Monday, September 16, 2013

അച്ഛൻ കൊണ്ടുപോയത്മരിച്ചു പോവുമ്പോൾ
ഒന്നും കൊണ്ട് പോവില്ല്യാന്നു
ആരാണ് പറഞ്ഞത് ...?

അമ്മേടെ മുഖത്തെ പുഞ്ചിരി
നെറയെ പൂക്കളുള്ള സാരി
കഴുത്തിലെ താലി
അടുപ്പിൻ കലത്തിലെ ചോറ്

അമ്മു കുട്ടീടെ ,
കണിക്കൊന്ന
വിഷു കൈനീട്ടം

തിരുവാതിര
ഊഞ്ഞാൽ

അത്തപ്പൂക്കളം
ഓണക്കോടി

പിറന്നാൾ
കാവിലെ ഉത്സവം

പ്ലാവിലപ്പാത്രങ്ങൾ
കണ്ണ് ചിമ്മി തുറക്കുന്ന കളിപ്പാവ

പിന്നെ,
ചൂടുള്ള നെഞ്ചിന്റെ തൊട്ടിൽ
എല്ലാം കൊണ്ടാണ് അച്ഛൻ
കവിളിൽ ഇരു നീർച്ചാലുകൾ
വരച്ചുവെച്ച് കടന്നുപോയത്

സന്തോഷത്തിന്റെ തുമ്പപ്പൂവുകൾ

സന്തോഷത്തിന്റെ
തുമ്പപ്പൂവുകളെത്ര
പാവങ്ങളാണ്

ഒന്ന് തൊട്ടാൽമതി
മുറിപ്പെടാൻ

കൈക്കുടന്നയിൽ
ഒന്ന് പോലും
താഴെ വീഴാതെ
സൂക്ഷിച്ച് കൊണ്ട് നടന്നാലും
കൈ വിരലുകൾക്കിടയിൽ ഞെരുങ്ങി
ഇടക്ക് ചിലതിന്റെ കാലുടഞ്ഞു
നീരുവരുന്നുണ്ടാവും

ഒരുമിച്ചൊരു കളത്തിൽ വിശ്രമിക്കുമ്പോൾ
ഒരൊറ്റ കാറ്റുവന്നാൽ മതി
വേർപിരിഞ്ഞകലങ്ങളിലാകുവാൻ

പുതിയൊരു വീട് പണിയണം..


തറവാട്ടു മുറ്റത്തെ പുളിമരം
വിരിച്ച മഞ്ഞ പൂക്കളുടെ
പരവതാനി മടക്കിയെടുത്ത്
പുതിയ മുറ്റത്ത് വിരിക്കണം

കോലായിലെ ചാരുകസേര
ഉപ്പാന്റെ കാവലോടെ എടുത്ത്
പുതിയ ഉമ്മറത്ത് ഐശ്വര്യമാക്കണം

*''മഗ് രിബി''നു മുൻപേ
വീടെത്തിയില്ലെങ്കിൽ
ഉപ്പ ശാസിക്കുമെന്ന് ഭയക്കണം

മുറ്റത്ത് മക്കൾ കളിക്കുന്നത് കണ്ട്
ഉപ്പ ഊറിചിരിച്ചിരിക്കുന്നുണ്ടെന്ന്
നിനയ്ക്കണം

പ്രാര്ഥനാ മുറിയിൽ
ഉമ്മാന്റെ മിഴിനീരു പറ്റി ഉപ്പിച്ച
നിസ്കാരപായയും കുപ്പായവും
പ്രതീകമായ് വെക്കണം
ഓതിയിരുന്ന *''മുസ്ഹഫിൽ''
ഒരു മുടിയിഴയെങ്കിലും കാണാതിരിക്കില്ല

ഞാനില്ലാത്തപ്പോൾ
അവളോടും കുട്ടികളോടും
ആ നിസ്കാര മുറിയിൽ
കിടക്കാൻ പറയണം

ഉമ്മാന്റെ ചിറകിനടിയിലെ
സുരക്ഷിതത്വവും
ഉപ്പാന്റെ തണലിലെ കാവലും
മരിക്കോളം കൊണ്ട് നടക്കണം

*മഗ് രിബ് = സന്ധ്യാ പ്രാര്ത്ഥന
*മുസ്ഹഫ് = ഖുർ ആൻ അങ്ങിനെയും വിളിക്കപ്പെടുന്നു

ആത്മഹത്യാകുറിപ്പുകൾ


''വാപ്പുട്ട്യെ ,
നാട്ടാരെ മൊത്തം
ചിരിപ്പിച്ചീർന്ന ഇയ്യെന്തിനാ
കെട്ടിത്തൂങ്ങീത്...? ''

''വയറ്റിന്റുള്ളിലൊരു മൊഴ
പരിശോധിച്ചപ്പോ ''അതന്ന്യാ''ത്രേ
ഞാൻ കരിഞ്ഞ് ചാകണത്
സൈനൂം കുട്യോളും സഹിക്കൂല
ഓര് കരേണത് കാണാൻ കയ്യൂല
വാപ്പുട്ടീനെ നോക്കീട്ടാരും കരേണ്ട അലവ്യാക്കാ...!! ''

''രാമഷ്ണാ,
നേരം മോന്ത്യാവോളം
കൈക്കോട്ടും മടാള്വായി
പണിട്ത്ത് നടന്നീര്ന്ന
അണക്കെന്താടോ പറ്റീത്...? ''

''ഒക്കെ വെറും സ്വപ്നാണ് അലവ്യാക്കാ
നിലം ചതിക്കൂലാന്ന വിശ്വാസം
നെലോം പെരേം പണയത്തിലായി
കടക്കാര് വീട്ടീ കേറി ഞെരങ്ങാൻ തൊടങ്ങും ന്നായി
പിന്നെ മ്മള് ചത്തില്ലേ..?
ഞാൻ ഇച്ചിരി നേരത്തെ ചത്തു..!!''

''ആമിന്വോ..,
മൊഞ്ചത്ത്യെ..
ന്റെ കുട്ട്യെന്തിനാ ഈ ചതി ചെയ്തത് ...?''

