Tuesday, February 19, 2019

ഇല്ലാത്ത വല്ല്യുമ്മ

പടികയറി ചെല്ലുമ്പോള്‍
ഇല്ലാത്ത വല്ല്യുമ്മ
"എന്‍റെ മോനേ"ന്ന് വിളിച്ച്
കൈകവര്‍ന്ന് ഇരുതോളും
മാറി മാറി പുണരുമ്പോള്‍
സ്നേഹം മുഴുവന്‍
മുറുക്കാന്‍ മണത്തു
വരുമ്പോള്‍ കൊടുക്കാന്‍
വല്ല്യുമ്മ വല്ല്യുപ്പാനെ
ഏല്പ്പിച്ച് പോയതാവണം,
കാണുമ്പോഴൊക്കെ വല്ല്യുമ്മ
തരാറുള്ള ഈ സ്നേഹ ചുംബനങ്ങള്‍
വല്ല്യുമ്മാന്‍റെ കൂടെ
വല്ല്യുപ്പാനെ കാണുമ്പോള്‍
വല്ല്യുപ്പ ആരോഗ്യവാനായിരുന്നു
കുത്തിയൊലിക്കുന്ന പുഴയില്‍
രാപകലില്ലാതെ മീന്‍ പിടിച്ചിരുന്നു,
ഒന്നു ചുണ്ടനക്കിയാല്‍ കേട്ടിരുന്നു,
ഒരു നിഴല്‍ കണ്ടാല്‍ തിരിച്ചരിഞ്ഞിരിന്നു,
വല്ല്യുമ്മ പോയപ്പോള്‍ വല്ല്യുപ്പാന്റെ
ജീവന്‍ മാത്രം കൊണ്ടുപോയില്ല.
ചില മരണങ്ങള്‍ നമുക്ക്
വിശ്വസിക്കാനേ ആവില്ല
അവ ചില അടയാളങ്ങളില്‍ നമ്മെ
ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും

നോമ്പുകാലം

നോമ്പല്ലേ വരുന്നത്
പള്ളിത്തൊടിയാകെ
വൃത്തിയാക്കീട്ടുണ്ടാവും
തളിര്‍ത്ത് വരാന്‍
ഓരോ മൈലാഞ്ചിക്കൊമ്പ് വീതം,
വെട്ടുന്നവര്‍
ഖബറിന്റെ തലക്കല്‍
ബാക്കി വെച്ചിട്ടുണ്ടാവും
മണ്ണില്‍
പുതഞ്ഞു പോയിരുന്നതിനാല്‍
ഉമ്മാന്റെ പേര് മുഴുവന്‍
വായിക്കാനാവാതിരുന്ന
ആ മീസാന്‍ കല്ല്‌ ഉറച്ചിട്ടുണ്ടാവും
സ്നേഹിച്ച്
പൂതി തീരാത്ത ഒരു ഖല്‍ബ്
അടയാളം വെച്ചിട്ടുള്ളതിനാല്‍
കാണുമ്പോഴൊക്കെ
ഈറന്‍ നനവ്‌ പറ്റുന്നതിനാല്‍
മീസാന്‍ കല്ല്‌ പോയാല്‍ കൂടി
ഉമ്മാന്റെ ഖബര്‍ തെറ്റില്ല
അവിടന്ന് ഒന്നു
കൈ നീട്ടിയാലെത്തുന്ന
ഉപ്പാന്റെ ഖബറും
ഖബറില്‍ *നനച്ച്കുളി ഉണ്ടാവുമോ..?
*പാറോത്തിന്‍റെ ഇല
ആരാണാവോ ഉമ്മാക്ക് പറിച്ച് കൊടുക്കുക
അത് ഇക്കാക്ക തന്നെയാവും
അതിനൊക്കെ തന്നെയാവണം
ഇക്കാക്ക നേരത്തെപോയതും
ഇപ്പഴും എല്ലാ നോമ്പും
എടുക്കുന്നുണ്ട് ഉമ്മാന്റെ കുട്ടി
ചങ്കുപൊട്ടി ഈ കരയുന്നതൊക്കെ
ദുആ കളാണ്
റംസാനില്‍ കൂലി അത്രയധികമാണ്

