Tuesday, September 3, 2013

നമ്മുടെ പ്രണയം


നമ്മുടെ പ്രണയം
സമാന്തരമായിരുന്നു
ഒരൊറ്റ പാളത്തിന്റെ നേർ രേഖയിൽ നീയും
അതിനു സമാന്തരമായി ഞാനും
നില്‍ക്കാതെ പാഞ്ഞുകൊണ്ടിരുന്നു

എനിക്ക് പകര്‍ത്താനാവാത്ത
നിന്റെ കീര്‍ത്തനങ്ങളും
നിനക്ക് പകര്‍ത്താനാവാത്ത
എന്റെ സൂക്തങ്ങളും
പാളങ്ങള്‍ക്കിടയിലെ അകലമായി

പിന്നീടെപ്പോഴോ,
രണ്ട് ബോഗികളെ പോലെ
ഒരു കാന്തിക വലയത്തില്‍
ബന്ധനസ്ഥരായി
വഴികളേറെ പിന്നിട്ടു ..

വിഴിയില്‍ ,
ഒരു സ്റ്റേഷനില്‍ വെച്ച്
നിന്റെ കാന്തിക ചുംബനത്തെ
നിര്‍വീര്യമാക്കി
എന്നെ നിന്നില്‍ നിന്നടര്‍ത്തി മാറ്റി

പിന്നെ ,
മറ്റിരു ''എഞ്ചിനുകളില്‍ '' വരിഞ്ഞ്
നിന്നെയും എന്നെയും
വലിച്ചിഴക്കാൻ തുടങ്ങിയത് മുതല്‍
പാളങ്ങളില്‍ തലതല്ലി
നമ്മള്‍ കരഞ്ഞേ പോവുന്നു ...

നാട്ടിലെ മഴ

വോയ്പ്പ് കോളിന്റെ
അവ്യക്ജ്തമായ ശബ്ദമാണ്
നാട്ടിലെ മഴക്ക്

ഉമ്മ കാണാതെ
മഴയിൽ കളിച്ചെന്നു മോൻ

പാടവും തോടും ഒന്നായി
വിളവിട്ടതൊക്കെ പോയി എന്നുപ്പ

അടുക്കള ചോർന്നൊലിക്കുന്നു
അടുത്ത വേനലിലെങ്കിലും
ഒന്ന് നന്നാക്കണം എന്നുമ്മ

അവളോട്‌ ചോദിച്ചു
''എന്തേ, നീ ഒന്നും മഴയെ കുറിച്ച് പറയാത്തത് ..?''

ഒരു നിശബ്ദതക്കും നെടുവീർപ്പിനുമൊടുവിൽ
അവൾ പറഞ്ഞു
''മഴയെ ഞാനിപ്പോൾ വെറുക്കുന്നു ''

അപ്പോൾ മൌനമായി
അവിടെയും ഇവിടെയും മഴ പെയ്തു

ചങ്ങാതി

ചങ്ങാതീ,
ഞാൻ വരുന്നുണ്ട്
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

ഊണ് വിളമ്പി
നമ്മളെ കാത്തിരുന്നു മുഷിയുന്ന
അമ്മമാരെ മറന്ന്
നമുക്ക് നമ്മുടെ പറഞ്ഞാലും തീരാത്ത
കഥകൾ പറഞ്ഞിരിക്കാം

ബാല്യത്തിൽ കളഞ്ഞു പോയ
ആ ചട്ടിപ്പന്ത് എവിടെയെന്നു പരതാം

നീ എന്റെ കയ്യിൽ നിന്നെഴുതി വാങ്ങി
അവൾക്ക്‌ കൊടുത്ത പ്രണയ ലേഖനത്തിന്റെ
മറുപടി ഏന്തേ കിട്ടാതെ പോയത് എന്നോർത്ത് നോക്കാം

ബ്ളേഡു വച്ച തെങ്ങിൽ കയറി
ഇളനീർ ഇട്ടു കുടിച്ച സാഹസികത
സ്മരിക്കാം

കാല്പന്തിൽ നമ്മളന്ന് മലർത്തിയടിച്ച
അവരുടെ ടീമിനെ നിസാരവല്ക്കരിക്കാം

പൂരപ്പറമ്പിലെ നമ്മുടെ
വീരഗാഥ ക്കൊടുവിൽ
രക്ഷപ്പെടാൻ ഓടിയ
ഓട്ടത്തിന്റെ ദൂരം അളക്കാം

അച്ഛൻ വിളക്കുമായി തിരഞ്ഞു വരുന്നത് വരെ
വിശപ്പും ദാഹവുമില്ലാതെ
നമുക്ക് നമ്മളെ കൈമാറിക്കൊണ്ടേ ഇരിക്കാം