''ന്റെ പിന്നാലെ നടന്നിട്ട്
കണ്ണും കയ്യും കാട്ടീട്ട്
കുന്നോളം കിനാക്കൾ തന്നിട്ട്
ന്റെ കരളും മെയ്യും കവർന്നിട്ട്
ന്റെ വയറ്റില് വിത്തിട്ട് ഓൻ പോയപ്പോ
ഞാൻ മയ്യത്തായി അലവ്യാക്കാ''

''ന്നാ ഇങ്ങള് കേട്ടോളീൻ
ഇങ്ങളൊക്കെ മരിച്ച് രക്ഷപ്പെട്ടപ്പോ
മരിച്ചു തൊടങ്ങീട്ടുണ്ട്
ഇങ്ങടെ ഉപ്പേം ഉമ്മേം പെണ്ണും കുട്യോളും
ദുനിയാവില് ഒറ്റ പിറപ്പേള്ളൂ
അത് പടച്ചോൻ എട്ക്ക്ണ വരെ
ജീവിച്ച് തീർക്കന്നെ''

തറവാട് ..


ഉമ്മറത്തെ ബഞ്ചിൽ
ബാല്യകാലമിപ്പോഴും
പറഞ്ഞാൽ തീരാത്ത
കഥകളുമായി മയങ്ങുന്നുണ്ട്

വൈകുന്നേരങ്ങളിൽ മുറ്റത്ത്
ഒറ്റക്കാലിൽ കൊക്കി
മറുകാൽ നിലത്തൂന്നാതെ
ഒത്തിരി കളികളുടെ ആരവമുണ്ട്

പൂമുഖത്ത് കട്ടിലിൽ കിടന്നും ഉപ്പ ,
പ്രിയ ചങ്ങാതി മമ്മദാജിയുമൊത്ത്
പോയകാല സാഹസികകഥകൾ
ഓർത്തെടുക്കുന്നുണ്ട്

അകത്തളത്തിൽ
ഉമ്മാടെ ഖുർആൻ സൂക്തങ്ങളും
നഫീസത്ത്‌ മാലയും
മൌലിദ് പാരായണവും
മുഴങ്ങുന്നുണ്ട്

ഇടനാഴിയിലെ ഇരുട്ടിൽ
കോണി മുറിയിലെ നിഴലിൽ
കുപ്പിവളകൾ ഉടഞ്ഞ്
ഊറിച്ചിരിക്കുന്നുണ്ട്

അടുക്കളയിൽ,
നബീസാത്താന്റെ
ആകാശവാണി പരദൂഷണം ചാനൽ
ഒരു പരസ്യം പോലുമിടാതെ
സംപ്രേക്ഷണത്തിലാണ്

ചായ്പ്പിൽ ,ചക്ക്യമ്മായി
മുറുക്കാൻ പൊതി തുറന്ന്
വെറ്റിലയിൽ ചുണ്ണാമ്പു തേച്ച്
അടക്കയും പുകയിലയും വെച്ച് മടക്കി
അണപ്പല്ലിലേക്കിട്ട് ചവച്ചിരിപ്പുണ്ട്

ഇപ്പോൾ തറവാട് ,
ഒരു വെള്ളക്കടലാസിലേക്കടർന്ന്
തിരശ്ചീനവും ലംബവുമായ
രേഖകളിൽ മുറിപ്പെട്ട്
ചോര വാർന്ന് കിടപ്പാണ്

ഹൃദയത്തിൽ ഇന്ന് ഹർത്താലാണ്


ഹൃദയത്തിൽ സ്വപ്നങ്ങളും , യാഥാർത്ഥ്യങ്ങളും
തുല്യ പങ്കാളിത്തത്തോടെയാണ് ഭരണം നടത്തിയിരുന്നത്. സ്വപ്നത്തിന്റെ ഒരു പ്രതിനിധികൂടി മന്ത്രി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സ്വപ്‌നങ്ങൾ ഭരണ രംഗത്ത് ഭൂരിപക്ഷമായി . യാഥാർത്ഥ്യങ്ങൾ പ്രതിപക്ഷത്തായി .

മനക്കോട്ടകൾ കെട്ടാനുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും സ്വപ്നങ്ങൾ എടുത്ത് കളഞ്ഞു. ഹൃദയം സങ്കല്പ്പങ്ങളുടെ ചില്ലുകൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞു.

കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ ഓരോന്നായി തകര്ന്നു വീഴാൻ തുടങ്ങിയതോടെ ഹൃദയത്തിൽ സംഘർഷമായി. ഹൃദയത്തിലേക്ക് ഊര്ജ്ജം വന്നു ചേർന്നിരുന്ന കുഴലുകളിൽ വിഷാദങ്ങൾ വന്നടിഞ്ഞ് ഹൃദയം ഒരു സ്തംഭാനാവസ്തയിലെക്ക് നീങ്ങി.


യാഥാർത്ഥ്യങ്ങൾ അപ്പോഴാണ്‌ ശക്തമായ ഒരു സമരത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. സ്വപ്നങ്ങൾ കെട്ടിപ്പൊക്കിയ പൊള്ളയായ സങ്കല്പ്പ സൌധങ്ങൾ ഓരോന്നായി യാഥാർത്ഥ്യങ്ങളുടെ സമര പോരാളികൾ തകർക്കാൻ തുടങ്ങി . സ്വപനങ്ങളെ ഭരണ തലത്തിൽ നിന്നും യാഥാർത്ഥ്യങ്ങൾ പിടിച്ചിറക്കി.

ഇപ്പോൾ ഭരണം യാഥാർത്ഥ്യങ്ങളുടെ കയ്യിൽ തന്നെയാണ് എങ്കിലും ഒരേ ഒരു സങ്കല്പ്പ സൌധത്തിന് ചുറ്റും ഒരു യാഥാർത്ഥ്യങ്ങൾക്കും തകർക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ സ്വപ്നങ്ങൾ തമ്പടിച്ചിരിക്കുന്നു. യാഥാർത്ഥ്യങ്ങളുടെ ആക്രമണത്തെ തുടർന്ന് ഒരു ചില്ലുജാലകം തകർന്ന അവസാനത്തെ സങ്കല്പ്പസൌധത്തിനോടുള്ള ദുഃഖ സൂചകമായി ഹൃദയത്തിൽ ഇന്ന് ഹർത്താലാണ് ..


