Saturday, April 5, 2014

ആപ്പര

ആപ്പര. ആരാണയാൾക്ക് ആ പേരിട്ടത്. എന്താണതിന്റെ അർഥം എനിക്കിന്നും അതജ്ഞാതമാണ്.
കറുത്ത ശരീരം , കുറ്റിമുടിയുള്ള തല എപ്പോഴും ഇരു വശത്തേക്കും ഒരേ താളത്തിൽ ആട്ടിക്കൊണ്ട് അതേ താളത്തിൽ ഇരു വശത്തേക്കും ശരീരവും ആട്ടിക്കൊണ്ടാണ് ആപ്പര നടക്കാറ്.

''ആപ്പരക്ക് പ്രാന്താണ്'' എന്ന പലരുടെയും പ്രസ്‌താവന എന്തോ ഞാനിന്നും വിശ്വസിക്കുന്നില്ല. ഇടക്ക് എന്തൊക്കെയോ വിളിച്ചു പറഞ്ഞ് വഴിയിലൂടെ വേഗത്തിൽ ആടിയാടി നടന്നു പോവാറുണ്ടായിരുന്നു എങ്കിൽകൂടി ആരെയും ഉപദ്രവിച്ചിട്ടില്ല.

മണിയേട്ടന്റെ പീടികക്കോലായിലായിരുന്നു ആപ്പരേടെ കിടപ്പാടം . നേരം വെളുത്താൽ വേണ്വെട്ടന്റെ ചായപീടികയിൽ നിന്നും ദോശയും ചായയും കഴിച്ച് അടുത്തുള്ള രാമവിലാസിലെ കിണറിൽ നിന്നും അന്നത്തേക്കുള്ള വെള്ളം കോരി കൊണ്ട് വന്ന് കൊടുക്കുന്നതോടെയാണ് ആപ്പരേടെ ഒരു ദിവസം തുടങ്ങുന്നത്.

ഞങ്ങൾ നാട്ടുകാരുടെ സഹായിയായിരുന്നു ആപ്പര. കൂലി ഭക്ഷണം. നാളെയെ കുറിച്ച് ഒട്ടും ബോധമില്ലാത്തത് കൊണ്ടും , തന്റെ വയറിനോടല്ലാതെ മറ്റൊന്നിനോടും ബാധ്യത ഇല്ലാത്തത് കൊണ്ടുമാവാം ആപ്പര ആരുടെ കയ്യിൽ നിന്നും കൂലി കാശായി വാങ്ങിയതേ ഇല്ല . പീടികയിൽ നിന്നും സാധനങ്ങൾ വാങ്ങി വരിക . തേങ്ങ പെറുക്കി കൂട്ടുക , വിറക് ശേഖരിക്കുക , വെള്ളം കോരിക്കൊണ്ട് വരിക തുടങ്ങിയ ജോലികൾ ഒരു ചായക്കോ, ചോറിനോ, അല്ലെങ്കിൽ വെറുമൊരു പുഞ്ചിരിക്കൊ വേണ്ടി പോലും ആപ്പര ചെയ്തു പോന്നു.

ആപ്പരയെ ഞാൻ കാണാൻ തുടങ്ങിയപ്പോൾ തന്നെ ആളുടെ തല നരയ്ക്കാൻ തുടങ്ങിയിരുന്നു . ആപ്പരേടെ ശരിയായ ദേശം , അമ്മ , അച്ഛൻ ഇവരെ കുറിച്ചൊന്നും അന്വേഷിക്കാൻ തക്ക ബോധമൊന്നും അക്കാലത്തുണ്ടായിരുന്നില്ല. ഇപ്പോഴും അവ അന്വേഷണ പരിധിക്ക് അപ്പുറത്ത് കിടക്കുന്നു .

കുഞ്ഞുങ്ങൾക്ക് അമ്മമാർ ഭക്ഷണം കൊടുത്തിരുന്നത് ആപ്പര വരും എന്ന് പറഞ്ഞു പേടിപ്പിച്ചായിരുന്നു . എന്നാൽ ഓരോ കുഞ്ഞും വലുതാവുമ്പോൾ ആപ്പര സ്നേഹത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

വേണ്വെട്ടന്റെ ചായ പീടികയിലെ വെള്ളം ശേഖരിക്കുന്ന ഡ്രമ്മു് ദിവസവും നിറയുകയും കാലിയാവുകയും ചെയ്തു. നാട്ടുകാരുടെ ഭക്ഷണത്തിനു പകരം ആപ്പര തന്റെ സഹായങ്ങൾ തുടർന്നുകൊണ്ടിരുന്നു.

അങ്ങിനെ ഇരിക്കെ, മമ്മദ് കാക്കാടെ വീട്ടിലേക്ക് റോഡിനപ്പുറത്തുള്ള സർക്കാർ കിണറിൽ നിന്നും വെള്ളം കോരി നിറച്ച കുടവുമായി റോഡു മുറിച്ചു കടക്കുമ്പോൾ ഒരു പാണ്ടി ലോറിയുടെ രൂപത്തിൽ ക്രൂരത ആപ്പരയുടെ മേൽ ഇടിച്ചു. ഭാഗ്യമോ , നിർഭാഗ്യമോ.. ആപ്പരയുടെ വലതുകാലിന്റെ തുടയെല്ല് പൊട്ടി എന്നതൊഴിച്ചാൽ മറ്റപകടമൊന്നും പറ്റിയില്ല .

സർക്കാരാശുപത്രിയിൽ ആപ്പരക്ക് കൂട്ട് കിടക്കാൻ ആരുമുണ്ടായിരുന്നില്ല . എങ്കിലും അത്യാവശ്യത്തിനു കാശും ഭക്ഷണവുമൊക്കെയായി നാട്ടുകാർ വന്ന് പോയി. കാര്യങ്ങൾ അന്വേഷിച്ചു .

ആശുപത്രി വിട്ടെങ്കിലും പ്രായാധിക്ക്യത്താൽ തുടയെല്ലിനു പൂർവസ്ഥിതിയിൽ ആപ്പരയെ താങ്ങാനും ആപ്പരയെടുക്കുന്ന ഭാരം താങ്ങാനുമാവില്ല എന്ന് ഡോക്ടർ വിധിയെഴുതി . അന്ന് മുതലാണ്‌ രണ്ടുകാലിലെ തന്റെ ജീവിതം ആപ്പര ഒരു കാലിലേക്കാക്കിയത്.

മറ്റുള്ളവരെ സഹായിക്കാൻ വയ്യാതായി . പണിയെടുക്കാതെ തിന്നു ശീലമില്ലാത്തതിനാൽ ആപ്പര ആരുടെ മുന്നിലേക്കും ഭക്ഷണത്തിനു കൈനീട്ടിയതുമില്ല. കിടപ്പാടം ബസ് വെയിറ്റിങ്ങ് ഷെഡിൽ ആയി . ആപ്പരക്ക് ആവശ്യത്തിനുള്ള ഭക്ഷണം കൊണ്ട് കൊടുക്കുന്നതിൽ ഒരു വീഴ്ചയും കാണിക്കാതിരുന്ന എന്റെ ഗ്രാമത്തിന്റെ നന്മയിൽ എനിക്കഭിമാനമുണ്ട്.

