Wednesday, March 18, 2015

ആത്മാവില്ലാത്തവര്‍

ആത്മാവ് നഷ്ടമായും
ജീവിക്കുന്ന ശരീരങ്ങളെ
നിങ്ങള്‍ക്ക് തിരിച്ചറിയാനാവുമോ..!!
പേറ്റ് നോവ്‌ മാറും മുന്‍പേ
പറിച്ചെടുത്ത കുഞ്ഞിനെപരതി
ആശുപത്രി കിടക്കയിലവള്‍
മാറ് വിങ്ങി ഉരുകുന്നുണ്ടാവും
സ്വപ്‌നങ്ങള്‍
വിലക്ക് വാങ്ങാന്‍ പോയവന്‍
മുന്നറിയിപ്പില്ലാതെ
തനിച്ചൊരു മഞ്ചലില്‍
യാത്ര പോയപ്പോള്‍
പറക്കമുറ്റാത്ത
കുഞ്ഞുങ്ങളെ പോലും വിട്ട്
അവളുടെ ആത്മാവവനെ
അനുഗമിച്ചിട്ടുണ്ടാവും
ഉറ്റവര്‍ മരിച്ചുപോവുമ്പോള്‍
തനിച്ചാവുന്ന ശരീരങ്ങളെല്ലാം
ആത്മാവില്ലാത്തവയാണ്

മണല്‍ ഉപ്പിക്കുന്നത്

ചില മരുഭൂമികളിലേക്ക്
ഓര്‍മകള്‍ക്കൊരു
പെരുമഴപ്പെയ്ത്തുണ്ട്
തുള്ളികള്‍ മണല്‍ തരികളോട്
കഥ പറഞ്ഞുകൊണ്ടേയിരിക്കും
മണല്‍ കുന്നിന്റെ
നെറുകയില്‍ പെയ്ത്
ഹൃദയത്തിലൂടെ
ഓര്‍മകള്‍ ഒലിച്ചിറങ്ങും
ഉപ്പ് നനവോര്‍മകള്‍
മരുഭൂവിലാകെ
പരക്കുന്നതിനാലാവാം
ഈ മണല്‍ ഇത്രമേല്‍ ഉപ്പിക്കുന്നത്

മല കടലാവുന്നത്

മല നൊന്തുപെറ്റ
അരുവിക്കുഞ്ഞ്
കാട്ടിലും മേട്ടിലും 
ചാടിത്തിമിര്‍ക്കും
പിന്നെ
യുവത്വത്തിന്‍റെ കാട്ടാറായി
കുന്നുകള്‍ക്ക് പാദസരങ്ങളായി
വയലുകള്‍ക്ക് കസവായി
ചോരത്തിളപ്പില്‍
ആഴങ്ങളിലേക്കെടുത്ത് ചാടും
പിന്നെയും
മധ്യ വയസ്സിന്റെ
മുടികൊഴിഞ്ഞ/മണല്‍ വറ്റിയ
ശാന്തമായൊഴുകുന്ന പുഴയാവും
ഒടുവില്‍
വാര്‍ദ്ധക്ക്യത്തിന്റെ അഴിമുഖത്ത്
പോയകാലത്തിനെയാകെ ഓര്‍ത്ത്
ശങ്കിച്ച് ശങ്കിച്ച് കടലില്‍ വീണ് മരിക്കും

നീയെന്ന ഞാന്‍

നിന്റെ മൌനത്തിനിപ്പോൾ
എന്തൊരു തേങ്ങലാണ്
തൊണ്ടയിൽ കുടുങ്ങി
മുറിഞ്ഞു പോവുന്ന നിലവിളിപോലെ
നിന്റെ മസ്തിഷ്കത്തിൽ
ചിന്തകൾ പാകി
ഞാൻ നിന്റെ ഓർമകളിൽ
മറവിയുടെ വെള്ളി വരകളായി
നിനക്ക് നീയും
എനിക്ക് ഞാനുമില്ലാതായി
ഇനി ഞാൻ നിന്നിൽ നിന്നിറങ്ങി
എന്നിൽ നിന്നെ നിനച്ചിരിക്കട്ടെ ..!!

വരിയൊപ്പിക്കുമ്പോള്‍

ശൂന്യതയിലേക്ക്
വല വീശിയപ്പോഴാണ്
നീ ഉപേക്ഷിച്ച് പോയ
മൌനാക്ഷരങ്ങള്‍ കുടുങ്ങിയത്
ഞാനിപ്പോള്‍
ചിതറിപ്പോയ വാക്കുകളെ
വരിയൊപ്പിച്ച്
വായിക്കാന്‍ ശ്രമിക്കുന്നു

രാത്രി, കടലുപ്പ്‌

കടലെന്നും പതം പറഞ്ഞ് 
കണ്ണീര്‍ വാര്‍ക്കയാലും
സൂര്യനത് കേട്ട് 
നിറം കെടുന്നതിനാലുമാവാം
കടലിങ്ങിനെ ഉപ്പിക്കുന്നതും 
രാത്രി ഉണ്ടാവുന്നതും

നിന്റെ മണം

പച്ചമീനിന്റെ 
വെളുത്തുള്ളിയുടെ
മസാലയുടെ 
പുകയുടെ
മൂത്രത്തുണിയുടെ
അലക്ക്പൊടിയുടെ
ഡെറ്റോളിന്റെ
വാസന സോപ്പിന്റെ
കാച്ചെണ്ണയുടെ
വിയര്‍പ്പിന്റെ
എന്റെ പെണ്ണേ
എനിക്ക്
നിന്നെ മണക്കുന്നു

മൌനത്തിന്റെ നാനാര്‍ഥങ്ങള്‍ ...

മൌനം,
നീ മിണ്ടാതെയാവുമ്പോള്‍
എനിക്ക് നേരെയുള്ള നിന്റെ
ഒരായുധമാണ്‌
നിന്റെ ചോദ്യങ്ങളില്‍
പിടഞ്ഞു മാറി
ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍
അതൊരു പരിചയുമാണ്‌

''ഘര്‍ വാപ്പസി''

