Friday, June 21, 2013

മരിക്കുമ്പോൾ...



നീയെൻറെ അരികിലിരിക്കരുത്

നിൻറെ അശ്രു കണങ്ങൾ
എന്നിൽ വീണ് പൊള്ളിയാലോ

നിൻറെ തേങ്ങുമധരത്തിലെന്റെ
ചുംബനമധുരത്തിനുപ്പ് പിടിച്ചാലോ

നിൻറെ വിരൽ തുമ്പ് വിട്ട്
ഞാൻ വിറങ്ങലിക്കുന്നതെങ്ങിനെ

എനിക്ക് വേണ്ടി നീ ദൈവനാമം
ഉരുവിട്ടു കൊണ്ടേ യിരിക്കുന്നത് കേട്ടെനിക്ക്
ദൈവത്തോടസൂയ തോന്നിയാലോ

എന്നെ നിന്റെ ഓർമകളുടെ
മൂടുപടത്തിൽ പൊതിയുന്നത് വരെ
നീയെൻറെ അരികിലിരിക്കരുത്

എൻറെ കവിതക്ക് പനി പിടിച്ചു ..

ചുമച്ചും , മൂക്ക് ചീറ്റിയും
തുമ്മിയും മഴ നനഞ്ഞും
വൈദ്യനെ കാത്ത്
നിൽക്കുന്ന കവിതകൾക്കിടയിൽ
പനിച്ച് വിറച്ച് നിൽക്കുന്നു

പതി മൂന്നാം നമ്പർ ടോക്കണായി
വൈദ്യന്റെ മുൻപിലിരുന്നത്
പരിശോദനക്ക് വിധേയയായി

ഹൃദയത്തിൻറെ അറകളിൽ
അടിഞ്ഞു കൂടിയ
പ്രണയത്തിന്റെ കൊഴുപ്പ്
നീക്കം ചെയ്യണം

രക്തത്തിൽ അതികരിച്ചു വരുന്ന
വിരഹ രക്താണുക്കളെ
ശുദ്ധീകരിക്കണം

നെറ്റിത്തടത്തിൽ കേന്ദ്രീകരിച്ച
വിഷാദത്തിന്റെ നീർകെട്ടുകൾ
തുരന്നെടുക്കണം

എൻറെ കവിത ഇപ്പോൾ
ശസ്ത്രക്രിയാ മുറിയിലാണ് ..

പ്രണയത്തിന്റെ .....


പ്രണയത്തിന്റെ
മൊഴി
മൗനമാണ്‌ .

സാമീപ്യം,
ഹൃദയത്തിന്റെ
ധ്രുത താളമാണ്

കാഴ്ചകൾ ,
ഇടങ്കണ്ണിന്റെ
ശരങ്ങളാണ് .

കാത്തിരിപ്പ് ,
സമയത്തിന്റെ
ഒച്ച് വേഗതയാണ്

വിരഹം,
ഒറ്റപെടലിന്റെ
ആഴമാണ്

വേർപാട് ,
പ്രാണനില്ലാത്ത
ജീവനാണ് .

എന്ന് മുതലാണ് മഴ നനഞ്ഞു കരഞ്ഞു തുടങ്ങിയത് ...?

കുടയില്ലെന്ന ജാള്യത മറച്ചു വെക്കാൻ
കുട മറന്നെന്ന വ്യാജേന
കൂട്ടുകാരൻറെ കുടയിൽ കയറാൻ
ശ്രമിച്ച് പരാജയപ്പെട്ട അന്ന്

മേൽക്കൂരക്കീറിലൂടെ
ചോർന്ന മഴയെ
കുഞ്ഞു പാത്രങ്ങളിൽ ബന്ധിക്കുന്നത്
പരാജയപ്പെട്ട അന്ന്

ഖബറിന്റെ മേൽക്കൂരയായ്
ഉമ്മാക്ക് നനയാതിരിക്കാൻ
പ്ലാസ്റ്റിക് ഷീറ്റിന്റെ
തുമ്പിൽ പിടിച്ച അന്ന്

തന്ന കിനാക്കളും സ്നേഹവും
തിരിച്ച് ചോദിച്ച്
എന്നെ ഓർമയുടെ തുമ്പിൽ
നിന്നാട്ടിപ്പായിച്ച്
എൻറെ ഓർമയിൽ
അവൾ ഉറഞ്ഞു പോയ അന്ന്