ഒടുവില്‍...മഴ തേങ്ങി തേങ്ങി...
ഒരു വേനലിനു വഴി മാറി...
മഴ ഇന്നെന്റെ വിരഹത്തിലേക്കാണു പെയ്യുന്നത്...