മനസ്സൊരു മഴപോലെയാണ്

സ്വപ്നങ്ങളുടെ മലമുകളിലേക്ക് ചാറി
ഓർമകളുടെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ
ചിന്തകളുടെ ചുഴികൾ താണ്ടി
മൌനത്തിന്റെ കയം നീന്തി
ശൂന്യതയുടെ സമതലങ്ങൾ വഴി
ശാന്തതയുടെ സമുദ്രത്തിൽ മരിക്കുന്നു
പിന്നെയും പ്രതീക്ഷയിൽ പിറന്ന്
സ്വപ്നങ്ങളിലേക്ക് പെയ്യും

നീ...

എങ്കില്‍ ശരിയെന്നും
പിന്നെ കാണാമെന്നും പറഞ്ഞ്
പോവുന്നതിന്റെ തുമ്പില്‍
കാണാന്‍ തോന്നുന്നു
എന്ന് നീ പറയുന്നതിന് തൊട്ട് മുന്പ്
എനിക്ക് നിന്നെ കാണാന്‍ തോന്നിയിരുന്നു
അലക്കാതെയിപ്പോഴും നീ സൂക്ഷിച്ച
എന്റെ കുപ്പായത്തിനെന്റെ
മണം കൂടി കൂടി വരുന്നു
എന്ന്‍ നീ പറയുന്നത്
നേരാവാതിരിക്കാന്‍ തരമില്ല
നിന്റെ തലമുടിക്കാട്ടിലപ്പോള്‍
മുല്ലകള്‍ പൂക്കുകയും
രാകാറ്റില്‍ ഞാനത് മാത്രം
ശ്വസിക്കുകയും ചെയ്യുന്നു
ഉള്‍കാഴ്ചകള്‍ക്ക് ദൂരപരിധിയില്ലല്ലോ പെണ്ണെ
ഞാനെപ്പോഴും തൊട്ട് തൊട്ട് നില്‍ക്കുന്നുണ്ട്

മഴ ചോരുന്നത്


മഴവിത്തുകള്‍ ചുമന്ന്
ഓരൊട്ടകസംഘം
ആകാശമരുഭൂവിലൂടെ
കിഴക്കോട്ട് നീങ്ങുന്നു
ഇടത്താവളത്തില്‍
തീകൂട്ടാനാരോ
തീപെട്ടിയുരസിയുരസി
ഇടി മിന്നുന്നു
കാറ്റ് തട്ടിവീണൊരു
തകരവീപ്പയുരുണ്ട്
വെള്ളാരം കല്ലുകള്‍തോറും
ഇടി മുരളുന്നു
ഇടയ്ക്കാരുടെയോ കൈ തട്ടി
അമ്മ കൊടുത്ത് വിട്ട
പലഹാരപ്പൊതി ചിതറി-
വീണാലിപ്പഴമുതിരുന്നു
മഴച്ചാക്കുകള്‍തോറും തുളകള്‍ വീണ്
തുള്ളികളൊന്നിന്പിറകെയൊന്നായ്
നൂറായ് ആയിരമായ്
താഴേയ്ക്ക് ചോരുന്നു

