Sunday, February 24, 2019

മഴ കനക്കുമ്പോള്‍

മഴ കനക്കുമ്പോള്‍
പുഴ കരഞ്ഞുകലങ്ങി
ഓടിപ്പോവും
വഴിവക്കിലെ 
കാടും വള്ളിയും പടര്‍പ്പും
എന്തെന്ന് , എങ്ങോട്ടെന്ന്
കൂടെ പോവും
കര കവിഞ്ഞ്
പറമ്പില്‍ കയറും
വാഴയും കപ്പയും
പിഴുതെറിയും
റോഡില്‍ കയറി
വഴി തടയും
പാവങ്ങളുടെ വീട്ടില്‍ കേറും
ചോറുകലം തട്ടി മറിക്കും
ആരാണീ മഴയത്തും
പുഴകള്‍ക്കിങ്ങിനെ
തീ കൊടുക്കുന്നത്

ഓർമ്മകളുടെ അത്തറുകുപ്പി

ആകാശപ്പത്തായത്തിൽ
* പാത്ത് വെക്കാൻ കൊടുത്ത
ഓർമ്മകളുടെ അത്തറുകുപ്പി
ആരാണിങ്ങിനെ
മഴനൂലുകളിൽ കെട്ടിയിറക്കുന്നത് ..😊
* പാത്ത് വെക്കാൻ = സൂക്ഷിച്ച് വെക്കാൻ

കിണര്‍

വീടിന്‍റെ തെക്ക് പടിഞ്ഞാറേ മൂല
എപ്പഴും കിണറിലേക്ക്
എത്തി നോക്കിയിരുന്നു
മഴപെയ്ത് നിറഞ്ഞ 
രാത്രികളില്‍ കിണര്‍
വീടിനോട് വെളുക്കുവോളം
മിണ്ടീം പറഞ്ഞുമിരുന്നിരിക്കണം
മഴമാറി വേനല്‍ കിണറ് കുടിച്ച്
വറ്റിച്ച് കൊണ്ടിരിക്കുമ്പോള്‍
വീടിനും ആധിയാവും
ഇപ്പോള്‍ കാണാനേയില്ലെന്ന്
വല്ലാത്തൊരു ശൂന്യതയെന്ന്
ഇങ്ങിനെ മൗനമാവല്ലേയെന്ന്
വീട് മൂലോടിനിടയിലെ
ഒരോടിൻ കഷ്ണം കിണറിലേക്കിട്ട്
മുരടനക്കാറുണ്ട്
വേനലിലെപ്പോഴെങ്കിലും
മഴച്ചാറലിനോപ്പം
വീട് കിണറിനോട്
സങ്കടം പറയും
മിണ്ടാട്ടമില്ലാതെ
കണ്ണെത്താ ദൂരത്ത്
വീട് നിൽക്കുന്നുണ്ടോയെന്ന്
വേനൽ രാത്രികളിൽ
കിണറ് ആകുലപ്പെടും
സുബ്ഹി ബാങ്ക് കൊടുക്കുംവരെ
*വുളുവെടുക്കാൻ ഉമ്മ
കിണറ്റിൻ കരയിലെത്തുംവരെ
*കൊട്ടക്കോരിയിലിട്ട വീടിന്റെ കുറിപ്പ്
കിണറിലെത്തും വരെ
കിണറത്രയും വിരഹം നോൽക്കും
കിണറിപ്പോൾ നിറഞ്ഞിട്ടുണ്ടാവും
വീടെവിടെയെന്ന്
അടുക്കള ശബ്ദങ്ങളെവിടെയെന്ന്
ഉമ്മയെവിടെയെന്ന്
എത്തിനോക്കുന്നുണ്ടാവും
കൈവരികളിൽ പിടിച്ച്
കയറാൻ നോക്കുന്നുണ്ടാവും
ആളനക്കമില്ലാത്ത എവിടേക്കോ
മരിച്ചുപോയല്ലോ എന്ന്
*പൊന്ത മൂടി കരയുന്നുണ്ടാവും
----
*കൊട്ടക്കോരി = വെള്ളം കോരാൻ ഉപയോഗിക്കുന്ന പാട്ട /ബക്കറ്റ് / പാള
വുളു = അംഗ ശുദ്ധി - നമസ്കാരത്തിന്
പൊന്ത = ചെടികളും വള്ളികളും പടർന്ന ഇടം

മഴയുടെ രുചിഭേദങ്ങള്‍

നീ മഴ എന്നെഴുതുന്നു 
ഞാന്‍ മിഴി എന്ന് വായിക്കുന്നു 
നീ തണുപ്പെന്ന് പുതയ്ക്കുന്നു 
ഞാന്‍ ഉപ്പെന്ന് തുടക്കുന്നു 
മഴക്കടലിന്‍റെ രണ്ടറ്റങ്ങളില്‍ 
മഴക്കെന്തെന്ത് രുചിഭേദങ്ങളാണ് പെണ്ണേ.