താഴെ വളപ്പില്‍
അയമുമകന്‍ കുഞ്ഞാപ്പു
വയസ്സ് ഇരുപത്തിനാല്
മതം / ദീന്‍ മാറിയിട്ട്
ഇരുപത്തിനാല് വര്‍ഷം
താഹിറാക്ക് ഒരു തേനുണ്ട
ഒരൊറ്റക്കണ്ണന്‍ ഗോട്ടി
അതിനാണ് ഒറ്റരൂപയ്ക്ക്
വാപ്പാന്റെ പോക്കറ്റടിച്ചത്
കേസായി ,
അന്വേഷണമായി
പിടിക്കപ്പെട്ടു
പുളിവടി പൊട്ടുവോളം പ്രഹരം
''കള്ള ഹിമാറെ കടന്നു പോ'' ന്ന്
വിധി കല്‍പ്പന
അന്ന് കുഞ്ഞാപ്പു
ദീന്‍ മാറി
വയനാട്ടിലേക്ക് വണ്ടി കയറി
മതം മാറി
കുഞ്ഞാമിന,
''ന്റെ കുട്ട്യെവ്ടെ'' ന്ന്‍
നെലോളിച്ചപ്പോഴേക്കും
അയമുക്ക,
''ഓന്‍ വന്ന്‍ലേ'' ന്ന്‍
ഉള്ളു കാളിയപ്പോഴേക്കും
കുഞ്ഞാപ്പു,
വയനാടന്‍ ദീന്‍ കഴിഞ്ഞ്
മൈസൂര്‍ മതത്തില്‍ എത്തിയിരുന്നു
കുഞ്ഞാപ്പൂന്
ദീന്‍ ഉണ്ടോന്നല്ല
ഓന് ''തീനും കുടീം'' ഉണ്ടോന്നാണ്
ഉമ്മ മതവും ഉപ്പ ദീനും മുറിപ്പെടുന്നത്
പെരുന്നാള്കള്‍ക്കൊക്കെയും
വിരുന്നൊരുക്കി
എരിഞ്ഞ വയറും
ഒരു പെരുന്നാള്‍ കോടി
സൂക്ഷിച്ച്
മുറിഞ്ഞ മനസ്സും
ഒരു ''ഘര്‍ വാപ്പസി''
കിനാ കാണുന്നു
**********************
* മതം = അഭിപ്രായം , വിശ്വാസം
* ദീന്‍= വഴി, അനുസരണ, മതം
*തെനുണ്ട = ഒരു മിട്ടായി
*ഗോട്ടി = ഗോലി
*നെലോളി= നിലവിളി

ഞാന്‍ , നീ , നമ്മള്‍

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പമ്പ് ചെയ്യുന്ന 
ഹൃദയവാല്‍വുകള്‍ക്കിടയില്‍
നമുക്ക് നമ്മളില്ലാതായി 
മൌനം കനം വെയ്ക്കുമ്പോഴാണ്
ഹൃദയാഘാതം ഉണ്ടാവുന്നത്

മുറിവ് മധുരിക്കുന്നിടം

നമുക്കിനി,
രണ്ടകലങ്ങളില്‍
വിരഹത്തില്‍ മുറിപ്പെട്ട്
ഓര്‍മകളുപ്പുതേച്ച്
നീറി നീറി മധുരിക്കാം

പ്രണയം

പ്രണയം ഒരു മതമാണ്‌
അവന്‍/അവള്‍ ദൈവവും

എന്റെ കവിത

ഒരു വികിരണ ചികിത്സയ്ക്കും
കരിച്ചു കളയാനാവാത്ത
എന്റെ ഓര്‍മകളേ,
എന്റെ വിഷാദങ്ങളേ,
എന്റെ ഉള്‍ത്തുടിപ്പുകളേ,
എന്റെ നോവുകളേ,
എന്റെ വിരഹങ്ങളേ,
എന്റെ ഗൃഹാതുരത്വമേ,
ഇവയെല്ലാമെനിക്കേകിയ പ്രണയമേ,
നിങ്ങളാണെന്റെ കവിത

ചിന്തകള്‍

മൌനത്തിന്റെ മുനമ്പില്‍ നിന്നും
നിശ്ശബ്ദതയുടെ താഴ്വരയിലേക്ക്ചാടി 
ആത്മഹത്യ ചെയ്യുന്ന ചിന്തകളേ,
നിങ്ങളിനിയും താഴെ പതിച്ചില്ലേ...!
ആഴമേറുന്തോറും ഉള്ളുകാളുന്നു.

ഓര്‍മപ്പെയ്ത്ത്

എട്ടരെടെ ബാലകൃഷ്ണ
പന്ത്രണ്ടരടെ പ്രയാഗ
നാലരെടെ പച്ച മയില്‍
വാപ്പുക്കാന്റെ ഐസ്
മണിയേട്ടന്റെ പരിപ്പ് വട
സുനിതേടെ മുടിയിലെ ചെമ്പകം
അലീടെ സഞ്ചീലേ ചോക്ക്
അസംബ്ലി
സേവനവാരം
പരീക്ഷ, റിസള്‍ട്ട്
പുതിയ ക്ലാസ്
പത്താം ക്ലാസ്
ഓട്ടോ ഗ്രാഫ്
വിട, പനിനീര്‍ പൂക്കള്‍
മിഴി നീര്‍
കലാലയം
മൂസക്കാന്റെ ചായക്കട
കലാകേളികള്‍
തെരഞ്ഞെടുപ്പ്
തോല്‍വി മധുരം
കിനാക്കള്‍
പ്രണയം
ജിജ്ഞാസ
പുസ്തകങ്ങള്‍
തൃശൂര്‍ ഗിരിജ
ഭൂതകാല
ഗൃഹാതുരത്വത്തിലേക്ക് വീണ്
ഓര്‍മകള്‍ക്ക് പെയ്യാന്‍
ഇനിയെന്ത് വേണം

നീയും ഞാനും

അന്ന് നീയും ഞാനും
തൈകളായിരുന്നു
നീ പനിനീര്‍ ചെടി 
ഞാന്‍ വേപ്പില
നിനക്ക് വെള്ളമൊഴിക്കാന്‍
ആളുകള്‍ ഏറെ
എനിക്ക് വെള്ളമൊഴിച്ചവര്‍
എന്നെ നുള്ളിത്തീര്‍ത്തു
നിനക്ക് പൂവരുന്നതും കാത്ത്
നിന്നെ പരിചരിക്കുന്നവര്‍
കൂടിയതേ ഉള്ളൂ
പിന്നെ നീ മൊട്ടായി
പൂവായി
നിനക്ക് ശലഭങ്ങളായി
അവരുടെ കഥകളായി
നീ ഒരു പനിനീര്‍ ലോകമായി
ഞാനിപ്പോള്‍
ഒരൊറ്റയില പോലും
ബാക്കിയില്ലാത്ത
പതനം കാത്തു കിടക്കുന്ന
ഒരു പാഴ്ചെടി

