Saturday, April 5, 2014

ആപ്പര

ആപ്പര. ആരാണയാൾക്ക് ആ പേരിട്ടത്. എന്താണതിന്റെ അർഥം എനിക്കിന്നും അതജ്ഞാതമാണ്.
കറുത്ത ശരീരം , കുറ്റിമുടിയുള്ള തല എപ്പോഴും ഇരു വശത്തേക്കും ഒരേ താളത്തിൽ ആട്ടിക്കൊണ്ട് അതേ താളത്തിൽ ഇരു വശത്തേക്കും ശരീരവും ആട്ടിക്കൊണ്ടാണ് ആപ്പര നടക്കാറ്.

''ആപ്പരക്ക് പ്രാന്താണ്'' എന്ന പലരുടെയും പ്രസ്‌താവന എന്തോ ഞാനിന്നും വിശ്വസിക്കുന്നില്ല. ഇടക്ക് എന്തൊക്കെയോ വിളിച്ചു പറഞ്ഞ് വഴിയിലൂടെ വേഗത്തിൽ ആടിയാടി നടന്നു പോവാറുണ്ടായിരുന്നു എങ്കിൽകൂടി ആരെയും ഉപദ്രവിച്ചിട്ടില്ല.

മണിയേട്ടന്റെ പീടികക്കോലായിലായിരുന്നു ആപ്പരേടെ കിടപ്പാടം . നേരം വെളുത്താൽ വേണ്വെട്ടന്റെ ചായപീടികയിൽ നിന്നും ദോശയും ചായയും കഴിച്ച് അടുത്തുള്ള രാമവിലാസിലെ കിണറിൽ നിന്നും അന്നത്തേക്കുള്ള വെള്ളം കോരി കൊണ്ട് വന്ന് കൊടുക്കുന്നതോടെയാണ് ആപ്പരേടെ ഒരു ദിവസം തുടങ്ങുന്നത്.

ഞങ്ങൾ നാട്ടുകാരുടെ സഹായിയായിരുന്നു ആപ്പര. കൂലി ഭക്ഷണം. നാളെയെ കുറിച്ച് ഒട്ടും ബോധമില്ലാത്തത് കൊണ്ടും , തന്റെ വയറിനോടല്ലാതെ മറ്റൊന്നിനോടും ബാധ്യത ഇല്ലാത്തത് കൊണ്ടുമാവാം ആപ്പര ആരുടെ കയ്യിൽ നിന്നും കൂലി കാശായി വാങ്ങിയതേ ഇല്ല . പീടികയിൽ നിന്നും സാധനങ്ങൾ വാങ്ങി വരിക . തേങ്ങ പെറുക്കി കൂട്ടുക , വിറക് ശേഖരിക്കുക , വെള്ളം കോരിക്കൊണ്ട് വരിക തുടങ്ങിയ ജോലികൾ ഒരു ചായക്കോ, ചോറിനോ, അല്ലെങ്കിൽ വെറുമൊരു പുഞ്ചിരിക്കൊ വേണ്ടി പോലും ആപ്പര ചെയ്തു പോന്നു.

ആപ്പരയെ ഞാൻ കാണാൻ തുടങ്ങിയപ്പോൾ തന്നെ ആളുടെ തല നരയ്ക്കാൻ തുടങ്ങിയിരുന്നു . ആപ്പരേടെ ശരിയായ ദേശം , അമ്മ , അച്ഛൻ ഇവരെ കുറിച്ചൊന്നും അന്വേഷിക്കാൻ തക്ക ബോധമൊന്നും അക്കാലത്തുണ്ടായിരുന്നില്ല. ഇപ്പോഴും അവ അന്വേഷണ പരിധിക്ക് അപ്പുറത്ത് കിടക്കുന്നു .

കുഞ്ഞുങ്ങൾക്ക് അമ്മമാർ ഭക്ഷണം കൊടുത്തിരുന്നത് ആപ്പര വരും എന്ന് പറഞ്ഞു പേടിപ്പിച്ചായിരുന്നു . എന്നാൽ ഓരോ കുഞ്ഞും വലുതാവുമ്പോൾ ആപ്പര സ്നേഹത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

വേണ്വെട്ടന്റെ ചായ പീടികയിലെ വെള്ളം ശേഖരിക്കുന്ന ഡ്രമ്മു് ദിവസവും നിറയുകയും കാലിയാവുകയും ചെയ്തു. നാട്ടുകാരുടെ ഭക്ഷണത്തിനു പകരം ആപ്പര തന്റെ സഹായങ്ങൾ തുടർന്നുകൊണ്ടിരുന്നു.

അങ്ങിനെ ഇരിക്കെ, മമ്മദ് കാക്കാടെ വീട്ടിലേക്ക് റോഡിനപ്പുറത്തുള്ള സർക്കാർ കിണറിൽ നിന്നും വെള്ളം കോരി നിറച്ച കുടവുമായി റോഡു മുറിച്ചു കടക്കുമ്പോൾ ഒരു പാണ്ടി ലോറിയുടെ രൂപത്തിൽ ക്രൂരത ആപ്പരയുടെ മേൽ ഇടിച്ചു. ഭാഗ്യമോ , നിർഭാഗ്യമോ.. ആപ്പരയുടെ വലതുകാലിന്റെ തുടയെല്ല് പൊട്ടി എന്നതൊഴിച്ചാൽ മറ്റപകടമൊന്നും പറ്റിയില്ല .