എന്നാൽ ഭക്ഷണം , വസ്ത്രം എന്നതിലുപരി അവശതയിൽ താങ്ങാനൊരു കൈ, വാർദ്ധക്ക്യ സാഹചമായ രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു തണൽ വേണമെന്ന് ഞങ്ങൾക്ക് തോന്നിയത് ഒരിക്കൽ മഞ്ഞിന്റെ പുതപ്പിൽ ചുട്ടുപൊള്ളി വിറച്ച് ആപ്പര കിടക്കുന്നത് കണ്ടപ്പോഴായിരുന്നു.
അങ്ങിനെയാണ് ആപ്പരയെ ''കരുണ'' എന്ന ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

ഇന്നലെയായിരുന്നു തന്റെ കുലം നില നില്ക്കാൻ ഒരു സന്താനത്തെയോ, തന്നെയോർത്ത് മാറത്തടിച്ച് വിലപിക്കാൻ ഒരു ഭാര്യയെയോ ബാക്കി വെക്കാതെ , ഞങ്ങളുടെയെല്ലാം മനസ്സിൽ നന്മയുടെ ഒരു ജീവ ചരിത്രം അടയാളപ്പെടുത്തിക്കൊണ്ട് ആപ്പര പോയത് .

Wednesday, April 2, 2014

വിതച്ചത് കൊയ്യും


ഒരു പച്ചില തണൽ പോലും
ബാക്കി വെക്കാത്തപ്പോൾ
നമ്മൾ ഓർത്തതേയില്ല
തൊലി പൊള്ളിയടരുന്ന
ചൂട് തന്ന് പ്രകൃതി ശിക്ഷിക്കുമെന്ന്

ജല കണങ്ങളെ
ഗർഭം ധരിച്ച
പുഴയുടെ ഭ്രൂണം
മണലൂറ്റി നശിപ്പിച്ചപ്പോൾ
നമ്മൾ ഓർത്തതേയില്ല
നനവും നാക്കും വറ്റിച്ച്
ഭൂമി പകരംവീട്ടുമെന്ന്

വേനലിന്റെ വേവിനു
വർഷത്തിന്റെ കുളിരോളമേ
ഇപ്പോൾ ആയുസ്സുള്ളൂ

പ്രതീക്ഷിക്കാൻ
ഒരു വർഷകാലം പോലും
ഇല്ലാതാവുമ്പോഴാവും
നമ്മൾ പഠിക്കുക

ചില ഓർമകൾ

ചില ഓർമകൾ
അങ്ങിനെയാണ്
പൊടിതട്ടി എടുത്തന്ന്
ഉറങ്ങാനേ കഴിയില്ല

ഓർമകളുടെ ചീളുകൾ
കണ്ണിൽ തറച്ച്
അവ പെയ്യാൻ തുടങ്ങും

ചിന്തകളിലെല്ലാം
ഉമ്മ മണം തൂവി
ശ്വാസം മുട്ടും
ചാരുകസേരയിലിരുന്ന്
ഉപ്പ നീട്ടി വിളിക്കും
നഷ്ടങ്ങളോർത്ത്
ചങ്കു പൊട്ടും

ചില ഓർമകൾ
അങ്ങിനെയാണ്
രാത്രി മുഴുവൻ പെയ്ത്,
പുലർന്നാൽ ചുറ്റും
തളം കെട്ടി നില്ക്കും

Tuesday, March 18, 2014

ആ കാട്ടുതീയിൽ


എത്ര കിളിമുട്ട
വെന്തിരിക്കാം
അതിലെത്ര ചിറകുകൾ
കരിഞ്ഞിരിക്കാം

എത്ര പൂവുകൾ
പൂമ്പാറ്റകൾ
അതിലെത്ര പുതുനാമ്പുകൾ
പെട്ടിരിക്കാം

എത്ര പേടമാൻ
പിടഞ്ഞിരിക്കാം
അതിലെത്ര പിടിയാനകൾ
ചെരിഞ്ഞിരിക്കാം

എത്ര പാമ്പുകൾ
മയിലുകൾ
അതിലെത്ര കുരങ്ങുകൾ
ജഡമായിരിക്കാം

എത്ര മരമുത്തിമാർ
ചത്തിരിക്കാം
അതിലെത്ര ചെറുതേനീച്ചകൾ
ഉരുകിയേക്കാം

എത്ര കാട്ടുപോത്തുകൾ,
കൊമ്പന്മാർ
അവരെത്ര പൊള്ളി
വ്രണപ്പെട്ടിരിക്കാം

വേവുന്നയുടലുകൾ
പച്ചമാംസഗന്ധങ്ങൾ
ഓർത്തോർത്ത്
മനം പുകഞ്ഞിടുന്നു

കാടും കാട്ടാറും
നായും നരിയും
നരനുയിരിന്റെ
ഭാഗമെന്നോർത്തുവെയ്ക്കാം

Picture courtesy : Yedhu Damodaran S

Saturday, March 15, 2014

ഭ്രാന്തികൾ ഉണ്ടാവുന്നത്

ആൽത്തറയിൽ
രണ്ട് മാംസപിണ്ഡങ്ങൾ
ഒരമ്മയും
അവരുടെ മാറ് നുണഞ്ഞു
ഒരു കുഞ്ഞും

രാത്രി മുഴുവൻ അവൾ
വികാര വിസർജ്യങ്ങൾ
നെഞ്ചിലേറ്റു വാങ്ങിയ
രാത്രി വണ്ടികളുടെ പാളമായിരുന്നു

ഇപ്പോൾ കൂട്ടിയിട്ട പ ഴന്തുണിപോലെ ഉറങ്ങുന്നു

ഉടുക്കാനും ഉണ്ണാനും ഉറങ്ങാനും
ഇല്ലാത്തതിനാൽ
അവൾ തെരുവിന്റെ പുത്രിയായി

മദ്യം മണക്കുന്ന
തെരുവ് വേട്ടക്കാരുടെ
വിഷം കുത്തിവെക്കുന്ന ജീവിയായി

വയറിന്റെ പ ശി മാറ്റി
മാറിന്റെ ഉറവ കാക്കാൻ
ഒരു റൊട്ടിക്കഷ്ണം
അതിന്റെ വിലയേ
അവൾക്കുണ്ടായിരുന്നുള്ളൂ

ഇരുട്ടിന്റെ മറമുതലാക്കി
പഴയ ''ലോട്ടറി ടിക്കറ്റ് ''
കൂലി കൊടുത്തവനെ
വെളിച്ചത്തിൽ തലക്കടിച്ച്
വീഴ്ത്തിയതിനാണ്
അവളെ പോലീസ് കൊണ്ട്പോയത്

മാറിൽ നിന്നും പറിച്ചെടുത്താരോ
കുഞ്ഞിനെ കൊണ്ടുപോയതിൽ പിന്നെയാണ്
തെരുവിൽ ഒരു ഭ്രാന്തി കൂടി പിറന്നത്

