Monday, January 28, 2013

ഞാന്‍ കാണാത്ത എന്റെ കുഞ്ഞ് മാലാഖ...

അങ്ങേ തലക്കല്‍
മോണ കാട്ടി
കണ്ണിറുക്കി
ഒരു ചിരി
വസന്തം തീര്‍ക്കുന്നുണ്ട്

കുഞ്ഞു ഭാഷയില്‍
ഒച്ച വെച്ച്
കൈകാലടിച്ച്
എടുത്ത് നടക്കാന്‍
കേഴുന്നുണ്ട്

നേരിയ
ദേഷ്യ പ്രകടനത്തിന്
ചുണ്ട് വിതുമ്പി
ഒരു കരച്ചില്‍
സൂക്ഷിക്കുന്നുണ്ട്

കുഞ്ഞുവാവയെ
ചിരിപ്പിക്കാന്‍
ഒരു കുഞ്ഞു ചേട്ടന്‍
''ആനമുട്ടാന്‍'' വരുന്നുണ്ട്

ശൂന്യമായൊരു നെഞ്ച്
തൊട്ടിലാക്കി ഉറക്കാന്‍
ഹൃദയത്തില്‍
ഒരു താരാട്ട് പാട്ട്
ഞാന്‍ സൂക്ഷിക്കുന്നുണ്ട്

കിനാവില്‍ , കവിളില്‍
ഒരു കുഞ്ഞിളം കൈ
തൊട്ട് ''പ്പാ '' ന്ന്
വിളിച്ചെന്നെ പൊള്ളിക്കുന്നുണ്ട്....

നബിദിനം ഓര്‍മ

വര്‍ണ്ണക്കടലാസുകള്‍
ചാക്കുനൂലില്‍ ഒട്ടിച്ച
മൈദ മാവിന്‍റെ പശ

വര്‍ണ്ണ കൊടിക്ക്
വടിയുണ്ടാക്കാന്‍
പട്ടിലിന്‍ കൂട്ടത്തില്‍
പരതിയ കയ്യിന്റെ
നീറ്റല്‍

പോക്കറ്റില്‍ നിറഞ്ഞ്
പ്ലാസ്റ്റിക് ബാഗിലാക്കി
കുഞ്ഞു പെങ്ങള്‍ക്ക്
ശേഖരിച്ച മധുരം

ഘോഷയാത്രയുടെ
ക്ഷീണം അകറ്റുന്ന
ബാലേട്ടന്റെ പാല്‍പായസം

ഈണത്തില്‍ പാടിയ
രസൂലിന്റെ
മദ്ഹ് പാട്ടിന്റെ
മറ്റൊലി

കുപ്പിയുടെ അടപ്പില്‍
അളന്ന് വാങ്ങിയ
കൂട്ടാന്‍ കടലയുടെ
രുചി

സലാം പറഞ്ഞിട്ടൊന്നും
പറയാനാവാതെ
സലാം പറഞ്ഞ് തീര്‍ത്ത
സഭാകമ്പത്തിന്റെ
നാണക്കേട്‌

വീടിന്റെ
ഉമ്മറ ത്തിന്നും
സൂക്ഷിച്ചിരിക്കുന്ന
ഒന്നാം സമ്മാനത്തിന്റെ
തളിക

Saturday, January 19, 2013

അച്ഛന്‍,
ഒരിക്കലും മാറ്റമില്ലാതെ നില്‍ക്കുന്ന
ഒരു യൂസര്‍ നേം..

അമ്മ,
ഒരിക്കലും നമ്മള്‍ വിസ്മരിക്കാത്ത
പാസ് വേര്‍ഡ്

ഞാന്‍,
യൂസര്‍ നേമിനെയും
പാസ് വേര്‍ഡ് നെയും
ആശ്രയിച്ചു നില്‍ക്കുന്ന
ഒരു പ്രൊഫൈല്‌ മാത്രം

Tuesday, January 15, 2013

ഉപ്പ.....


ഇരുട്ടണയുന്നതിനു മുന്‍പേ
വീടണയാത്തത്തിനു കിട്ടുന്ന
പുളിവാറലിന്റെ നീറ്റലാണ്..

മഗ് രിബിനു ശേഷം
ഓതിയിരുന്ന
സൂക്തങ്ങളുടെ തെറ്റ്
തിരുത്തിയിരുന്ന അത്ഭുതമാണ്

പൂര പറമ്പിലെന്നെ
തോളില്‍ ചുമന്ന്‌
കാഴ്ച കാണിച്ച ഗമയാണ്

പെരുന്നാളിന്
തക്ബീര്‍ ചൊല്ലിയാല്‍
കിട്ടുന്ന പുത്തന്‍
ഒറ്റ രൂപ നോട്ടാണ്

അനാവശ്യമായൊന്നിനും
കാശ് ചിലവാക്കാതിരിക്കാന്‍
എന്നെ പഠിപ്പിച്ച
പിശുക്കാണ്

ഉമ്മ വിട്ടു പോയപ്പോള്‍
കോലായില്‍,
ചാരുകസേരയിലമര്‍ന്ന
നിശ്ശബ്ദതയാണ്‌

ഹൃദയമൊന്നു സ്തംഭിച്ചും
ജീവനായ് തിരിച്ചു
വന്ന ധൈര്യമാണ്...

