Monday, December 31, 2012
Friday, December 28, 2012
ശവകുടീരം...
ആ മധുരമാം
സ്മരണതന്‍
ശവകുടീരം
തിരികെ തന്നതിതെന്തെന്‍ പ്രണയമേ
മാത്രകള്‍ തോറും
പേറുന്നു ഞാനിന്നും
ചേതനയറ്റ നിന്‍
സ്മൃതി ശരീരം
ചെമ്പനീര്‍ നിറമോലും
മന്ദസ്മിതങ്ങളും
മോഹാഗ്നി വേവിച്ച
ശീല്‍ക്കാര ശബ്ദങ്ങളും
മൂകാന്തരീക്ഷം
ക്ഷണിച്ചിടുന്നു..
തിരികെ നീയണയില്ല
എന്ന സത്യത്തിലും
മിഥ്യ കാണാന്‍
കൊതിപ്പതുണ്ടിന്നു ഞാന്‍
കാലത്തിന്‍ പല്ലില്‍
ഞെരിഞ്ഞെത്ര
മഴ, വെയില്‍ ,മഞ്ഞു-
ടഞ്ഞു പോയീടിലും
എന്‍ സിരയിലായേറ്റിയ
പ്രണയാഗ്നിതന്‍ നാമ്പുകള്‍
നീറ്റി നീറ്റിയണക്കു-
വാനാവില്ലിനി
മന്ദസ്മിതങ്ങളും
മോഹാഗ്നി വേവിച്ച
ശീല്‍ക്കാര ശബ്ദങ്ങളും
മൂകാന്തരീക്ഷം
ക്ഷണിച്ചിടുന്നു..
തിരികെ നീയണയില്ല
എന്ന സത്യത്തിലും
മിഥ്യ കാണാന്‍
കൊതിപ്പതുണ്ടിന്നു ഞാന്‍
കാലത്തിന്‍ പല്ലില്‍
ഞെരിഞ്ഞെത്ര
മഴ, വെയില്‍ ,മഞ്ഞു-
ടഞ്ഞു പോയീടിലും
എന്‍ സിരയിലായേറ്റിയ
പ്രണയാഗ്നിതന്‍ നാമ്പുകള്‍
നീറ്റി നീറ്റിയണക്കു-
വാനാവില്ലിനി
പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്
പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ടിനു പെറാന്‍
പെണ്ണിനെ
പോണ്ണന്മാര്
കത്തി വെയ്പിക്കുന്നു
പെറാനാവാതെ പെറുന്ന
പെണ്ണിന്റെ പള്ളയില്‍
പിള്ള മുരണ്ടൂ
ഒടുക്കത്തെ
പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്
പെണ്ണിനെ
പോണ്ണന്മാര്
കത്തി വെയ്പിക്കുന്നു
പെറാനാവാതെ പെറുന്ന
പെണ്ണിന്റെ പള്ളയില്‍
പിള്ള മുരണ്ടൂ
ഒടുക്കത്തെ
പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്
പിച്ചി ചീന്തപ്പെടുന്ന കുരുന്നുകള്‍ക്ക്....
മകളേ...
നീയിവിടെ
പിറക്കാതിരുന്നെങ്കില്‍
മകളേ,
നീയെന്റെ നെഞ്ചിന്‍
നെരിപ്പോടിലഗ്നിയായ്
എരിയാതിരുന്നെങ്കില്‍
മകളേ,
നീയെന്റെ കിനാവില്‍
ചോരവീഴ്ത്തി
ചുവപ്പിക്കാതിരുന്നെങ്കില്‍
മകളേ,
നീയെന്റെ സിരകളില്‍
നോവുപടര്ത്തി
തളര്‍ത്താതിരുന്നെങ്കില്‍
മകളേ നിനക്കായ് ,
കാണാത്ത കണ്ണടര്‍ത്തി ,
കേള്‍ക്കാത്ത കാതടച്ച്.
ശബ്ദിക്കാത്ത തൊണ്ടപൊട്ടി
മരിക്കട്ടെ ഞാന്‍.......