Saturday, March 1, 2014

അർബുദ വാർഡിൽ

അർബുദ വാർഡിൽ
കുട്ടിയെ മരണം
സന്ദർശിക്കുമ്പോൾ

നൂല് പൊട്ടിപ്പോയ
ഒരു പട്ടം
കിനാവിന്റെ
കൈയെത്തിപ്പിടിച്ച്
പൊടുന്നനെ കൈവിട്ട്
കുപ്പിച്ചില്ലിൽ വീണ്
അമ്മേ എന്ന്
മുറിയുന്നുണ്ടാവും

നോവുന്നോ
എന്നമ്മക്കണ്ണുകൾ
പെയ്യുന്നുണ്ടാവും

ഏയ്‌ ഒന്നൂല്ല്യ കുട്ടിക്ക്
എന്നച്ഛൻ
പിടിച്ചണയ്ക്കുന്നുണ്ടാവും

ഏട്ടാ എന്ന്
കുഞ്ഞധരങ്ങൾ
വിതുമ്പുന്നുണ്ടാവും

ഇനി വേദനിപ്പിക്കില്ല
എന്ന് മരണം
ചങ്കു പൊട്ടും

കൊടുത്തു വിട്ടവ

ഉമ്മ കൊടുത്തു വിട്ട
ഉപ്പുമാങ്ങഭരണിയിൽ
നിന്നൊരു തേങ്ങലിറ്റി
നെറുകിൽ വീണ്
''നീ വരുന്നില്ലേ''
എന്ന് പൊള്ളിച്ചു

ഉപ്പ ഇറുത്തയച്ച
മാമ്പഴത്തിൽ നിന്നൊരു
ചുന ചുണ്ടിൽ പറ്റി
''ഇനി എന്നാണ് വരുന്നത് ''
എന്ന് ശകാരിച്ചു

അനിയത്തി കുറിച്ചയച്ച
കുറിപ്പിൽ നിന്നൊരു
വാക്ക് വീണ്
''ഇക്കാക്കാ '' എന്ന് കണ്ണ് നനച്ചു

അവൾ കൊടുത്തയച്ച
ആശംസാ കാർഡിലെ
ഹൃദയം ചുവന്നടർന്ന്
നെഞ്ചിൽ വീണ്
''ഇനിയും വയ്യ ''
എന്ന് പരിതപിച്ചു

Wednesday, February 19, 2014

മറന്നുവെച്ചത്

അച്ഛനാണാദ്യം
അമ്മയുടെ ഉദരത്തിൽ
ഒരു ബീജമായി
അവളെ മറന്നുവെച്ചത്

ഉദരത്തിന്റെ മറവിൽ
വളർന്നപ്പോൾ
അമ്മയെയും അവളെയും
വീട്ടുകാർ തെരുവിൽ മറന്നുവെച്ചു

സർക്കാരാശുപത്രിയുടെ
തിണ്ണയിൽ
അവൾ മറനീക്കി
പുറത്ത് വന്നതിൽ പിന്നെ
അമ്മ ഇടയ്ക്കിടെ
അവളെ മറന്നുവെച്ച്
പോയി വരാൻ തുടങ്ങി

ഇന്നലെ,
ഈ ചവറ്റുകൂനക്കരികിൽ
അവളെ എന്നെന്നേക്കും
മറന്നു വെച്ചാണ്
അമ്മ ചോരവാർന്ന് മരിച്ചത്

ഇനി അവളെ കറുപ്പ് തേച്ച്
സഹതാപത്തിന്റെ
നാണയത്തുട്ടു നേടാൻ
പിന്നെ നോട്ടുകൾക്ക് വിൽക്കാൻ
ഒരു ഭാണ്ഡക്കെട്ടുകാരി വരും
വീണ്ടും തെരുവിൽ
മറന്നു വെക്കുവാൻ

അലക്കു കല്ല്‌

പുഴ മരിച്ച കടവിൽ
ഓർമകളുടെ പൂപ്പൽ പേറി
തേഞ്ഞു തേഞ്ഞൊരു
അലക്കു കല്ലിരിപ്പുണ്ട്

പ്രാരാബ്ദങ്ങളെല്ലാം
എണ്ണിപ്പെറുക്കി
അലക്കിയിരുന്ന
കല്യാണിയമ്മയുടെ
കണ്ണീരുപ്പിപ്പോഴും
വറ്റാതെ കിടപ്പുണ്ട്

മണൽ തരികൾ
പാദസരം തീർത്തിരുന്ന
പാദുകങ്ങളിപ്പോൾ
വിണ്ടു കീറിയിട്ടുണ്ട്

മലവെള്ളപ്പാച്ചിലിൽ
കാലിടറിയ
ഒരു പിഞ്ചു കുഞ്ഞിന്റെ
പട്ടുടയാടത്തുമ്പിപ്പോഴും
കല്ലിലുടക്കി കിടപ്പുണ്ട്

ചന്ദ്രിക ചാറിയ രാത്രിയിലൊന്നിൽ
കല്ലിന്റെ നിഴൽ പറ്റി
ചെമ്മീൻ പൂമീനിനു കൈമാറിയ
ചുംബന രഹസ്യമിപ്പോഴും
ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്

വെള്ളം കൊണ്ടുള്ള ഉടയാടകളും
മണൽ കൊണ്ടുള്ള ആഭരണങ്ങളും
മോഷണം പോയി പോയി
കല്ലൊരു നഗ്നയായി

അപമാനം കൊണ്ട്
ഹൃദയം പൊട്ടിമരിച്ച
കല്ലിനെ ഖബറടക്കാൻ
പുഴമോഷ്ടിച്ച് കൊണ്ടുപോയവർ
അതേ ടിപ്പറിൽ തന്നെ
മണ്ണുമായി വരുന്നുണ്ട്

ബാല്യം


ഉരുട്ടിപ്പോയ ചക്രങ്ങളിൽ
പറ്റിപിടിച്ചിരിപ്പുണ്ട്
നഷ്ട ബാല്യത്തിന്റെ
ഓർമകളുടെ മണൽതരികൾ

മണ്ണും പെണ്ണും

ചാണകം മെഴുകിയ മുറ്റം
വൈക്കോൽ കൂനകൾ
തൊഴുത്ത്
കൂട്ടിയിട്ട കൊപ്ര
ഉണക്കാനിട്ടിരിക്കുന്ന കുരുമുളക്

ഇത്രേം മതി
കാരണവന്മാർക്ക് പെണ്ണിനെ
കെട്ടിച്ചു കൊടുക്കാൻ

മണ്ണിനെ അറിയുന്നോൻ
പെണ്ണിനെ അറിയും
മണ്ണ് നോക്കുന്നോൻ
പെണ്ണിനേം നോക്കും

മണ്ണെല്ലാം വിറ്റ്
കാശാക്കിയതിൽ പിന്നെയാണ്
പെണ്ണിനെ അവനും
അവനെ കാരണവന്മാർക്കും
മനസ്സിലാക്കാനാവാതെ പോയത്

