Thursday, February 28, 2019

കടലിലെ പുഴമീനുകൾ

നാട്ടിൽ നിന്നൊരാൾ
മണൽ ഭൂമിയിൽ
എത്തുകയെന്നാൽ
പുഴയിൽ നിന്നൊരു മീനിനെ
കടലിൽ പാർപ്പിക്കുക്ക എന്നാണ്
ശുദ്ധജലം
ഒഴുക്ക് ,കയം
വെള്ളച്ചാട്ടം ,
കാട്, പാടം, കടവ്
വീട് , കൂട്ടുകാർ
എന്നിങ്ങിനെ അതിന്
ഉപ്പ് പിടിച്ച് കൊണ്ടിരിക്കും
ചിത്ര മത്സ്യങ്ങൾ
വർണ്ണച്ചിറകുകൾ
ഭീമാകാരന്മാർ
മലകൾ , ചുഴികൾ
തിരകൾ , ശാന്തത
മഞ്ഞുമലകൾ
തുറമുഖങ്ങൾ , അതിരുകൾ
എന്നിങ്ങിനെ അത്
ജീവിതശൈലി തന്നെ മാറ്റും
തിരിച്ച് പോവാൻ പുഴ
സ്വപ്നം കാണുമ്പോഴെല്ലാം തന്നെ അത്
കടലിൽ നിന്നിറങ്ങിപ്പോവാൻ
പറ്റാത്തൊരു ജീവിയായിട്ടുണ്ടാവും
ഒടുവിൽ
കടൽ കയറിപ്പോവുന്ന
മീനുകൾക്ക് പുഴയിൽ
നിൽക്കാനാവാത്തതും
അവ കടൽ തിരഞ്ഞ് വരുന്നതും
ഇത്കൊണ്ടൊക്കെ തന്നെയാണ്

കരച്ചിലുകളുടെ കടവാവലുകൾ

കരച്ചിലുകളുടെ കടവാവലുകൾ 
പെറ്റുപെരുകിയ ഖല്ബിന്റെ ചോട്ടില്‍
ഓർമ്മകളുടെ പറ്റുപുസ്തകം വായിക്കുന്നു

വലിയകുളം


''വി'' വാർ ചെരുപ്പുകളുടെ
അരികുകൾ തേച്ചുരച്ച
അലക്കുകല്ലുകൾ
കല്പടവുകൾക്കിടയിൽ
സൂക്ഷിച്ച് വെച്ച
തേങ്ങാതൊണ്ട് ചകിരികൾ
ബാക്കി വരുന്ന സോപ്പ്
ഈർക്കിലിൽ കുത്തി
എടുത്ത് പോന്നിരുന്ന സന്ധ്യകൾ
ആദ്യം മുങ്ങിപ്പൊങ്ങിയ ആഴം
കൈകാലടിച്ച് പഠിച്ച നീന്തൽ
അങ്ങിനെ കഥകളുടെ
ഒരു ഭാണ്ഡം തന്നെ
അഴിഞ്ഞ് വീഴുന്ന വല്ല്യൊളം

കടുത്ത വേനൽ പൊള്ളലുകളിലേക്ക്

ഋതുക്കൾക്കിടയിലെ
ജാലകവിരി നീക്കാൻ
മഴ വന്നിട്ടുണ്ട്
കടുത്ത വേനൽ
പൊള്ളലുകളിലേക്ക്
ഞാനെന്നെ മുക്കി
ഉണക്കാനിടുന്നു

ഉമ്മാമ

വന്ന് കയറിയവരോട്
ഇരിക്കാൻ പറയാഞ്ഞതിന്
ഉമ്മാമ എല്ലാവരോടും
ദേഷ്യപ്പെടുന്നുണ്ടാവണം
എന്തേലും കഴിച്ചോ ന്ന്
കഴിച്ചിട്ടേ പോകാവൂ ന്ന്
സ്നേഹത്തിലിരുത്തി
അടുക്കളയിലേക്ക്
തിരിയുന്നുണ്ടാവണം
അടുത്തിരുത്തി
ഇതും കൂടെയെന്ന്
ഊട്ടി ഊട്ടി നിറക്കുന്നുണ്ടാവണം
ഇനിയിപ്പോൾ
വൈകിയില്ലേ
ഇന്നിവിടെ കഴിഞ്ഞ്
നാളെ പോവാമെന്ന്
ഉമ്മാമ കടും പിടുത്തം
പിടിക്കുന്നുണ്ടാവണം
അനുസരിച്ചില്ലെങ്കിൽ
സ്നേഹം കൊണ്ട്
പരിഭവിക്കുന്നുണ്ടാവണം
അടുത്ത ദിവസം
പോവാനിറങ്ങുമ്പോൾ
ഉച്ച കഴിഞ്ഞ് , വൈകുന്നേരം
രാത്രി എന്നിങ്ങിനെ
നീട്ടി നീട്ടി സ്നേഹം കൊണ്ട്
ആളുകളെ ഉമ്മാമ തളച്ചിടുന്നുണ്ടാവും
ഖബറിൽ ഒറ്റക്കാക്കി
തിരിച്ച് പോവുന്ന
ആളുകളെന്നോർക്കാതെ
ഉമ്മാമ അപ്പഴും
ഒന്നും കൊടുക്കാതെ ആരെയും
പറഞ്ഞയക്കരുതെന്ന്
അടുക്കളപ്പുറത്തേക്ക്
വിളിച്ച് പറയുന്നുണ്ടാവണം 

