Tuesday, March 17, 2015

കടം

വിരസതയുടെ
ഇരട്ടവാലൻ പുഴുക്കൾ
തിന്നു തീർത്ത
കിനാവിന്റെ ഓട്ടയടക്കാൻ 
ഒരു നിലാതുണ്ട് വേണം 
മഴ നൂലുകൾ വേണം
ഓർമ്മകൾ ചേർത്ത്
തുന്നിക്കൂട്ടാൻ
നിന്റെ മിഴിമുനസൂചി
കടം തരണം

അച്ഛൻ പ്രസവിച്ചു

അച്ഛൻ പ്രസവിച്ചു
അമ്മ പ്രസവമുറിയുടെ
മുൻപിൽ അക്ഷമയോടെ
ഉലാത്തുകയായിരുന്നു
അമ്മായി കാജാ ബീഡി
ഒരു കേട്ടോളം
വലിച്ചു തീർത്തിരുന്നു
മൂന്നാമത്തേതാണ്
ഇതും ആണ്‍കുട്ടി തന്നെ
തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ
അമ്മയ്ക്ക് കൈമാറുമ്പോൾ
മെയിൽ നേഴ്സ് ചോദിച്ചു
'' നിർത്തണോ ...? ''
ഒരു പെണ്‍തരിയെങ്കിലും വേണ്ടേ
തറവാട്ടിന് കാരണോത്തിയായി
അമ്മ വിസമ്മതിച്ചു
പുരുഷ സമത്വത്തിന്റെ
ഒരു ജാഥ ആശുപത്രി ക്ക്
മുൻപിലൂടെ കടന്നു പോയി

ചാറല്‍

സ്വപ്നങ്ങളേ,
നൊടിയിടയിൽ 
അലിഞ്ഞു തീരാനാണെങ്കിൽ
ഇനിയും 
എന്റെ നെഞ്ചിലേക്ക് ചാറരുത്..!!

മനസ്സൊരു മഴ

സ്വപ്നങ്ങളുടെ മലമുകളിലേക്ക് ചാറി
ഓർമകളുടെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ
ചിന്തകളുടെ ചുഴികൾ താണ്ടി
മൌനത്തിന്റെ കയം നീന്തി
ശൂന്യതയുടെ സമതലങ്ങൾ വഴി
ശാന്തതയുടെ സമുദ്രത്തിൽ മരിക്കുന്നു
പിന്നെയും പ്രതീക്ഷയിൽ പിറന്ന്
സ്വപ്നങ്ങളിലേക്ക് പെയ്യും

വാർദ്ധക്ക്യം- രണ്ട് നിരീക്ഷണങ്ങൾ


1.
കൊഴിഞ്ഞു പോയ ബാല്യത്തെ
തിരയുന്നത് കൊണ്ടാവാം
വാർദ്ധക്യത്തിൽ നമ്മൾ
കുനിഞ്ഞു പോവുന്നത്
2.
സഫലമാവാത്ത സ്വപ്നങ്ങളെ
ചുമന്നു ചുമന്നാവണം
വാർദ്ധക്ക്യത്തിൽ
മനുഷ്യൻ കൂനിപ്പോവുന്നത്

വീട്ടിലേക്കുള്ള വഴി


മണ്ണിന്റെ മതിലുകളിൽ
പച്ചപ്പായലുകൾ പടർന്ന്
ഇടവഴിക്കിരു വശവും
അലങ്കരിച്ചിട്ടുണ്ടാവും
ശാന്തേച്ചീടെ വീടിനടുത്ത്
വെള്ള മഷിത്തണ്ട്
പൊട്ടിക്കാനാളില്ലാതെ
പടർന്നിട്ടുണ്ടാവും
രാമവിലാസിലെ
കടലാസ് പൂക്കൾ
മതിലിനപ്പുറത്ത് നിന്നും
വഴിയിലേക്കെത്തിനോക്കുന്നുണ്ടാവും
ആനപ്പറമ്പിൽ
തേന്മാവിന് ചുറ്റും ഒരു കാറ്റ്
ഞാൻ വരുമ്പോൾ ഒരു മാമ്പഴം
തട്ടി വീഴ്ത്താനെന്നോണം
വട്ടമിട്ടു നിൽക്കുന്നുണ്ടാവും
കറുകപ്പുല്ലുകൾ അതിരിട്ട
നടവരമ്പിൻ ചെരുവിൽ
ഞണ്ടുകളിപ്പോഴും
ഓടിക്കളിക്കുന്നുണ്ടാവും
വലിയ കുളത്തിൽ
എന്റെ ചൂണ്ട പൊട്ടിച്ച് പോയ
''കണ്ണൻ'' ഇടക്ക് വെള്ളം കടിച്ച്
പോവുന്നുണ്ടാവും
വീട്ടു പടിക്കലമ്മ
വഴിയിലേക്ക് മിഴി നട്ട്
കാത്തിരിപ്പാവും