ചങ്ങാതീ,
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

Monday, September 2, 2013

ലാഹോറിന്,

ലാഹോർ,
നിന്നെ ഞാന്‍ പ്രണയിച്ച കുറ്റത്തിനു

എന്റ പെങ്ങളുടെ മാറ്പിളര്‍ന്ന്‍
രക്തം കുടിക്കുന്നിവര്‍

വര്‍ഷങ്ങള്‍ മുന്നേ മൊഴി ചൊല്ലി
നിന്റെ കഴുത്തിലെ താലിമാലയറുത്ത്
അതിര്‍ത്തിയില്‍ ലക്ഷ്മണ രേഖ വരച്ചിട്ടും
നിന്നാങ്ങളമാര്‍ നുഴഞ്ഞു വന്നത്
എന്റെ മക്കളുടെ ശവം തിന്നാനായിരുന്നു ...

ലാഹോർ,
നിന്നെ ഞാനിന്നും പ്രണയിക്കുന്ന കുറ്റത്തിനു
എന്റെ സഹോദരനെ പ്രണയപാപം ചുമത്തി
വിചാരണയില്ലാതെ കഴുവേറ്റുന്നു ...

ലാഹോർ,
നിന്റെ ആങ്ങിളമാര്‍
എന്റെ സഹോദരന്റെ തലവെട്ടി
ഉടല്‍ മാത്രം തന്നു വിട്ടപ്പോഴും
നിന്നെ ഞാന്‍ പ്രണയിക്കുന്നതെന്തേ .....

ലാഹോർ ,
നിന്റെ നാമത്തിൽ ബലിയാവാൻ
എനിക്കിനി മക്കളില്ല ....
നീ എന്റെ ഹൃദയം ചീന്തി എടുക്കുക
എനിക്കിനി നിന്നെ വെറുക്കേണ്ടിയിരിക്കുന്നു ....

എന്റെ കളിപ്പാട്ടങ്ങൾ...

പാതി തേഞ്ഞ
റബ്ബർ ചെരുപ്പിൽ തീർത്ത ചക്ര വണ്ടി

വാഴപ്പിണ്ടിയിലും
പോളയിലും നിർമ്മിച്ച രഥങ്ങൾ

പ്ളാവിലയിൽ മെടഞ്ഞ പാത്രങ്ങൾ

തെങ്ങോലയിലെ പന്ത്
ഒരു കടലാസ് പമ്പരം

തൊടിയില നിന്ന് പിടിച്ച ഒരു തുമ്പി
മണല്കൂനയിൽ നിന്ന് മെരുക്കിയ ഒരു കുഴിയാന

ഒരു *മഗ്ടൻ ഗോട്ടി
കശുവണ്ടി
എറിഞ്ഞു തെറിപ്പിക്കാൻ ഒരു *തെല്ല്

ഒരു പഴയ സൈക്കിൾ ടയറും
അതിനെ നിയന്ത്രിക്കാൻ ഒരു *കൊക്കിയും
തകര ടിന്നുകൾ മുറിച്ചെടുത്ത് പണിത ലോറി

റബ്ബർ ബാന്റുകൊണ്ടൊരു കവണ
മുളകൊണ്ടുണ്ടാക്കിയ
പാവുട്ടമണി ഉണ്ടയാക്കുന്ന *പാവുട്ടതോക്ക്

പിന്നെ,
ബാല്യത്തിൽ വിട്ടകന്ന
ചെങ്ങാതിയിൽ നിന്നും കടം കൊണ്ടിന്നും
തിരിച്ചു നല്ക്കാൻ കാത്ത് വെച്ച്
ഹൃദയത്തിൽ കറങ്ങി
നോവിക്കുന്ന ഒരു ഏറു പമ്പരം ...

മൂന്ന് പൂക്കൾ

ചെമ്പകപ്പൂവ് ,
സ്കൂൾ മുറ്റത്തെ
മരത്തിൽ നിന്നടർന്ന്
കൈവെള്ളയിൽ വിശ്രമിച്ച്
അവളുടെ മുടിയിൽ കയറി പോവും

മുല്ലപ്പൂവ്,
മുറ്റത്തെ വള്ളിയിൽ
മഞ്ഞു പുതപ്പിൽ നിന്നും നുള്ളിവീണ്
നൂലിഴയിൽ കുരുങ്ങി
ഇടത്തെ തോളിലവൾ ചായുമ്പോൾ
മുടിയിഴകളിൽ നിന്ന്
ഹൃദയത്തിലേക്ക് പടരും

