Sunday, May 26, 2013

ചില പ്രണയ ചിന്തകൾ






















നിനക്കെന്നിലിടം തന്നതിൽ പിന്നെ
എനിക്കെന്നിലിടമില്ലാതെയായി..
.........................................................................

എന്നിൽ നിന്നെ വെച്ച്
പടിയിറങ്ങിപ്പോയ നിന്നെ
ഞാനെന്തിന് കാത്തിരിക്കണം ...!!
.....................................................................
നിന്നെ കാണാൻ
എനിക്കൊരു കണ്ണാടി മതി
...................................................................
എന്നിൽ നിന്ന് നീ ഇറങ്ങിപ്പോയിട്ടും
നിന്നിൽ നിന്ന് ഞാൻ ഇറങ്ങി വന്നിട്ടും
എന്റെ മിഴി തുളുമ്പാൻ
എന്താണ് നീ ബാക്കി വെച്ച് പോയത്

Friday, May 24, 2013

പ്രണയമേ...

നിന്നെ ,
കാണാതിരിക്കാൻ
കണ്ണുകൾ ചൂഴ്ന്നെടുക്കാം
കേൾക്കാതിരിക്കാൻ
ചെവികൾ കൊട്ടിയടക്കാം

നിന്നെ കുറിച്ച് ,
മിണ്ടാതിരിക്കാൻ
അധരങ്ങൾ മൂടി മൗനിയാവാം
എഴുതാതിരിക്കാൻ
വിരലുകൾ അറുത്തു മാറ്റാം

പക്ഷെ ,
നിന്നെക്കുറിച്ച്
ചിന്തിക്കാതിരിക്കാൻ
എന്റെ ഹൃദയം നിലയ്ക്കണം
എന്നിൽ നീ കുടിയിരിക്കുമ്പോൾ
ഞാൻ ആത്മാഹുതി ചെയ്യുന്നതെങ്ങിനെ....?

Sunday, May 19, 2013

പരിഭവം മഴയോട് ...


മഴപ്പെണ്ണെ,
നിന്നോട് പരിഭവിച്ച് ,

പുഴ
അരുവികൾ വഴി
മല കയറിപ്പോയി

വിത്ത്
മുളപൊട്ടാതെ
മറഞ്ഞിരുന്നു

മീൻ
അലക്കുകല്ലിൽ
തല തല്ലി മരിച്ചു

കൊക്ക്
ഒറ്റക്കാലിലെ
ഒരു ഓർമച്ചിത്രമായി

പൂമ്പാറ്റ
പ്യൂപ്പയിലേക്ക്
മടങ്ങിപ്പോയി

കിണർ
വക്കിടിഞ്ഞ് തൂർന്നു

കാട്
തീ പെട്ട്
ആത്മാഹുതി ചെയ്തു

മഞ്ഞുമലകൾ
കരഞ്ഞ് കൊണ്ടേയിരിക്കുന്നു

നീ വരില്ലയെങ്കിൽ
പെണ്ണെ ഞാനും
മണ്ണിലേക്ക് ചേരും ....

വെള്ളിയാഴ്ച .....















അലാറത്തിന്റെ ശബ്ദം
കേൾക്കാതെ പോലും പതിവ് സമയത്ത്
ഉണർന്ന് പോവുന്ന വെള്ളിയാഴ്ചയിൽ
സഹമുറിയന്റെ സാനിദ്ധ്യം കൊണ്ട്
അവധി ദിവസം തിരിച്ചറിഞ്ഞ്
കട്ടിലിലേക്ക് വീണുറ ങ്ങാൻ
ശ്രമിക്കുമ്പോൾ മനസ്സ് നാട്ടിലെത്തും