വൈകുന്നേരത്തെ ആ ഒറ്റ ബസ്സുള്ള നാട്ടിലെ ബസ് ജീവനക്കാരനോട്

പണി മാറ്റി മടങ്ങും നേരം
നിന്റെ ബസ് കാത്തവള്‍
നില്‍ക്കുന്നത്
നിന്റെ ഒളിഞ്ഞുനോട്ടത്തില്‍
നിര്‍വൃതിയടയാനല്ല
വീട്ടില്‍ കാത്ത് നില്‍ക്കുന്ന
കുരുന്നുകള്‍ക്കടുത്തൊരു-
മാത്രയെങ്കിലും മുന്‍പെത്താനാണ്
മുന്‍പിലെ സീറ്റില്‍
ഒഴിവുണ്ടെന്ന് പറഞ്ഞ്
ഇടമൊരുക്കിയപ്പോള്‍
ഇരുന്ന്‍ പോയത്
അന്തിയാവോളം പണിയെടുത്തതിന്റെ
ക്ഷീണമാറ്റാനാണ്
കൈ പ്രയോഗങ്ങള്‍ക്ക്
വഴങ്ങാനല്ല
ഇറങ്ങിപ്പോവുമ്പോള്‍
സ്പര്‍ശിച്ചത്തിനും
തലോടിയതിനും
പ്രതികരിക്കാതിരുന്നത്
അവളതില്‍ സുഖിച്ചിട്ടല്ല
അടുപ്പിലെ മൂന്നുകല്ലില്‍
വെറുതെ വെച്ചിരിക്കുന്ന കലം
നോക്കി നോക്കി വിശപ്പുണ്ണുന്ന
ഉണ്ണികള്‍ക്കന്നമനത്താന്‍
വൈകിയത്കൊണ്ടാണ്‌
എന്റെ പ്രിയ ബസ് ജീവനക്കാരാ,
തനിച്ച് കയറുന്ന പെണ്ണുങ്ങളൊന്നും
നിന്‍റെ സ്വന്തമല്ല
തനിച്ച് നടക്കുന്ന പെണ്ണുങ്ങളൊന്നും
ഇണ തേടി നടക്കുന്നതുമല്ല
ജീവിതപ്പാച്ചിലിന്‍റെ വെപ്രാളത്തില്‍
പ്രതികരണ സാധ്യതകള്‍
എന്നും ഇല്ലാത്തിരിക്കുമെന്നത്
വെറും മൂഡവിശ്വാസമാണ്

ഉറങ്ങാന്‍

ചുട്ട് പഴുപ്പിച്ച്
നീ നെഞ്ചില്‍
പച്ചകുത്തിപ്പൊള്ളിച്ച വാക്കുകള്‍
നിന്റെ മൌനത്തിന്റെ 
ചാട്ടുളികൊണ്ട് നീ
ചീന്തിയെടുക്കുക
ഈ വിരഹത്തിന്റെ
ചിന്തകള്‍ പാകിയ മെത്തയില്‍
ഇനി ഞാനാ വേദന
പുതച്ചുറങ്ങട്ടെ

പ്രണയത്തിന്റെ ചിത

ഓര്‍മകള്‍ പൂക്കുന്ന
നമ്മുടെ പ്രണയത്തിന്‍റെ
അസ്ഥിമാടത്തില്‍
ഒരു തിരിവെയ്ക്കാനാണ്
വിളിച്ചത്
തറ മാന്തി
വേരറുത്ത്
നീ തീയിട്ട നമ്മുടെ പ്രണയം
ആ പഴയ ചുടലക്കാട്ടില്‍
ദഹിക്കാന്‍ മടിച്ച്
നീറിപ്പുകഞ്ഞുകൊണ്ടിരുന്ന
എന്റെ ഹൃദയം പോലെ
ഇപ്പോള്‍ പുകഞ്ഞുകൊണ്ടേയിരിക്കുന്നു

ചുഴിയപ്പുറം


മണല്‍ തിരകള്‍ക്ക് കുറുകെ
തുഴഞ്ഞ് തുഴഞ്ഞ്
നീ നില്‍ക്കുന്നിടത്ത്
എത്താറായതാണല്ലോ പെണ്ണേ,
ഒന്നാം ചുഴിവക്കത്തെ
പണിതിട്ടും പണിതിട്ടും
തീരാത്ത വീടിന്റെ
മോന്തായത്തെയും
രണ്ടാം ചുഴിയരികിലെ
ചിറകുമുളക്കാത്ത
മക്കളെയും താണ്ടി
മൂന്നാം ചുഴിയപ്പുറം
നമ്മള്‍ നട്ട
കിനാക്കള്‍ നുള്ളാന്‍
ഇനി എന്നാണ് ഞാനീ
മണലാഴി താണ്ടിയെത്തുക..!!

കവിതപ്പെണ്ണ്‍


പാതിവാതില്‍
മറഞ്ഞു നില്‍പ്പുണ്ട്
ഉമ്മറത്തേക്ക് 
വരാന്‍ മടിച്ചൊരു കവിത
അക്ഷരച്ചില്ലുവളകള്‍
കിലുക്കി കൊതിപ്പിച്ച്
ഒന്നുരിയാടാന്‍ നാണിച്ച്
കസവുതട്ടം മിഴി മറച്ച്
മൈലാഞ്ചിച്ചോപ്പ് വിരല്‍
താളം പിടിക്കുന്നത്
എന്റെ ഖല്‍ബിലാണ്
നീ എന്നിനി ഹാജറാവും പെണ്ണേ..!!

