Thursday, February 28, 2013

അല്‍ഖോറില്‍ നിന്നും വീട്ടിലേക്കുള്ള ദൂരം ...

അല്‍ഖോറിലേക്കുള്ള യാത്രയില്‍
മരുഭൂമിയുടെ അതിരായി നില്‍ക്കുന്ന
ആകാശത്തിനു ചുവട്ടില്‍ താനേ മരങ്ങള്‍ മുളയ്ക്കും
മരുഭൂവാകെ പച്ചപിടിച്ച് നില്‍ക്കും

ഒരു പഴുത്തമാങ്ങ തേന്‍ കുടിച്ച്
ഉടുപ്പില്‍ കറ പറ്റി തലതാഴ്ത്തി
കൃത്രിമ വിഷമം കാട്ടി
ഉമ്മാന്റെ മുന്‍പില്‍ നില്‍ക്കും

ബാക്കി വന്ന മാങ്ങയണ്ടി
അനിയത്തിയെ നീട്ടിവിളിച്ച്
''തൊണ പോവാന്‍'' പറഞ്ഞ്
നീട്ടിയെറിഞ്ഞ് കളിയാക്കും

വീട്ടുപടിക്കല്‍ നിന്നും
ഹരിയുടെ ഒരു കൂവല്‍ ശബ്ദം
കോട്ടക്കുന്നിലേക്ക് ''മുള്ളിന്‍ പഴം''
അറുക്കാന്‍ ക്ഷണിക്കും

പോവുന്ന വഴിയിലെ
''കമ്യൂണിസ്റ്റപ്പ'' യുടെ തലപ്പ്‌
വടികൊണ്ട് വെറുതെ വെട്ടിമാറ്റും

ശേഖരിച്ച പറങ്കിമാങ്ങ
വള്ളിയില്‍ കോര്‍ത്ത്
മാലയാക്കും

കുളത്തിന്‍ കരയിലെ
ചെരിഞ്ഞ തെങ്ങില്‍ കയറി
കുളത്തില്‍ ചാടി മറിഞ്ഞ്
കണ്ണ് ചുവന്ന് വീട്ടിലെത്തും

ഉപ്പാനെ ഓടി തോല്‍പ്പിക്കാന്‍
ശ്രമിച്ചൊടുവില്‍ തോല്‍ക്കുമ്പോള്‍
കുസൃതിച്ചിരി ചിരിച്ച്
മനസ്സലിയിക്കും

ബാറ്ററി പെട്ടിയില്‍
വളര്‍ത്തുന്ന അണ്ണാറക്കണ്ണന്
തീറ്റ കൊടുക്കും

പിന്നെ ആത്മഹത്യ ചെയ്ത
ശാരദേച്ചിയെ സ്വപ്നം കണ്ട്
ഞെട്ടി ഉണരുമ്പോഴാവും
''പച്ച'' മരുഭൂവാകുന്നത് ...

ഏത് മൌനമാണ് ശ്രേഷ്ടം .....

മനസ്സില്‍ നിന്നെ പ്രണയിച്ച്
അവനെ വരിക്കുന്നതോ
നിന്റെ ഉപ്പുനീരുകൂട്ടി
അവനെ ഊട്ടുന്നതോ
നിന്റെ വിത്തുകള്‍ മുളപ്പിച്ച്
അവനൊപ്പം പോവുന്നതോ
നിന്‍റെ സ്നേഹാന്യേഷണത്തില്‍
മനം നൊന്ത്
നിന്റെ സ്പര്‍ശനത്തില്‍
പൊള്ളി എന്നെയും നിന്നെയും വഞ്ചിക്കുന്നതോ...

എന്റെ വാക്കുകള്‍ക്ക്
ചെവികള്‍ ഇല്ലാതാവുമ്പോള്‍
എന്റെ മുന്‍പില്‍ നിശ്ശബ്ദത മൂടിയ
വഴികളെ ഇനി ബാക്കിയുള്ളൂ ....
അപ്പോഴെനിക്ക് അതാവും ശ്രേഷ്ടമായ മൌനം ...