അവസാനത്തെ ഇല


ജീവിതം ഇടക്ക്
''ഓ ഹെൻറി''യുടെ
ഒരൊറ്റയില കാഴ്ചയിൽ കുടുങ്ങും

ആ ഇല കൂടി കൊഴിയുമ്പോൾ
നമ്മളില്ലാതാവും എന്ന്
ഉറച്ചു വിശ്വസിച്ചുപോവും

അത് വാടുന്നതും
വീഴുന്നതും ഭയപ്പെട്ട്
നോക്കിക്കൊണ്ടേ ഇരിക്കും

കാഴ്ചയുടെ പുറംചട്ടയിലൊരു
നിശ്ചലദൃശ്യം വരച്ച്
നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന
ഓർമകളെങ്കിലും ബാക്കിയാവാതിരിക്കില്ല

ചെറ്യേസ്കൂൾ

മുഹമ്മദലി വീ ടീടെ
പ്ലാസ്റ്റിക് സഞ്ചി

സന്തോഷ്‌ ഓടനീടെ
അലുമിനിയം പെട്ടി

മായ സീപ്പീടെ
മുടിയിലെ ചെണ്ടുമല്ലി

മണികണ്‍ഠന്റെ
പോക്കറ്റിലെ അമ്പഴങ്ങ

ഗിരിജേടെ ജ്യോമട്രി
ബോക്സിലെ പുളിങ്കുരു

മണ്യെട്ടന്റെ കടേലെ
കുപ്പിഭരണീലെ തേനുണ്ട

ഇവരൊക്കെ
ഇതെവിടെ പോയി ഒളിച്ചു...!!

സ്കൂൾ വരാന്തയിലെ തൂണിൽ
കൈ പൊത്തി ഒന്ന് കണ്ണടച്ചതേ ഉള്ളൂ..

ഇനി അവരെ കണ്ടെത്തി സാറ്റടിക്കുവോളം
ഓർമകളിലിങ്ങിനെ മുങ്ങിത്തപ്പണം

ഒരു കൂവൽ ദൂരം

മഴ പെയ്താൽ പിന്നെ
ഒരു കൂവലിന്റെ ദൂരമേയുള്ളൂ
മഴ വെള്ളച്ചാലിലെത്താൻ

അവന്റെ രണ്ടാം കൂവലിന്
മുൻപേ വീട്ടീന്നിറങ്ങണം

ഉപ്പാന്റെ തോർത്ത് മുണ്ട്
ആരും കാണാതെ
കുപ്പായത്തിനുള്ളിൽ
അരയിൽ കെട്ടണം

''എങ്ങ്ട്ടാടാ മഴേത്ത് '' എന്നുമ്മ
പിൻ വിളി വിളിക്കുന്നതിനു മുൻപേ
പടിയിറങ്ങണം

കിട്ടുന്ന പരൽ മീനുകളെ
ജീവനോടെ സൂക്ഷിക്കാൻ
പ്ലാസ്റ്റിക് സഞ്ചി അവൻ കരുതീട്ടുണ്ടാവും
കുപ്പിയിലിട്ടു വളർത്തണം

മഴ കൊണ്ടതും
മീൻ പിടിച്ചതും
ഒറ്റു കൊടുക്കാതിരിക്കാൻ
ഒരു മീൻ പെങ്ങൾടെ പേരിൽ
തീറെഴുത്തണം

ഇനി ഒരു കൂവലിന് കൂടി
കാത്തു നില്ക്കാൻ വയ്യ..!!

പെണ്ണ് + ഇര = പെണ്ണിര

പെണ്ണേ ,
നഗരം ഒരു കാടാണ്
ആകാശം മുട്ടെ നിൽക്കുന്ന
കോണ്‍ക്രീറ്റ് മരങ്ങളിൽ
നന്മ പൂക്കുന്നേ ഇല്ല

പാതവക്കിലൊരു
വിഷസർപ്പത്തിന്റെ
സാന്നിദ്ധ്യം വിളിച്ചു കൂവാൻ
ഒരു കിളി പോലുമില്ല

പെണ്ണേ,
നീയിവിടെ
ആദിമ യുഗത്തിലാണ്
പരസ്പരം കൊന്നു തിന്നിരുന്ന
മൃഗങ്ങൾക്കിടയിലാണ്

എപ്പോഴും
ചാടി വീണേക്കാവുന്ന
വേട്ടനായ്ക്കളുടെ
ചങ്കിൽ കയറ്റാൻ
ഒരു കരിങ്കല്ല്
കരളിലിട്ട് കൂർപ്പിച്ച്
കയ്യിൽ കരുതുക

കടൽ

ചുഴികളിൽ വീണ്
നിശ്ശബ്ദമായവരുടെ
നിലവിളികളാവും
കടലിങ്ങിനെ
ഏറ്റുചൊല്ലിക്കൊണ്ടിരിക്കുന്നത്

ജീവിതം

ജീവിതം
വളഞ്ഞ് പുളഞ്ഞ്
വയനാട് ചുരം
കയറിക്കൊണ്ടിരിക്കുന്നു

ഇടയിൽ വിശ്രമിക്കുമ്പോഴും
വഴി വക്കിലുള്ളവരെ
കൂടെ കൂട്ടുമ്പോഴും
കൂടെയുണ്ടായിരുന്നവർ പലരും
ഇറങ്ങിപ്പോയപ്പോഴും
യന്ത്രം പ്രവർത്തിച്ചു കൊണ്ടേ ഇരുന്നു

സ്വപ്നങ്ങൾ
ഇടക്കെപ്പോഴോ കൈവിട്ടു പോയ
ഹൈഡ്രജൻ ബലൂണ്‍ പോലെ
ആകാശ സഞ്ചാരത്തിലാണ്

ഇടക്ക് മൂടൽ മഞ്ഞിൽ മറഞ്ഞും
ഇടക്ക് വെയിലിൽ തെളിഞ്ഞും
അങ്ങിനെ അങ്ങിനെ

ഇന്ധനം തീരുവോളം
യന്ത്രം നിലയ്കുവോളം ഈ യാത്ര

മൗനം

മൗനം,
ആത്മഹത്യാ മുനമ്പിലെ
കൂർത്ത പാറ പോലെയാണ്

ചെങ്കുത്തായ താഴ്വരകളിൽ നിന്നും
ഉടഞ്ഞു പോയ സ്വപ്നങ്ങളാൽ
സാന്ദ്രതയേറിയ ചൂട് വായു
മുകളിലേക്ക് പൊങ്ങുമ്പോഴാണ്
അവ മരണത്തിന്റെ
നിശ്ശബ്ദമായ നിലവിളികളാവുന്നത്

പരലോകം

അസ്വാഭാവികമായി
മരിച്ചവരെല്ലാം
ഒരേ മുറിയിലാണ്

അവരും ദിവസവും
പത്രം വായിക്കാറുണ്ട്
വാർത്താ ചാനലുകൾ കാണാറുണ്ട്

തന്റെ മരണത്തിന്
കാരണം അറിയാമെന്ന ഭാവത്തിൽ
കഥകൾ മെനയുന്ന
വാർത്ത വായനയാണ്
അവരുടെ കോമഡി പ്രോഗ്രാം

മാംസം, മിക്കവാറും
മാധ്യമങ്ങൾ തിന്നു തീർത്ത
ആ പെണ്‍കുട്ടി
ഒരു ഇരയാണ്

ഇനിയും പരിശോധിച്ച്
തീരാത്ത ആന്തരികാവയവങ്ങൾ
ലബോറട്ടറിയിൽ
സൂക്ഷിച്ചിരിക്കുന്നതിനാൽ
പലരുടെയും പല
അവയവങ്ങളുടെയും ഇടം ശൂന്യമാണ്

സ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത
ആളുകൾക്കിടയിൽ നിന്നും
''എന്നെ കൊന്നതാണ് ''
എന്നൊരു നിലവിളി
ഒന്ന് മുഴങ്ങി പിന്നെ
നേർത്ത് നേർത്ത് വരാറുണ്ട്

പരലോകത്ത്
ഒരൊറ്റ നിയമമേയുള്ളൂവെന്നും
ഭൂമിയിൽ എല്ലാവരും
വിചാരണത്തടവുകാരാണെന്നും
ദൈവം പ്രഖ്യാപിച്ചതാണ്
അവരുടെ ഏക ആശ്വാസം

മഴ പിന്നെ മരണവും ..