വട്ക്ക്ണിക്കപ്പുറം

വട്ക്ക്ണീടെ
കരിപിടിച്ച ജനലഴിക്കപ്പുറം
നോക്കിയാൽ 
ആയിച്ചാത്താന്റെ വീടായിരുന്നു
ഒരു നോട്ടം അങ്ങ്‌ട്ടും
അതേ നോട്ടം ഇങ്ങ്‌ട്ടും
കിട്ടട്ടേ എന്ന്
വേലിത്തറിക്ക് മുളക്കുന്ന
കമ്പുകളൊന്നും
കുത്താതിരുന്ന
ഒരു അതിരുണ്ടായിരുന്നു
രണ്ടുള്ളിപ്പോണ
ഒരു പിടി ഉപ്പ്
ഒരു നുള്ള് ചായപ്പൊടി
ഒരച്ച് വെല്ലം
എന്നിങ്ങിനെ പലതും
ജനൽ പഴുതിലൂടെ
നീട്ടി വിളിച്ച് ചോദിച്ചാൽ
അങ്ങോട്ടും ഇങ്ങോട്ടും
ഓടിപ്പാഞ്ഞിരുന്നു
ന്റെ മ്മേ ന്നൊരു
വിളികേട്ടാൽ മതി
അപ്പുറത്ത് നിന്നാണെങ്കിൽ
ഇപ്പുറത്തും
ഇപ്പുറത്ത് നിന്നാണെങ്കിൽ
അപ്പുറത്തും
ഉള്ളിൽ തീ പിടിക്കും
എന്തേ ന്റെ ഉമ്മ്വോ ന്ന്
ഏത് പാതിരാക്കും ജവാബ്ണ്ടാവും
അതിരൊക്കെ വേറെ ആരോ
വാങ്ങിയപ്പോ
മറുപുറം കാണാത്തൊരു
ശീമക്കൊന്ന നട്ടു
ഇച്ചിരി ഇച്ചിരി ഇല്ലായ്മകളും
കരച്ചിലുകളും ആധികളും
ഓടിപ്പാച്ചിലുകളും
ആശ്വാസങ്ങളും
അവരവരുടെ പറമ്പിൽ
സമാധിയായി
* വട്ക്ക്ണി ‍‍= അടുക്കള
വെല്ലം = ശര്‍ക്കര

നമ്മള്‍, നീ, ഞാന്‍

നമ്മളപ്പോൾ
മുറിഞ്ഞുപോയ കിനാവിന്റെ
സങ്കടങ്ങളെ
നിലാവൂട്ടുകയാവും


നീയപ്പോൾ
കൊഴിഞ്ഞുവീഴുന്ന നക്ഷത്രങ്ങളെ
പെറുക്കിയെടുക്കാൻ
ചില്ലുകുപ്പി കൊണ്ടുവരാൻ 
മറന്നുപോയതോർത്ത്
വ്യസനിക്കുകയാവും


ഞാനപ്പോൾ കൊഴിഞ്ഞു വീണ 
വസന്തങ്ങൾക്ക് നിറം കൊടുത്ത് 
വറ്റിപ്പോയ കാടുകളിൽ 
തുന്നിച്ചേർക്കുകയായിരുന്നു




നദി

വിഷാദത്തിന്റെ 
മഴ പെയ്യുമ്പോഴെല്ലാം 
ചങ്കിൽ നിന്നും 
നെഞ്ചിൻ കൂടിന്റെ 
അടിവാരത്തിലേക്ക് 
ഒരു നദി നീറിപ്പരക്കും

കാത്തിരിക്കുന്നു

സ്വപ്‌നങ്ങള്‍ 
തോരാനിട്ട വഴികളിലേക്ക്
ഉറക്കം ഇറങ്ങിപ്പോവുന്നു
വീടപ്പോഴും 
എന്ന് തിരിച്ച് വരുമെന്ന്
കാത്തിരിക്കുന്നു

പള്ളിത്തൊടിയിലെ തുമ്പികള്‍

മക്കളെന്ന് പാലൂട്ടുന്നതിനാലാണ് 
ചില ഖബറുകളുടെ മുകളിലെ 
മൈലാഞ്ചിച്ചെടികളിലിരുന്ന് 
തുമ്പികൾ ഉറങ്ങിപ്പോവുന്നത്