നീയിവിടെ
പിറക്കാതിരുന്നെങ്കില്‍
മകളേ,
നീയെന്റെ നെഞ്ചിന്‍
നെരിപ്പോടിലഗ്നിയായ്
എരിയാതിരുന്നെങ്കില്‍
മകളേ,
നീയെന്റെ കിനാവില്‍
ചോരവീഴ്ത്തി
ചുവപ്പിക്കാതിരുന്നെങ്കില്‍
മകളേ,
നീയെന്റെ സിരകളില്‍
നോവുപടര്ത്തി
തളര്‍ത്താതിരുന്നെങ്കില്‍
മകളേ നിനക്കായ് ,
കാണാത്ത കണ്ണടര്‍ത്തി ,
കേള്‍ക്കാത്ത കാതടച്ച്.
ശബ്ദിക്കാത്ത തൊണ്ടപൊട്ടി
മരിക്കട്ടെ ഞാന്‍.......
ഇതും ഒരു പേറ്....
ചിന്തകള്‍ ഗര്‍ഭം ധരിച്ച്
അവന്‍ നൊന്തു പെറ്റ കവിത
പട്ടുതുണിയില്‍ പോതുഞ്ഞു ''ബ്ലോഗില്‍ '' കിടത്തി..
കണ്ടിട്ടും കാണാതെ പോയീ ചിലര്‍
ഒന്ന് കണ്ടു മിണ്ടാതെ പോയീ ചിലര്‍
കണ്ടിഷ്ടം പറഞ്ഞു പോയീ ചിലര്‍
ഇഷ്ടത്തില്‍ മുഖസ്തുതിയോതീ ചിലര്‍
ഇവളച്ഛനെ പോലെയെന്ന് ചിലര്‍
ഇവളേതോ ജാരസന്തതിയെന്നു ചിലര്‍
മുന്പത്തെതിനെക്കാള്‍ നിറമുണ്ടെന്നു ചിലര്‍
അത്ര സൌന്ദര്യമില്ലെന്നു ചിലര്‍
പട്ടും വളയും കൊടുത്തു ചിലര്‍
കുത്ത് വാക്ക് പറഞ്ഞു ചിലര്‍
കിട്ടിയ ഇഷ്ടങ്ങളും,
കേട്ട വാക്കുകളും
അവനിലെ ചിന്തതന്‍ ബീജത്തിന് ചലനമായി
ഹൃദയത്തില്‍ വളര്‍ത്തി തെരു തെരെ പെറാനവന്‍ പേനയെടുത്തു...
Monday, November 21, 2011
കണ്ണേ തുറക്കുക
കണ്ണേ തുറക്കുക
കണ്ണേ തുറക്കുക
മണ്ണിലീ മക്കള്‍ മരിക്കും മുന്‍പേ
മണ്ണും മലയും വിറക്കും മുന്‍പേ
മലകളില്‍ മഴ പടരും മുന്‍പേ
മലവെള്ള പാച്ചിലില്‍ ഒഴുകും മുന്‍പേ
ശിലയല്ലീ മനിതര്‍,
മജ്ജയും മാംസവും
ചോരയും ചിന്തയും
കൂടും കുടുംബവുമുള്ള മക്കള്‍
ഉത്തുന്ഗ ശൈലത്ത്തില്‍
അധികാര വര്‍ഗമേ
കണ്ണേ തുറക്കുക
കണ്ണീര്‍ തുടക്കുക
ഒരു ദുരന്തത്തിന്റെ വക്കില്‍ രക്ഷ തേടുന്ന മുല്ലപ്പെരിയാര്‍ നിവാസികള്‍ക്കായി...
Saturday, July 16, 2011
മറുമലയാളി
മടിശ്ശീലകള്‍ കനം വെക്കുവാനായ്
മടിയാതെ ഉഴയ്ക്കുമീ മറുമലയാളി
നാട്ടിലെ പത്രാസു വെടിഞ്ഞോന്നുഴയ്ക്കുകില്‍
നാലുകെട്ടും കൊട്ടിലും വാല്യക്കാരും
ആട്ടു കട്ടിലും വില്ലീസ് വണ്ടിയും
മട്ടും ഭാവവും വെടിയാനുറച്ചാല്‍
കിട്ടും ഇതിലും ലാഭവും
മലയാള മണ്ണിന്റെ കുളിരും കുടുംബവും
Monday, March 14, 2011
സുനാമി...