സ്വപ്നമരം

ആരാണെന്റെ സ്വപ്നമരം
ഇങ്ങിനെ പിടിച്ച് കുലുക്കിയത്‌..?

പാകമാവാത്ത
കിനാകുഞ്ഞുപൂക്കളെല്ലാം
വീണുടഞ്ഞു

ഇനി വിത്ത് തേടി
ഓർമകളുടെ അറ്റം വരെ പോവണം

നിദ്രയുടെ സന്ധ്യയിൽ പാകി
പിന്നെ പൂക്കുവോളം
കാത്ത് കിടക്കണം

ആകാശം

പകലന്തിയോളം
പൊടിപിടിച്ച ആകാശം
കുടഞ്ഞു വിരിക്കുമ്പോഴാവും
തുന്നിവെച്ചിരിക്കുന്നവയിൽ
ഇളകിയ നക്ഷത്രങ്ങൾ
താഴേക്ക് തെറിച്ച് വീഴുന്നത്

കൊഴിഞ്ഞു വീണ
നക്ഷത്ര പൂക്കൾക്ക്
പകരമായാവും
ദിനേന ശരീരങ്ങൾ വിട്ട്
ആത്മാക്കൾ ആകാശം പൂകുന്നത്

കിനാവിന്റെ പെരുമഴ..

ഒരു നിലാതുണ്ടിന്റെ
തുരുത്ത് പോലുമില്ലാത്ത
ഈ രാത്രി തുഴഞ്ഞ് തുഴഞ്ഞിനി
അക്കരെ പകലിലെത്തണം

ഓർമകളുടെ ചെരുവിലൂടെ
കയങ്ങളിൽ പെടാതെ
മുക്കാലും തുഴഞ്ഞപ്പോഴാണല്ലോ
കിനാവിന്റെ പെരുമഴ
പെയ്ത്ത് തുടങ്ങിയത്

ഇനിയീ മഴ ഒടുങ്ങുന്നിടത്താവും പകൽ

കവിതമരം

ഞാനൊരൊറ്റവാക്കിന്റെ
ഒരൊറ്റമരക്കവിത

നീ , ഒരായിരം
അക്ഷരഞരമ്പുകൾ തീർത്തുയിർത്ത
അതിലെ ഒരൊറ്റയില

വാടാതെ കൊഴിയാതെ കാക്കാൻ
നീര് തേടി തേടി
വേരാഴത്തിലായി ഞാൻ

ഒരിലക്കുഞ്ഞു പോലും ഇനി
പിറക്കാനില്ലെന്നിരിക്കെ
നീ കൊഴിയുമ്പോഴാവും
എനിക്ക് അസ്ഥിത്വമില്ലാതാവുക

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ പാതിയിലാവും
എപ്പോഴും അവസാനിക്കുക
രംഗങ്ങൾ ശരിയായി
ക്രമീകരിക്കാത്ത സിനിമപോലെ

ഒരാന പിറകെ കുത്താൻ വരും
ഇടവഴിയിൽ എത്ര ഓടിയാലും
നീങ്ങാതെ നിൽക്കുമ്പോഴാവും
തീർത്തും വ്യത്യസ്തമായ
ഒരു രംഗം തെളിയുക

ലൈബ്രറിയിൽ പുസ്തകം
മറിച്ചു നോക്കുമ്പോഴാവും
പുസ്തകതാളിലൂടെ അവൾ
ഇറങ്ങി വന്ന് അടുത്തിരിക്കുക

മിണ്ടി തുടങ്ങുമ്പോഴേക്കും കാണാതാവും
പിന്നെ തിരഞ്ഞു പോയിട്ടൊടുവിൽ
കുന്നിൻ ചെരുവിലൂടെ മുകളിലെത്തും
മറു തലക്കിൽ പൊടുന്നനെ
ഒരു കൊക്ക പ്രത്യക്ഷപ്പെടും
അതിലേക്ക് വീണ് ഒരു പാറക്കല്ലിൽ
തല ഇടിക്കുമ്പോഴാവും നമ്മൾ ഉണരുക

കാണണം എനാഗ്രഹിക്കുന്നവ
കാണാതിരിക്കുകയും
കാണാൻ ഇഷ്ടമില്ലാത്തവ
കാണുകയും ചെയ്യുന്ന
അനിയന്ത്രിതമായ ദൃശ്യാനുഭവമാവും
പലപ്പോഴും സ്വപ്‌നങ്ങൾ

ചില തിരിച്ചറിവുകൾമത്തി പൊരിച്ചത്
ഒരെണ്ണം തിന്ന് രണ്ടാമതെടുക്കാൻ
ഭയപ്പെട്ട് നിൽക്കുമ്പോഴാണ്
ബീവി , നിങ്ങളിപ്പോൾ
നാട്ടിലാണെന്നോർമിപ്പിച്ചത്

പൊത്തിറച്ചിയുടെ വിലകേട്ട്
വാങ്ങണോ എന്നന്തിച്ച് നിൽക്കുമ്പോഴാണ്
ആട്ടിറച്ചി വാങ്ങി പോവുന്ന കണാരൻ
''നിങ്ങളീ നാട്ടിലൊന്നുമല്ലെ''
എന്ന നോട്ടം നോക്കിയത്

ഓട്ടോക്കാരന് കാശ് കൊടുത്ത്
ബാക്കി ചോദിച്ചപ്പോഴാണ്
''അപ്പൊ ഇങ്ങള് ഗൾഫിലല്ലേ ''
എന്ന് ചോദിച്ചത്

എണ്ണൂറ് ചതുരശ്ര അടിയുടെ
വീടിന്റെ അസ്തിവാരം
കീറാൻ തുടങ്ങിയ ദിവസം
പണിക്കാർ ബിരിയാണി ചോദിച്ചപ്പോഴാണ്
എണ്ണൂറ് ബില്ല്യൻ ഡോളറിന്റെ
പണിയിൽ നിന്നും കിട്ടാനുള്ള
അതിക സമയ ജോലിയുടെ
കൂലിയെ കുറിച്ചോർത്തത്


ഒരു വർഷത്തെ അദ്ധ്വാനം
ഒരു മാസം കൊണ്ട്
തീർന്നപ്പോഴാണ്
''ഭാര്യ'' എന്ന സാമ്പത്തിക വിദഗ്ദയെ
അയാൾ തിരിച്ചറിഞ്ഞത്

പാദരക്ഷകൾ


നടന്നു പോന്ന പാതകളിലെ
മുള്ളുകളെ കുറിച്ച് പറയാൻ
അനുമതി നിഷേധിക്കപ്പെട്ട്
നടയ്ക്ക് പുറത്ത്
കാത്ത് കിടക്കുന്നുണ്ട്
ഒരു ജോഡി പാദരക്ഷകൾ

ഇന്ന്...