കൂട്ടിമുട്ടാത്ത പാളങ്ങളില്‍ ഒരുരാജ്യം കിതച്ചോടുന്നു

ഒരു തീവണ്ടി
ആയിരക്കണക്കിന്
സ്വപ്നങ്ങളെയും വലിച്ചാവും
പോയിക്കൊണ്ടിരിക്കുന്നത്
ഉറങ്ങാതെയും ഉറങ്ങിയുമുള്ള
സ്വപ്നങ്ങള്‍
ചിലത് മാറി മാറി വരുന്ന
ജാലകക്കഴ്ച്ചപോലെ ഓടുന്നത്
ചിലത് വഴിയിലൊരു സ്റ്റേഷനില്‍
നിര്‍ത്തിയിട്ടപോലെ മിഴിവുള്ളത്
ചിലത് തുരങ്കത്തില്‍ അകപ്പെട്ട്
ഭയപ്പെടുത്തുന്നത്
ഒരു തീവണ്ടി
ആയിരക്കണക്കിന്
നെടുവീര്‍പ്പുകളെയും പേറുന്നുണ്ടാവും
ഇനിയെന്ന്‍ മടങ്ങിവരാനാവുമെന്ന
ആധികള്‍
വിദഗ്ധ പരിശോധനയ്ക്കുള്ള
ശരീരങ്ങള്‍
ആരും അന്യേഷിച്ച് വരാത്ത
ഒരിടത്തേക്കുള്ള പലായനങ്ങള്‍
ഒറ്റയായി പോവുന്നവരുടെ
മൌന വിലാപങ്ങള്‍
ഇവ്യ്കെല്ലാം അനുസരിച്ച് തീവണ്ടി
പാളങ്ങളില്‍ ക്രമരഹിതമായ
ഇടവേളകളില്‍ തലതല്ലുന്ന
ശബ്ദമുണ്ടാക്കുന്നു.
ഒരു തീവണ്ടി
ആയിരക്കണക്കിന്
വിശപ്പുകള്‍ തിന്നുന്നുണ്ടാവും
എടുക്കാനോ വാങ്ങാനോ
മറന്നുപോയ പൊതിച്ചോറിന്റെ
പരിസരം ചേരാത്തതിനാല്‍
സൂക്ഷിച്ച ഭക്ഷണപ്പൊതിയുടെ
വാങ്ങാന്‍ കഴിവില്ലാതെ പോയ
ഒരു കുപ്പി വെള്ളത്തിന്റെ
ഉടല്‍ നഗ്നത പരതുന്ന
വേട്ടക്കണ്ണുകളുടെ വിശപ്പുകള്‍
ഇടയ്ക്കെപ്പോഴെങ്കിലും
വന്നുപോവുന്ന ചായ വില്‍പ്പനക്കാരന്‍
വിശപ്പിനെ പിന്നെയും ഓര്‍മിപ്പിക്കുന്നു.
ഒരു തീവണ്ടി
ഒരു രാജ്യത്തെയാണ്
വഹിക്കുന്നതെന്ന് തോന്നും
ശീതീകരിണിയില്‍
രാഷ്ട്രീയ/മേലാളന്മാര്‍
പ്രത്യേകം കരുതിവെയ്ക്കപ്പെട്ട
ഇടങ്ങള്‍ ഉള്ളവര്‍
സാധാരണക്കാര്‍
വിപ്ലവകാരികള്‍
ആശ്രയര്‍, നിരാലംബര്‍
അനാഥര്‍, തീര്‍ഥയാത്രികര്‍
മോഷ്ടാക്കള്‍, വേട്ടക്കാര്‍
ലൈംഗീകതൊഴിലാളികള്‍
സുരക്ഷാ ഭടന്മാര്‍
അങ്ങിനെ തീവണ്ടി
ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂവി പോവുമ്പോള്‍
വണ്ടി ഒരിന്ത്യയാവുന്നു.

