Monday, March 14, 2011

സുനാമി...

പതിവുപോലെ അന്നും കൃത്യ സമയത്ത് തന്നെ വീട്ടിക്കാടന്‍ ഉസ്താദ് സുബഹി ബാങ്ക് വിളിച്ചു. മനസ്സിലുടക്കിയ എന്തോ അസ്വസ്ഥതകൊണ്ട് രാത്രിമുഴുവന്‍ ഉറങ്ങാതെ പുലര്‍ച്ചെ ഒന്ന് കണ്ണ് ചിമ്മിയതെ ഉണ്ടായിരുന്നുള്ളൂ റഫീക്ക് .ഇന്ന് ഞായറാഴ്ചയാണ് കുട്ടികള്‍ക്ക് ഖുര്‍ആന്‍ ക്ലാസ്സുണ്ട് നസീമയും മക്കളും ഉറക്കം തന്നെ.അയാള്‍ നസീമയെ തട്ടി വിളിച്ചു. അവളോടൊന്നും പറയേണ്ടിയിരുന്നില്ല ഇന്നലെ തന്നെ ഇന്നത്തെ ടൈം ടേബിള്‍ അവള്‍ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു..

അവര്‍ക്ക് രണ്ടുമക്കള്‍ പത്തുവയസ്സുകാരി അനീസയും ആര് വയസ്സുകാരന്‍ അനസും. നസീമ അനീസയെ ഉണര്‍ത്തി.അനസ് അപ്പോഴും പുതപ്പിനുള്ളില്‍ ചുരുണ്ട് കിടപ്പാണ് .അനസിനെ എഴുനെല്‍പ്പിക്കെണ്ടതും ഒരുക്കേണ്ടതും അനീസയുടെ ഡ്യൂട്ടിയാണ് ഉമ്മ വീട്ടുപണിയെല്ലാം എടുക്കുന്നതിനെക്കാള്‍ ഭാരിച്ച ജോലിയാണതെന്നാണ് അവളുടെ പക്ഷം.

"ഡാ, അനൂ നീ എഴുനേല്‍ക്ക്നില്ലേ ..?'അവനെ അവള്‍ കുലുക്കി വിളിച്ചു.

അവന്‍ ഒന്ന് മുരണ്ടു വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടു.

'ഡാ, മദ്രസീല്‍ വര്നില്ലേ നീയ്..?'

'ഇല്ല ഇത്ത പൊയ്ക്കോ.' അവന്‍ നയം വ്യക്തമാക്കി

അവനെ വിട്ടിട്ടവള്‍ പോവുന്നതെങ്ങിനെ. ഇനി എന്തെങ്കിലും തന്ത്രം പ്രയോഗിച്ചാലേ അവന്‍ വരൂ..

''ഡാ, അങ്ങേ കുടീലെ അമീറിനെ ഇന്ന് മദ്രാസ്സില്‍ ചേര്‍ത്താന്‍ കൊണ്ടാരനുണ്ടാത്രേ , എല്ലാ കുട്യോള്‍ക്കും മുട്ടായീം കൊട്ക്ക്നുണ്ടത്രേ ''ഇത്രയും പറഞ്ഞവള്‍ പല്ല് തേക്കാനിറങ്ങി .

ഇതിലവന്‍ വീഴുമെന്നും വാതിലിന്റെ മറവില്‍ അവന്റെ കുഞ്ഞു മുഖം എത്തിനോക്കുന്നത് കാണാമെന്നും അവള്‍ക്കറിയാമായിരുന്നു.

''ഇത്ത പരേനത് സത്യംന്നെ ല്ലേ..?'' അവന്‍ സംശയം പ്രകടിപ്പിച്ചു.

''ഇന്ക്കെന്തിനാ അന്നോട് നൊണ പറഞ്ഞ്ട്ട് ?'' നീ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതിയെന്ന ഭാവത്തില്‍ അവള്‍ പറഞ്ഞു .
പിന്നെ അവനും പോവാന്‍ ഉത്സാഹമായി.പതിവിനു വിപരീതമായി കടലില്‍ ഒരു മഴക്കോളിന്റെ നിറം.കടലില്‍ മൂടിയ കറുപ്പ് കടലോരത്തെ അവരുടെ വീടിന്റെ മുകളില്‍ നിഴല്‍ പടര്‍ത്തി നിന്നു .
അനീസ പോവാന്‍ റെഡിയായി. അനസിനെ ഒരു വിധം ഒരുക്കിയെടുത്തു .ഇപ്പോള്‍ അവന്റെ ചെരുപ്പ് കാണാനില്ല.സാധാരണ വെക്കുന്നെടത്തെല്ലാം നോക്കി.