പതിവുപോലെ അന്നും കൃത്യ സമയത്ത് തന്നെ വീട്ടിക്കാടന്‍ ഉസ്താദ് സുബഹി ബാങ്ക് വിളിച്ചു. മനസ്സിലുടക്കിയ എന്തോ അസ്വസ്ഥതകൊണ്ട് രാത്രിമുഴുവന്‍ ഉറങ്ങാതെ പുലര്‍ച്ചെ ഒന്ന് കണ്ണ് ചിമ്മിയതെ ഉണ്ടായിരുന്നുള്ളൂ റഫീക്ക് .ഇന്ന് ഞായറാഴ്ചയാണ് കുട്ടികള്‍ക്ക് ഖുര്‍ആന്‍ ക്ലാസ്സുണ്ട് നസീമയും മക്കളും ഉറക്കം തന്നെ.അയാള്‍ നസീമയെ തട്ടി വിളിച്ചു. അവളോടൊന്നും പറയേണ്ടിയിരുന്നില്ല ഇന്നലെ തന്നെ ഇന്നത്തെ ടൈം ടേബിള്‍ അവള്‍ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു..
അവര്‍ക്ക് രണ്ടുമക്കള്‍ പത്തുവയസ്സുകാരി അനീസയും ആര് വയസ്സുകാരന്‍ അനസും. നസീമ അനീസയെ ഉണര്‍ത്തി.അനസ് അപ്പോഴും പുതപ്പിനുള്ളില്‍ ചുരുണ്ട് കിടപ്പാണ് .അനസിനെ എഴുനെല്‍പ്പിക്കെണ്ടതും ഒരുക്കേണ്ടതും അനീസയുടെ ഡ്യൂട്ടിയാണ് ഉമ്മ വീട്ടുപണിയെല്ലാം എടുക്കുന്നതിനെക്കാള്‍ ഭാരിച്ച ജോലിയാണതെന്നാണ് അവളുടെ പക്ഷം.
"ഡാ, അനൂ നീ എഴുനേല്‍ക്ക്നില്ലേ ..?'അവനെ അവള്‍ കുലുക്കി വിളിച്ചു.
അവന്‍ ഒന്ന് മുരണ്ടു വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടു.
'ഡാ, മദ്രസീല്‍ വര്നില്ലേ നീയ്..?'
'ഇല്ല ഇത്ത പൊയ്ക്കോ.' അവന്‍ നയം വ്യക്തമാക്കി
അവനെ വിട്ടിട്ടവള്‍ പോവുന്നതെങ്ങിനെ. ഇനി എന്തെങ്കിലും തന്ത്രം പ്രയോഗിച്ചാലേ അവന്‍ വരൂ..
''ഡാ, അങ്ങേ കുടീലെ അമീറിനെ ഇന്ന് മദ്രാസ്സില്‍ ചേര്‍ത്താന്‍ കൊണ്ടാരനുണ്ടാത്രേ , എല്ലാ കുട്യോള്‍ക്കും മുട്ടായീം കൊട്ക്ക്നുണ്ടത്രേ ''ഇത്രയും പറഞ്ഞവള്‍ പല്ല് തേക്കാനിറങ്ങി .
ഇതിലവന്‍ വീഴുമെന്നും വാതിലിന്റെ മറവില്‍ അവന്റെ കുഞ്ഞു മുഖം എത്തിനോക്കുന്നത് കാണാമെന്നും അവള്‍ക്കറിയാമായിരുന്നു.
''ഇത്ത പരേനത് സത്യംന്നെ ല്ലേ..?'' അവന്‍ സംശയം പ്രകടിപ്പിച്ചു.
''ഇന്ക്കെന്തിനാ അന്നോട് നൊണ പറഞ്ഞ്ട്ട് ?'' നീ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതിയെന്ന ഭാവത്തില്‍ അവള്‍ പറഞ്ഞു .
