Wednesday, September 8, 2010

പ്രവാസി

ഇരുമ്പുചക്രപ്പല്ലുകൾ ഞെരിച്ചാ
യന്ത്രം മണ്ണിൽ തലതല്ലി
കർണകഠോരമായ് കീറിമണ്ണിന്‍
ഹ്യദയദമനികളലിവില്ലാതെ...
കല്ലും സിമന്റുമരച്ചുചവച്ചു യന്ത്രം
തുമ്പിക്കൈയാല്‍ ചീറ്റുന്നു..
കുഴിയാനക്കൊമ്പാലൊരു യന്ത്രം
ഭാരം വിണ്ണില്‍ ഉയര്‍ത്തിതള്ളുന്നു
പതച്ചുപൊങ്ങും ആവിയിൽ
വിയര്‍ത്തു കിതച്ചു നര ജന്മം
വിളര്‍ത്ത സിമന്റു തൂണിന്‍ ചരുവില്‍
ഇത്തിരി തണലിന്‍ മറ തേടി
നിശ്ചലമീ മരുഭൂവിലൊരുതരി -
കാറ്റുതിരഞ്ഞു മടുത്തിട്ടും..
മേലാളര്‍തന്‍ നാക്കിന്‍ നിര്‍ദയ -
വാക്കുകള്‍തന്‍ ശരമേറ്റിട്ടും
അക്കരെ വിണ്ണിന്‍ കീഴിലുറങ്ങും
കൂടും കുടുംബവുമുയിര്‍ത്തീടാന്‍
നരച്ച മണ്ണില്‍ ചുവടുതളര്‍ന്നിവര്‍
ഉയിരുകൊടുത്തുമുഴയ്ക്കുന്നു..