ചിത്രം കടപ്പാട് = ഗൂഗിൾ 

സ്വർഗത്തിലെ പൂക്കൾ


പിറവിക്കു മുൻപേ കൊഴിയുന്ന
പൈതങ്ങൾക്കായി
അമ്മമാർ ചുരത്തുന്ന അമ്മിഞ്ഞപ്പാൽ
സ്വർഗത്തിൽ കുരുന്നുകൾ
കാത്ത് കാത്തിരിക്കുന്നുണ്ടാവും

അങ്ങിനെയാണ് മക്കളെ നഷ്ടപ്പെട്ട നീറ്റൽ
സ്വർഗത്തിലേക്കുള്ള പാതതീർക്കുന്നത്

വിടരുന്ന പൂമൊട്ടുകളെ തല്ലിക്കൊഴിച്ച്
സ്വർഗ്ഗത്തിലേക്കെടുക്കുമ്പോൾ
തനിക്ക് കിട്ടിയേക്കാവുന്ന ശാപം ഭയന്നാവും
വിധി അമ്മമാരെ കൂടി കൂട്ടുന്നത്

നിഷ്കളങ്ക ബാല്യങ്ങൾ തന്നെയാവും
സ്വർഗത്തിലെ പൂക്കളാവുന്നത്

ഭൂമിയിലെ പൂക്കളിലൂടെ
നമ്മളെ നോക്കി പുഞ്ചിരിച്ച്
നമ്മുടെ നോവാറ്റുന്നതും
സ്വർഗത്തിലെ പൂക്കൾ തന്നെയാവും

'' ഒരു വസന്തകാലത്തിന്റെ രക്തസാക്ഷികൾ''


കലാലയ കവാടത്തിന്റെ
മതിലിൽ ഒട്ടിച്ചു വെച്ചപോലെ
അവസാന പരീക്ഷയുടെ ദിവസത്തിൽ
സൗഹൃദക്കൂട്ടത്തിന്റെ നിശ്ചല ദൃശ്യമായവർ

വാ തോരാതെ വെടി വട്ടം പറഞ്ഞിരുന്നവരുടെ
പൊള്ളുന്ന മൌനം
ഒരുമിച്ച് ഒരുകൂട്ടത്തിൽ നിന്നാദ്യമായി
ഓരോ ദ്വീപായവർ

ഹൃദയമടർത്തി പങ്കുവെച്ച്
ഒരൊറ്റ ഹൃദയമില്ലാതായിരുന്നവർ
പകരം കൈമാറിയിരുന്ന
ഹൃദയത്തിന്റെ തുണ്ടുകൾ
കൈമാറ്റം ചെയ്ത്
തുന്നി ചേർക്കുന്നതിന്റെ വേദനവഹിച്ചവർ

പങ്കു വെക്കലുകളുടെ
കൈ കോർക്കലുകളുടെ
തോളിൽ പതിയുന്ന സനാഥ
ബോധത്തിന്റെ സൌഹൃദകാലം

രണ്ടു തപാലാപ്പീസുകൾക്കിരു പുറത്തേക്ക്
അന്ന് പിരിഞ്ഞു പോയവർ
ആദ്യാമായയച്ച ഇൻലന്റിൽ മഷി പടർന്ന്
വരികൾ മായ്ച്ചവർ

പിന്നെ , ആശംസാ കാർഡുകളിലേക്കും
പോസ്റ്റ്‌ കാർഡുകളിലേക്കും ചുരുങ്ങിയവർ

പിന്നെ പിന്നെ ,
ലോകത്തിന്റെ പാച്ചിലിൽ പെട്ട്
ഒരു മൂടൽ മഞ്ഞിന്റെ
ഇരു പുറവുമായവർ

ഓർമ്മകൾ ആ വഴി പോവുമ്പോൾ
ഇന്നും കലാലയ മുറ്റത്ത്
ആ പഴയ സൌഹൃദത്തിന്റെ
മാധുര്യം തിരയുന്നവർ

'' ഒരു വസന്തകാലത്തിന്റെ രക്തസാക്ഷികൾ''

നെല്ല്


ഒരു കൈക്കോട്ട്, ഒരു മടവാൾ
ഉപ്പ ഇതോടെയാണ്
പിറന്നതെന്നു തോന്നും

മക്കളെ പോലെ തന്നെ ഉപ്പ
നെല്ലിനെ സ്നേഹിച്ചു
രാത്രി ഇടിവെട്ടുന്ന പെരുമഴയത്ത്
വരമ്പിനു മടവെക്കാൻ
ചൂട്ടും കത്തിച്ച് പോവും

മഴയില്ലാത്തപ്പോൾ വിണ്ടുകീറിയ നിലം
ഉപ്പാന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കി

പുതുമഴക്ക് ഉഴുന്ന നിലം
ഉൾപുളകം കൊണ്ട് പുറത്തുവിടുന്ന
സുഗന്ധം നുണഞ്ഞു ഞാൻ
ഒരു ചാൽ മുഴുവനും
ഉപ്പ പൂട്ടി തീരുന്നത് വരെ
വരമ്പിൽ കാത്ത് നിൽക്കും

കൊയ്ത്തിന്റെ ദിവസം
ചാണകം മെഴുകിയ മുറ്റത്ത്
പരമ്പിൽ മെതിച്ച നെല്ല് നീളത്തിൽ കൂട്ടി
മുറം കൊണ്ട് വീശി പതിര് കളയും

പിന്നെ അളവാണ് .
ഓരോ പറയും അളന്ന് ഒഴിക്കും വരെ
ഒന്നേ ..ഒന്നേ ..ഒന്നേ ...
എന്നിങ്ങിനെ എണ്ണം പറഞ്ഞുകൊണ്ടേ ഇരിക്കും

എല്ലാവർക്കും നെല്ല് കൂലി
ഏല്ലാവർക്കും നെല്ലുകുത്തിയ അരികൊണ്ട്
അടുത്ത കൊയ്ത്തുകാലം വരെ ചോറ്

പിന്നെ ..പിന്നെ
കൃഷിപ്പണിക്ക് ആളെ കിട്ടാതായി
ഒരിക്കൽ നെല്ലിനു മരുന്നടിക്കുമ്പോഴാണ്
ഉപ്പ തളർന്ന് വീണത് ..