ആത്മമിത്രം

ഇരുട്ടില്‍ എന്നിലെ
വെളിച്ചമാണ്

എന്‍റെ സ്വകാര്യ
ദുഖങ്ങളുടെ സൂക്ഷിപ്പാണ്

വഴിതെറ്റു ന്നിടത്തിലെ
എന്റെ ദിശാ സൂചികയാണ്

വീഴ്ച്ചകളിലെ
എന്റെ താങ്ങാണ്

പാതിയിലതികം
എനിക്കായി പകുത്ത കരുതലാണ്

എത്ര പറഞ്ഞാലും
തീരാത്ത വിശേഷങ്ങളാണ്

കാണാതിരിക്കാനാവാത്ത
മിഴികളാണ്

ശ്വാസഗതിപോലും
അളക്കുന്ന ഹൃദയ ബന്ധമാണ്

എന്റെ ജന്മ പുണ്യമാണ് .....

Tuesday, February 19, 2013

ഉപ്പ /തറവാട്

വാര്‍ദ്ധക്ക്യത്താല്‍ തലകുനിച്ച
പുരയുടെ മോന്തായം
ഒന്ന് പുതുക്കി പണിയണം

ചിതലുകള്‍ തിന്നു തീര്‍ത്ത ഉത്തരം
ഒരുമൂഷിക പ്പാച്ചിലിലാണ്
ഇന്നലെ കരഞ്ഞടര്‍ന്നത്

നരയുടെ പായല്‍ പറ്റിയ ഓടിപ്പോഴും
ഒരു നവീകരണത്തിനെ എതിര്‍ത്ത്
ഒരു പട്ടികച്ചീളില്‍ അടരാതെ നില്‍ക്കുന്നു

വീടിനിപ്പോഴും ഉപ്പയുടെ മനസ്സാണ്
കരിങ്കല്ലിലെ കാലുകളും
ചെങ്കല്ലിലെ ചുമരുകളും
മക്കളെ എന്നും ചിറകിലൊതുക്കുന്നു

പുതിയ ജാലകം പണിയാന്‍
ചുമര്‍ തുരക്കുമ്പോള്‍
ആയുധം കൊണ്ടിരുന്നത്
ഉപ്പാന്റെ ചങ്കിലായിരുന്നു

പെരുമഴയത്ത് ഓടിനിടയിലൂടെ
പെയ്യുന്ന തുള്ളികളെ
ഉപ്പാടെ ഹൃദയത്തിന്റെ
''എക്സ് റേ '' ഫിലിം കൊണ്ടാണടച്ചിരുന്നത്

കോണ്‍ ക്രീറ്റ് കൂട്ടില്‍ ശ്വാസം മുട്ടാന്‍
ജീവനുള്ളോടത്തോളം കാലം
ഉപ്പ ഇഷ്ടപ്പെട്ടിട്ടില്ലല്ലോ

ഇനി ഈ എന്നെ പോറ്റിയ ഉപ്പാനെ
ഈ തറവാടിനെ പുതുക്കുന്നതെങ്ങിനെ
ഉമ്മറപ്പടിയില്‍ ചാരുകസേരയില്‍
ഉപ്പ ഞങ്ങള്‍ക്കിന്നും കാവലായ്
ഇരിക്കുന്ന കാലത്തോളം ......

Wednesday, February 13, 2013

പുത്തനാല്‍ക്കല്‍ കാളവേല

തെക്ക് നിന്നൊരു
ആര്‍പ്പുവിളി
അടുത്തടുത്ത് വരുന്നുണ്ട്

ആടയാഭരണമണിഞ്ഞ
പൊയ്കാളകള്‍
ശിങ്കാരി മേളത്തിന്റെ
അകമ്പടിയോടെ നീങ്ങുന്നുണ്ട്

ആണ്ടിലൊരിക്കല്‍
''സേവി''ക്കുന്ന മണി
പെണ്‍ വേഷം കെട്ടി ആടുന്നുണ്ട്

കുഴലൂത്തും ,പമ്പരവും
വര്‍ണബലൂണുകളും
കാണിച്ച് കൊതിപ്പിക്കുന്നുണ്ട്

ആനപ്പിണ്ടത്തിന്റെ
ഗന്ധം തങ്ങിയ
അന്തരീക്ഷത്തിലേക്ക്
വെടിമരുന്ന്‍ പുക പരക്കുന്നുണ്ട്

