Sunday, November 1, 2009

ഇനിയീ അടര്‍ക്കളത്തില്‍.....

ഇനിയീ അടര്‍ക്കളത്തിലിടറി വീഴാ-
മൊടുവിലെ ആയുധവും തകര്‍ന്നു പോവേ...
ഇനിവരും കുന്തമുന നെഞ്ചിലേറ്റാം -
പരിചതന്‍ പിടിമാത്രം കൈയിലാകേ...
ഇനിവരും ശരമുന ശിരസ്സുപിളര്‍ക്കാ -
മൊരു നൊടിയിട മാറാനാവാതെ നില്‍ക്കേ...
ഇനിയൊരു വാളിനാല്‍ ഗളംമുറിയാ -
മിരുകണ്ണിലിരുട്ടിന്റെ നിഴല്‍ പരക്കേ...
ഇനിയീ നിനവുകള്‍ പകലിന്റെ ദ്യുതിചേര്‍ത്ത് ഹൃത്തില്
‍ഇനിവരുമിരവിനു വെളുപ്പേകുവാനായ് കാത്തുവെയ്ക്കാം...

Friday, February 1, 2008

ചോദ്യങ്ങള്‍....

മനസ്സിന്റെ ശൂന്യതയിലേക്ക്
ഉറുമ്പുകളെപോലെ
വരിയായി അക്ഷരക്കൂട്ടങ്ങള്‍..
അച്ചടക്കമുള്ള പടയാളികള്‍പോലെ
അവ ചോദ്യങ്ങളായി പരിണമിക്കുന്നു...
ഉത്തരത്തിനായി എന്റെ
പേനപെറ്റ അക്ഷരങ്ങള്‍ നിരക്കുന്നു...
നിവര്‍ന്നു നില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്
‍വെട്ടിയെറിയപ്പെട്ട ജഢങ്ങളായി ഉത്തരങ്ങള്‍...
വീണ്ടും കുറിക്കാനെടുത്തതൂലിക നോക്കി
ചോദ്യങ്ങള്‍പരിഹസിച്ച്‌ ചിരിച്ചു...
എവിടെയെന്‍ കിനാക്കള്‍...?
എവിടെയെന്‍ പ്രതീക്ഷകള്‍...?

Thursday, September 27, 2007

കാത്ത്‌ നില്‍ക്കുന്നു ഞാന്‍...

ദീര്‍ഘനിശ്വാസമെന്‍ തഴപ്പായയില്‍
തളംകെട്ടികിടക്കുന്നതിന്‍ മുന്‍പെ
ശൂന്യമായെങ്ങോ നീളുന്ന പാതയില്‍
എന്നുമെന്നും കണ്‍ടിരുന്നു നാം
കൂരിരുള്‍ ചാലിച്ച രാത്രിയിലെവിടെയോ..
വീണുടഞ്ഞയെന്നോര്‍മതന്‍ ചീളുകള്‍
ഒരു നിലാവൊളിയിലൊന്നു തിരയുവാന്‍
നൊയമ്പെടുത്ത് കാത്തിരിപ്പാണു ഞാന്‍

പോയകാലത്തിന്‍ മര്‍ത്യബന്ധങ്ങള്‍
ധൂമശില്പങ്ങളായ് മാഞ്ഞിടുമ്പൊഴും
പോയ കിനാക്കള്‍തന്‍ വെണ്‍നിറച്ചാര്‍ത്തുകള്‍
കരിപുരണ്‍ട് വികൃതമാവുമ്പൊഴും
എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ...

നിന്റെ കിനാവില്‍ കനംതൂങ്ങുമോര്‍മതന്‍
കണ്ണുനീരായടര്‍ന്നു വീണീടുവാന്‍
നിന്റെ ഇരവിന്റെ കൂരിരുള്‍ തുമ്പിലായ്
വെണ്ണിലാവായ് വന്നലിഞ്ഞുചേര്‍ന്നീടുവാന്‍
ഒട്ടുനേരമീ ജീവിതവീഥിയില്‍ ഏകനായ്
വ്യര്‍ഥമായ് കാത്ത്‌ നില്‍ക്കുന്നു ഞാന്‍...

Sunday, August 5, 2007

പൂവുപോല്‍.....