ഒന്നുമില്ലാതിരുന്നിട്ടും
ബാല്യത്തിൽ
നമ്മൾക്കെന്തോക്കെയോ
ഉണ്ടായിരുന്നു

എല്ലാം ഉണ്ടായിട്ടും
ഇന്ന്
നമ്മൾക്കെന്തോക്കെയോ
ഇല്ലാതായിരിക്കുന്നു

വെട്ടുന്നവരോട് ...

സുഹൃത്തെ ,
നീ ഒറ്റവെട്ടിനു മുറിക്കരുത്
ദൈവ നിർദേശം പോലെ
ആദ്യം വെള്ളം കൊടുത്ത്
പിന്നെ ദൈവനാമം ഉരുവിട്ട്
കണ്‍ഠ നാളത്തിൽ പാതി മുറിക്കണം
പിടയാൻ അവസരം വേണം

അറുക്കപ്പെടുന്നവന്റെ
പിടച്ചിൽ പ്രാർത്ഥനകളാണ്...

ആരോപണം

ചങ്ക് പിഴിഞ്ഞ്
അക്ഷരമാക്കിയപ്പോൾ
നിങ്ങളെന്നിൽ
കവിത്വം ആരോപിച്ചു

മൌനത്തിന്റെ തുരുത്തിൽ
ഒറ്റപ്പെട്ടെന്നു പറഞ്ഞപ്പോൾ
നിങ്ങളെന്നിൽ
പ്രണയം ആരോപിച്ചു

എനിക്കിനി
ഈ മഴ നൂലുകൾ വഴി
ആകാശത്തുമ്പത്തേക്ക്
കയറിപ്പോണം
നിങ്ങളെന്നെ ഭ്രാന്തൻ എന്ന് വിളിക്കരുത്

മഞ്ഞിനും പറയാനുണ്ട് ...

വൃശ്ചിക മാസത്തിലെ
നനുത്ത പ്രഭാതങ്ങൾക്ക്
ശരണം വിളികളുടെ ശബ്ദമാണ്

ഞെക്കി തെളിയിച്ച വിളക്കുമായുള്ള
വള്ളിക്കാടൻ ഉസ്താദിന്റെ
പള്ളിയിലേക്കുള്ള പോക്കിന്റെ കാഴ്ചയാണ്

അമ്പലക്കുളത്തിലെ വെള്ളത്തിന്റെ
കൊടും തണുപ്പിന്റെ കുളിരാണ്

അയ്യപ്പൻ കാവിനു മുൻപിൽ
പൂജാ സാധങ്ങളുടെയും
ലക്ഷ്മി വിലാസിലെ
ദോശയുടെയും ചട്ടിണിയുടെയും
മണമായിരിക്കും

തൊട്ടപ്പുറത്ത്
വാപ്പുക്കാന്റെ ഡീലക്സിലെ
ബീഫും പൊറാട്ടയും വായുവിൽ ഒഴുകും

വീടിന്റെ പടിക്കൽ
അമ്പലത്തിലേക്ക് പോവുമ്പോൾ
എന്നെ പള്ളിയിലേക്ക് വിളിക്കാൻ
ബാബുവിന്റെ ഒരു കൂവൽ
ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്

കുളിച്ച് തൊഴുത്
വരുന്നതും നോക്കി
നിസ്കാരം കഴിഞ്ഞ്
പള്ളി മുറ്റത്ത്
അവനെ കാത്ത് ഞാൻ നിൽക്കാറുണ്ട്

റോഡരികിൽ ചപ്പില കൂട്ടി
കത്തിച്ച് തീ കായുമ്പോൾ
ഒരൊറ്റ ചൂടെ ഉണ്ടായിരുന്നുള്ളൂ
ഞങ്ങൾക്കിടയിൽ വ്രണപ്പെടാൻ
വേറെ ഒരു വികാരവും ഉണ്ടായിരുന്നില്ല ....

ചിന്തകൾ

കുളിമുറിയിൽ
ആദ്യത്തെ കപ്പു വെള്ളം
ദേഹത്തൊഴിക്കാൻ
തലയ്ക്കുമീതെ
പിടിച്ച് നിൽക്കുമ്പോഴാവും
ചിന്തകളിൽ നിന്നും ഓരോരുത്തരായി
ഇറങ്ങി വന്നു ചുറ്റും നിൽക്കുക

പിന്നെ ,
അവരോട് സംവദിച്ച് നിൽക്കും

വാതിലിനു പുറത്ത് നിന്നും
അടുത്ത ഊഴക്കാരൻ
അകത്തെ ഒച്ചയനക്കം
കേൾക്കാത്തതിനാൽ
കതകിൽ തട്ടുമ്പോഴാണ്
കൈയിൽ പിടിച്ച കപ്പിലെ വെള്ളം
ഇനിയും ഒഴിച്ചില്ലെന്നു തിരിച്ചറിയുക

കപ്പിനും തലയ്ക്കുമിടയിൽ
ഇങ്ങിനെ എത്രയെത്ര
സമയങ്ങളാണ്
ചിന്തകൾ തിന്നു തീർക്കുന്നത്

മരണം

മരണത്തിന്
ചന്ദനത്തിരിയുടെയും
കുന്തിരിക്കത്തിന്റെയും
മണമായിരിക്കും

ചാര നിറത്തിലുള്ള
പുകയുടെ രൂപമാവും

അടക്കിപ്പിടിച്ച
തേങ്ങലുകളുടെ
ശബ്ദമാവും

നിറം
നിഴലിന്റെ
കറുപ്പ് തന്നെയാവും

മനുഷ്യൻ ജനിക്കുമ്പോൾ
തന്നെയാവും മരണവും ജനിക്കുക
ഒടുവിൽ മരിക്കുമ്പോൾ
അവനോടു കൂടി മരിക്കുന്നു.

രക്തസാക്ഷി

പാർട്ടിക്ക്,
വോട്ടു പെട്ടി

സഹപ്രവർത്തകർക്ക് ,
പ്രതികാര ദാഹം

കുടുംബത്തിന്,
തീരാ നഷ്ടം ...