കവിളത്ത്
ഒരു കുഞ്ഞ് കൈ പതിഞ്ഞ്
ഉണർന്നു പോവും
പിന്നെ ഒരു ചക്കരയുമ്മ തന്ന്
മോൾ ചിരിക്കും
വയറ്റത്തിരുന്ന്
മോൻ ആന കളിക്കും
തലമുടി പിടിച്ച് വലിച്ച്
മോൾ എഴുനേൽക്കാൻ പറയും
''മക്കളും ഉപ്പേം എഴുനേറ്റെ''
എന്ന ശാസന കേൾക്കും
മക്കളെ പുണർന്ന് കിടക്കുമ്പോൾ
ആവി പറക്കുന്ന മുഹബ്ബത്തിന്റെ
ഒരു ചായ കയ്യിൽ പിടിച്ച്
മുടിയിലെ വെള്ളം മുഖത്തേക്ക്
അവൾ കുടയുമ്പോഴാവും ഉണരുന്നത്

പച്ചപ്പിൽ നിന്നും മരുഭൂമിയിലേക്ക്
മഴയത്ത് നിന്നും വേനലിലേക്ക് ....

ഒരു ബ്രേക്ക് ....













വിരൽ തുമ്പിലെ പേന വറ്റി
വാക്കുകളെ മൗനം വിഴുങ്ങി
സ്മരണകൾ മൃതിയടഞ്ഞ്
കിനാവുകൾ ഇരുട്ടടഞ്ഞ്
ചിന്തകൾ സ്തംഭിച്ച്
മനസ്സൊരു വെള്ളക്കടലാസുപോലെ
ശൂന്യമായങ്ങിനെ .......ഇനിയെത്ര നേരം

തിരിച്ചറിവുകൾ..





















അകലങ്ങളിലാവുമ്പോഴാണ് 
അടുത്തിരിക്കാൻ തോന്നുന്നത്

നിന്റെ സല്ലാപത്തിന്റെ മഴ
നിലച്ചപ്പോഴാണ്
ഞാനതിൽ നനഞ്ഞിരുന്നതറിയുന്നത്

പിഴുത് മാറ്റാൻ നോക്കുമ്പോഴാണ്
വേരാഴത്തിലിറങ്ങിയതറിയുന്നത് ...

എന്നിലെ എന്നെ തിരഞ്ഞപ്പോഴാണ്
അത് നിന്നിലാണെന്നറിയുന്നത്

മതിലുകൾ



















സന്ദേശങ്ങളും
ശബ്ദ വീചികളും
അറിയിപ്പുകളുമില്ലാതെ....
നാം ഒരു മതിലിനിരുപുറവുമാവുമ്പോൾ
അപ്പുറത്ത് നിന്നൊരു
ചുള്ളിക്കമ്പെങ്കിലും മുകളിലേക്കെറിയുക
നിൻറെ അസ്ഥിത്വം അറിഞ്ഞ്
ഞാനൊന്നാശ്വസിക്കട്ടെ ......

വലയിൽ വീഴുന്നവർ

അറ്റമില്ലാത്ത ഈ വലയുടെ
അങ്ങേ തലക്കൽ നിന്നും
നിൻറെ സന്ദേശങ്ങൾ
തരംഗങ്ങളായി വന്നെന്നെ
മൂടാൻ തുടങ്ങിയതിൽ പിന്നെയാണ്
ഞാൻ വലയിൽ പെട്ടത് മറന്നു പോയത്

ഇടക്ക് കണ്ണി പൊട്ടി
തരംഗം നിലച്ച്
ഞാനും നീയും രണ്ട്
ലോകത്തായപ്പോഴാണ്
വലക്ക് പുറത്ത് നമ്മൾ
അപരിചിതരാണെന്നറിയുന്നത്

ഒടുവിൽ വലക്കകത്താണെന്ന്
തിരിച്ചരിഞ്ഞ് പുറത്ത്
കടക്കാൻ ശ്രമിക്കുമ്പോഴാണ്
വലയുടെ കണ്ണികളിൽ
കുടുങ്ങിപ്പോയതറിയുന്നത്......

ഒന്ന് വേർപെടാൻ .....

ആൾകൂട്ടത്തിൽ
ഇനിയൊന്ന് തനിച്ചാവണം
ഈ തണൽ മായുന്നതിന് മുൻപേ
വെയിലിൽ ഇറങ്ങണം
സൂര്യ താപമേറ്റ് പൊള്ളുന്ന
ആ സഹന ശീലം തിരിച്ചെടുക്കണം
ഇനിയെങ്കിലും
കണ്ണീർ പൊഴിച്ച്
ആവോളം ശബ്ദത്തിൽ
വാവിട്ട് കരയണം
കനം വെച്ച നോവുകളെ
പെയ്ത് തീർക്കണം .....