പൂവുപോല്‍,പൂമ്പട്ടുപോലെന്‍-
കിനാക്കളില്‍ മധുചഷകമായി നീ...
രാത്രിമുല്ലതന്‍ സുഗന്ധംപോലെന്‍-
മനസ്സില്‍ വീശിയണഞ്ഞു നീ....
ഒരു തൂവലാലൊത്തിരിയെന്‍-
ഹൃദയത്തില്‍ പേരുകുറിച്ചു നീ..
നൊമ്പരക്കാറ്റിനോടേറ്റു തളര്‍ന്നൊരെന്‍-
ആശതന്‍തിരിയണയാതെ കാത്തു നീ...
വിജനമാമെന്നകത്തളത്തിലെന്‍-
പടിവാതിലിലാരുമറിയാതെ വന്നു നീ...
മഞ്ഞുപുതച്ച പുലരിപോലെന്‍-
നടവഴിയില്‍ കാത്തുനിന്നു നീ...
ആദ്യദര്‍ശനത്തില്‍ പോലുമെന്‍-
ഓര്‍മയിലെന്നോ പരിചിതയെന്നുതോന്നിച്ചു നീ..
പതിയെ മുകില്‍മാനത്തമ്പിളിപോലെന്‍-
കാഴ്ച്ചയില്‍നിന്നു മറഞ്ഞു നീ...
കരളില്‍ തിരുമുറിവാര്‍ന്നൊരെന്‍-
ജീവനില്‍ വിഷാദമധുരമാം നോവുപടര്‍ത്തി നീ...

Sunday, July 29, 2007

ഓര്‍മകള്‍...

പെയ്തൊഴിയുന്ന ചാറ്റല്‍ മഴപോലെ..
പുലരിയെ മൂടിയ മഞ്ഞുപോലെ..
തൂവാന്‍ തുടിക്കുന്ന കണ്ണീര്‍ പോലെ..
രാവിന്‍ ജാലകത്തിലൂടെത്തുന്ന നിലാവ് പോലെ..
ചില്ലയില്‍ നിന്നടര്‍ന്ന് വീഴുന്ന ഇലപോലെ...
ഒരു ചിലന്തിവല ഉടയുംപോലെ..
അലസമൊഴുകിയെത്തുന്ന ഒരു ഗാനംപോലെ..
പതിയെ മിഴിയടയ്ക്കുന്ന സന്ധ്യയെപോലെ....
ഇടനെന്‍ചിലേക്കരിച്ചിറങ്ങുന്ന വിഷാദംപോലെ..
തണുപ്പു പടര്‍ത്തുന്ന കാറ്റിനെപോലെ..
ഒരു നേര്‍ത്ത ചാലായൊഴുകുന്ന പുഴപോലെ...
അവളുടെ ഓര്‍മകള്‍...
ഒരു പാതിവഴിയില്‍ പിരിഞ്ഞിട്ടും...
പിരിയാതിനിയുമെന്‍ ഉയിരിലുയരുന്നു...

Sunday, July 15, 2007

മഴമുരളുന്നു..

മലകളിലിനിയും മഴപടരുന്നു...
താഴ്വരയിലൊരു മനമുരുകുന്നു...
മഴയുടെ മറപറ്റാനിടമില്ല വേറെയാ-
മണ്‍കുടിലിനുള്ളിലെ മാനവര്‍ക്കായ്..
മഴചീറിയലച്ചൊരാ രാവൊന്നില്‍ പൊട്ടി-
ച്ചിതറിയാ മലവന്നു വീണതീ കുടിലിന്‍മീതെ..
മാറത്തടക്കിയ കിടാങ്ങളും അമ്മയും
ചാരത്തൊരു നുള്ളുചോറുള്ള കിണ്ണവും..
മലദൈവകോപത്തിനിരയായതെന്തീ-
മണ്ണിനെ പൊന്നാക്കും പൊന്നുമക്കള്‍...
മലകളിലിനിയും മഴമുരളുന്നു..
താഴ്വരയിലിനിയും മനമിടറുന്നു...

Thursday, July 12, 2007

ഓര്‍കൂട്ട്...