പിന്നെ അവനും പോവാന്‍ ഉത്സാഹമായി.പതിവിനു വിപരീതമായി കടലില്‍ ഒരു മഴക്കോളിന്റെ നിറം.കടലില്‍ മൂടിയ കറുപ്പ് കടലോരത്തെ അവരുടെ വീടിന്റെ മുകളില്‍ നിഴല്‍ പടര്‍ത്തി നിന്നു .
അനീസ പോവാന്‍ റെഡിയായി. അനസിനെ ഒരു വിധം ഒരുക്കിയെടുത്തു .ഇപ്പോള്‍ അവന്റെ ചെരുപ്പ് കാണാനില്ല.സാധാരണ വെക്കുന്നെടത്തെല്ലാം നോക്കി.
''എവിടെയാണാവോ ചെക്കന്‍ ഇന്നലെ ഊരിയെരിഞ്ഞത്..? സ്വന്തായിട്ട് ഒരു സാധനം എടുത്തെക്കാന്‍ ചെക്കന് വയ്യ'' അവളവനെ കുറ്റപ്പെടുത്തി
അവസാനം ഒരെണ്ണം മേശക്കടിയില്‍ നിന്നും, ഒരെണ്ണം മുറ്റത്ത് നിന്നും കിട്ടി.ഉമ്മ അപ്പോഴേക്കും കട്ടന്‍ചായയും ഉപ്പുമാവും തയ്യാറാക്കി വെച്ചിരുന്നു. അത് കഴിച്ചു തീര്‍ന്നപ്പോഴേക്കും സമയം വൈകി. ഇനി അഞ്ചുമിനിട്ടെ ഉള്ളൂ.'' ഫാത്തി അ'' തുടങ്ങുന്നതിനു മുന്‍പേ മദ്രസ്സയിലെത്ത്തനം .ഉപ്പ ഉറക്കത്തില്‍ തന്നെ.
''ഉമ്മാ ഞങ്ങള്‍ പോണേ'' അവര്‍ യാത്ര പറഞ്ഞിറങ്ങി
''കോട കൊണ്ടൊയ്ക്കോ മഴക്കോള് കാണാനുണ്ട് '' ഉമ്മ വിളിച്ചു പറഞ്ഞു
''വേണ്ട ഒരോട്ടത്തിനു ഞങ്ങള്വടെത്തും ''അവള്‍ പറഞ്ഞു.
അടുത്ത് തന്നെയുള്ള മദ്രസയിലേക്ക് അനുവിന്റെ കയ്യും പിടിച്ചവള്‍ നടന്നു.പോവുന്നതിനിടയില്‍
''മുട്ടായി കിടൂം ല്ലേ..?'' എന്നവന്‍ വീണ്ടും സംശയം പ്രകടിപ്പിച്ചു.
''ഊം കിട്ടും, നീ വേഗം വാ''അവനു വേണ്ടി അവള്‍ തന്റെ ഉടുപ്പില്‍ കരുതിവെച്ച മിട്ടായി തോട്ടുകൊണ്ടാവല്‍ പറഞ്ഞു.
മദ്രസയുടെ ഗേറ്റിനടുത്തെത്തിയപ്പോഴേക്കും ''ഫാത്തി അ'' തുടങ്ങി. വൈകിവരുന്നവരെ പിടിച്ച് ശിക്ഷിക്കാന്‍ ഉസ്താദ് വള്ളിച്ചൂരലുമായി നില്‍ക്കുമെന്ന് തന്നെ അവള്‍ പ്രതീക്ഷിച്ചു. ഉസ്താദ് അവിടെത്തന്നെ ഉണ്ട് എന്നാല്‍ കയ്യില്‍ ചൂരലില്ല മുഖത്ത് പുഞ്ചിരി
''പെങ്ങളും കുഞ്ഞാങ്ങളീം എന്ത്യേ വൈകീത്..?''
''പോരാന്‍ നോക്കുമ്പോ അനൂന്റെ ചെരുപ്പ് കാണാതായി ''
''ഊം ,എന്നാ കേറി ഇരുന്നോ..''