രണ്ട് ചിന്തകൾ ...

നമ്മിൽ കനംവെച്ച
മൗന മേഘങ്ങൾ
അക്ഷരങ്ങളായ്‌ പെയ്യും വരെ
ഈ ശൂന്യതയിൽ വളർന്ന നിശ്ശബ്ദത
അലിഞ്ഞ് പോവുന്നതെങ്ങിനെ .....
.....................................................

ഉള്ളിൽ,
ഇടക്ക് ഒരു വിഷാദത്തിന്റെ കനൽ
നീറി നീറി പുകയും ...

ചിലപ്പോൾ,
പൊട്ടി വീഴുന്ന നക്ഷത്രം പോലെ
ശൂന്യതയിൽ തന്നെ കത്തിയമർന്ന് ഇല്ലാതാവും

അല്ലെങ്കിൽ,
മഞ്ഞുകാലത്തെ വൈക്കോൽ കൂനപോലെ
അകം പൊള്ളിച്ച് പുകഞ്ഞു കൊണ്ടേയിരിക്കും
അടുത്ത ഋതുവിലേക്ക് മനസ്സ് മാറും വരെ......

Sunday, May 12, 2013

ഞാൻ കൊതിക്കുന്ന പുനർജന്മം

ഇനി എനിക്കൊരു
മഴത്തുള്ളിയായി പിറവിയെടുക്കണം
ആകാശത്തിന്റെ ഉദരത്തിൽ
മേഘമായി ഗർഭാവസ്ഥ പ്രാപിച്ച്
മഴയായി ഭൂമിയിലേക്ക് പിറക്കണം

പാടങ്ങളുടെ വിണ്ടുകീറിയ മുറിപ്പാടിലേക്ക്
ഔഷധമായ് നിറയണം

വരണ്ടു പൊള്ളിയ പുഴയിലേക്ക്
തേനായ് ഒഴുകണം

കരിഞ്ഞുണങ്ങിയ മരത്തിലേക്ക്
കനിവായ് നിറയണം

ദാഹിക്കുന്ന നാവിലേക്ക്
അമൃതായ് പെയ്യണം

നീർ ചാലിന്റെ ബാല്യമായ്
അരുവിയുടെ കൗമാരമായ്
പുഴയുടെ യൗവനമായ്
കടലിലെത്തി ആകാശത്തെ വരിക്കണം
ഒരായിരം മഴത്തുള്ളികൾക്ക് ജന്മം നല്കണം.

നാട്ടിൽ നിന്നെന്താണ് കൊണ്ട് വന്നത് ....?

ഹൃദയത്തിന്റെ
ഒരറ നിറയെ വിരഹം
ഒരറയിൽ ഓർമകൾ
മറ്റൊന്നിൽ കിനാക്കൾ
പിന്നെയുള്ളതിൽ വിഷാദം

ഈ നെഞ്ചിൻ പുറത്ത്
എന്റെ കുഞ്ഞിനെ അടർത്തി മാറ്റിയപ്പോൾ
പതിഞ്ഞ കണ്ണീർ കണങ്ങൾ

ഈ നിറഞ്ഞ കണ്ണുകളിൽ
എന്റെ പ്രിയതമ പകർന്ന നോവ്

മൂർദ്ധാവിൽ അച്ഛന്റെ വിറകൈകളുടെ
സംരക്ഷണ കവചം
നെറ്റിയിൽ അമ്മയുടെ സ്നേഹ ചുംബനം

ഇതിൽ ഏതാണ് സുഹൃത്തെ
ഞാൻ നിനക്ക് പകുത്ത് തരിക .....?