''എവിടെയാണാവോ ചെക്കന്‍ ഇന്നലെ ഊരിയെരിഞ്ഞത്..? സ്വന്തായിട്ട് ഒരു സാധനം എടുത്തെക്കാന്‍ ചെക്കന് വയ്യ'' അവളവനെ കുറ്റപ്പെടുത്തി

അവസാനം ഒരെണ്ണം മേശക്കടിയില്‍ നിന്നും, ഒരെണ്ണം മുറ്റത്ത് നിന്നും കിട്ടി.ഉമ്മ അപ്പോഴേക്കും കട്ടന്‍ചായയും ഉപ്പുമാവും തയ്യാറാക്കി വെച്ചിരുന്നു. അത് കഴിച്ചു തീര്‍ന്നപ്പോഴേക്കും സമയം വൈകി. ഇനി അഞ്ചുമിനിട്ടെ ഉള്ളൂ.'' ഫാത്തി അ'' തുടങ്ങുന്നതിനു മുന്‍പേ മദ്രസ്സയിലെത്ത്തനം .ഉപ്പ ഉറക്കത്തില്‍ തന്നെ.
''ഉമ്മാ ഞങ്ങള്‍ പോണേ'' അവര്‍ യാത്ര പറഞ്ഞിറങ്ങി
''കോട കൊണ്ടൊയ്ക്കോ മഴക്കോള് കാണാനുണ്ട് '' ഉമ്മ വിളിച്ചു പറഞ്ഞു
''വേണ്ട ഒരോട്ടത്തിനു ഞങ്ങള്വടെത്തും ''അവള്‍ പറഞ്ഞു.

അടുത്ത് തന്നെയുള്ള മദ്രസയിലേക്ക് അനുവിന്റെ കയ്യും പിടിച്ചവള്‍ നടന്നു.പോവുന്നതിനിടയില്‍

''മുട്ടായി കിടൂം ല്ലേ..?'' എന്നവന്‍ വീണ്ടും സംശയം പ്രകടിപ്പിച്ചു.

''ഊം കിട്ടും, നീ വേഗം വാ''അവനു വേണ്ടി അവള്‍ തന്റെ ഉടുപ്പില്‍ കരുതിവെച്ച മിട്ടായി തോട്ടുകൊണ്ടാവല്‍ പറഞ്ഞു.

മദ്രസയുടെ ഗേറ്റിനടുത്തെത്തിയപ്പോഴേക്കും ''ഫാത്തി അ'' തുടങ്ങി. വൈകിവരുന്നവരെ പിടിച്ച് ശിക്ഷിക്കാന്‍ ഉസ്താദ് വള്ളിച്ചൂരലുമായി നില്‍ക്കുമെന്ന് തന്നെ അവള്‍ പ്രതീക്ഷിച്ചു. ഉസ്താദ് അവിടെത്തന്നെ ഉണ്ട് എന്നാല്‍ കയ്യില്‍ ചൂരലില്ല മുഖത്ത് പുഞ്ചിരി

''പെങ്ങളും കുഞ്ഞാങ്ങളീം എന്ത്യേ വൈകീത്..?''

''പോരാന്‍ നോക്കുമ്പോ അനൂന്റെ ചെരുപ്പ് കാണാതായി ''

''ഊം ,എന്നാ കേറി ഇരുന്നോ..''

അവര്‍ ആശ്വാസത്തോടെ ക്ലാസ്സില്‍ കയറി ഇരുന്നു .ഉസ്താദിന്റെ പെരുമാറ്റത്തില്‍ അവള്‍ക്ക് അത്ഭുതവും സന്തോഷവും തോന്നി .ഒരു മിനുറ്റ് വൈകിയാല്‍ ചൂരല്‍ പ്രയോഗം നടത്തുന്നയാളാണ്

അന്നവള്‍ക്ക് അന്ത്യ നാലിനെ കുറിച്ചായിരുന്നു ക്ലാസ് ,വരാന്‍ പോവുന്ന പ്രളയവും താഴ്ന്നു വരുന്ന സൂര്യനും ഇളകിമറിയുന്ന കടലും അവളെ ഭയപ്പെടുത്തി ഇന്റര്‍വെല്ലിനു അനു അവള്‍ടെ അടുത്തെത്തി

'' ഇത്ത ഇന്നോട് നൊണ പറഞ്ഞൂ ല്ലേ..? നൊണ പരെനോരെ പടച്ചോന്‍ സിക്ഷിക്കൂംന്നു ഉസ്താദ് പറഞ്ഞു''

''മദ്രസീല്‍ കൊണ്ടോരാന്‍ നോണ പറഞ്ഞാല്‍ പടച്ചോന്‍ ഒന്നും ചെയ്യൂല, അനക്ക് മുട്ടായിഅല്ലേ വേണ്ടു അത് ഞാന്‍ പോവുമ്പോ തരാം ''

മദ്രസ തീരുന്നത് വരെ അവളുടെ മനസ്സില്‍ അവസാന നാളിന്റെ ഭയപ്പാടും അവന്റെ മനസ്സില്‍ അവളവന് കൊടുക്കാന്‍ പോവുന്ന മിട്ടായിയും ആയിരുന്നു.

മദ്രസ വിട്ടപ്പോള്‍ പുറത്ത് വല്ലാത്ത ഇരുട്ട് .ഒരു വലിയ മഴക്കോള് പോലെ. കുടയെടുക്കാന്‍ പറഞ്ഞിട്ട് എടുത്തതുമില്ല . മഴകൊണ്ട് വീട്ടിലെത്തിയാല്‍ ഉമ്മ ചീത്തപറഞ്ഞത്‌ തന്നെ. അവള്‍ അനുവിന്റെ കയ്യും പിടിച്ച് വേഗത്തില്‍ നടന്നു.