ഈ ഓര്‍കുട്ടില്‍ വെച്ചാണവളെന്‍റ്റെ കൂട്ടായത്...
ഒരു സ്ക്രാപ്പിന്‍റ്റെ തുമ്പില്‍ വെച്ചായിരുന്നു തുടക്കം...
മറുകുറിപ്പെഴുതാന്‍ വൈകി എന്ന ക്ഷമാപണത്തോടെയാണവള്‍ വന്നത്...
അടുത്തറിഞ്ഞപ്പോള് ‍അവള്‍ക്കു വേണ്‍ടിയാണു ഞാനീ കൂട്ടിലെത്തിയതെന്നു തോന്നി.എനിക്കുവേണ്‍ടിയാന്ണവള്‍ പ്രൊഫൈല്‍ നിര്‍മിച്ചതെന്നും....
കൂട്ടുകള്‍ തേടിയലഞ്ഞിരുന്ന ഞാന്‍ പിന്നെ ഒരു കൂടും തേടിയില്ല...
അവളുടെ സുപ്രഭാത സന്ദേശങ്ങളാണെന്നെ പകലിലേക്ക് നയിച്ചിരുന്നത്...
അവളുടെ ശുഭരാത്രി സന്ദേശങ്ങളിലായിരുന്നു എന്‍റ്റെ മയക്കം...
പിന്നെ ചാറ്റ് റൂമില്‍ ഒരു വസന്തം തീര്‍ത്തു ഞങ്ങള്‍...
ബാല്യവും കൌമാരവും യൌവനത്തിലേക്ക് വീണ്‍ടും പൂത്ത് തളിര്‍ത്തു..
ശ്രിംഗലയുടെ മറുതലയ്ക്കല്‍ ഞങ്ങള്‍ പരസ്പരം കണ്‍ടു കൊണ്‍ടേ ഇരുന്നു...
ഒരു നിമിഷത്തെ വേര്‍പാടിനുപോലും പരസ്പരം അനുവാദം കാത്ത് ഞങ്ങള്‍ നിന്നു..
പിന്നീടെപ്പൊഴോ എന്‍റ്റെ കുറിപ്പുകള്‍ക്ക് മറുകുറിപ്പുകള്‍ വൈകാന്‍ തുടങ്ങി..
ഒരു ക്ഷമാപണത്തിലലിഞ്ഞ പിണക്കത്തോടെ വീണ്‍ടും....
പിന്നെ ക്ഷമാപണവും വൈകലും പതിവുകളായി..
വൈകിയെത്തുന്ന മറുപടികള്‍ക്കായി എന്‍റ്റെ കാത്തിരിപ്പ്..
ഒടുവില്‍ മറുതലക്കല്‍ മൌനംമാത്രം ബാക്കിയാക്കിക്കൊണ്‍ട് അവള്‍ പോയി...
എന്‍റ്റെ ഒരു സ്ക്രാപ്പിനു പോലും പ്രവേശിക്കാനാവാത്തിടമാക്കി അവളുടെ സ്ക്രപ്പ് ബുക്ക്..
അവള്‍ ഒരു മിഥ്യയാണെന്നും ഞാന്‍ ഈ കൂട്ടില്‍ ആദ്യമാണെന്നും ഞാനിപ്പൊള്‍ വിശ്വസിക്കുന്നു...

Sunday, July 8, 2007

പുഴുക്കുത്തുകള്‍...

ഇടനെഞ്ച് കീറിയരിഞ്ഞ്....
ചോരയിറ്റും ഹൃദയമടര്‍ത്തി...
ചുടു നീരിലൊന്നു മുക്കിയെടുത്തപ്പോള്‍..
ഒത്തിരി വലിയൊരു കറുത്ത കുത്ത്...
പാതിയെരിച്ച ചുരുട്ട് കുത്തി പൊള്ളിച്ചപോലെ...
അതവളുടെ നഷ്ടത്തിന്റെ മായാമുദ്രയാണ്...
അതിലൊന്നുതൊടുമ്പോഴെന്തൊരു നീറ്റല്‍...

കീറിമുറിച്ച നെഞ്ചിനും .......
അടര്‍ത്തിയെടുത്ത ഹൃദയത്തിനും ഇല്ലാത്തത്ര വേദന.