തിരഞ്ഞു പോവുന്നത്

ഡാ ഹര്യേ ,

അന്ന് നമ്മള്
വാലീമ്മേ നൂല് കെട്ടി വിട്ട
തുമ്പി എന്തായാവോ ല്ലേ

കോട്ടക്കുന്നിന്റെ മോളീന്ന്
കൈവിട്ടപ്പോ പോയ
ആ പട്ടം
അതെവ്ട്യാവും

നെന്റെ വീടിന്റെ മുറ്റത്തെ
പുളിമരത്തിന്റെ പൊത്തില്
ഞാൻ നാല് ഗോട്ടി വെച്ച്ർന്നു ട്ടാ
അതവടെ ണ്ടോ ആവോ

മ്മള് കേട്ടിക്കൂട്ടീണ്ടാക്ക്യ
ഏറു പന്ത്
സൈനത്താടെ തൊടീല്
പ്പഴും ണ്ടാവും
അതാ പാമ്പിന്റെ പുറ്റിന്റെ
അടുത്താർന്നില്ലേ കെടന്നത്

എന്ത് രസാർന്നു ല്ലേ
ആ കാലം
ആനക്കട്ടി മൂച്ചീമ്മൽത്തെ
തേൻമുട്ടി കുടിക്കണ മാങ്ങ പോലെ

ഇപ്പൊ ,
കാട്ടു കൊളത്തിന്റെ
ഓവ് ചാലില്
മ്മള് വെച്ചിർന്ന കുരുത്തി വലേല്
പെട്ടിർന്ന മീൻ പോലായി
എത്ര ചാട്യാലും തിരിച്ചു
പോവാൻ പറ്റാണ്ടായി

ആയുസ്സിന്റെ നീളം

മീസാൻ കല്ലിൽ
കൊത്തി വെച്ചിട്ടുണ്ട്
പാതിയിൽ കൊഴിഞ്ഞ
കിനാക്കൾക്കിടയിലെ ദൂരം

പുഴ


പുഴക്കുഞ്ഞുങ്ങളെ
കടത്തിക്കൊണ്ടു പോവുമ്പോഴാണ്
പോലീസ് പിടിച്ചത്

അമ്മപ്പുഴ
തിരിച്ചു കിട്ടാൻ
പരാതി കൊടുക്കാത്തതിനാലാവും
സ്റ്റേഷന് മുൻപിൽ
പുഴക്കുഞ്ഞുങ്ങൾ അനാഥരാവുന്നത്

ഒറ്റ ...


ബാക്കി വെച്ചത്


എന്നിൽ നീ ബാക്കി വെച്ച
ഒരു തുലാവർഷമുണ്ട്

മധ്യാഹ്നത്തിനപ്പുറം
ഇടിവെട്ടി മിന്നൽ പായിച്ച്
സായാഹ്നങ്ങളിലൂടെ
രാത്രികളിലേക്ക്
പെയ്യുമ്പോഴാണ്
ഓർമകളുടെ കിനാക്കൾ
കൂണുകൾ പോലെ
മുളപൊട്ടുന്നത്

പുലർച്ചെ ,
എത്ര തിരഞ്ഞാലും
കണ്ടു കിട്ടാനാവാത്ത
കൂണുകളായി
സ്വപ്‌നങ്ങൾ മാറാൻ മാത്രം
ഭാഗ്യദോഷിയാവും ഞാൻ

തിരിച്ചു പോക്ക്

പുഴ
ആർത്തലച്ചു കരഞ്ഞപ്പോൾ
കോണ്ക്രീറ്റ് തൂണുകളിൽ
ഒട്ടിയമർന്ന മണൽ
കുതറി ഇളകി ഒത്തുകൂടി
കൈതത്തോട് വഴി
പുഴയിലേക്ക് തിരിച്ചൊഴുകി

കുന്ന്
നിലവിളിച്ച് കൊണ്ടിരുന്നപ്പോൾ
മണ്ണ്, നികത്തിയ
പാടത്ത് നിന്നെഴുനേറ്റ്
വരമ്പിലൂടെ പുത്തൻ ചെത്ത് വഴി
സാമ്യാര് കുന്നിൽ തന്നെ ചെന്ന് കയറി

കാട്
വിലപിച്ച് നടന്നപ്പോൾ
ഗൃഹോപകരണ കടയുടെ
ചില്ല് കൂടുകൾ തകർത്ത്
തടികഷ്ണങ്ങൾ
മരമായി പരിണമിച്ച്
കാണിചുരം വഴി
നീലിമലയിലേക്ക് പോയി

മഴ പെയ്തു
കാട് കുളിർത്തു
കുന്ന് പൂത്തു
പുഴ ഒഴുകി..

നിലാവിൽ

നിലാവിൽ
നനയാൻ വിളിച്ചപ്പോൾ
അതിൽ നിനക്ക്
തനിച്ചിരിക്കാനാണിഷ്ടം

മുല്ലാപ്പൂവിന്റെ
സുഗന്ധത്തെ കുറിച്ച് പറഞ്ഞപ്പോൾ
നിനക്കിഷ്ടം
ചെമ്പരത്തിയാണ്

കിനാവിൽ
നീയങ്ങിനെ പൂക്കുന്നു
എന്ന് ഞാനും
കിനാക്കളേ ഇല്ലെന്നു നീയും

പ്രണയാതുരമായ
എന്റെ വിളികൾ
വ്യർഥമായ വാക്കുകൾ എന്ന് നീ

എന്നിട്ടും എന്തിനാണ്
നീയെന്റെ നിഴലാവുന്നത്

കാത്ത് കാത്ത് ..


പെണ്ണെ ,
നീ കണ്ണ് നട്ടിരിക്കുന്ന
വഴി നീളെ കടലാണ്
കടലിനപ്പുറത്ത് ഞാനും

പൂർത്തീകരിക്കാത്ത
കിനാക്കളുടെ
പാളികൾ കൊണ്ട്
വഞ്ചി പണിതിട്ടും
പണിതിട്ടും തീരുന്നില്ല

നീയും മക്കളും
നോക്കി നോക്കി
ഈ മരുഭൂമിയോളം
മണൽ ചുട്ടെന്റെ
ഖൽബു പൊള്ളുന്നു

ഒരു തോണി
ഒരു ഒട്ടകം
അനുകൂലമായ
ഒരു കാറ്റെങ്കിലും
വരാതിരിക്കില്ല

ബലിപെരുന്നാളിനോട് കൂട്ടി വായിക്കുന്നത്....

ത്യാഗ സന്നദ്ധനായ
ഇബ്രാഹീം നബിയുടെ
വഴിയിലേക്കെത്ര
ജീവിതങ്ങളാണിപ്പോൾ
നടന്ന് കയറുന്നത്

എന്തിനെന്നറിയാതെ
ബലിയാക്കപ്പെടുന്ന
കുരുന്നുകളുടെ രോദനങ്ങൾ
ചരിത്രത്തിൽ എവിടെയാവും
രേഖപ്പെടുത്തുക

പൂമൊട്ടുകൾ കൊഴിഞ്ഞുറങ്ങുന്ന
സ്മശാനത്തിന്റെ മരുഭൂവിലൂടെ
എത്ര ഹാജറമാരാണ്
വിലപിച്ചലയുന്നത്

നുണച്ചിറക്കേണ്ട മുലപ്പാൽ
ചുണ്ടിൽ ബാക്കിയായ കുരുന്നുകൾ
മാതാവിന്റെ മുല ഞെട്ട് തിരയുമ്പോൾ
ഇസ്മായീൽ നബിയുടെ
കാലടിയിൽ ഉയിർപ്പിച്ച
ഉറവ പോലൊരു മധുരം
അവർക്ക് സൃഷ്ടാവ് നൽകാതിരിക്കുമോ....!!