അവര്‍ ആശ്വാസത്തോടെ ക്ലാസ്സില്‍ കയറി ഇരുന്നു .ഉസ്താദിന്റെ പെരുമാറ്റത്തില്‍ അവള്‍ക്ക് അത്ഭുതവും സന്തോഷവും തോന്നി .ഒരു മിനുറ്റ് വൈകിയാല്‍ ചൂരല്‍ പ്രയോഗം നടത്തുന്നയാളാണ്
അന്നവള്‍ക്ക് അന്ത്യ നാലിനെ കുറിച്ചായിരുന്നു ക്ലാസ് ,വരാന്‍ പോവുന്ന പ്രളയവും താഴ്ന്നു വരുന്ന സൂര്യനും ഇളകിമറിയുന്ന കടലും അവളെ ഭയപ്പെടുത്തി ഇന്റര്‍വെല്ലിനു അനു അവള്‍ടെ അടുത്തെത്തി
'' ഇത്ത ഇന്നോട് നൊണ പറഞ്ഞൂ ല്ലേ..? നൊണ പരെനോരെ പടച്ചോന്‍ സിക്ഷിക്കൂംന്നു ഉസ്താദ് പറഞ്ഞു''
''മദ്രസീല്‍ കൊണ്ടോരാന്‍ നോണ പറഞ്ഞാല്‍ പടച്ചോന്‍ ഒന്നും ചെയ്യൂല, അനക്ക് മുട്ടായിഅല്ലേ വേണ്ടു അത് ഞാന്‍ പോവുമ്പോ തരാം ''
മദ്രസ തീരുന്നത് വരെ അവളുടെ മനസ്സില്‍ അവസാന നാളിന്റെ ഭയപ്പാടും അവന്റെ മനസ്സില്‍ അവളവന് കൊടുക്കാന്‍ പോവുന്ന മിട്ടായിയും ആയിരുന്നു.
മദ്രസ വിട്ടപ്പോള്‍ പുറത്ത് വല്ലാത്ത ഇരുട്ട് .ഒരു വലിയ മഴക്കോള് പോലെ. കുടയെടുക്കാന്‍ പറഞ്ഞിട്ട് എടുത്തതുമില്ല . മഴകൊണ്ട് വീട്ടിലെത്തിയാല്‍ ഉമ്മ ചീത്തപറഞ്ഞത് തന്നെ. അവള്‍ അനുവിന്റെ കയ്യും പിടിച്ച് വേഗത്തില്‍ നടന്നു.
കടലില്‍ പക്ഷികള്‍ കലപില കൂട്ടി പറക്കുന്നു. കടലിലെ വെള്ളം ഒരുപാട് താഴേക്ക് പോയിട്ടുണ്ട് അവസാന നാളിലെ കറുത്തിരുണ്ട ദിനത്തെ കുറിച്ചവള്‍ ഭയപ്പാടോടെ ഓര്‍ത്തു. വീട്ടിലെത്താന്‍ ഇത്തിരി കൂടിയേ ഉള്ളു.വീട്ടു പടിക്കല്‍ ഉമ്മ നോക്കി നില്‍ക്കുന്നത് കാണാം. അവള്‍ അനുവിനെയും പിടിച്ച് നടത്തത്തിന്റെ വേഗത കൂട്ടി
''ഇത്ത എവടെയാ മുട്ടായി വെച്ചിര്‍ക്കണേ ''
''അതൊക്കെ അവടെ ണ്ട്, നീ വേഗം വാ മഴ പ്പോ പെയ്യും ''
കടലില്‍ നിന്നും ഒരിരമ്പല്‍ കേള്‍ക്കുന്നു. അതിന്റെ ശബ്ദം കൂടി കൂടി വരുന്നു.അവസാന നാളിലെ കാഹളത്തിന്റെ ശബ്ദം ഇങ്ങിനെയാവുമോ അവളുടെ നെഞ്ചിടിപ്പ് കൂടി. കര ഒന്ന് വിറച്ചത് പോലെ.