വെറും കെട്ടിടമായത്

ഉമ്മ സ്നേഹം കൊണ്ടും
ഉപ്പ സംരക്ഷണം കൊണ്ടും
പടിയിറങ്ങി പോയതിൽ പിന്നെ
തറവാട് വെറും ഒരു കെട്ടിടമായി

രാത്രിയിലെ നഗരം

മനുഷ്യരെല്ലാം
മാളങ്ങളിൽ ഒതുങ്ങുന്ന
രാത്രിയിലാണ്
നഗരം വിവസ്ത്രയാവുന്നത്
ഉണങ്ങാത്ത
മുറിവോടകളിലെ
പഴുപ്പ് മണക്കുന്നത്
നടപ്പാതകളിൽ ജീവിതം
ചാക്ക് പുതയ്ക്കുന്നത്
എച്ചിലുകളിൽ
ശുനകൻമാർ
അന്നം തിരയുന്നത്
തലതല്ലിയകലുന്ന
തീവണ്ടിയൊച്ചകൾക്കൊപ്പം
നിലവിളികൾ അലിയുന്നത്
ചെകുത്താന്മാർ
ഭരണം ഏറ്റെടുക്കുന്നത്
എന്തിനെന്നറിയാതെ
ആളുകൾ കൊല്ലപ്പെടുന്നത്
പുലരാനരനാഴിക ഉള്ളപ്പോഴാണ്
ചോര കഴുകി , കുളിച്ച് കുറി തൊട്ട്
പകൽമാന്യന്മാർ പിറക്കുന്നത്

സ്വപ്നം

ഓർമകളുടെ ജാലകം
എത്ര കൊട്ടിയടച്ചിട്ടും
സ്വപ്നങ്ങളുടെ ഈ കള്ളിപ്പൂച്ച
ഏത് വഴിയാണകത്ത് വരുന്നത്

ഉമ്മാക്ക് എന്തിന്റെ മണമായിരുന്നു ...?

എനിക്ക് 
ഓർത്തെടുക്കാനേ കഴിയുന്നില്ല
ഓർമയില്‍ ഉമ്മാക്ക് 
ഇംഗ്ലീഷ് മരുന്നുകളുടെ മണമായിരുന്നു..
തലയിൽ തിരുമ്മാത്ത 
രാസനാദിയുടെയും
ഇട്ടു തരാത്ത 
കുട്ടിക്കൂറ പൌഡറിന്റെയും മണത്തോട് 
ഉമ്മാന്റെ മണം ചേരുന്നേ ഇല്ല

ഒരു സ്നേഹ ചുംബനത്തിന്റെയും 
രുചി ഓർക്കുന്നേ ഇല്ല ..

കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാലയിൽ
എണ്ണിയാലൊടുങ്ങാത്തത്ര തവണ
മക്കൾക്ക് വേണ്ടി ദൈവത്തോട്
അപേക്ഷിച്ചതിന്റെ 
സ്നേഹ മെഴുക്കുണ്ടായിരുന്നു

ഉമ്മാക്ക് കണ്ണീരിന്റെ
ഉപ്പു രുചിയാണെന്നു തോന്നും
മക്കളെ ഊട്ടാനും ലാളിക്കാനും
കഴിയാത്ത നിസ്സഹായതയിൽ
ഉമ്മ സ്നേഹം നിറച്ചു വെച്ചത്
കടലോളം ആഴം വെച്ചത്
നിറകണ്‍കളിൽ തന്നെയായിരുന്നു.

ഉമ്മാക്കിപ്പോൾ
മരണത്തിന്റെ മണമാണ്
കുന്തിരിക്കത്തിന്റെ
ചന്ദനത്തിരിയുടെ
ആത്മാവിന്റെ മണം

കത്തി തീരാത്ത ഒരു ചന്ദനത്തിരി
ഹൃദയത്തിൽ കെടാതെ
പുകഞ്ഞു കൊണ്ടേ ഇരിക്കുന്നതിനാൽ
ഞാനിപ്പോൾ ചന്ദനത്തിരി കത്തിക്കാറേ ഇല്ല