വേച്ചു വേച്ചാണെങ്കിലും
പയ്യിനെ തിരഞ്ഞു പോയ
പ്രവര്‍ത്തന ത്വരയാണ്

യാത്ര പറഞ്ഞിറങ്ങുമ്പോള്‍
മൂര്‍ദ്ധാവില്‍
കണ്ണീര്തൂവി നല്‍കുന്ന
തേങ്ങലിന്റെ ചുംബനമാണ്

തൊട്ടടുത്ത ദിനം മുതല്‍
ഫോണിന്റെ മറുതലക്കല്‍
കേള്‍ക്കുന്ന ''നീ എന്ന് വരുമെന്ന''
ആശങ്കയാണ്

പിന്നെ ഇന്നും
ഈ കണ്ണീര്‍ ബാക്കിയാക്കി
ഞങ്ങളെ തനിച്ചാക്കിയ ദൈവ വിധിയാണ് ...

Thursday, January 10, 2013

മരണം..


 എവിടെയാണ് നീ
മറഞ്ഞിരിക്കുന്നത്

പത്രത്താളിലാരോ
മാറ്റിവെച്ച ചരമ കോളത്തിലോ

മുഖപുസ്തക സൌഹൃദങ്ങളുടെ
ആദരാഞ്ജലി പോസ്റ്റിലോ...

ഒരു തേങ്ങലില്‍
നിശ്ശബ്ദമായേക്കാവുന്ന
എന്റെ ഉറ്റവരുടെ കണ്ഠത്തിലോ

പള്ളിയില്‍ ഏകാന്തതയിലെന്നെ
ഭയപ്പെടുത്തിയിരുന്ന
ആറുകാലന്‍ കട്ടിലിലോ

പള്ളിത്തൊടിയില്‍
അതിര്‍വരമ്പില്‍
തളിര്‍ത്ത
മൈലാഞ്ചി ചെടിയിലോ..

അഹംഭാവത്തില്‍ ഞാന്‍
നന്ദി ചൊല്ലാന്‍ മറന്ന
ദൈവത്തിന്റെ കരങ്ങളിലോ...

Wednesday, January 9, 2013

ഞങ്ങള്‍ ഭാരതീയര്‍ ....

ഞങ്ങള്‍ ഭാരതീയര്‍
ഞങ്ങളെ കൊന്ന
കസബിനും
നീതി കൊടുത്തവര്‍

ഞങ്ങള്‍ ഭാരതീയര്‍
നിങ്ങളതിര്‍ത്തി
ലംഘിക്കുമ്പോഴും
സമാധാനം പേശുന്നവര്‍

ഞങ്ങള്‍ ഭാരതീയര്‍
കശാപ്പുകാരന്റെ
ദയ പോലും കാട്ടാതെ
നിങ്ങള്‍ തലയറുത്തവരുടെ
ഉടപ്പിറപ്പുകള്‍

ഞങ്ങള്‍ ഭാരതീയര്‍
നിങ്ങളെ വിളിച്ചെപ്പോഴും
ശക്തമായ്
പ്രതിഷേധമറിയിക്കുന്നവര്‍

വെട്ടിയെടുത്തേക്കുക
കുനിഞ്ഞ ഈ ശിരസ്സ്‌
ബലിക്കല്ലില്‍
നിങ്ങളുടെ വാളിനുന്നം
കണക്കെ വെച്ചിരിക്കുന്നു ഞാന്‍
ഒരു പ്രതിഷേധകുറിപ്പിന്റെ വിലയെ ഇതിനുള്ളൂ....

Monday, January 7, 2013

മുഹബ്ബത്ത്

എന്റെ മുഹബ്ബത്തിനെ ഖബറടക്കി
മൈലാഞ്ചി ചെടി വെച്ചതിനാലാവാം
നിന്റെ അധരത്തിനിത്രയും ചുവപ്പ്

നിന്റെ മുഹബ്ബത്തിന്റെ ചുവപ്പ്
ഒരു ചുംബനത്തിലൂടെ തന്നതിനാലാണ്
എന്റെ അധരവും ചുവന്നത്

എന്റെ പ്രണയത്തിന്റെ
അസ്ഥി തറയില്‍
മുടങ്ങാതെ നീ കൊളുത്തുന്ന
തിരിയാണെന്നെ ഇപ്പോഴും ഉരുക്കുന്നത്...

Saturday, January 5, 2013

കാത്തിരിപ്പ്

മനസ്സ് ശൂന്യമാണ്
ചിന്തകള്‍ കനം വെച്ച്
നെറ്റിത്തടത്തില്‍
കേന്ദ്രീകരിച്ച വേദന

കുടലുകളില്‍ വിശപ്പിന്റെ വിളി
നാവ് രുചിയെ തിരസ്കരിക്കുന്നു
ക്ഷീണം കട്ടിലിലേക്ക്
നിദ്ര ഒളിച്ചു കളിക്കുന്നു
കണ്ണിമ ചിമ്മാത്ത കിനാക്കള്‍ക്ക്
കൂര്‍ത്ത പല്ലുകള്‍

നീണ്ടു വരുന്ന കുരുക്കുകള്‍
അഴിച്ചെടുക്കുന്നത്
നീണ്ട സൂചിമുന തുപ്പിയ മരുന്നുകളാത്രെ

കുരുക്കുന്നവനല്ലാതെ
അഴിക്കാനാവില്ലല്ലോ
അഴിയാ കുരുക്കുകള്‍

ഇന്നലെ കഴുത്ത് മുറുക്കിയത്
ഏലസ്സ് കെട്ടിയ ചരടുകൊണ്ട്
ചൊല്ലുന്ന ദൈവനാമം
തൊണ്ടയില്‍ കുരുങ്ങി വികൃതമായി
അവ പകര്‍ത്തി ശൂന്യത അകറ്റാനായെങ്കില്‍...