ഇപ്പോൾ , അങ്ങേ ലോകത്ത്
ഉപ്പാന്റെ കൂടെ മരിച്ചു പോയ
നമ്മുടെ നാടൻ നെല്ലുമുണ്ടാവും
ഉപ്പ അവയെയും പരിലാളിച്ച്
ഞങ്ങൾ മക്കളെ ഓർക്കുന്നുണ്ടാവും

ഒരു മരണ അറിയിപ്പ്

അവൻ മരിച്ചു
അധിക സമയമായില്ല

സ്വപ്നങ്ങളുടെ ചിറകു വെട്ടി
ഓർമകളുടെ സിരയറുത്ത്
സ്വയം കുത്തി മരിക്കുകയായിരുന്നു

ശവം കാണാനും
നെഞ്ചത്തടിക്കാനും
വാവിട്ട് കരയാനും
ആരുമില്ലാതിരുന്നതിനാൽ
അവൻ തന്നെയാണ്
അവനെ ഖബറടക്കിയതും

ഈ കൊലപാതകം വൈകിച്ചതിൽ
അവൻ തീർത്തും ദുഖിതനും
ഈ കൃത്യം ഇപ്പോഴെങ്കിലും
നടത്താൻ കഴിഞ്ഞതിൽ
അവൻ സംതൃപ്തനുമാണ്

അവൻ കൊന്ന അവന്
ജീവിക്കാൻ അവകാശമില്ലത്രേ..

എന്റെ പെരുന്നാൾ നഷ്ടം


പെരുന്നാൾ കുപ്പായത്തിനു
ഉമ്മാന്റെ മൊഞ്ചായിരുന്നു
മുല്ലാപ്പൂവിന്റെ അത്തറിനു
ഉപ്പാന്റെ മണവും

പുത്തൻ കുപ്പായമുടുപ്പിച്ച്
പൌഡറിട്ട് , മുടിചീകി
ഉമ്മ കവിളിൽ ഒരു മുത്തം തരും
''ന്റെ കുട്ടീനെ ആരും കണ്ണ് വെക്കരുതേ ''
ന്ന് പ്രാർഥിക്കും

ഉപ്പാന്റെ വിരൽ തുമ്പുള്ളപ്പോൾ
ദുനിയാവിൽ ഒന്നിനേം പേടിക്കില്ല
ഉപ്പാന്റെ തോളിൽ കയറി പോവുമ്പോൾ
ഞാൻ ആ നാട്ടിലെ രാജകുമാരനാവും

ഉമ്മ ഭംഗിയുണ്ടെന്നു പറയാത്ത
ഒരു കുപ്പായവും ഇട്ടിരുന്നില്ല
ഉപ്പയുടെ കൂടെയല്ലാതെ
പെരുന്നാൾ ചോറ് കഴിച്ചിരുന്നില്ല

ഉമ്മയും ഉപ്പയും താമസം മാറി
പള്ളിക്കാട്ടിൽ വിശ്രമിക്കാൻ തുടങ്ങിയപ്പോഴും
പെരുന്നാൾ തുടങ്ങിയിരുന്നത്
അവരുടെ ഖബർ സന്ദർശിച്ച് കൊണ്ട് മാത്രമായിരുന്നു.

ഈ പ്രവാസത്തിൽ ജീവിതം തിരയുമ്പോൾ
എന്റെ പെരുന്നാളിന്റെ നഷ്ടത്തിൽ
ഒന്നാമത് നില്ക്കുന്നത്
ഈ സന്ദർശനമാണ്

നമ്മുടെ ഉമ്മാക്കും ഉപ്പാക്കും
പടച്ചവൻ സ്വർഗ്ഗ ജീവിതം നല്കട്ടെ
അവരുടെ കൂടെ നമ്മളെയും ഒരുമിപ്പിക്കട്ടെ

ബാച്ചിലർ മുറിയിൽ


പാത്രങ്ങൾക്ക്
അകവശം മാത്രമേ
തിളക്കം കാണൂ

ചോറിനു മുകളിൽ
ഒരൊറ്റ മത്തി
ശവാസനത്തിൽ കിടക്കും

അടുക്കളയിൽ
കഴുകി വെക്കാൻ മറന്ന
ഒരു ചായക്കപ്പുണ്ടാവും

ടോയ്ലറ്റിൽ
എടുക്കാൻ മറന്ന
ടൂത്ത് ബ്രഷും സോപ്പും
സംഘർഷം സൃഷ്ടിക്കും

ചാനലുകളിൽ
വാർത്തകൾ വായിച്ചത് വീണ്ടും
വായിച്ചു കൊണ്ടേ ഇരിക്കും

ഒരു കാരണവർ
ഉപദേശത്തിന്റെ
വ്യർഥമായ ശാസന തുടരും

വോയ്പ് കോളിൽ
രണ്ടാത്മാക്കൾ
കുറുകി രമിക്കുന്നുണ്ടാവും

തലയിണകൾക്ക്
ചുമരിനോട് ചേർന്ന വശത്ത്
ഉപ്പുനീരുപിടിച്ച കല്ലിപ്പുണ്ടാവും


*ചിത്രം കടപ്പാട് = ഗൂഗിൾ

Tuesday, September 3, 2013

നാട്ടിൽ നിന്ന് വരുമ്പോൾ ചോദിക്കാതെ ചോദിക്കുന്ന ചിലത്

ഈ വറുത്തെടുക്കുന്ന ബീഫിൽ
നിങ്ങളുടെ വാടിയ മുഖം കണ്ടിട്ട്
ഉമ്മാ,
ഒരു കഷണം പോലും തിന്നാനാവാതെ
റൂമിന്റെ ഒരു കോണിൽ
ഞാൻ നിശ്ശബ്ദനാവുമെന്നു
ഉമ്മ അറിയുന്നുണ്ടോ....?

ഒരാഴ്ച് മുൻപേ തന്നെ
പെയ്യുന്ന നിന്റെ കണ്ണീരിൽ മുക്കി
ഉണക്കിയെടുത്ത കയ്പക്ക
തീരുവോളം എനിക്ക് കയ്ക്കുമെന്നു
പെണ്ണെ,
നിനക്കൂഹിക്കാമൊ ...?