മുഖപുസ്തകത്തെരുവ്

മുഖ പുസ്തകം
ഒരു തെരുവാണ്
വാള്‍/ചുമര്‍
തെരുവിലൂടെ
കടന്നു പോവുന്ന പാതയും
പാതയോരത്തെ
വിശ്രമപ്പുരയില്‍
പലരും ആരെയൊക്കെയോ
കാത്തിരിക്കുന്നുണ്ടാവും
കുറച്ചപ്പുറത്ത്
ഒരാള്‍ക്കൊരാള്‍ക്ക് മാത്രം
കയറാവുന്ന സല്ലാപമുറിയില്‍
കഥകളും, നെടുവീര്‍പ്പുകളും
കുശുമ്പും കുന്നായ്മയും
സ്നേഹവും ചുംബനങ്ങളും
പെയ്തുകൊണ്ടിരിക്കുന്നുണ്ടാവും
ഇടക്കിടക്ക് ഗായകര്‍
ഒറ്റയ്ക്കും കൂട്ടായും
പാട്ട് പാടി പോവുന്നത് കാണാം
റോഡില്‍ പരസ്യമായി ചുംബിച്ച്
ഒരു തലമുറയുണ്ടാവും
വഴിയില്‍ പലയിടത്തും
നേരിതാണെന്ന് ചൂണ്ടി
ചില പഴന്തലമുറക്കാരും
അതിനിടയില്‍
വിപ്ലവമുദ്രാവക്ക്യങ്ങളുമായി
ഒരു ജാഥ കടന്നുപോവും
തെരുവില്‍ അലക്ഷ്യമായി
അലഞ്ഞിരുന്നവര്‍ പോലും
അതില്‍ ചേര്‍ന്ന്‍ പോവും
തെരുവിലെ രാത്രിയും രാത്രി തന്നെ
വഴിയോരത്ത് ആ ഒറ്റമുറിയില്‍
ആരെയോ കാത്ത്/കാക്കാതെയും
ഒരു പച്ചവെളിച്ചം കത്തിച്ച
പെങ്കിളിക്കൂട് കണ്ട്
പലര്‍ക്കും ആധിയാവും
ഒരുപറ്റം പോലീസുകാര്‍
ഇറങ്ങി വന്ന് ചോദ്യം ചെയ്യും
രാത്രി വേഷം മാറുന്നവര്‍ ചെന്ന്
വാതിലില്‍ മുട്ടും
വീട്ടിലിരുന്ന്
ജനാലകളിലൂടെ മാത്രം
തെരുവിനെ കാണുന്നവരുണ്ട്
വിശേഷ ദിവസങ്ങളില്‍
തെരുവ് ആഘോഷങ്ങള്‍ കൊണ്ട്
നിറയുമ്പോള്‍ അവരും പുറത്ത് വരും
അന്ന്,
വിപ്ലവങ്ങള്‍ക്കും, വിലാപങ്ങള്‍ക്കും
പാട്ടുകള്‍ക്കും, പ്രസംഗങ്ങള്‍ക്കും
ഒരേ നിറമായിരിക്കും

ഉമ്മ വേണം

ചെറുതില്‍
നീ തരാമെന്നേറ്റ്
കണ്ണിമാങ്ങ കൈപറ്റി
എന്നെ പറ്റിച്ചോടിയ
ആ ഉമ്മയല്ല
പ്രണയ ലേഖനങ്ങളില്‍
മാര്‍ജിനുള്ളില്‍
നീ എഴുതി പെരുക്കിയ
പ്രണയത്തിന്റെ ഉമ്മയല്ല
നിന്നോടിഷ്ടം
എന്നണച്ച്
നീ കവിളില്‍ തന്ന
സഖാവിന്റെ ഉമ്മയുമല്ല
ചിറകുകളിങ്ങിനെ
തളരുമ്പോള്‍
വീണേക്കുമെന്ന്
തകരുമ്പോള്‍
''ഇല്ല ഇനി ഒരു ചിറകടി ദൂരമേ ''
എന്ന് ചിറകു തരാന്‍
എന്റെ പെറ്റുമ്മ വേണം

പെയ്ത്ത്

നീ പെയ്യുമ്പോഴെല്ലാം
ഞാൻ ഇറയത്തായിരുന്നല്ലോ
എന്നിട്ടും നീ തോർന്നപ്പോൾ 
ഞാനെന്തേ ഇങ്ങിനെ നനഞ്ഞത്..!!

കസ്റ്റഡീലായ കഥ

ദേവീലെ രണ്ടാംകളി കണ്ട്
മഞ്ഞും കൊണ്ട് പോരുമ്പോ
ചെറ്യേ സ്കൂളിന്റവിടന്നാണ്
പനി പിടിച്ചത്
എങ്ങ്ട്ടാടാ പോയീന്നെ ന്നു പനി
സാറേ സിൽമക്ക് പോയിവരാന്നു ഞാൻ
എവിട്രാ ടിക്കറ്റ് മുറീന്ന്
ഭാഗ്യം പോക്കറ്റിൽ ടിക്കറ്റ് ണ്ടാർന്നു
എന്താടാ ഈ മഞ്ഞത്ത് തലേല്
മുണ്ടിടാതെ പോന്നേ ന്ന്
സാറേ അത്ര നിരീച്ചില്ലാ ന്ന് മൊഴി
ഫ..!! എന്നൊരാട്ട്
നാഭിക്കൊരൊറ്റ ഇടി
ഒരാഴ്ച ചുമച്ച് തീർത്തോ ന്ന്
പിന്നെ പുക്കിൾ കുഴീലൊരു വിരൽ പ്രയോഗം
കണ്ണിലെ വെള്ളം മൂക്കിൽ കെട്ടി
ഒരാഴ്ച മൂക്കൊലിച്ച് തീർത്തോ ന്ന്
അപ്പൊതന്നെ പനിനമ്മളെ
കസ്റ്റഡീൽ എടുത്തു
പനീം ചൊമേം പിടിച്ചാൽ
വക്കീലിനെ വെച്ച് വാദിച്ചാൽ
ഒരാഴ്ച കൊണ്ടും
അല്ലെങ്കിൽ
ഏഴു ദിവസം കൊണ്ടും ജാമ്യം കിട്ടും

നീയില്ലാത്ത സന്ധ്യകള്‍

വൈകുന്നേരങ്ങളിൽ
മനസ്സിൽ
എന്തെന്നറിയാത്ത നോവുകളുടെ 
ചുവന്ന രക്താണുക്കൾ
വീണുടഞ്ഞ് അതിരിലേക്ക് പരക്കും
വക്കുകളിലൂടെ
നീറി നീറി പുകഞ്ഞ്
നിശ്ശബ്ദമായൊരുപാട്
ചിന്തകളുടെ തീ പടരും
പകൽ,
ഭൂമിയുടെ വേർപാടിൽ
മനം നൊന്ത്
സിരയറുത്ത്
കടൽ വെള്ളത്തിൽ മുക്കി
കടലിനെയും ആകാശത്തെയും ചുവപ്പിച്ച്
രക്തം വറ്റിത്തീരും വരെ
ചലനമറ്റുപോവും വരെ
കരിമ്പടം മൂടി ഇരുട്ടിലാവും വരെ
ചുവന്നു നിൽക്കും