ഒരു ''സാമ്പിളിന് ''
പൊരിവാരല്‍
ശീലമാക്കിയ രമേശനെ
കച്ചവടക്കാരി ശാസിക്കുന്നുണ്ട്

ആള്‍കൂട്ടത്തില്‍
രണ്ടുകണ്ണുകള്‍
കുപ്പിവള കൈമാറാന്‍
''ആളെ'' തിരയുന്നുണ്ട്

യന്ത്ര ഊഞ്ഞാലിന്റെ
ഉയരത്തില്‍
ഗുണ്ട നാസറിന്റെ
കണ്ണ് തള്ളുന്നുണ്ട്

മരണക്കിണറിലെ
ബൈക്കോട്ടക്കാരന്‍
കാണികളെ നിശ്ശബ്ദരാക്കുന്നുണ്ട്

കാള പറമ്പില്‍
പാട്ടും പാടി
*''തത്തയും പൂമയിലും''
കൊത്തി കൊത്തി നില്‍ക്കുന്നുണ്ട്

പിരിവിന്‌ തന്ന
തകരപ്പാട്ടയില്‍ നിന്നും
കാശെടുത്ത് രാജനോടൊപ്പം കുടിച്ച
ജീരക സോഡ ഇപ്പോഴും
തികട്ടി വരുന്നുണ്ട് ....

ഊതി വിട്ട
ഒരു ബലൂണ്‍ പീപ്പി
ഇപ്പോഴും നിലയ്ക്കാതെ
മനസ്സില്‍ കരയുന്നുണ്ട്.....

*''തത്തയും പൂമയിലും'' = പാട്ട് പാടുന്ന രണ്ട് ഗ്രൂപ്പുകള്‍

Monday, February 11, 2013

ചിലപ്പോള്‍......

ചിലപ്പോള്‍ വിഷാദം
എവിടെനിന്നെന്നറിയാതെ
മനസ്സിലേക്ക് അരിച്ചിറങ്ങും

തൂവാന്‍ വിതുമ്പി ഒരു കണ്ണീര്‍ കണം
മിഴിയില്‍ തുളുമ്പി നില്‍ക്കും

ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത വന്ന്
ഒരു കറുത്ത മേഘം തീര്‍ക്കും

ചിരികളും പാട്ടും അങ്ങിനെ
അസ്വാദ്യമായതെല്ലാം ആലോരസമുണ്ടാക്കും

താണ്ടാനുള്ള വഴികള്‍ അളന്ന്
നടക്കാന്‍ തുടങ്ങുമ്പോഴാവും
ലക്ഷ്യത്തിലേക്കുള്ള പാതയുടെ
നീളം കൂടി കൂടി വരുന്നത്

അപ്പോള്‍ നമുക്ക് അലസമായി
ഒരു തണലില്‍ ഇരുന്ന് ശൂന്യമായ
ചിന്തകളിലെ വിഷാദത്തെ
തേടി തേടി നീറാനാവും ഇഷ്ടം ...

കനം വെച്ച നെഞ്ചകം
സ്ഫോടനാത്മകമായങ്ങിനെ
ഒരു ചെറു തീപൊരി കാത്ത് നില്‍ക്കും

പിന്നെ , ഒട്ടും നോവിക്കാത്ത
വാക്കുകള്‍ പോലും
അണപൊട്ടി സങ്കടപ്പുഴയായി....