പതിവിലും കൂടുതൽ
എന്നിൽ തന്നെ ഒട്ടി കിടക്കണമെന്ന്
വാശിപിടിക്കുന്ന പൈതലേ ,
ഏത് അദൃശ്യ ശക്തിയാണ്
നിന്നെ വിട്ടിന്നു ഞാൻ
പോവുന്നെന്നു നിന്നെ അറിയിച്ചത് ..?

ഈ ഉടുത്ത കുപ്പായം പെട്ടിയിൽ വെക്കുന്നില്ലേ

എന്നാവർത്തിക്കുന്ന സുഹൃത്തെ,
എന്റെ ഗന്ധം നുകരാൻ
അവളുടെ തലയിണക്കടിയിൽ
വിശ്രമിക്കാൻ ബാക്കി വെക്കേണ്ടതാണിതെന്ന്
നിന്നോട് പറയുന്നതെങ്ങിനെ ...?

എന്നാൽ ഇനി വൈകിക്കേണ്ട
ഇറങ്ങിക്കോ എന്നുപദേശിച്ച്
വിദൂരതയിലേക്ക് നോക്കുന്ന ഉപ്പാ,
നിങ്ങളുടെ ഉരുക്കം ഞാൻ അറിയുന്നില്ലെന്ന്
കരുതുന്നുണ്ടോ ..?

അത് വരേയ്ക്കും

കുന്നിൻ നെറുകിലൂടെ നീണ്ട്
മറു പുറത്തേക്ക് അപ്രത്യക്ഷമാവുന്ന
ഒറ്റയടി പാതയിൽ നീ
എന്റെ കാഴ്ചക്കപ്പുറമാവും വരെ

എന്നെ അത്രയും പിറകിലാക്കാതെ
അല്ലെങ്കിൽ , നിന്റെ
തൊട്ടു പിറകിൽ വരെ
നിന്നെ എനിക്ക് പിന്തുടരാൻ കഴിയും വരെ

അദൃശ്യ തരംഗങ്ങൾ കൈമാറുന്ന
വികാര കണങ്ങൾ
വിഛെദിക്കപ്പെടും വരെ

ഈ വിജന വീഥിയിൽ
വ്യർത്ഥമായ് കാത്തു നിൽക്കും ഞാൻ

ഒടിയൻ

വളർച്ചയെത്താതെ
മരിക്കുന്ന കുഞ്ഞുങ്ങൾടെ
കുഴിമാന്തി പുറത്തെടുത്ത്
രൂപം മാറാനുള്ള
മരുന്നുണ്ടാക്കുന്നുവത്രേ ഒടിയൻ

പിന്നെ ,
അർദ്ധ രാത്രിയിൽ
പൂച്ചയായി, നായയായി
*കയലാം കുറ്റിയായി
*തള്ളെ തല്ലിയായി
വഴിയിൽ പ്രതികാരദാഹിയായി
എതിരാളിയെ കാത്ത് നിൽക്കും

ഗർഭിണികളായ പെണ്ണുങ്ങളെ
വശത്താക്കി ഗർഭം അലസിപ്പിക്കും
ഉപദ്രവിച്ച മേലാളനെ
കട്ടിലോടെ ചുമന്നു ശവപ്പറമ്പിൽ
കൊണ്ട് കിടത്തി *നൊസ്സാക്കും

ചെർപ്പ്ളശ്ശേരി ദേവീന്ന്
രണ്ടാം കളി സിൽമ കണ്ടു വരുമ്പോൾ
ഒരാള് കറുപ്പേട്ടന്റെ
തൊട്ടു പിറകിൽ വന്നിട്ട് കാണാതായത്രേ

*പറയരോട് കളിക്കുമ്പോൾ സൂക്ഷിക്കണം
അവർക്ക് ഒടിമാറാനറിയാം
വഴിയിൽ രൂപം മാറി കാത്തു നിന്ന്
ഓടിച്ച് നടക്കാൻ പറ്റാത്ത തരത്തിലാക്കും


* കയലാം കുറ്റി = മുൻപ് കാലത്ത് മുളകൊണ്ടുണ്ടാക്കിയിരുന്ന ഗേറ്റ് ( രണ്ടു വണ്ണമുള്ള മുളകളുടെ ഒരു മീറ്റർ വരുന്ന മുരട്‌ ഭാഗം ഇരു വശത്തും പോസ്റ്റായി വെച്ച് അതിലെ ഇടവിട്ട ദ്വാരങ്ങളിൽ മുളക്കമ്പുകൾ വെച്ചുണ്ടാക്കുന്നത്
* തള്ളേ തല്ലി = കയലാം കുറ്റിയുടെ സമീപത്തായി കന്നുകാലികളെ കൊണ്ട് പോവുന്നതിനായി തൂക്കിയിട്ടിടിരിക്കുന്നതുംഇഷ്ടം പോലെ ഉയര്ത്താനും സൌകര്യമുള്ള മുള കൊണ്ട് ഉണ്ടാക്കിയ ഗേറ്റ്

*പറയർ = കൃഷിക്കാവശ്യമായ മുറം, പരമ്പ് മുതലായവ മുളകൊണ്ടു ഉണ്ടാക്കിയിരുന്നവർ

വല്ല്യുമ്മ

കാച്ചി തുണീടെ
കോന്തലയിൽകെട്ടിവെച്ച
സ്നേഹത്തിന്റെ മധുരമാണ്

വിറയാർന്ന കൈകളിൽ ഒളിപ്പിച്ച
സാന്ത്വനത്തിന്റെ പച്ചമരുന്നാണ്

എന്റെ വികൃതിത്തരങ്ങൾക്ക്
വേലികെട്ടിയ കാവലാണ്

പനിച്ചു പൊള്ളുമ്പോഴും
തന്നിരുന്ന ചുംബനങ്ങളുടെ
തണുപ്പാണ്

പല്ലില്ലാത്ത ചിരിക്കൊപ്പം
കുലുങ്ങി ചിരിച്ചിരുന്ന
കാതിലെ ചിറ്റുകളാണ്

ഉപ്പാനെയാ ഉമ്മാനെയാ
കൂടുതലിഷ്ടമെന്ന ചോദ്യത്തിന്‌
സംശയമില്ലാത്ത ഉത്തരമാണ്

ചേക്കുട്ടിപ്പാപ്പാന്റെ
വീര കഥകളുടെ
നിലവറയാണ്

ഉപ്പയും കൂട്ടരും ചുമന്നു പോയ
വല്ല്യുമ്മാനെ കാത്ത്
ഞാനിന്നും ഉമ്മറ പ്പടിയിലിരിപ്പാണ്