കടലില്‍ പക്ഷികള്‍ കലപില കൂട്ടി പറക്കുന്നു. കടലിലെ വെള്ളം ഒരുപാട് താഴേക്ക് പോയിട്ടുണ്ട് അവസാന നാളിലെ കറുത്തിരുണ്ട ദിനത്തെ കുറിച്ചവള്‍ ഭയപ്പാടോടെ ഓര്‍ത്തു. വീട്ടിലെത്താന്‍ ഇത്തിരി കൂടിയേ ഉള്ളു.വീട്ടു പടിക്കല്‍ ഉമ്മ നോക്കി നില്‍ക്കുന്നത് കാണാം. അവള്‍ അനുവിനെയും പിടിച്ച് നടത്തത്തിന്റെ വേഗത കൂട്ടി

''ഇത്ത എവടെയാ മുട്ടായി വെച്ചിര്‍ക്കണേ ''

''അതൊക്കെ അവടെ ണ്ട്, നീ വേഗം വാ മഴ പ്പോ പെയ്യും ''
കടലില്‍ നിന്നും ഒരിരമ്പല്‍ കേള്‍ക്കുന്നു. അതിന്റെ ശബ്ദം കൂടി കൂടി വരുന്നു.അവസാന നാളിലെ കാഹളത്തിന്റെ ശബ്ദം ഇങ്ങിനെയാവുമോ അവളുടെ നെഞ്ചിടിപ്പ് കൂടി. കര ഒന്ന് വിറച്ചത് പോലെ.

''ഇത്താ കടലിനെ നോക്ക്''

അവള്‍ നോക്കി.കടലില്‍ ഒരു മല ഉയര്‍ന്നു വരുന്നത് പോലെ .അതവിടെ തന്നെ താഴുമെന്നവള്‍ കരുതി പക്ഷെ അത് നീങ്ങി വരുകയാണ് കരയിലേക്ക് അനുവിന്റെ കൈ പിടിച്ചവള്‍ മണല്‍ പരപ്പിലൂടെ ഓടി. ആ കുഞ്ഞു പാദങ്ങളുടെ വേഗതക്ക് ചീറി വരുന്ന ഭീമന്‍ തിരകളെ പിറകിലാക്കാന്‍ കഴിയുന്നതെങ്ങിനെ.

തിര അവരെയും വിഴുങ്ങി മിന്നോട്ട് പോയി. അവരെ എടുത്ത് ഉയരത്തിലേക്ക് എറിഞ്ഞു .അവള്‍ അനുവിന്റെ കൈ മുറുകെ പിടിച്ചിരുന്നു.തിര അവരെ ഒന്ന് കുടഞ്ഞു.അവളുടെ കണ്ണില്‍ ഇരുട്ട് കയറി .അവന്റെ കുഞ്ഞിക്കൈ അവളുടെ വിരലുകളില്‍നിന്നൂര്‍ന്നു പോവുന്നതവളരിഞ്ഞു .

പിന്നീടെപ്പോഴോ ഉണര്‍ന്നപ്പോള്‍ അവള്‍ വീണുകിടന്നിരുന്ന ഒരു തെങ്ങിന്‍ കുരലില്‍ കുടുങ്ങി കിടപ്പായിരുന്നു.ശരീരം മുഴുവന്‍ വേദന.ചുറ്റും കടലിരമ്പം .ആരൊക്കെയോ കരയുന്നു.അപായ ശബ്ദങ്ങള്‍ മുഴങ്ങികെല്‍ക്കുന്നു.

അനു എവിടെ.? ഉമ്മയോ..?അവള്‍ ഉറക്കെ കരഞ്ഞു..
ആരോ അവളെ എടുത്ത് ആശുപത്രിയിലെത്തിച്ചു അവള്‍ അനുവിനെയും ഉമ്മയും ഉപ്പയെയും ചോദിച്ച് കരഞ്ഞു കൊണ്ടിരുന്നു.ഒരുപാട് സമയം കഴിഞ്ഞു ആണ് ഉപ്പ വന്നത് .ഉപ്പ ആകെ കരഞ്ഞു തളര്‍ന്നിരിക്കുന്നു. ഉപ്പ ടൌണില്‍ പോയതായിരുന്നു തിരിച്ചെത്തിയപ്പോള്‍ വീടിരുന്നിടം കടല്‍. ഉപ്പ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു..

''അനൂം ഉമ്മേം എവിടെ..?''
അവളുടെ ചോദ്യത്തിനു കണ്ണുനീരല്ലാതെ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല
ഉടുപ്പില്‍ അനുവിനായി കരുതിയിരുന്ന മിഠായി അവള്‍ പരതിയെടുത്തു. ഭാഗ്യം അത് പോയിട്ടില്ല
ഉമ്മയുടെ വിരല്‍ തുമ്പും പിടിച്ച് അനു വരുന്നതും കാത്ത് അവള്‍ കിടന്നു.