Monday, December 31, 2012

ഡിസംബര്‍...

ഒരേ പുഴയില്‍ പിന്നെ കുളിക്കാനാവില്ല
ഒരേ മഴ പിന്നെ നനയാനും
ഒരേ വെയില്‍ പിന്നെ കായാനും
ഒരേ വായു പിന്നെ ശ്വസിക്കാനും
ഒരേ പുലരിയില്‍ ഉണരാനും
ഒരേ രാത്രിയില്‍ മയങ്ങാനും
ഒരേ നിലാവില്‍ പിന്നെ അലിയാനുമാവില്ല ...

ഡിസംബര്‍,
നീയും എനിക്ക്
ഇന്നിന്റെ നഷ്ടം..
നിന്നെ ഇനി പുണരാനാവില്ല....

Friday, December 28, 2012

ശവകുടീരം...



ആ മധുരമാം
സ്മരണതന്‍
ശവകുടീരം
തിരികെ തന്നതിതെന്തെന്‍ പ്രണയമേ

മാത്രകള്‍ തോറും
പേറുന്നു ഞാനിന്നും
ചേതനയറ്റ നിന്‍
സ്മൃതി ശരീരം

ചെമ്പനീര്‍ നിറമോലും
മന്ദസ്മിതങ്ങളും
മോഹാഗ്നി വേവിച്ച
ശീല്‍ക്കാര ശബ്ദങ്ങളും
മൂകാന്തരീക്ഷം
ക്ഷണിച്ചിടുന്നു..
തിരികെ നീയണയില്ല
എന്ന സത്യത്തിലും
മിഥ്യ കാണാന്‍
കൊതിപ്പതുണ്ടിന്നു ഞാന്‍

കാലത്തിന്‍ പല്ലില്‍
ഞെരിഞ്ഞെത്ര
മഴ, വെയില്‍ ,മഞ്ഞു-
ടഞ്ഞു പോയീടിലും

എന്‍ സിരയിലായേറ്റിയ
പ്രണയാഗ്നിതന്‍ നാമ്പുകള്‍
നീറ്റി നീറ്റിയണക്കു-
വാനാവില്ലിനി

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ടിനു പെറാന്‍

പെണ്ണിനെ

പോണ്ണന്മാര്

കത്തി വെയ്പിക്കുന്നു

പെറാനാവാതെ പെറുന്ന

പെണ്ണിന്റെ പള്ളയില്‍

പിള്ള മുരണ്ടൂ

ഒടുക്കത്തെ

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്

പിച്ചി ചീന്തപ്പെടുന്ന കുരുന്നുകള്‍ക്ക്....

മകളേ...
നീയിവിടെ
പിറക്കാതിരുന്നെങ്കില്‍

മകളേ,
നീയെന്റെ നെഞ്ചിന്‍
നെരിപ്പോടിലഗ്നിയായ്‌
എരിയാതിരുന്നെങ്കില്‍

മകളേ,
നീയെന്റെ കിനാവില്‍
ചോരവീഴ്ത്തി
ചുവപ്പിക്കാതിരുന്നെങ്കില്‍

മകളേ,
നീയെന്റെ സിരകളില്‍
നോവുപടര്ത്തി
തളര്‍ത്താതിരുന്നെങ്കില്‍

മകളേ നിനക്കായ് ,
കാണാത്ത കണ്ണടര്‍ത്തി ,
കേള്‍ക്കാത്ത കാതടച്ച്.
ശബ്ദിക്കാത്ത തൊണ്ടപൊട്ടി
മരിക്കട്ടെ ഞാന്‍.......

ഇതും ഒരു പേറ്....


ചിന്തകള്‍ ഗര്‍ഭം ധരിച്ച്
അവന്‍ നൊന്തു പെറ്റ കവിത
പട്ടുതുണിയില്‍ പോതുഞ്ഞു ''ബ്ലോഗില്‍ '' കിടത്തി..

കണ്ടിട്ടും കാണാതെ പോയീ ചിലര്‍
ഒന്ന് കണ്ടു മിണ്ടാതെ പോയീ ചിലര്‍
കണ്ടിഷ്ടം പറഞ്ഞു പോയീ ചിലര്‍
ഇഷ്ടത്തില്‍ മുഖസ്തുതിയോതീ ചിലര്‍
ഇവളച്ഛനെ പോലെയെന്ന് ചിലര്‍
ഇവളേതോ ജാരസന്തതിയെന്നു ചിലര്‍
മുന്പത്തെതിനെക്കാള്‍ നിറമുണ്ടെന്നു ചിലര്‍
അത്ര സൌന്ദര്യമില്ലെന്നു ചിലര്‍
പട്ടും വളയും കൊടുത്തു ചിലര്‍
കുത്ത് വാക്ക് പറഞ്ഞു ചിലര്‍


കിട്ടിയ ഇഷ്ടങ്ങളും, 
കേട്ട വാക്കുകളും 
അവനിലെ ചിന്തതന്‍ ബീജത്തിന് ചലനമായി 
ഹൃദയത്തില്‍ വളര്‍ത്തി തെരു തെരെ പെറാനവന്‍ പേനയെടുത്തു...