Picture courtesy = Ente vallimma page

കാണാൻ വൈകുന്നത്


നമുക്ക് കാത്തിരിക്കാം
ഒരു പൂമൊട്ടു കൂടി
പുഴു തിന്നു വാടി
അടർന്ന് വീഴും വരെ

ഒരു തളിരില കൂടി
പിച്ചി ചീന്തി
ഞരമ്പുകൾ അറുക്കപ്പെടുംവരെ

വഴി വക്കിൽ,
റെയിൽവെ സ്റ്റേഷനിൽ ,
ആശുപത്രി കിടക്കയിൽ,
അവസാന മിടിപ്പായി
വന്നു ചേരും വരെ

വാർത്തയുടെ അപ്പോസ്തലന്മാർ
ആഘോഷമാക്കും വരെ

തുലാസ്


ആവശ്യത്തിന്റെ
തട്ടെപ്പോഴും താഴത്താണ്

നേട്ടങ്ങളെപ്പോഴും
ഭാരമില്ലാതെ മേലെയും

താഴത്തെ തട്ടില്‍
കുറെ കണ്ണുകള്‍
മേല്‍പോട്ട് തന്നെ നോക്കി നില്‍ക്കുന്നു

മുകളില്‍ നിന്നും
ഖനിയിലെ കല്‍ക്കരി
അവസ്ഥാന്തരം പ്രാപിച്ച്
പുറം തള്ളുന്ന
നാണയ തുട്ടുകളാണവരുടെ നോട്ടം

മുകളില്‍ ഖനി തുരന്ന് തുരന്നയാള്‍
വക്കുകളിടിഞ്ഞു മൂടപ്പെട്ടപ്പോഴും
അവസാനമായി കിട്ടിയ
നാണയ തുട്ടിലേക്കായിരുന്നു കണ്ണുകൾ

ഇപ്പോള്‍ മുകള്‍ തട്ടും താഴെ തട്ടും
ഒരേ രേഖയിലെത്തി
തുലാസിന്റെ സൂചി
ചലനമറ്റ് കൃത്യമായി

എന്റെ ഉമ്മ

ഉമ്മാന്റെ ജീവിതത്തിൽ
നോമ്പില്ലാത്ത ദിവസങ്ങളായിരുന്നു കുറവ്..

എനിക്ക് ഓർമ വെച്ചത് മുതൽ
കൂടുതൽ ഉമ്മ അണിഞ്ഞ വസ്ത്രം
നിസ്കാരക്കുപ്പായമായിരുന്നു

കൂടുതൽ ഉമ്മ വായിച്ചത് ഖുർ ആനും
ചുണ്ടുകൾ മന്ത്രിച്ചത് ദിക്ക്റുകളുമായിരുന്നു

ഒരു പെരുന്നാളിന് പോലും
പുത്തൻ വസ്ത്രം
അണിഞ്ഞു കണ്ടിട്ടില്ല

ഉമ്മ മുടി ചീകിതന്നതോ
ഒരുക്കി തന്നതോ
ഒരുരുള ചോറ് തന്നതോ
എനിക്കോർമയില്ല
ഒരു താരാട്ട് പാട്ടും
ഞാൻ ഓർത്ത് വെക്കുന്നില്ല

പതിനൊന്നു മക്കളെ പെറ്റ്പോറ്റുമ്പോൾ
എട്ടാമൻ ഓർമ വെക്കുന്നതിനു മുൻപേ
മുതിർന്ന് പോയി

രോഗ ശയ്യയിൽ
''എന്റെ മക്കൾ'' എന്ന
തേടലുമായി കിടപ്പായിരുന്നു ഉമ്മ

അടുത്തണച്ച്
''ന്റെ കുട്ട്യോൾ ഭാഗ്യല്ലാത്തോരായല്ലോ ''
എന്ന വിലാപം എനിക്ക് കിട്ടാത്ത
എല്ലാം സ്നേഹവും പകർത്തി തന്നിരുന്നു

ഇന്നും ആ ഖബറിടത്തിലേക്ക്
പ്രാർഥിക്കാത്ത
ഒരു പ്രാർഥനയും
എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല

നമ്മുടെ പ്രണയം


നമ്മുടെ പ്രണയം
സമാന്തരമായിരുന്നു
ഒരൊറ്റ പാളത്തിന്റെ നേർ രേഖയിൽ നീയും
അതിനു സമാന്തരമായി ഞാനും
നില്‍ക്കാതെ പാഞ്ഞുകൊണ്ടിരുന്നു

എനിക്ക് പകര്‍ത്താനാവാത്ത
നിന്റെ കീര്‍ത്തനങ്ങളും
നിനക്ക് പകര്‍ത്താനാവാത്ത
എന്റെ സൂക്തങ്ങളും
പാളങ്ങള്‍ക്കിടയിലെ അകലമായി

പിന്നീടെപ്പോഴോ,
രണ്ട് ബോഗികളെ പോലെ
ഒരു കാന്തിക വലയത്തില്‍
ബന്ധനസ്ഥരായി
വഴികളേറെ പിന്നിട്ടു ..

വിഴിയില്‍ ,
ഒരു സ്റ്റേഷനില്‍ വെച്ച്
നിന്റെ കാന്തിക ചുംബനത്തെ
നിര്‍വീര്യമാക്കി
എന്നെ നിന്നില്‍ നിന്നടര്‍ത്തി മാറ്റി

പിന്നെ ,
മറ്റിരു ''എഞ്ചിനുകളില്‍ '' വരിഞ്ഞ്
നിന്നെയും എന്നെയും
വലിച്ചിഴക്കാൻ തുടങ്ങിയത് മുതല്‍
പാളങ്ങളില്‍ തലതല്ലി
നമ്മള്‍ കരഞ്ഞേ പോവുന്നു ...