''ഇത്താ കടലിനെ നോക്ക്''
അവള്‍ നോക്കി.കടലില്‍ ഒരു മല ഉയര്‍ന്നു വരുന്നത് പോലെ .അതവിടെ തന്നെ താഴുമെന്നവള്‍ കരുതി പക്ഷെ അത് നീങ്ങി വരുകയാണ് കരയിലേക്ക് അനുവിന്റെ കൈ പിടിച്ചവള്‍ മണല്‍ പരപ്പിലൂടെ ഓടി. ആ കുഞ്ഞു പാദങ്ങളുടെ വേഗതക്ക് ചീറി വരുന്ന ഭീമന്‍ തിരകളെ പിറകിലാക്കാന്‍ കഴിയുന്നതെങ്ങിനെ.
തിര അവരെയും വിഴുങ്ങി മിന്നോട്ട് പോയി. അവരെ എടുത്ത് ഉയരത്തിലേക്ക് എറിഞ്ഞു .അവള്‍ അനുവിന്റെ കൈ മുറുകെ പിടിച്ചിരുന്നു.തിര അവരെ ഒന്ന് കുടഞ്ഞു.അവളുടെ കണ്ണില്‍ ഇരുട്ട് കയറി .അവന്റെ കുഞ്ഞിക്കൈ അവളുടെ വിരലുകളില്‍നിന്നൂര്‍ന്നു പോവുന്നതവളരിഞ്ഞു .
പിന്നീടെപ്പോഴോ ഉണര്‍ന്നപ്പോള്‍ അവള്‍ വീണുകിടന്നിരുന്ന ഒരു തെങ്ങിന്‍ കുരലില്‍ കുടുങ്ങി കിടപ്പായിരുന്നു.ശരീരം മുഴുവന്‍ വേദന.ചുറ്റും കടലിരമ്പം .ആരൊക്കെയോ കരയുന്നു.അപായ ശബ്ദങ്ങള്‍ മുഴങ്ങികെല്‍ക്കുന്നു.
അനു എവിടെ.? ഉമ്മയോ..?അവള്‍ ഉറക്കെ കരഞ്ഞു..
ആരോ അവളെ എടുത്ത് ആശുപത്രിയിലെത്തിച്ചു അവള്‍ അനുവിനെയും ഉമ്മയും ഉപ്പയെയും ചോദിച്ച് കരഞ്ഞു കൊണ്ടിരുന്നു.ഒരുപാട് സമയം കഴിഞ്ഞു ആണ് ഉപ്പ വന്നത് .ഉപ്പ ആകെ കരഞ്ഞു തളര്‍ന്നിരിക്കുന്നു. ഉപ്പ ടൌണില്‍ പോയതായിരുന്നു തിരിച്ചെത്തിയപ്പോള്‍ വീടിരുന്നിടം കടല്‍. ഉപ്പ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു..
''അനൂം ഉമ്മേം എവിടെ..?''
അവളുടെ ചോദ്യത്തിനു കണ്ണുനീരല്ലാതെ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല
ഉടുപ്പില്‍ അനുവിനായി കരുതിയിരുന്ന മിഠായി അവള്‍ പരതിയെടുത്തു. ഭാഗ്യം അത് പോയിട്ടില്ല
ഉമ്മയുടെ വിരല്‍ തുമ്പും പിടിച്ച് അനു വരുന്നതും കാത്ത് അവള്‍ കിടന്നു.
Wednesday, February 23, 2011
ജ്വാലകള്‍
ചിതറിത്തെറിച്ച
കരിഞ്ഞ മാംസകഷ്ണങ്ങള്‍ക്ക്
ജഡം എന്ന പേര്നല്‍കേണ്ടി വന്നു ...
പാതി മേയ്യായവന്റെ വിലാപം
എരിഞ്ഞമര്‍ന്ന സഹ -
ജീവനെ ഓര്‍ത്തായിരുന്നു
കുരുതിക്കളത്തിലുതിര്‍ന്ന
ജീവന്റെ തുടിപ്പുകള്‍
ജീവശ്ചവങ്ങളെ സൃഷ്ടിച്ചു...