എനിക്കെന്നെ കളവ് പോയി

എനിക്കെന്നെ കളവ് പോയി
അതിന്നലെയായിരുന്നു
കൃത്യമായി പറഞ്ഞാൽ 
രാത്രിയുടെ രണ്ടാം യാമത്തിൽ
ഒരു കിനാവള്ളി വഴി കയറി
ആകാശം തൊട്ടു തൊട്ടില്ല
എന്ന മട്ടിൽ നിൽക്കുമ്പോൾ
കിനാവ്‌ മുറിഞ്ഞ് താഴെ വീഴുകയായിരുന്നു
പിന്നേക്കിതുവരെയും
എന്നെ കാണാനേ ഇല്ല..!!
നാലുപാടും ആള് പോയിട്ടുണ്ട്
പൊട്ടക്കുളങ്ങളും കിണറുകളും
അത്ഞാത പ്രേതങ്ങളും
നിരീക്ഷിക്കുന്നുണ്ട്
ജീവിതത്തിൽ നിന്നും
ചിന്തകളുടെ കൂടെ ഒളിച്ചോടി എന്നാണ്
നാട്ടുകാരുടെ ഭാഷ്യം
പലകഥകൾ പ്രചരിച്ചു
എന്റെ വിഹിതം
അവിഹിതം
നടപ്പ്ദൂഷ്യം
ഹോ! ഞാനെന്തൊരു ഞാനായിരുന്നു
ഇനിയെന്നെ
തിരിച്ചു കിട്ടിയിട്ടെന്തിന്
ഞാനിങ്ങിനെയല്ല
എന്ന് നിരൂപിക്കാനാവത്ത വണ്ണം
ഞാനെന്തൊക്കെയോ ആയിരിക്കുന്നു
എനിക്കിപ്പോൾ ഞാനില്ലാതായി

വളവുകള്‍


ജീവിതത്തിന്റെ മൂന്നാം വളവില്‍
പ്രണയം കാത്ത് നിന്നു
പിന്നെ അഞ്ചാം വളവുവരെ
ചുംബിച്ച് ചുംബിച്ച്
നഗ്നമേനിയില്‍ ഉടുപ്പ് തീർത്ത്
ആറാം വളവില്‍ ഉപേക്ഷിക്കപ്പെട്ടു
ഉമ്മകള്‍ പൊള്ളി,
താഴ്വാരത്തോളം പോയി
പുഴ നനയാന്‍ ക്ഷമയില്ലാഞ്ഞാണ്
പ്രണയം താഴേക്ക് ചാടിയത്

കരിമീനുകള്‍

വറചട്ടിയില്‍ വെച്ച്
പ്രണയത്തിലായി
രണ്ട് കരിമീനുക ള്‍
നീട്ടിവരഞ്ഞ മുറിവെരിവിലേക്ക്
പരസ്പരം ഉമ്മവെച്ച്
ആസ്വദിക്കുമ്പോഴാണ്
എണ്ണമഴ പെയ്തത്
ആ മഴയില്‍ കുളിച്ച്
താഴെകനല്‍ കായുമ്പോഴാണ്
സ്വകാര്യനിമിഷങ്ങളവര്‍ കൈമാറിയത്
ആനന്ദനിര്‍വൃതിയുടെ
രസഗന്ധം പരത്തി
ഇനി തീന്‍ മേശയോളം

ഒരു ദിനം തുടങ്ങുന്നത്

കണ്ടു തീരാത്ത
ഒരു കിനാവിൽ നിന്നാവും ഉണരുക
ഓർത്തെടുക്കാനാവാത്ത
തുടർച്ചയുടെ ചിത്രങ്ങൾ
വരച്ചെടുക്കാനാവാതെ
മിഴി വീണ്ടും തുറക്കുന്നത് മുതലാണ്‌
ഒരു ദിനം തുടങ്ങുന്നത്
പിന്നെ, തലയ്ക്കു മീതെ
ഉയർത്തിപ്പിടിച്ച ഒരു കപ്പ്
വെള്ളത്തിനടിയിൽ നിന്നും
ചിന്തകൾ കൊറിക്കാൻ തുടങ്ങും
ഇടക്കിടറി വീഴുന്ന
സ്ഥലകാലബോധത്തോടെ
''ബഫർ'' ചെയ്തിടം വരെ ഓടുന്ന
ഓണ്‍ലൈൻ ചലചിത്രം പോലെ
ജീവിതം മുന്നോട്ടായും
ഇരുപത്തഞ്ചു മിനുട്ടിന്റെ
കാൽനടദൂരത്തിലേക്ക്
ചിന്തകൾ മൂടിയ വഴിയിലൂടെ
എതിരെയുള്ള കാഴ്ചകളെ മറികടന്ന്
ശകടത്തിനടുത്തെത്തും
ചില്ലു ജാലകത്തിൽ
തല ചായ്ക്കുന്നത് മുതൽ
വീട് പണിയുടെ ആരവം കേൾക്കും
''ഞാനിന്ന് സ്കൂളിൽ പോണില്ലെന്ന്''
മോൻ ചിണുങ്ങും
കവിളിൽ വായു നിറച്ച്
കുത്തി പൊട്ടിക്കാൻ മോൾ
മുഖം നീട്ടും
''എത്ര നേരായി ഭക്ഷണം
എടുത്ത് വെച്ച് കാത്തിരിക്കുന്നു''
എന്നവൾ പരിഭവിക്കുമ്പോഴാവും
സൈറ്റിലെത്തുക

ചില സത്യങ്ങൾ

നീ പറയുന്ന ചില സത്യങ്ങൾ
നുണയാണെന്ന് കരുതാനാണ്‌
എനിക്കിഷ്ടം
നീ അവിടെയാണെന്നും
ഞാൻ ഇവിടെയാണെന്നും
നമ്മൾ തനിച്ചാണെന്നും
നമുക്കിടയിൽ കടലുകളോളം
ദൂരമുണ്ടെന്നും
നമ്മൾ ചുംബിക്കുന്നില്ലെന്നും
അങ്ങിനെ നമുക്ക് തോന്നാത്ത
സത്യങ്ങളെല്ലാം നുണകൾ
എന്നിട്ടും പെണ്ണേ,
എന്റെ ഒരൊറ്റ ശ്വാസത്തിനിടക്കെത്ര
നീയാണ് എന്നിൽ നിറയുന്നത്

Tuesday, March 17, 2015

അത്യാഹിത വാർഡിൽ


മരണം
ഉറക്കം നടിച്ച്
വേദന തിന്നുന്നവരുടെ
കണക്കെടുക്കുമ്പോൾ,
പ്രാരാബ്ദങ്ങളുടെ
തലച്ചുമടഴിച്ച്
ജീവിക്കേണ്ടതിന്റെ ആവശ്യകത
ദൈവത്തോട്
പറഞ്ഞുകൊണ്ടേ ഇരിക്കും
ഒരച്ഛൻ
പകർത്തി തീരാത്ത സ്നേഹം
പറക്കമുറ്റാത്ത കുഞ്ഞുങ്ങളിൽ നിന്നും
അടർത്തിയെടുക്കരുതേ
എന്ന് മുറിയുന്നുണ്ടാവും ഒരമ്മ
ഇപ്പോൾ വരാമെന്നേറ്റു
പോന്നതിനാൽ
പുസ്തക സഞ്ചിയുമായി
വീട്ടുപടിക്കലവൻ
കാത്ത് കാത്ത് മുഷിഞ്ഞിട്ടുണ്ടാവും
എന്നൊരു ബാല്യം വേവലാതിപ്പെടും
ഇനിയും
ഒരൊറ്റ ചുംബനത്തിനെങ്കിലും
ബാക്കി വെക്കണേ
എന്ന് നെഞ്ചുരുകുന്നുണ്ടാവും
ഒരു പ്രണയം
വെട്ടാനും തിരുത്താനും
അനുമതിയല്ലാത്ത മരണം
ഇല്ല ഇനി വേദനിപ്പിക്കില്ലെന്നു
ചങ്കു പൊട്ടും