ചെമ്പനീർ പൂവ്,
പൊട്ടിക്കുമ്പോൾ
മുള്ള് കോറിയ മുറിവ്
ഇതളടർത്തി മണ്ണിൽ വീഴ്ത്തി
അവൾ പോയ വഴി നീളെ നീറും

ഖബറിൽ


ഖബർ കുഴിക്കുന്ന അലവിക്ക
പുതിയ ഖബർ കുഴിക്കുമ്പോൾ
പള്ളിക്കാട്ടിലെ ഖബറുകളിൽ നിന്ന്
ഉറക്കം നഷ്ടപ്പെട്ടവരെല്ലാം
ഉണർന്നെണീക്കുന്നുണ്ടാവും

ആരാ പുതിയ അതിഥി എന്ന്
പരസ്പരം ചോദിക്കുന്നുണ്ടാവും

ഉപ്പാന്റെ കാലുഴിഞ്ഞ്
അടുത്തിരിക്കുന്ന ഉമ്മ
എന്റെ കുട്ട്യോളാവല്ലേന്നു
തേടുന്നുണ്ടാവും

ജീവിതത്തിന്റെ
പാതി വഴിയിൽ പോയ ജേഷ്ടനോട്
പോയി നോക്കാൻ പറയുന്നുണ്ടാവും

ഖബറിലെ ഉമ്മയില്ലാത്ത ബാല്യങ്ങൾക്ക്‌
മക്കൾടെ പേര് നല്കി ഉമ്മ പോറ്റുന്നണ്ടാവും

ബറാത്ത് രാവ്

ഓർമകളിൽ,
ശർക്കര ഉരുകിയൊലിച്ച്
മാവിന്റെ കൂടെ
ഉള്ളി മൊരിയുന്ന മണം പരത്തി
കൽത്തപ്പം മധുരിക്കുന്നുണ്ട്

ഉമ്മ കാണാതെ
ചക്കര ചോറിൽ
കൈവെച്ച് പൊള്ളിയത്
ഊതിയാറ്റി നുണയുന്നുണ്ട്

ഒരു കുഞ്ഞി പൂവട
സ്വന്തമായി ഉണ്ടാക്കിയത്
ആദ്യം ചുട്ടു തരാൻ കലഹിക്കുന്നുണ്ട്

അതിരുകളില്ലാത്ത
വേലിക്കപ്പുറം
മധുരം വിളമ്പി ഉമ്മ
സ്നേഹമൂട്ടുന്നുണ്ട്

ഇവിടെ,
നിസ്കാരപ്പയിലിരുന്നു
*യാസീനോതുമ്പോൾ
കണ്ണുകളിൽ ഉമ്മയും ഉപ്പയും
വന്നു തുളുമ്പുന്നു

ഖബറിൽ ,
ഉപ്പ
ഞാൻ ഒതുന്നത് കേട്ട്
തെറ്റ് തിരുത്തി തരുന്നുണ്ടാവും
ഉമ്മ
നിസ്കാരക്കുപ്പായത്തിൽ തന്നെ ഇരുന്ന്
*ദിഖിർ ചൊല്ലി മക്കൾക്ക്‌ വേണ്ടി
പ്രാർഥിക്കുന്നുണ്ടാവും

*യാസീൻ = ഖുർ ആൻ അദ്ധ്യായം
*ദിഖിർ = ദൈവ നാമം

കുടയില്ലാത്തവന്റെ മഴക്കാലം

മഴ തോരുവോളം
നാല് ബി യുടെ വരാന്തയിൽ
രണ്ടു മിഴികളും പെയ്തിരുന്നു

ചുവരിൽ ചാരി വിശ്രമിച്ചിരുന്ന
കുടകൾ നിവർന്ന്
തുന്നി വെച്ച പേരുകൾ
ചിറി കോട്ടി പോയിരുന്നു

ദിവസവും പൊട്ടിച്ച് തീർന്നു പോയ
കാട്ടു ചേമ്പിന്റെ
ഇലയില്ലാത്ത തണ്ടിലേക്ക്
സങ്കടത്തോടെ നോക്കിയിരുന്നു

പെരുമഴയുടെ
ഒരിടമുറിയലിൽ
പുസ്തകങ്ങൾ കുപ്പായത്തിനുള്ളിലടക്കി
വീട്ടിലേക്കോടിയിരുന്നു

ഇടക്ക് , അവൾ
അവൾ മാത്രം
എന്തോ കാണാതെ പോയെന്ന വ്യാജേന
കൂട്ടുകാരികളെ പറഞ്ഞയച്ച്
എന്നെ കുടയിൽ കൂട്ടുമ്പോൾ മാത്രമാണ്
മഴ ഉള്ളിൽ പെയ്തിരുന്നത്