സർക്കാരാശുപത്രിയിൽ ആപ്പരക്ക് കൂട്ട് കിടക്കാൻ ആരുമുണ്ടായിരുന്നില്ല . എങ്കിലും അത്യാവശ്യത്തിനു കാശും ഭക്ഷണവുമൊക്കെയായി നാട്ടുകാർ വന്ന് പോയി. കാര്യങ്ങൾ അന്വേഷിച്ചു .

ആശുപത്രി വിട്ടെങ്കിലും പ്രായാധിക്ക്യത്താൽ തുടയെല്ലിനു പൂർവസ്ഥിതിയിൽ ആപ്പരയെ താങ്ങാനും ആപ്പരയെടുക്കുന്ന ഭാരം താങ്ങാനുമാവില്ല എന്ന് ഡോക്ടർ വിധിയെഴുതി . അന്ന് മുതലാണ്‌ രണ്ടുകാലിലെ തന്റെ ജീവിതം ആപ്പര ഒരു കാലിലേക്കാക്കിയത്.

മറ്റുള്ളവരെ സഹായിക്കാൻ വയ്യാതായി . പണിയെടുക്കാതെ തിന്നു ശീലമില്ലാത്തതിനാൽ ആപ്പര ആരുടെ മുന്നിലേക്കും ഭക്ഷണത്തിനു കൈനീട്ടിയതുമില്ല. കിടപ്പാടം ബസ് വെയിറ്റിങ്ങ് ഷെഡിൽ ആയി . ആപ്പരക്ക് ആവശ്യത്തിനുള്ള ഭക്ഷണം കൊണ്ട് കൊടുക്കുന്നതിൽ ഒരു വീഴ്ചയും കാണിക്കാതിരുന്ന എന്റെ ഗ്രാമത്തിന്റെ നന്മയിൽ എനിക്കഭിമാനമുണ്ട്.

എന്നാൽ ഭക്ഷണം , വസ്ത്രം എന്നതിലുപരി അവശതയിൽ താങ്ങാനൊരു കൈ, വാർദ്ധക്ക്യ സാഹചമായ രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു തണൽ വേണമെന്ന് ഞങ്ങൾക്ക് തോന്നിയത് ഒരിക്കൽ മഞ്ഞിന്റെ പുതപ്പിൽ ചുട്ടുപൊള്ളി വിറച്ച് ആപ്പര കിടക്കുന്നത് കണ്ടപ്പോഴായിരുന്നു.
അങ്ങിനെയാണ് ആപ്പരയെ ''കരുണ'' എന്ന ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

ഇന്നലെയായിരുന്നു തന്റെ കുലം നില നില്ക്കാൻ ഒരു സന്താനത്തെയോ, തന്നെയോർത്ത് മാറത്തടിച്ച് വിലപിക്കാൻ ഒരു ഭാര്യയെയോ ബാക്കി വെക്കാതെ , ഞങ്ങളുടെയെല്ലാം മനസ്സിൽ നന്മയുടെ ഒരു ജീവ ചരിത്രം അടയാളപ്പെടുത്തിക്കൊണ്ട് ആപ്പര പോയത് .

Wednesday, April 2, 2014

വിതച്ചത് കൊയ്യും


ഒരു പച്ചില തണൽ പോലും
ബാക്കി വെക്കാത്തപ്പോൾ
നമ്മൾ ഓർത്തതേയില്ല
തൊലി പൊള്ളിയടരുന്ന
ചൂട് തന്ന് പ്രകൃതി ശിക്ഷിക്കുമെന്ന്

ജല കണങ്ങളെ
ഗർഭം ധരിച്ച
പുഴയുടെ ഭ്രൂണം
മണലൂറ്റി നശിപ്പിച്ചപ്പോൾ
നമ്മൾ ഓർത്തതേയില്ല
നനവും നാക്കും വറ്റിച്ച്
ഭൂമി പകരംവീട്ടുമെന്ന്

വേനലിന്റെ വേവിനു
വർഷത്തിന്റെ കുളിരോളമേ
ഇപ്പോൾ ആയുസ്സുള്ളൂ

പ്രതീക്ഷിക്കാൻ
ഒരു വർഷകാലം പോലും
ഇല്ലാതാവുമ്പോഴാവും
നമ്മൾ പഠിക്കുക

ചില ഓർമകൾ

ചില ഓർമകൾ
അങ്ങിനെയാണ്
പൊടിതട്ടി എടുത്തന്ന്
ഉറങ്ങാനേ കഴിയില്ല

ഓർമകളുടെ ചീളുകൾ
കണ്ണിൽ തറച്ച്
അവ പെയ്യാൻ തുടങ്ങും

ചിന്തകളിലെല്ലാം
ഉമ്മ മണം തൂവി
ശ്വാസം മുട്ടും
ചാരുകസേരയിലിരുന്ന്
ഉപ്പ നീട്ടി വിളിക്കും
നഷ്ടങ്ങളോർത്ത്
ചങ്കു പൊട്ടും

ചില ഓർമകൾ
അങ്ങിനെയാണ്
രാത്രി മുഴുവൻ പെയ്ത്,
പുലർന്നാൽ ചുറ്റും
തളം കെട്ടി നില്ക്കും