നാട്ടിലെ മഴ

വോയ്പ്പ് കോളിന്റെ
അവ്യക്ജ്തമായ ശബ്ദമാണ്
നാട്ടിലെ മഴക്ക്

ഉമ്മ കാണാതെ
മഴയിൽ കളിച്ചെന്നു മോൻ

പാടവും തോടും ഒന്നായി
വിളവിട്ടതൊക്കെ പോയി എന്നുപ്പ

അടുക്കള ചോർന്നൊലിക്കുന്നു
അടുത്ത വേനലിലെങ്കിലും
ഒന്ന് നന്നാക്കണം എന്നുമ്മ

അവളോട്‌ ചോദിച്ചു
''എന്തേ, നീ ഒന്നും മഴയെ കുറിച്ച് പറയാത്തത് ..?''

ഒരു നിശബ്ദതക്കും നെടുവീർപ്പിനുമൊടുവിൽ
അവൾ പറഞ്ഞു
''മഴയെ ഞാനിപ്പോൾ വെറുക്കുന്നു ''

അപ്പോൾ മൌനമായി
അവിടെയും ഇവിടെയും മഴ പെയ്തു

ചങ്ങാതി

ചങ്ങാതീ,
ഞാൻ വരുന്നുണ്ട്
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

ഊണ് വിളമ്പി
നമ്മളെ കാത്തിരുന്നു മുഷിയുന്ന
അമ്മമാരെ മറന്ന്
നമുക്ക് നമ്മുടെ പറഞ്ഞാലും തീരാത്ത
കഥകൾ പറഞ്ഞിരിക്കാം

ബാല്യത്തിൽ കളഞ്ഞു പോയ
ആ ചട്ടിപ്പന്ത് എവിടെയെന്നു പരതാം

നീ എന്റെ കയ്യിൽ നിന്നെഴുതി വാങ്ങി
അവൾക്ക്‌ കൊടുത്ത പ്രണയ ലേഖനത്തിന്റെ
മറുപടി ഏന്തേ കിട്ടാതെ പോയത് എന്നോർത്ത് നോക്കാം

ബ്ളേഡു വച്ച തെങ്ങിൽ കയറി
ഇളനീർ ഇട്ടു കുടിച്ച സാഹസികത
സ്മരിക്കാം

കാല്പന്തിൽ നമ്മളന്ന് മലർത്തിയടിച്ച
അവരുടെ ടീമിനെ നിസാരവല്ക്കരിക്കാം

പൂരപ്പറമ്പിലെ നമ്മുടെ
വീരഗാഥ ക്കൊടുവിൽ
രക്ഷപ്പെടാൻ ഓടിയ
ഓട്ടത്തിന്റെ ദൂരം അളക്കാം

അച്ഛൻ വിളക്കുമായി തിരഞ്ഞു വരുന്നത് വരെ
വിശപ്പും ദാഹവുമില്ലാതെ
നമുക്ക് നമ്മളെ കൈമാറിക്കൊണ്ടേ ഇരിക്കാം

ചങ്ങാതീ,
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

Monday, September 2, 2013

ലാഹോറിന്,

ലാഹോർ,
നിന്നെ ഞാന്‍ പ്രണയിച്ച കുറ്റത്തിനു

എന്റ പെങ്ങളുടെ മാറ്പിളര്‍ന്ന്‍
രക്തം കുടിക്കുന്നിവര്‍

വര്‍ഷങ്ങള്‍ മുന്നേ മൊഴി ചൊല്ലി
നിന്റെ കഴുത്തിലെ താലിമാലയറുത്ത്
അതിര്‍ത്തിയില്‍ ലക്ഷ്മണ രേഖ വരച്ചിട്ടും
നിന്നാങ്ങളമാര്‍ നുഴഞ്ഞു വന്നത്
എന്റെ മക്കളുടെ ശവം തിന്നാനായിരുന്നു ...

ലാഹോർ,
നിന്നെ ഞാനിന്നും പ്രണയിക്കുന്ന കുറ്റത്തിനു
എന്റെ സഹോദരനെ പ്രണയപാപം ചുമത്തി
വിചാരണയില്ലാതെ കഴുവേറ്റുന്നു ...

ലാഹോർ,
നിന്റെ ആങ്ങിളമാര്‍
എന്റെ സഹോദരന്റെ തലവെട്ടി
ഉടല്‍ മാത്രം തന്നു വിട്ടപ്പോഴും
നിന്നെ ഞാന്‍ പ്രണയിക്കുന്നതെന്തേ .....

ലാഹോർ ,
നിന്റെ നാമത്തിൽ ബലിയാവാൻ
എനിക്കിനി മക്കളില്ല ....
നീ എന്റെ ഹൃദയം ചീന്തി എടുക്കുക
എനിക്കിനി നിന്നെ വെറുക്കേണ്ടിയിരിക്കുന്നു ....

എന്റെ കളിപ്പാട്ടങ്ങൾ...

പാതി തേഞ്ഞ
റബ്ബർ ചെരുപ്പിൽ തീർത്ത ചക്ര വണ്ടി

വാഴപ്പിണ്ടിയിലും
പോളയിലും നിർമ്മിച്ച രഥങ്ങൾ

പ്ളാവിലയിൽ മെടഞ്ഞ പാത്രങ്ങൾ

തെങ്ങോലയിലെ പന്ത്
ഒരു കടലാസ് പമ്പരം

തൊടിയില നിന്ന് പിടിച്ച ഒരു തുമ്പി
മണല്കൂനയിൽ നിന്ന് മെരുക്കിയ ഒരു കുഴിയാന

ഒരു *മഗ്ടൻ ഗോട്ടി
കശുവണ്ടി
എറിഞ്ഞു തെറിപ്പിക്കാൻ ഒരു *തെല്ല്

ഒരു പഴയ സൈക്കിൾ ടയറും
അതിനെ നിയന്ത്രിക്കാൻ ഒരു *കൊക്കിയും
തകര ടിന്നുകൾ മുറിച്ചെടുത്ത് പണിത ലോറി

റബ്ബർ ബാന്റുകൊണ്ടൊരു കവണ
മുളകൊണ്ടുണ്ടാക്കിയ
പാവുട്ടമണി ഉണ്ടയാക്കുന്ന *പാവുട്ടതോക്ക്

പിന്നെ,
ബാല്യത്തിൽ വിട്ടകന്ന
ചെങ്ങാതിയിൽ നിന്നും കടം കൊണ്ടിന്നും
തിരിച്ചു നല്ക്കാൻ കാത്ത് വെച്ച്
ഹൃദയത്തിൽ കറങ്ങി
നോവിക്കുന്ന ഒരു ഏറു പമ്പരം ...