Monday, August 26, 2013

അയാളും ഞാനും തമ്മിൽ


ആ ജനാലകൾ ആരും തുറന്നിടരുത് . അതിന്റെ ചില്ലുവാതിലിനപ്പുറത്ത് അയാളുണ്ട്. എന്നെ തന്നെ നോക്കി നില്ക്കുന്നു. അകത്തു വരാൻ ഒരു പഴുത് നോക്കി നിൽപ്പാണയാൾ. അകത്തിങ്ങിനെ ചുട്ടുപൊള്ളുന്നത് ഒരു പക്ഷെ ആ വാതിൽപാളി ഒന്ന് തുറന്നാൽ വരുന്ന തണുത്ത കാറ്റിനു ശമിപ്പിക്കാനാവും. പക്ഷെ ..!! അയാൾ.., ഇടക്ക് അപ്രത്യക്ഷമാവുന്നു എങ്കിൽകൂടി അയാളുടെ ലക്ഷ്യം എന്നിലേക്ക് തന്നെയാണ് .

തോറ്റുകൊടുക്കില്ല , അങ്ങിനെ ഇപ്പോൾ പോവാൻ മനസ്സില്ല. അയാൾക്കൊപ്പം പോവാൻ, ഒളിച്ചോടാൻ ഞാൻ തന്നെയാണല്ലോ ഇന്നലെ ശ്രമിച്ചത് . ആ നിമിഷത്തിൽ ഞാൻ അയാളെ അത്രക്കും പ്രണയിച്ചിരുന്നു എന്നത് സത്യം. പക്ഷെ എന്റെ ശ്രമം പരാജയപ്പെട്ടല്ലോ . ഞാൻ ചെയ്തത് വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കിയത് മുതൽ ഞാൻ അയാളെ വെറുക്കാൻ തുടങ്ങിയതാണ്‌. അതൊരായിരംവട്ടം ഞാനുറക്കെ പറഞ്ഞതുമാണ് എന്നിട്ടും എന്തിനാണെന്നെ തന്നെ നോട്ടമിട്ട് ആ ജനാലക്കൽ ഇടയ്ക്കിടെ ഇങ്ങിനെ പ്രത്യക്ഷപ്പെടുന്നത്.

എവിടുന്നാണിപ്പോൾ ഒരു തണുത്ത കാറ്റ് വന്നത്..? ജനൽ പാളി ആരാണ് തുറന്നിട്ടത്...? അയാൾ ..!! അയാൾ അകത്ത് വന്നിട്ടുണ്ടാവും. എഴുനേൽക്കാൻ വയ്യ, കൈകാലുകൾ മരവിച്ചു കിടപ്പാണ്. അവനില്ലെങ്കിൽ പിന്നെ അയാൾടെ കൂടെ പോവുമെന്ന് പറഞ്ഞ്‌ അറുത്ത ഞരമ്പിൽ ചോരയൊട്ടും ബാക്കി ഇല്ലെന്ന് ഇന്നലെ ആരോ പറയുന്നത് കേട്ടതാണല്ലോ. പൊടുന്നനെയാണയാൾ കട്ടിലിന്റെ കാൽക്കൽ പ്രത്യക്ഷപ്പെട്ടത്. എന്തൊരു വിരൂപൻ , ''പോ.. ദൂരെ പോ... ഞാനില്ല, ..എനിക്ക് കൂടെ വരേണ്ട, ഞാനിപ്പോൾ നിങ്ങളെ വെറുക്കുന്നു '' ഉറക്കെ പറയുന്ന എന്റെ ശബ്ദം എനിക്ക് കൂടി കേൾക്കാതായിരിക്കുന്നല്ലോ. കണ്ണുകൾ ഇറുകെ അടയ്ക്കാം . പക്ഷെ അയാൾ എന്റെ നെറുകയിൽ ചുംബിക്കുന്നല്ലോ. പ്രതികരിക്കാനാവുന്നില്ല . അയാളുടെ ചുണ്ടുകൾക്ക് മരവിപ്പിക്കുന്ന തണുപ്പാണ്. അത് നെറുകെയിൽ നിന്നും ശരീരത്തിലേക്ക് വ്യാപിക്കുന്നു.

ഇപ്പോൾ മരവിച്ച കൈകാലുകൾ ആരോ കെട്ടഴിച്ചു വിട്ടപോലെ സ്വതന്ത്രരായിരിക്കുന്നു . തള്ളിമാറ്റേണ്ട അയാളെ പുണർന്ന് ഒരു മറു ചുംബനം നൽകി അയാൾക്ക് അടിമപ്പെട്ടു ഞാൻ.