Thursday, September 27, 2007

കാത്ത്‌ നില്‍ക്കുന്നു ഞാന്‍...

ദീര്‍ഘനിശ്വാസമെന്‍ തഴപ്പായയില്‍
തളംകെട്ടികിടക്കുന്നതിന്‍ മുന്‍പെ
ശൂന്യമായെങ്ങോ നീളുന്ന പാതയില്‍
എന്നുമെന്നും കണ്‍ടിരുന്നു നാം
കൂരിരുള്‍ ചാലിച്ച രാത്രിയിലെവിടെയോ..
വീണുടഞ്ഞയെന്നോര്‍മതന്‍ ചീളുകള്‍
ഒരു നിലാവൊളിയിലൊന്നു തിരയുവാന്‍
നൊയമ്പെടുത്ത് കാത്തിരിപ്പാണു ഞാന്‍

പോയകാലത്തിന്‍ മര്‍ത്യബന്ധങ്ങള്‍
ധൂമശില്പങ്ങളായ് മാഞ്ഞിടുമ്പൊഴും
പോയ കിനാക്കള്‍തന്‍ വെണ്‍നിറച്ചാര്‍ത്തുകള്‍
കരിപുരണ്‍ട് വികൃതമാവുമ്പൊഴും
എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ...

നിന്റെ കിനാവില്‍ കനംതൂങ്ങുമോര്‍മതന്‍
കണ്ണുനീരായടര്‍ന്നു വീണീടുവാന്‍
നിന്റെ ഇരവിന്റെ കൂരിരുള്‍ തുമ്പിലായ്
വെണ്ണിലാവായ് വന്നലിഞ്ഞുചേര്‍ന്നീടുവാന്‍
ഒട്ടുനേരമീ ജീവിതവീഥിയില്‍ ഏകനായ്
വ്യര്‍ഥമായ് കാത്ത്‌ നില്‍ക്കുന്നു ഞാന്‍...