ഇന്റൻസീവ് കെയർ യൂനിറ്റ്

ഐ. സി . യു 
രോഗികളുടെ കൂടെ ഒന്നിൽ കൂടുതൽ
ആളുകളെ അനുവദിക്കുന്നതല്ല
സന്ദർശന സമയം
വായിച്ചത് തന്നെ വായിച്ച്
കുറെ മൗന മേഘങ്ങൾ

പൊടുന്നനെ വാതിൽ പടിയിൽ
ദൈവ ദൂതനെ പോലെ നഴ്സ്
പിന്നെ പേരുകളുടെ കൂടെയുള്ളവരെ
പലയാവർത്തി വിളിച്ച് കനത്തിലോരു നോട്ടവും

ചിലപേരുകൾക്ക് അവകാശികളേ ഉണ്ടാവില്ല
ചിലതിന് അവകാശികൾ ഏറെയും

ആദ്യമായി
പ്രവേശിപ്പിക്കുന്നവരുടെ ബന്ധുക്കൾ
അടഞ്ഞ വാതിലിനു മുൻപിൽ നിശ്ചലരാവും
പിന്നെ അകത്തേക്കുള്ള
ഒരു നോട്ടത്തിന്റെ പഴുതിനായി തിരയും

സന്ദർശന സമയത്ത്
ചില്ലിലിട്ട ദൈന്യതയുടെ ചിത്രങ്ങൾക്ക്
പുറത്തിറക്കാൻ അപേക്ഷിക്കുന്ന
മിഴികൾക്ക് താഴെ കവിളിൽ
രണ്ട് നീർ ചാലുകൾ കാണാം

കാത്തിരിപ്പിനൊടുവിൽ
മയക്കത്തിലേക്ക് വീഴുമ്പോഴാവും
ധിറുതിയിൽ ഒരു നീളൻ കുപ്പായവും
കുറെ ആശങ്കയുടെ മുഖങ്ങളും
വാതിൽ തുറന്നകത്ത് പോവുന്നത്

പിന്നെ നിശ്ശബ്ദതയിൽ
അടക്കിപ്പിടിച്ച ഒരു തേങ്ങൽ
പടർന്ന് പടർന്ന് കത്തും
ഒരു വെളുത്ത തുണികൊണ്ട്
ജീവിതത്തിന്റെ തിരശ്ശീലയിട്ട രൂപം
വാതിൽ കടന്ന് പോവും വരെ .....

ജീവിതത്തിനും മരണത്തിനു മിടയിലെ
നിസ്സഹായാവസ്ഥയിൽ
മനുഷ്യൻ വെറും മനുഷ്യനാണെന്ന്
തിരിച്ചറിയുന്ന ഇടങ്ങളിൽ ഒന്നാണിത് ...

ഉമ്മ ......

ചാരുകസേരയിൽ നിന്നൊരു
വിളി മുഴങ്ങുന്നത്
കാതോർത്തിരിക്കുമ്പോൾ
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

ഇറയത്തൊരു തോർത്ത്
ഉമ്മറത്തൊരു കിണ്ടി വെള്ളം
ദിവസവും മാറ്റി മാറ്റി വെക്കെണ്ടതുള്ളപ്പോൾ
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

രാവിൽ വേദനിക്കുന്ന കാലും പുറവും
ഉഴിഞ്ഞ് സാന്ത്വനിപ്പിക്കാൻ
ഉറക്കമിളക്കേണ്ടതുള്ളപ്പോൾ
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

കട്ടിലിൽ നിൻറെ ഉപ്പ ബാക്കി വെച്ചുപോയ
സ്നേഹത്തിന്റെ മണം
എന്നെ പുണരുന്നിടത്തോളം കാലം
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

ഈ കോലായിൽ , ഈ കട്ടിലിൽ
തൈലം മണക്കുന്ന ഈ കുളിമുറിയിൽ
എവിടെയോ എന്നെയും കൂട്ടി
പോവാൻ ഉപ്പ നിൽക്കുമ്പോൾ
നിൻറെ കൂടെ ഇറങ്ങുനതെങ്ങിനെ ഞാൻ

മൂന്ന് നുറുങ്ങുകൾ ....
