പൊട്ടിത്തെറിപ്പിച്ചവനെ
ഓര്‍ത്ത് പെരുമപ്പെട്ടവര്‍
പൊട്ടിയമര്‍ന്നവരെ
ഓര്‍ത്ത് സഹതപിച്ചിരിക്കുമോ ...?
ഓര്‍ക്കുക !!!
ചിതറിയ മാംസ കഷ്ണങ്ങളില്‍നിന്നുമോരായിരം
പോരാളികള്‍ ഉയിര്‍ക്കും
ഉരുക്ക്കുളമ്പിട്ട പാദുകങ്ങള്‍ക്കടിയില്‍
സ്വാതന്ത്ര്യത്തിന്റെ തീജ്വാലയെ
എത്രകാലം ഞെരിച്ചമര്ത്താനാവും ...!!!
Wednesday, September 8, 2010
പ്രവാസി
ഇരുമ്പുചക്രപ്പല്ലുകൾ ഞെരിച്ചാ
യന്ത്രം മണ്ണിൽ തലതല്ലി
കർണകഠോരമായ് കീറിമണ്ണിന്‍
ഹ്യദയദമനികളലിവില്ലാതെ...
കല്ലും സിമന്റുമരച്ചുചവച്ചു യന്ത്രം
തുമ്പിക്കൈയാല്‍ ചീറ്റുന്നു..
കുഴിയാനക്കൊമ്പാലൊരു യന്ത്രം
ഭാരം വിണ്ണില്‍ ഉയര്‍ത്തിതള്ളുന്നു
പതച്ചുപൊങ്ങും ആവിയിൽ
വിയര്‍ത്തു കിതച്ചു നര ജന്മം
വിളര്‍ത്ത സിമന്റു തൂണിന്‍ ചരുവില്‍
ഇത്തിരി തണലിന്‍ മറ തേടി
നിശ്ചലമീ മരുഭൂവിലൊരുതരി -
കാറ്റുതിരഞ്ഞു മടുത്തിട്ടും..
മേലാളര്‍തന്‍ നാക്കിന്‍ നിര്‍ദയ -
വാക്കുകള്‍തന്‍ ശരമേറ്റിട്ടും
അക്കരെ വിണ്ണിന്‍ കീഴിലുറങ്ങും
കൂടും കുടുംബവുമുയിര്‍ത്തീടാന്‍
നരച്ച മണ്ണില്‍ ചുവടുതളര്‍ന്നിവര്‍
ഉയിരുകൊടുത്തുമുഴയ്ക്കുന്നു..
യന്ത്രം മണ്ണിൽ തലതല്ലി
കർണകഠോരമായ് കീറിമണ്ണിന്‍
ഹ്യദയദമനികളലിവില്ലാതെ...
കല്ലും സിമന്റുമരച്ചുചവച്ചു യന്ത്രം
തുമ്പിക്കൈയാല്‍ ചീറ്റുന്നു..
കുഴിയാനക്കൊമ്പാലൊരു യന്ത്രം
ഭാരം വിണ്ണില്‍ ഉയര്‍ത്തിതള്ളുന്നു
പതച്ചുപൊങ്ങും ആവിയിൽ
വിയര്‍ത്തു കിതച്ചു നര ജന്മം
വിളര്‍ത്ത സിമന്റു തൂണിന്‍ ചരുവില്‍
ഇത്തിരി തണലിന്‍ മറ തേടി
നിശ്ചലമീ മരുഭൂവിലൊരുതരി -
കാറ്റുതിരഞ്ഞു മടുത്തിട്ടും..
മേലാളര്‍തന്‍ നാക്കിന്‍ നിര്‍ദയ -
വാക്കുകള്‍തന്‍ ശരമേറ്റിട്ടും
അക്കരെ വിണ്ണിന്‍ കീഴിലുറങ്ങും
കൂടും കുടുംബവുമുയിര്‍ത്തീടാന്‍
നരച്ച മണ്ണില്‍ ചുവടുതളര്‍ന്നിവര്‍
ഉയിരുകൊടുത്തുമുഴയ്ക്കുന്നു..
Subscribe to:
Posts (Atom)