Wednesday, September 8, 2010

പ്രവാസി

ഇരുമ്പുചക്രപ്പല്ലുകൾ ഞെരിച്ചാ
യന്ത്രം മണ്ണിൽ തലതല്ലി
കർണകഠോരമായ് കീറിമണ്ണിന്‍
ഹ്യദയദമനികളലിവില്ലാതെ...
കല്ലും സിമന്റുമരച്ചുചവച്ചു യന്ത്രം
തുമ്പിക്കൈയാല്‍ ചീറ്റുന്നു..
കുഴിയാനക്കൊമ്പാലൊരു യന്ത്രം
ഭാരം വിണ്ണില്‍ ഉയര്‍ത്തിതള്ളുന്നു
പതച്ചുപൊങ്ങും ആവിയിൽ
വിയര്‍ത്തു കിതച്ചു നര ജന്മം
വിളര്‍ത്ത സിമന്റു തൂണിന്‍ ചരുവില്‍
ഇത്തിരി തണലിന്‍ മറ തേടി
നിശ്ചലമീ മരുഭൂവിലൊരുതരി -
കാറ്റുതിരഞ്ഞു മടുത്തിട്ടും..
മേലാളര്‍തന്‍ നാക്കിന്‍ നിര്‍ദയ -
വാക്കുകള്‍തന്‍ ശരമേറ്റിട്ടും
അക്കരെ വിണ്ണിന്‍ കീഴിലുറങ്ങും
കൂടും കുടുംബവുമുയിര്‍ത്തീടാന്‍
നരച്ച മണ്ണില്‍ ചുവടുതളര്‍ന്നിവര്‍
ഉയിരുകൊടുത്തുമുഴയ്ക്കുന്നു..





Tuesday, August 24, 2010

ചുവന്ന വൃത്തങ്ങള്‍...

ചുവന്ന വൃത്തങ്ങളില്‍ അകപ്പെട്ടുപോയ-
പഴയ കലണ്ടറുകളിലെ അക്കങ്ങളെ പരിഹസിച്ച്
പുതിയ കലണ്ടറിലെ മാസങ്ങള്‍ക്കിടയില്‍
അക്കങ്ങള്‍ ചിരിച്ച് നിന്നു...
ഒരു നേര്‍ത്ത ബിന്ദുവായി
മടക്കയാത്രയെ ഓര്‍മിപ്പിക്കുന്ന
മാസത്തിലെ അക്കത്തിലേക്ക്
ദൂരം കുറയുന്നെങ്കിലും സമയം ദീര്‍ഘിക്കുന്നത്പോലെ...
മനം മടുപ്പിക്കുന്ന അലാറത്തിന്റെ-
അലറല്‍ കേള്‍ക്കാതെ ഉറങ്ങാന്‍
മഴത്തുള്ളികളുടെ സംഗീതത്ത്തിലലിഞ്ഞു മയങ്ങാന്‍
ദിവസങ്ങളെ ചുവന്ന വൃത്തങ്ങളിലടച്ച് അയാള്‍-
യാത്ര തുടര്‍ന്നിട്ട് വര്‍ഷങ്ങളായി..
മണല്പരപ്പിന്റെ ആകാശത്ത്
ചിറകുവിരിക്കുന്ന വിമാനപ്പക്ഷികള്‍ക്ക് -
ജന്മനാടിന്റെ സുഗന്ധം...
മണല്കൂനകളെ ചുട്ടുപഴുപ്പിച്ചും
പൊടിയില്‍ കുതിര്ത്തും
തുളച്ചു കയറുന്ന തണുപ്പില്‍ പൊതിഞ്ഞും
കാലം അയാളുടെ യാത്രാരെഖയുടെ വക്കിലെത്തി..
നീലാകാശവും പുഴയും പൂക്കളും പൂക്കൈതയും
വയലും മഴയും മലയും മണ്ണും മനസ്സില്‍ നിറഞ്ഞു തുളുമ്പി...
നഗരപാതയിലെ അപായ സൂചനയെ മറികടന്ന്‍
അയാളുടെ ചിന്ത അയാളെ നടുവിലെത്തിച്ചിരുന്നു
ലോകം അത്രയും വേഗതയിലയത് അയാളറിഞ്ഞില്ല
ഒടുവിലായി വൃത്തത്തില്‍ അകപ്പെടെണ്ട അക്കത്തിലെക്കൊരു-
തുള്ളി ചോരയായ് അയാള്‍......