കുരിശിനോ
തകിടിനോ
എലസ്സിനോ
ഭയപ്പെടാതെ
പ്രണയമേ , നിന്റെ ആത്മാവ്
എന്നിൽ കുടിയിരിക്കുന്നതെന്തിങ്ങനെ......
..................................................................................
ഹൃദയത്തിൽ
അസാധാരണമായി വളരുന്ന
നിന്നോടുള്ള പ്രണയത്തിന്റെ കോശങ്ങളെ
ഏത് ''റേഡിയേഷൻ'' കൊണ്ടാണ്
കരിച്ചു കളയാനാവുക ..!!!
............................................................................
നമ്മിൽ കനംവെച്ച
മൗന മേഘങ്ങൾ
അക്ഷരങ്ങളായ്‌ പെയ്യും വരെ
ഈ ശൂന്യതയിൽ വളർന്ന നിശ്ശബ്ദത
അലിഞ്ഞ് പോവുന്നതെങ്ങിനെ .....

Monday, May 6, 2013

വഴി പിരിഞ്ഞത് .....

പ്രണയ നദി രണ്ടായി പിരിഞ്ഞപ്പോൾ
ഞാനും നീയും രണ്ടു ജീവിതങ്ങളായി

എന്നിൽ ഫലവൃഷ്ടി പ്രതീക്ഷിച്ച്
എന്റെ ഓരത്ത് മണ്ണും ചെടികളും
കാത്ത് കിടപ്പുണ്ട്

നിന്നിൽ കുരുത്ത കൈവഴികളെ
നീ ഉപേക്ഷിക്കുന്നതെങ്ങിനെ

ഇനി തിരിച്ചൊഴുകാനാവില്ല നമുക്ക്
ആഴിയിൽ ഒടുങ്ങുന്നത് വരെ .....

നമ്മൾ....

എന്റെയും നിന്റെയും
മൗന മേഘങ്ങൾ
കനം വെച്ച്
കാറ്റിലടുത്ത്
തമ്മിലിടിച്ച്
ഇടി മുഴക്കി
മിന്നൽ പായിച്ച്
ആർത്തലച്ച് പെയ്യും വരെ,
നമ്മൾ നീരൊഴുക്കില്ലാത്ത
രണ്ടരുവികളാണ് ........

ഒഴുകുന്ന വഴി ......

മഴ വർത്തമാനത്തിൽ പെയ്ത്
ഭൂതകാലത്തിലേക്ക് ഒഴുകുന്നു

ഒരു കുടയും
രണ്ടാത്മാക്കളും
കുറെയേറെ കിനാക്കളും
മഴക്കൊപ്പം ഒഴുകുന്നു

മഴ ആർത്തലച്ചു പെയ്യുമ്പോൾ
ഒഴുക്കിന് ശക്തി കൂടി വരുന്നു

വഴി രണ്ടായി പിരിയുന്നിടത്ത്
മഴ രണ്ടായി ഒഴുകി

വഴി വക്കിൽ ഒരു കുടമാത്രമായി ...

പറിച്ചു നട്ടത് ........

അവളോടൊന്ന് ചോദിക്കണം
എന്നിൽ വേരിറങ്ങി പുഷ്പിച്ച
പൂക്കളെ ഉതിർത്ത്
വേരിളക്കി പോവാൻ മാത്രം
ഞാൻ ചെയ്ത അപരാദം എന്തെന്ന്

വർഷത്തിൽ കരുതിവെച്ച്
വേനലിൻ വറുതി യറിയിക്കാതെ
ഊട്ടിയ കൈകളിൽ
ആഞ്ഞ് കൊത്തിയതെന്തിനെന്ന്

ഞാൻ വിണ്ടുകീറി
കൊഴുപ്പേറ്റിയ അവളുടെ കാമ്പിൽ
അവൾക്കെന്ത് അവകാശമെന്ന്

എൻറെ നെഞ്ചിൽ വളർന്ന്
കാറ്റിനോട് കൂടാനും
മഴയോട് പാടാനും
അനുവാദം ചോദിച്ചത്
എൻറെ വേരറുക്കാനായിരുന്നോ എന്ന് ....