തൊപ്പിക്കുട


വിരഹ വേനലുകള്‍

വീട്ടു പടിക്കൽ
ഒരു സ്കൂട്ടർ ശബ്ദം വന്ന്
നിശ്ചലമാവുമ്പോൾ
''ഉപ്പ വന്നു'' എന്നവൾ
വിളിച്ച് പറയുന്നുണ്ടാവും
കൂടെ ഇറങ്ങാൻ
എവിടെയോ അഴിച്ചു വെച്ച
ചെരിപ്പ് തേടി '' മ്മാ ശേയാപ്പെവടെ ''
(ഉമ്മാ ശേസാന്റെ ചെരുപ്പെവിടെ ) ന്ന്
അന്വേഷിക്കുന്നുണ്ടാവും
ഒടുവിൽ പുറത്ത് വന്നത് മറ്റാരോ
എന്ന് നോവുന്നുണ്ടാവും
മകളെ കാണാൻ
കൊതിച്ച് കൊതിച്ചെനിക്ക്
ചങ്കു പൊട്ടുന്നു

രാത്രി താണ്ടാന്‍

കിനാവിലേക്കിങ്ങിനെ
ഓർമകളുടെ പെരുമഴ
പെയ്തുകൊണ്ടിരുന്നാൽ
ഈ രാത്രി തുഴഞ്ഞുതുഴഞ്ഞിനി
ഞാനെന്നു പകലിലെത്തും

വിശ്വസിക്കാൻ തയ്യാറില്ലാത്ത മരണങ്ങൾ


കണ്ണിന് മുന്നിൽ കാണാത്ത
മരണങ്ങളത്രയും
വിശ്വസിക്കാനേ കഴിയില്ല
പ്രവാസത്തിന്റെ അങ്ങേ പുറത്തെ
ദുഃഖ വാർത്ത
''അത് ആർക്കോ തെറ്റു പറ്റീതാണ്''
''പറഞ്ഞപ്പോ ആള് മാറീതാണ്''
എന്ന് കേൾക്കാൻ
മനസ്സ് കൊതിച്ചുകൊണ്ടേ ഇരിക്കും
''നമുക്കാരുല്ലാതായി'' എന്ന
വാക്കിനപ്പുറത്തെ
അവളുടെ തേങ്ങലായിരുന്നു
ഉപ്പാന്റെ മരണം
പിന്നെ ഒരിക്കലും
ഉപ്പയില്ലാത്ത ഒരു വീട്
സങ്കൽപ്പിച്ചതേ ഇല്ല
അവധിക്ക് നാട്ടിൽ പോവുമ്പോൾ
ഉമ്മറത്ത് ചാരു കസേരയിൽ
''ഉപ്പയുണ്ട് ഉപ്പയുണ്ടെ'' ന്നു മനം
ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു
ഉമ്മറത്ത് കണ്ടില്ല
മീസാൻ കല്ലിൽ പേര്
മറ്റാരുടെയോ ആണെന്നും
ഞാൻ കാണുന്ന ദു:സ്വപ്നത്തിൽ
നിന്നൊന്നുണർന്നെങ്കിലെന്നും കൊതിച്ചു..!!
ഉപ്പ ഇപ്പോഴും
ഇടനെഞ്ചിലൊരു
ചാഞ്ഞ കസേരയിൽ
എന്നെയും കാത്ത് കാത്തിരിപ്പുണ്ട്

അക്ഷരത്തിരി

ഇടിവെട്ടി പെയ്യുന്ന
മഴക്കപ്പുറമാണ്
കൂണുകൾ മുളയ്ക്കുന്നത്
ഒരു മിന്നൽ പോലെ 
ഒരു തിരി പൊട്ടിയാണ്
അക്ഷരങ്ങളും മുളയ്ക്കുന്നത്
എന്റെ ഇടിയും മിന്നലും
നീ എന്നിനി തിരികെ തരും

യാത്രാമൊഴി

പറയാൻ മറന്നുപോയ
വാക്കുകളെല്ലാം
എന്റെ മൌനത്തിന്റെ
തുമ്പിൽ ഞാൻ
മറന്നു വെച്ചിട്ടുണ്ട്
അക്കൂട്ടത്തിൽ തന്നെ
അടിയിലുണ്ട്
എന്റെ ചങ്കിടറുന്ന
യാത്രാമൊഴിയും
ഇനിയൊരു
കാനനവാസക്കാലത്തോളം
അവ പേറിഭരിക്കട്ടെ
ഞാനെൻ സ്വപ്നരാജ്യത്തെ

ഉറങ്ങാതെ

നീയില്ലെന്ന്
എന്റെ ഉറക്കവും
ഞാനില്ലെന്ന്
നിന്റെ ഉറക്കവും
പായാരക്കട്ടിൽ തീർത്ത്
ഇരുട്ടിലും അണയാത്ത
കിടപ്പുമുറി വിളക്കുകളായി
നമ്മുടെ കണ്ണുകൾ

ഉപ്പയുടെ ചുംബന രൂപം

ഉപ്പയുടെ ചുംബനത്തിന്റെ
ഓർമകൾ തിരഞ്ഞു പോയപ്പോൾ
കണ്ടത് ഇറയത്തെ പുളി വടി
കുരുത്തക്കേടുകൾക്ക്
കിട്ടിയിരുന്ന അടി,
ശാസനയുടെ ചുംബനരൂപമാണെന്ന്
ഉപ്പയായപ്പോഴാണ് തിരിച്ചറിഞ്ഞത്

വീട്


ഏത്
അകത്തള സജ്ജീകരണത്തിന്റെ
മനോഹാരിതക്കാണ് 
അമ്മയുടെ കുറവ്
പരിഹരിക്കാനാവുക
ഏത്
തേക്കിനാൽ പണിത
ഉമ്മറവാതിലിന്റെ ബലത്തിനാണ്
അച്ഛന്റെ സംരക്ഷണം നൽകാനാവുക
വീടിപ്പോൾ നിറം മങ്ങി അനാഥമായി