മഴക്കാലം

മാമ്പഴക്കാലം 
കടന്ന് പോയ മഴക്കാലം 
കരച്ചില്‍ ചിറകെട്ടി 
തേവി വറ്റിക്കുന്നു

മുഹബ്ബത്തിന്‍റെ ചുംബനമഴകള്‍

തന്നയച്ച
ചുംബനങ്ങളുടെ
സങ്കടപ്പൊതികള്‍
ഉപ്പിലിട്ട്
കാത്ത് കാത്തിരുന്ന്
ഒരുമിച്ച് കൂട്ടി
പിന്നെയും
പൊടുന്നനെ തീര്‍ന്ന് പോയി
പിന്നെയുമുപ്പിലിട്ട്
കാത്തിരുന്നങ്ങിനെ
വര്‍ഷമിത് പത്തായിരിക്കുന്നു
തിരിച്ചയക്കുമ്പോള്‍
റൂഹ് തിരിച്ച് തരാത്തവളേ
ബഹറിന്‍റെ അത്തറ് കുപ്പി
ചുണ്ടില്‍ തേച്ച്
ഖല്‍ബില്‍ മുത്തിയവളേ
നിനക്കെന്‍റെ
മുഹബ്ബത്തിന്‍റെ ചുംബനമഴകള്‍

എന്‍റെ കുട്ടി

മഴയിപ്പോഴും
പതം പറയുന്നുണ്ടാവും
തോര്ന്ന് പിന്നെയും
ചാറി ചാറി കരയുന്നുണ്ടാവും
വാതിലോളം വന്ന്
എന്നും നിരാശകള്
സങ്കടത്തിലിട്ട് വെക്കുന്നുണ്ട്
എന്റെ കുട്ടി

കളി കഴിയുന്നേയില്ല..!!

കാൽപന്ത്കളിയുടെ
മൈതാനം
ആരവങ്ങൾ കൊണ്ട് 
മുഖരിതമാവുന്നു
എതിർ ഗോൾവലയം
ലക്ഷ്യമാക്കി
ഇരു ടീമുകളും
മുന്നേറിക്കൊണ്ടേയിരിക്കുന്നു
കോടിക്കണക്കിന്
കണ്ണുകളും
ഹൃദയങ്ങളും
തലച്ചോറുകളും
തന്റെ എന്റേതെന്ന്
തീറെഴുതപ്പെട്ടു
മഴ അപ്പോഴും
പെയ്ത്‌കൊണ്ടേയിരുന്നു
മരങ്ങൾ പലതും വീണു
മലകൾക്കത്രയും
സമ്മർദ്ദം സഹിക്കാനാവാഞ്ഞ്
പൊട്ടിയടർന്ന് വീണു
നിസ്സഹായനായൊരുവൻ
ഒന്ന് പ്രതിരോധിക്കാൻ
കൂടിയാവാതെ
തോൽപ്പിക്കപ്പെട്ട്
നനഞ്ഞ മണ്ണിൽ
ജീവിതത്തിന്റെ തകർന്ന
ഗോൾവലയം പരതുമ്പോൾ
കരയുന്നേയില്ല
കളി
തുടർന്ന് കൊണ്ടേയിരിക്കുന്നു
പശുവിനെ
പുല്ല് തീറ്റിക്കാനൊരാൾ
മൈതാനത്തിലേക്ക്
കൊണ്ടുവരുന്നു
അയാളത്തിനെ
ഇപ്പോൾ കൊല്ലുമെന്നൊരാൾ
ഉറക്കെ വിളിച്ച് പറയുന്നു
ചുറ്റും ആൾകൂട്ടം
അതാവർത്തിക്കുന്നു
അയാളെ കൊല്ലണമെന്നൊരാൾ
പറയാൻ കാത്തിരിക്കുന്നു
മൈതാന മധ്യത്തിലോരാൾ
അന്യായമായി മർദ്ദിക്കപ്പെടുന്നു
അമ്പയർ വരുന്നുണ്ടെന്നാരോ
ആശ്വസിക്കുന്നു
പാതി മരിച്ചയാളെ
വലിച്ചിഴച്ച് കൊല്ലാൻ
അമ്പയർ മുന്നിൽ നടന്ന്
വിസിലൂതുന്നു
കളി കഴിയുന്നേയില്ല
പന്ത് നമ്മളെ കബളിപ്പിച്ച്
സ്‌കോർ ബോർഡിൽ
അക്കങ്ങൾ പെരുക്കിക്കൊണ്ടിരിക്കുന്നു.

പനി

പനി 
ഇറങ്ങിപ്പോവുക എന്നാല്‍
ചിലന്തിവലനാരുകള്‍ 
സസൂക്ഷ്മം വേര്‍പെട്ട് 
ഒരു ചെറു ജീവി 
സ്വതന്ത്രമാവുന്ന പോലെയാണ്

മഴ

നനഞ്ഞ 
തീവണ്ടി മണമുള്ള
മഴകള്‍