ഒരു ത്യാഗവും
ഒരു ബലിയും
സൃഷ്ടാവിന്റെ മുൻപിൽ
വൃഥാവിലാവില്ല....!!

സ്നേഹ സ്മാരകങ്ങൾ


ഉപേക്ഷിച്ചു പോവുമ്പോൾ

ഉപേക്ഷിച്ചു പോവുമ്പോൾ
എന്നെ കൊന്നിട്ട് പോവണം
കഴുത്തിലങ്ങിനെ കുത്തിപ്പിടിച്ച്
ശ്വാസം മുട്ടിച്ച് മതി

ഇഴയടുത്തൊന്നായ
നമ്മുടെ ശ്വാസങ്ങൾക്കിടയിൽ നിന്നും
നിന്റെത് പിരിഞ്ഞു പോവും വരെ
കുത്തിപ്പിടിക്കണം

അവസാന ശ്വാസത്തിൽ
ഞാൻ നിന്റെ ഗന്ധം നുകർന്ന്
നീ എന്നിൽ ബാക്കിയാവാതിരിക്കാൻ
മൂക്കും വായും മൂടണം

തുറിച്ചു വരുന്ന കണ്ണിൽ
ഇരുട്ട് കയറി
നിന്റെ ചിത്രം മായും വരെ
ഒരു തുള്ളി വായു പോലും
അകത്തു വരാതെ നോക്കണം

ഒടുവിൽ ചലനമറ്റാൽ
എന്നെ തറയിലേക്ക് തള്ളണം
തലയടിച്ച് വീണെനിക്ക്
മുഴുവനായും നിന്നെ തരിച്ചു തരാനാവണം

അപ്പോഴേ നിനക്കും എനിക്കും
ഒറ്റകളാവാൻ കഴിയൂ

നിഴലായ്

എന്തിനാണ് നീയിങ്ങിനെ
എന്റെ വഴി നീളെ നിഴലാവുന്നത്

ഒരൊറ്റ ചുംബനം തന്ന്‌
കൊതിപ്പിച്ചിങ്ങിനെ
ഓടിയകലുന്നത്

എന്റെ ചിന്തകളെ
മുളക് തേച്ചിങ്ങിനെ
ഭരണിയിൽ മൂടുന്നത്

എന്നെ
എന്നോടുതന്നെയിങ്ങിനെ
കലഹിപ്പിക്കുന്നത്

ഉരുകിയുരുകി ,
വെന്തു വെണ്ണീറായി
ഞാനിനിയൊരു മണ്‍കുടത്തിലായി
നിന്നിലൂടെ ഒഴുകും

ഞാൻ മരിച്ചു എന്നുറപ്പായാൽ...


കണ്‍പോളകൾ അടക്കുക
നിന്നെ കണ്ടിട്ട് കൊതി തീരാത്ത
അവ ഞാൻ സ്വയമടക്കുന്നതെങ്ങിനെ

വായ അടച്ച് തുറക്കാതിരിക്കാൻ
കീഴ് താടിയിലൂടെ കെട്ടണം
നീ ആർത്തലച്ചു കരയുമ്പോൾ
എന്റെ ഗദ്ഗദം പൊട്ടിപ്പോയാൽ
നിന്നെ അത് കൂടുതൽ വേദനിപ്പിച്ചാലോ

ചെവി അടക്കരുത്
പറഞ്ഞാലും തീരാത്ത നിന്റെ
കഥകൾ കേട്ട് എനിക്കുറങ്ങണം

കൈകൾ നിവർത്തി നേരെ വെക്കണം
നിനക്ക് തലയിണക്കായി
എന്റെ വലതു കൈ
ഞാനറിയാതെ നിവർത്തിപ്പോയാലോ

കാലുകൾ മടക്കു നിവർത്തി
തള്ളവിരലുകൾ കൂട്ടി കെട്ടണം
ഭയപ്പാടില്ലാതെ നിനക്ക് വിശ്രമിക്കാൻ
നിന്നിലേക്ക്‌ ഞാനവ നീട്ടി വെച്ചാലോ

ബാല്യം

കൊഴിഞ്ഞു പോയ ബാല്യത്തെ
തിരയുന്നത് കൊണ്ടാവാം
വാർദ്ധക്യത്തിൽ നമ്മൾ
കുനിഞ്ഞു പോവുന്നത്

പുഴ പറയുന്നത് .

കർക്കിടകത്തിലെ
മലവെള്ളപ്പാച്ചിലിൽ
ഒഴുകാൻ ഇടമില്ലാതായപ്പോൾ
കര കവിഞ്ഞു പോയതാണ് ഞാൻ
രാമങ്കുട്ട്യേട്ടാ നിങ്ങടെ
ഒരു വാഴക്കന്നിന്റെ മുരടുപോലും
പിഴുതെടുക്കാൻ മോഹിച്ചില്ല

കുത്തൊഴുക്കിൽ
കൈപിടി നഷ്ടപ്പെട്ട്
ഒന്ന് പിടിച്ചു നില്ക്കാൻ
നോക്കിയതാണ് ഞാൻ
മാധവേട്ത്തീ നിങ്ങടെ
കൂരയെടുക്കാൻ ചിന്തിച്ചതേ ഇല്ല

വക്കിലെ വള്ളിപ്പടർപ്പിൽ
മരത്തിന്റെ വേരുകളിൽ
ഒന്നുരുമ്മി പതുക്കെ പോവാൻ
കൊതിച്ചതാണ് ഞാൻ
കുഞ്ഞിപ്പാത്തൂ ,
നിന്റെ പൂവാലിയെ വലിച്ച് പോവാൻ
ഞാൻ അത്രക്കും മനസ്സാക്ഷി ഇല്ലാത്തവളാണോ

ഒഴുക്കില്ലാത്തപ്പോൾ
എന്റെ കയത്തിലേക്ക് ചാടിയ
തങ്കമണിയെ എത്ര മുകൾ തട്ടിലേക്ക്
പൊന്തിച്ചു ഞാൻ
അവളുടെ ചങ്കുറപ്പിൽ
തോറ്റതാണ് ഞാൻ

എന്നെ പഴിക്കല്ലേ ,
എന്റെ നെഞ്ചു മാന്തി
പക തീർക്കല്ലെ ,
എനിക്കൊരു കടലോളം
ദൂരം പോവാനുണ്ട്

സമയം


സമയത്തിന്റെ ദൈർഘ്യം
നിശ്ചയിക്കുന്നത്
ഘടികാരമാണെന്ന നുണ
നിന്നോടാരാണ് പറഞ്ഞത്...?

നിന്നെ കാത്തിരിക്കാൻ
തുടങ്ങിയിട്ടിപ്പോൾ ഒരു യുഗമായി
ഘടികാരമിപ്പോഴും
ഒരു നാഴിക പോലും പിന്നിട്ടിട്ടില്ല