മഴയെത്തും മുൻപേ

ഒരു വെയിൽ മഴ നനയാൻ
കാട്ടുപച്ചയിൽ കാത്തിരിക്കുന്നു
മഴ നനഞ്ഞീറനാവും മുൻപേ
മഴക്കുളിർ ചൂടി ഓടുന്നുണ്ട് ഒരു കാറ്റ്
മഴ ഒപ്പമെത്തിയോ
എന്ന് നോക്കിയതിനാലാവണം
കാട്ടുമുളയിൽ കാറ്റ് തട്ടി വീണതും
മുള കരഞ്ഞതും
കുളിർന്നു പച്ചയാവാൻ കൊതിച്ചാവണം
കരിയില കാറ്റിനൊപ്പമിങ്ങിനെ
മഴയ്ക്ക് വഴിയൊരുക്കാനോടുന്നതും
ഒരു വെള്ളിടി വഴിപാടിൻ
തിരികൊളുത്തി
മഴ പൂക്കൾ വിതറും വരെ
എന്തെന്തോരാധി ജിജ്ഞാസയീ
മഴവരും നേരമിപ്പോഴും

ആരാണ് ..?

ഇന്നലെ നീ വന്നു തൊടാത്തതിനാൽ 
മിഴികൂമ്പാത്ത ഒരു തൊട്ടാവാടി
ഇന്ന് നീ ജാലകം തുറക്കാത്തതിനാൽ
ഇനിയും വിടരാത്ത ഒരു പത്തുമണിപ്പൂ

മദീന



വിശ്വാസത്തിന്റെ
ഒരു കണിക മതി
മദീനയെ നിങ്ങൾ പ്രണയിച്ചു പോവും
''റബ്ബേ'' എന്ന വിളിയിൽ
ഹൃദയത്തിലൊരു പ്രകമ്പനമുണ്ടാകും
റൌളാഷരീഫിലെ പാദസ്പർശം
മൂർദ്ദാവിലേക്ക് തരിച്ച്കയറും
പാപങ്ങളെ ചൊല്ലി പശ്ചാത്താപം
കണ്ണുകളിൽ ചാലിട്ടൊഴുകും
തിരു ദൂതരെ സലാം
എന്ന് തൊണ്ടയിടറും
ഉമ്മയെ, ഉപ്പയെ,
പ്രിയതമയെ, മക്കളെ
പിരിയുന്നപോലെ
ഹൃദയം
ഇനിയെന്ന് കാണുമെന്ന് തേങ്ങും

മഴവിരി

എന്റെ
കിനാവിലേക്ക് നിലാവിറ്റുന്ന
ആ ജനൽ,
വിരികളാൽ മൂടരുത്
പകരം സ്വപ്നങ്ങൾക്ക്
കടന്നുവരാൻ പാകത്തിൽ
ഒരു മഴവിരിയെനിക്ക് സമ്മാനിക്കുക

നിന്റെ മൌന മരച്ചോട്ടില്‍

ഒരക്ഷരമാമ്പഴം വീഴുന്നതും കാത്ത്
നിന്റെ വാക്കിന്റെ മരച്ചുവട്ടിലാണ് ഞാൻ

അമ്മ തള്ളയായത്

വടക്കേമുറിയിൽ തള്ള കിടക്കുന്നു
തളർവാതമാണ് പോലും
മുറ്റമടിക്കാതിരിക്കാനും 
പാത്രം കഴുകാതിരിക്കാനും
നാടകം കളിക്കുന്നു
നാല് വയസ്സിൽ അച്ഛൻ
വിട്ടു പോയതിൽ പിന്നെ
ഈ നാല്പതോളം വരെ പോറ്റിയതും
നാൽപത് സെന്റും
ഇപ്പുരയിടവും
നിങ്ങൾക്കെഴുതി തന്നതും നേര് തന്നെ
നേരാനേരം അണ്ണാക്കിൽ തള്ളാനും
മൂത്രത്തുണി അലക്കാനും
വേറെ ആളെ നോക്കണം
ഒന്നുകിൽ ഞാൻ
അല്ലെങ്കിലാ തള്ള
ഒന്നെനിക്കിന്നറിയണം
അങ്ങിനെയാണവനമ്മ
തള്ളയായതും
പൊണ്ണൻ പോഴൻ
അങ്ങിനെയാണമ്മയെ
പടിക്ക് പുറത്താക്കിയതും
അമ്മയ്ക്കിനിയും
ഉണ്ണിയെ കണ്ടു കൊതി തീർന്നില്ല പോലും

കടം

വിരസതയുടെ
ഇരട്ടവാലൻ പുഴുക്കൾ
തിന്നു തീർത്ത
കിനാവിന്റെ ഓട്ടയടക്കാൻ 
ഒരു നിലാതുണ്ട് വേണം 
മഴ നൂലുകൾ വേണം
ഓർമ്മകൾ ചേർത്ത്
തുന്നിക്കൂട്ടാൻ
നിന്റെ മിഴിമുനസൂചി
കടം തരണം

അച്ഛൻ പ്രസവിച്ചു

അച്ഛൻ പ്രസവിച്ചു
അമ്മ പ്രസവമുറിയുടെ
മുൻപിൽ അക്ഷമയോടെ
ഉലാത്തുകയായിരുന്നു
അമ്മായി കാജാ ബീഡി
ഒരു കേട്ടോളം
വലിച്ചു തീർത്തിരുന്നു
മൂന്നാമത്തേതാണ്
ഇതും ആണ്‍കുട്ടി തന്നെ
തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ
അമ്മയ്ക്ക് കൈമാറുമ്പോൾ
മെയിൽ നേഴ്സ് ചോദിച്ചു
'' നിർത്തണോ ...? ''
ഒരു പെണ്‍തരിയെങ്കിലും വേണ്ടേ
തറവാട്ടിന് കാരണോത്തിയായി
അമ്മ വിസമ്മതിച്ചു
പുരുഷ സമത്വത്തിന്റെ
ഒരു ജാഥ ആശുപത്രി ക്ക്
മുൻപിലൂടെ കടന്നു പോയി

ചാറല്‍

സ്വപ്നങ്ങളേ,
നൊടിയിടയിൽ 
അലിഞ്ഞു തീരാനാണെങ്കിൽ
ഇനിയും 
എന്റെ നെഞ്ചിലേക്ക് ചാറരുത്..!!