നെന്റച്ഛനും എന്റുപ്പേം

രമേശാ,
അവിടേം ചായപ്പീട്യണ്ടാവും
നെന്റച്ഛനും എന്റുപ്പേം
മമ്മദാക്കേം ണ്ടാവും
നായരെ ചായപ്പീട്യേല്
ആ കാലാടുന്ന ബഞ്ചിലിരിക്ക്ണ് ണ്ടാവും
വില്ല്കണ്ടത്തിലിത്തവണ
ഏത് വെളയെറക്കണം ന്ന്‍
നെന്റച്ഛനോടുപ്പ ചോയ്ക്കും
ഇരുട്ട് മുറീല് മ്മള്
മൂട്ടിവെച്ച വിത്ത് ണ്ടല്ലോ ന്ന്‍
നെന്റച്ഛന്‍ പറയും
അയിന് നല്ല നന വേണ്ടേ ന്ന്‍
ഉപ്പ സംശയം ചോദിക്കും
വല്ല്യൊളം ണ്ടാവുമ്പോ മ്മക്കെന്താ പേടീ ന്ന്‍
നെന്റച്ഛന്‍ സമധാനം പറയും
നമ്മടെ വല്ല്യൊളോം
സാമ്യാരുകുന്നൂം
പാടോം പറമ്പൂം
ഒക്കവടണ്ടാവൂടാ
ന്നിട്ടും ഓര്‍ക്ക്‌
നമ്മളില്ലാണ്ടാവൂലോടാ
ചായപ്പീടീല് കൂട്ടം കൂടിയിരുന്ന്
നമ്മള് വിളിക്കാന്‍ ചെല്ലൂന്ന്‍ കരുതി
അവര് വീട് മറന്നിട്ടുണ്ടാവും
ഈ ചെക്കനിതെവ്ടെ തെണ്ടാന്‍ പോയീന്ന്
ദേഷ്യപ്പെട്ണ് ണ്ടാവും
വൈന്നാരാവുമ്പോ
ഓര് രണ്ടാളും കൂടി
നമ്മടടുത്ത് വരും
കുട്ട്യോളെ കരേണ്ടാ ന്ന്‍ കാറ്റാവും
ഒപ്പം കരഞ്ഞ് മഴയാവും
കൊടയില് നമ്മളെ രണ്ടാളേം നിര്‍ത്തി
ഓരാ മഴേം കൊണ്ട് പോവും
നമ്മക്കും പിന്നാലെ പോണം
രമേശാ,
നിക്കിപ്പോ മരിക്കാന്‍ പേട്യെ ല്ലെടാ..!!

വയര്‍,നര, കഷണ്ടി,

വയര്‍,
എത്ര ഉള്ളിലേക്കെടുത്താലും
പുറത്തേക്ക് തള്ളുന്ന
കുടല്‍
നര,
എത്ര കറുപ്പിച്ചാലും
വെളുത്തുവരുന്ന
തലമുടി
കഷണ്ടി,
എത്ര ചീകി മറച്ചാലും
ബാക്കിയാവുന്ന
മണ്ട

പണിയുന്ന വീട്


Monday, February 18, 2019

വസന്തം ഉണ്ടാവുന്നത്

ദുനിയാവിന്റെ പുഴ
നീന്താത്ത കുഞ്ഞുങ്ങളാവും
മാനത്ത് നക്ഷത്രങ്ങളാവുന്നത്
അവര്‍ നിത്യവും
താഴോട്ട് നോക്കുന്നുണ്ടാവും
ഉമ്മമനസുകള്‍ രാത്രി മുഴുവന്‍
താരാട്ട് പാടുകയും
പാലൂട്ടുകയും ചെയ്ത്
പകല്‍ അവര്‍ ഉറങ്ങിപ്പോവും
രാത്രി പിന്നെയും ഉണരും
കാണാന്‍ കൊതിച്ച്
ഉമ്മ പെയ്യുമ്പോഴൊക്കെ
കാണാന്‍കഴിയാതെ അവര്‍
മേഘത്തിന്റെ തണലില്‍ ഒളിക്കും
സ്വര്‍ഗത്തില്‍ ഒരു വീടുണ്ടെന്നും
ഉമ്മവരുവോളം ഞാനിവിടെ
കാത്തിരിക്കുന്നെന്നും കരയേണ്ടെന്നും
ഉറക്കെ ഉറക്കെ പറയുന്നുണ്ടാവും
ഇടക്കവര്‍ കൂട്ടമായി
ഭൂമിയില്‍ വന്ന്‍ പിറക്കുമ്പോഴാണ്
വസന്തം ഉണ്ടാവുന്നത്.