മൂന്ന് പൂക്കൾ

ചെമ്പകപ്പൂവ് ,
സ്കൂൾ മുറ്റത്തെ
മരത്തിൽ നിന്നടർന്ന്
കൈവെള്ളയിൽ വിശ്രമിച്ച്
അവളുടെ മുടിയിൽ കയറി പോവും

മുല്ലപ്പൂവ്,
മുറ്റത്തെ വള്ളിയിൽ
മഞ്ഞു പുതപ്പിൽ നിന്നും നുള്ളിവീണ്
നൂലിഴയിൽ കുരുങ്ങി
ഇടത്തെ തോളിലവൾ ചായുമ്പോൾ
മുടിയിഴകളിൽ നിന്ന്
ഹൃദയത്തിലേക്ക് പടരും

ചെമ്പനീർ പൂവ്,
പൊട്ടിക്കുമ്പോൾ
മുള്ള് കോറിയ മുറിവ്
ഇതളടർത്തി മണ്ണിൽ വീഴ്ത്തി
അവൾ പോയ വഴി നീളെ നീറും

ഖബറിൽ


ഖബർ കുഴിക്കുന്ന അലവിക്ക
പുതിയ ഖബർ കുഴിക്കുമ്പോൾ
പള്ളിക്കാട്ടിലെ ഖബറുകളിൽ നിന്ന്
ഉറക്കം നഷ്ടപ്പെട്ടവരെല്ലാം
ഉണർന്നെണീക്കുന്നുണ്ടാവും

ആരാ പുതിയ അതിഥി എന്ന്
പരസ്പരം ചോദിക്കുന്നുണ്ടാവും

ഉപ്പാന്റെ കാലുഴിഞ്ഞ്
അടുത്തിരിക്കുന്ന ഉമ്മ
എന്റെ കുട്ട്യോളാവല്ലേന്നു
തേടുന്നുണ്ടാവും

ജീവിതത്തിന്റെ
പാതി വഴിയിൽ പോയ ജേഷ്ടനോട്
പോയി നോക്കാൻ പറയുന്നുണ്ടാവും

ഖബറിലെ ഉമ്മയില്ലാത്ത ബാല്യങ്ങൾക്ക്‌
മക്കൾടെ പേര് നല്കി ഉമ്മ പോറ്റുന്നണ്ടാവും

ബറാത്ത് രാവ്

ഓർമകളിൽ,
ശർക്കര ഉരുകിയൊലിച്ച്
മാവിന്റെ കൂടെ
ഉള്ളി മൊരിയുന്ന മണം പരത്തി
കൽത്തപ്പം മധുരിക്കുന്നുണ്ട്

ഉമ്മ കാണാതെ
ചക്കര ചോറിൽ
കൈവെച്ച് പൊള്ളിയത്
ഊതിയാറ്റി നുണയുന്നുണ്ട്

ഒരു കുഞ്ഞി പൂവട
സ്വന്തമായി ഉണ്ടാക്കിയത്
ആദ്യം ചുട്ടു തരാൻ കലഹിക്കുന്നുണ്ട്

അതിരുകളില്ലാത്ത
വേലിക്കപ്പുറം
മധുരം വിളമ്പി ഉമ്മ
സ്നേഹമൂട്ടുന്നുണ്ട്

ഇവിടെ,
നിസ്കാരപ്പയിലിരുന്നു
*യാസീനോതുമ്പോൾ
കണ്ണുകളിൽ ഉമ്മയും ഉപ്പയും
വന്നു തുളുമ്പുന്നു

ഖബറിൽ ,
ഉപ്പ
ഞാൻ ഒതുന്നത് കേട്ട്
തെറ്റ് തിരുത്തി തരുന്നുണ്ടാവും
ഉമ്മ
നിസ്കാരക്കുപ്പായത്തിൽ തന്നെ ഇരുന്ന്
*ദിഖിർ ചൊല്ലി മക്കൾക്ക്‌ വേണ്ടി
പ്രാർഥിക്കുന്നുണ്ടാവും

*യാസീൻ = ഖുർ ആൻ അദ്ധ്യായം
*ദിഖിർ = ദൈവ നാമം

കുടയില്ലാത്തവന്റെ മഴക്കാലം

മഴ തോരുവോളം
നാല് ബി യുടെ വരാന്തയിൽ
രണ്ടു മിഴികളും പെയ്തിരുന്നു

ചുവരിൽ ചാരി വിശ്രമിച്ചിരുന്ന
കുടകൾ നിവർന്ന്
തുന്നി വെച്ച പേരുകൾ
ചിറി കോട്ടി പോയിരുന്നു

ദിവസവും പൊട്ടിച്ച് തീർന്നു പോയ
കാട്ടു ചേമ്പിന്റെ
ഇലയില്ലാത്ത തണ്ടിലേക്ക്
സങ്കടത്തോടെ നോക്കിയിരുന്നു

പെരുമഴയുടെ
ഒരിടമുറിയലിൽ
പുസ്തകങ്ങൾ കുപ്പായത്തിനുള്ളിലടക്കി
വീട്ടിലേക്കോടിയിരുന്നു

ഇടക്ക് , അവൾ
അവൾ മാത്രം
എന്തോ കാണാതെ പോയെന്ന വ്യാജേന
കൂട്ടുകാരികളെ പറഞ്ഞയച്ച്
എന്നെ കുടയിൽ കൂട്ടുമ്പോൾ മാത്രമാണ്
മഴ ഉള്ളിൽ പെയ്തിരുന്നത്