എന്റെ മാഷുദ്യോഗ ഓര്‍മകള്‍

രണ്ടാം തരത്തിലെ
കുഞ്ഞ് മാലാഖമാര്‍
കഥപറയാന്‍ പറഞ്ഞ്
കയ്യില്‍ തൂങ്ങുന്നുണ്ട്

പത്ത് എ യില്‍
നിറയെ ചോദ്യങ്ങളുമായി
സുമേഷിന്റെ നെറ്റി
ചുളിയുന്നുണ്ട്

കാര്യമായ ചോദ്യത്തിന്
കുസൃതി ഉത്തരം തന്ന്
കൂട്ടച്ചിരി വര്‍ഷിച്ച്
ഒന്നുമറിയാത്തവനെ പോലെ
''ഉമ്മര്‍ കുട്ടി '' നില്‍ക്കുന്നുണ്ട്

എട്ട് ബീ യിലെ
മുഹ്സിന്റെ ഉപ്പ
ഗള്‍ഫീന്ന് തന്നുവിട്ട
പേന തിളങ്ങുന്നുണ്ട്

ബോര്‍ഡിലേക്ക് തിരിയുന്ന സമയം
സൗമ്യയുടെ കാതില്‍
ഒരു വെടി പൊട്ടിച്ച്
അയ്ഷ സി എച്ച്
വാ പൊത്തിചിരിക്കുന്നുണ്ട്

പയ്യന്മാരുടെ
പിന്‍ബെഞ്ചില്‍ നിന്നും
കൈമാറിയ കുറിപ്പ് വായിച്ച്
രേഷ്മ എസിന്റെ
മുഖം വിടരുന്നുണ്ട്

പുതുതായി വന്ന
ഷഹനാസ് ടീച്ചറോട്
സുഖാന്യേഷണം
വല്ലാതെ കൂടുന്നു
എന്നാരോപിച്ച്
''ഒരാലോചന ആയാലോ''
എന്ന് ടീച്ചര്‍മാര്‍ താങ്ങുന്നുണ്ട്

വിറ്റാമിന്‍ "ഡി '' കിട്ടാന്‍
കുട്ടികളെ കക്ഷം കാണിച്ച്
ഗ്രൗണ്ടില്‍ നിര്‍ത്തിയ
പി ടി മാഷെ
സ്റ്റാഫ് റൂമില്‍ പൊരിക്കുന്നുണ്ട്

സ്കൂള്‍ വിട്ടിട്ടും
ഒന്നാം ക്ലാസ്സില്‍
ഉമ്മയെ കാത്തിരിക്കുന്ന
ഷമീന മോളുടെ
കണ്ണ് നിറയുന്നുണ്ട്

യാത്ര പറഞ്ഞിറങ്ങുമ്പോള്‍
ചുവന്ന റോസാ പൂവില്‍
കണ്ണീരിറ്റിച്ചു തന്ന
''അവളെ '' ശാസിച്ചതിനു
ഇന്നും അഭിമാനിക്കുന്നുണ്ട് ..

Friday, February 8, 2013

അച്ഛനല്ലാതെ ആര് ....?

മക്കള്‍ക്കുണ്ണുവാന്‍
മെയ് മറന്നുഴച്ചതും
നെഞ്ചിന്‍ തൊട്ടിലില്‍
താരാട്ട് പാടിയതും
ജീവിതം ഞെരുക്കി
കരുതലായ്‌ നിക്ഷേപിച്ചതും
കാകനും കഴുകനും
കൊത്താതെ സൂക്ഷിച്ചതും
കഴുത്തില്‍ താലിയേറാന്‍
കടം കേറി നടന്നതും
നിനക്കൊരു കൂര കേറാന്‍
കൂര പകുത്ത് വിറ്റതും
നീ നോവുമെന്നോര്‍ത്ത്
നോവു കാണിക്കാത്തതും
നീയിന്നമ്മയായ് നിലയിലായ്
കടല്‍ താണ്ടി സ്വര്‍ഗം തേടിയപ്പോഴും
നിന്നെ ഓര്‍ത്തിന്നുമുരുകുന്നതും
ഈ അച്ഛനല്ലാതാര് പെണ്ണേ ...?