മനസ്സൊരു മഴ

സ്വപ്നങ്ങളുടെ മലമുകളിലേക്ക് ചാറി
ഓർമകളുടെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ
ചിന്തകളുടെ ചുഴികൾ താണ്ടി
മൌനത്തിന്റെ കയം നീന്തി
ശൂന്യതയുടെ സമതലങ്ങൾ വഴി
ശാന്തതയുടെ സമുദ്രത്തിൽ മരിക്കുന്നു
പിന്നെയും പ്രതീക്ഷയിൽ പിറന്ന്
സ്വപ്നങ്ങളിലേക്ക് പെയ്യും

വാർദ്ധക്ക്യം- രണ്ട് നിരീക്ഷണങ്ങൾ


1.
കൊഴിഞ്ഞു പോയ ബാല്യത്തെ
തിരയുന്നത് കൊണ്ടാവാം
വാർദ്ധക്യത്തിൽ നമ്മൾ
കുനിഞ്ഞു പോവുന്നത്
2.
സഫലമാവാത്ത സ്വപ്നങ്ങളെ
ചുമന്നു ചുമന്നാവണം
വാർദ്ധക്ക്യത്തിൽ
മനുഷ്യൻ കൂനിപ്പോവുന്നത്

വീട്ടിലേക്കുള്ള വഴി


മണ്ണിന്റെ മതിലുകളിൽ
പച്ചപ്പായലുകൾ പടർന്ന്
ഇടവഴിക്കിരു വശവും
അലങ്കരിച്ചിട്ടുണ്ടാവും
ശാന്തേച്ചീടെ വീടിനടുത്ത്
വെള്ള മഷിത്തണ്ട്
പൊട്ടിക്കാനാളില്ലാതെ
പടർന്നിട്ടുണ്ടാവും
രാമവിലാസിലെ
കടലാസ് പൂക്കൾ
മതിലിനപ്പുറത്ത് നിന്നും
വഴിയിലേക്കെത്തിനോക്കുന്നുണ്ടാവും
ആനപ്പറമ്പിൽ
തേന്മാവിന് ചുറ്റും ഒരു കാറ്റ്
ഞാൻ വരുമ്പോൾ ഒരു മാമ്പഴം
തട്ടി വീഴ്ത്താനെന്നോണം
വട്ടമിട്ടു നിൽക്കുന്നുണ്ടാവും
കറുകപ്പുല്ലുകൾ അതിരിട്ട
നടവരമ്പിൻ ചെരുവിൽ
ഞണ്ടുകളിപ്പോഴും
ഓടിക്കളിക്കുന്നുണ്ടാവും
വലിയ കുളത്തിൽ
എന്റെ ചൂണ്ട പൊട്ടിച്ച് പോയ
''കണ്ണൻ'' ഇടക്ക് വെള്ളം കടിച്ച്
പോവുന്നുണ്ടാവും
വീട്ടു പടിക്കലമ്മ
വഴിയിലേക്ക് മിഴി നട്ട്
കാത്തിരിപ്പാവും

വെറും കെട്ടിടമായത്

ഉമ്മ സ്നേഹം കൊണ്ടും
ഉപ്പ സംരക്ഷണം കൊണ്ടും
പടിയിറങ്ങി പോയതിൽ പിന്നെ
തറവാട് വെറും ഒരു കെട്ടിടമായി

രാത്രിയിലെ നഗരം

മനുഷ്യരെല്ലാം
മാളങ്ങളിൽ ഒതുങ്ങുന്ന
രാത്രിയിലാണ്
നഗരം വിവസ്ത്രയാവുന്നത്
ഉണങ്ങാത്ത
മുറിവോടകളിലെ
പഴുപ്പ് മണക്കുന്നത്
നടപ്പാതകളിൽ ജീവിതം
ചാക്ക് പുതയ്ക്കുന്നത്
എച്ചിലുകളിൽ
ശുനകൻമാർ
അന്നം തിരയുന്നത്
തലതല്ലിയകലുന്ന
തീവണ്ടിയൊച്ചകൾക്കൊപ്പം
നിലവിളികൾ അലിയുന്നത്
ചെകുത്താന്മാർ
ഭരണം ഏറ്റെടുക്കുന്നത്
എന്തിനെന്നറിയാതെ
ആളുകൾ കൊല്ലപ്പെടുന്നത്
പുലരാനരനാഴിക ഉള്ളപ്പോഴാണ്
ചോര കഴുകി , കുളിച്ച് കുറി തൊട്ട്
പകൽമാന്യന്മാർ പിറക്കുന്നത്

സ്വപ്നം

ഓർമകളുടെ ജാലകം
എത്ര കൊട്ടിയടച്ചിട്ടും
സ്വപ്നങ്ങളുടെ ഈ കള്ളിപ്പൂച്ച
ഏത് വഴിയാണകത്ത് വരുന്നത്

ഉമ്മാക്ക് എന്തിന്റെ മണമായിരുന്നു ...?

എനിക്ക് 
ഓർത്തെടുക്കാനേ കഴിയുന്നില്ല
ഓർമയില്‍ ഉമ്മാക്ക് 
ഇംഗ്ലീഷ് മരുന്നുകളുടെ മണമായിരുന്നു..
തലയിൽ തിരുമ്മാത്ത 
രാസനാദിയുടെയും
ഇട്ടു തരാത്ത 
കുട്ടിക്കൂറ പൌഡറിന്റെയും മണത്തോട് 
ഉമ്മാന്റെ മണം ചേരുന്നേ ഇല്ല

ഒരു സ്നേഹ ചുംബനത്തിന്റെയും 
രുചി ഓർക്കുന്നേ ഇല്ല ..

കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാലയിൽ
എണ്ണിയാലൊടുങ്ങാത്തത്ര തവണ
മക്കൾക്ക് വേണ്ടി ദൈവത്തോട്
അപേക്ഷിച്ചതിന്റെ 
സ്നേഹ മെഴുക്കുണ്ടായിരുന്നു

ഉമ്മാക്ക് കണ്ണീരിന്റെ
ഉപ്പു രുചിയാണെന്നു തോന്നും
മക്കളെ ഊട്ടാനും ലാളിക്കാനും
കഴിയാത്ത നിസ്സഹായതയിൽ
ഉമ്മ സ്നേഹം നിറച്ചു വെച്ചത്
കടലോളം ആഴം വെച്ചത്
നിറകണ്‍കളിൽ തന്നെയായിരുന്നു.

ഉമ്മാക്കിപ്പോൾ
മരണത്തിന്റെ മണമാണ്
കുന്തിരിക്കത്തിന്റെ
ചന്ദനത്തിരിയുടെ
ആത്മാവിന്റെ മണം

കത്തി തീരാത്ത ഒരു ചന്ദനത്തിരി
ഹൃദയത്തിൽ കെടാതെ
പുകഞ്ഞു കൊണ്ടേ ഇരിക്കുന്നതിനാൽ
ഞാനിപ്പോൾ ചന്ദനത്തിരി കത്തിക്കാറേ ഇല്ല