ഒരു നഖസ്പര്‍ശനത്തില്‍ ‍പൊടിയുന്ന-
ഓര്‍മതന്‍ നിണത്തിനെന്തിത്ര ചുവപ്പ്...

Friday, June 22, 2007

ചീറ്റിംഗ്/ടീച്ചിംഗ് പ്രാക്റ്റീസ്..

തീയതി,
ആണിത്ര പെണ്ണിത്ര,
വന്നതിത്ര വരാത്തതിത്ര..
വിഷയം സാമൂഹ്യപാഠം..

ഞാന്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്കാല്‍ ഇത്യാതി കാര്യങ്ങള്‍ ആലേഖനം ചൈതു...

ഞാന്‍ ഒരു മാഷു വിദ്യാര്‍ത്ഥി.എന്നെ ഒബ്സര്‍വാന്‍ വന്ന മാഷന്മാരാവാന്‍ പഠിക്കുന്നവരുടെ മാഷുടെ മുന്നില്‍ ക്ലാസെടുത്ത് തുടങ്ങുകയാണ്. എട്ടാം തരം ബി യിലാണു കഥ...

ഇനി വിഷയത്തിലേക്ക് കൊണ്‍ടുവരണം..

അങ്ങിനെ ഞാനും എന്റെ ക്ലാസിലെ കുട്ടികളും നേരത്തെ ഉണ്‍ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍..നേരത്തെ നിശ്ചയിച്ച ഒരോരുത്തരോടും ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ അവരോട് പറയാന്‍ ഏല്‍പ്പിച്ചിരുന്ന ഉത്തരങ്ങള്‍ അവര്‍ പറയുകയും ചൈതു.ആയതിനാല്‍ സമുദ്രാന്തരയാത്രകള്‍ എന്ന വിഷയത്തിലെത്തിപ്പെടാന്‍ എനിക്ക് പ്രയാസമുണ്ടായില്ല..

ഞാന്‍ വിഷയത്തിലെത്തിപ്പെട്ട രീതികണ്‍ട് എന്റെ ഇന്റേണല്‍ മാര്‍ക്ക് കൂടീട്ടുണ്‍ടാവും എന്നു ഒബ്സെര്‍വന്‍ സാറിന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് ബോധ്യമായി..

അങ്ങിനെ ഞാന്‍ ഉള്ളം കയ്യില്‍ കുറിച്ചു കൊണ്‍ട് വന്ന പോയിന്റുകളും നോക്കി ക്ലാസ് തകര്‍ത്തുകൊണ്‍ടിരുന്നു.ഇനി ടീച്ചാനുള്ള സഹായി ഉപയോഗിക്കണം.

മേശപ്പുറത്ത് ചുരുണ്‍ട് കിടക്കുന്ന ചാര്‍ട്ട്"ഇനി നമുക്ക് യാത്രികര്‍ സന്‍ചരിച്ചിരുന്ന വഴികള്‍ നോക്കാം" എന്നും പറഞ്ഞ് ഞാന്‍ നിവര്‍ത്തി ചുമരില്‍ തൂക്കി..

ലോകത്തെ മൊത്തം കയ്യിലെടുത്ത് ഒരു വീരശൂരപരാക്രമിയെ പോലെ നില്‍ക്കുന്ന എന്നെ എല്ലാവരും സംശയ ഭാവത്തില്‍ നോക്കുന്നു..

"അല്ല സാറെ ഇത് വഴി തന്ന്യാണോ അവര്‍ സന്‍ചരിച്ചെ..?"എന്ന ഒരുത്തന്റെ ചോദ്യം ക്ലാസില്‍ ഉരുണ്‍ട് കൂടിയിരുന്ന ചിരിമേഘത്തെ പെയ്യിച്ചു..

ഞാന്‍ തൂക്കിയ ചാര്‍ട്ടിലേക്കൊന്നു നോക്കി..എന്റെ തൊണ്‍ട വറ്റി, ഭൂമി പിളര്‍ന്ന് പാതാളം പൊയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി..സമുദ്രാന്തരയത്രകളുടെ മാപ്പിനു പകരം ഞാന്‍ കൊണ്‍ടു വന്നിരുന്നത് ഒരു ബയോളജി മാഷുടെ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ചാര്‍ട്ട് ആയിരുന്നു..