Thursday, February 28, 2019

ജിന്ന്


വെളുത്ത തലേകെട്ടും
നീളന്‍ കുപ്പായോം
ഒറ്റത്തുണീം ഏട്ത്ത് 
നിലാവിന്റെ വെളിച്ചത്തില്
പള്ളിത്തൊടൂല് കണ്ടോരുണ്ട്
ശുദ്ധിയില്ലാതെ
അകത്തെ പള്ളീല്
കെടന്നൊറങ്ങ്യോരെ
പള്ളിക്കൊളത്തില്
കൊണ്ടോയിട്ടൂന്ന് കേട്ടിട്ടുണ്ട്
മൂന്നുംകൂട്യ നേരത്ത്
വെളിച്ചം വറ്റുമ്പോ
പൊറത്തെറങ്ങ്യ
പെണ്ണ്ങ്ങൾടെ ഉള്ളിൽ
കേറാറ്ണ്ടായിരുന്നു ത്രെ
സുവർക്കത്തിലെ
അത്തറ് മണക്കണ
കുപ്പായമിട്ടൊരുപ്പാപ്പ
കുഞ്ഞുങ്ങള്ടെ കിനാവില്
കയറിപ്പോയി
ഇക്കിളി ആക്കുന്നതിനാലാണ്
ഉറക്കത്തിലും അവര്
ചിരിക്കുന്നതെന്ന്
ഞാനെപ്പോഴും വിശ്വസിച്ചിരുന്നു

അവന്റെ എന്റെ ഉമ്മ


പണ്ടത്തെ നാട്ടിൽ
എനിക്ക്
എല്ലാ വീട്ടിലും 
ഉമ്മമാരുണ്ടായിരുന്നു
നബീസൂന്റെ കുട്ട്യല്ലേ ന്ന്
അയൽവീട്ടിലെ
ഉമ്മമാരെല്ലാം
സ്നേഹം വിളമ്പും
അന്നൊക്കെ
ഞാനും അന്റെ മ്മേം
ന്ന് പറഞ്ഞ് തുടങ്ങി
അവരോരോ കിസ്സയുടെ
മധുരമൂട്ടും
അവരുടെ
കണ്ണുകളിലപ്പോൾ
ഉമ്മവന്ന് നിറയും
തണുത്ത കൈപിടിച്ച്
അവരപ്പോഴെന്റെ ഉമ്മയാവും
ഞാനൊരു പാൽ കുഞ്ഞായി
അലിഞ്ഞില്ലാതാവും
ഉമ്മമാരെപ്പോലെയുള്ള
ഉമ്മമാർ പോവുമ്പോഴെല്ലാം
നമ്മൾക്കതാണിത്രയും
കണ്ണ് ചോരുന്നത്

'' മ ''

എറ്റവും തണുപ്പുള്ള അക്ഷരം
എ യുടെയും സി യുടെയും
നടുവിൽ കിടക്കുന്ന ബി യല്ല
മരണത്തിലും മരവിപ്പിലും 
മിഴിയിലും മൊഴിയിലും
മനസ്സിലും മൗനത്തിലും
മഴയിലും മഞ്ഞിലുമുള്ള
അമ്മയുടെ ഉമ്മയിലുള്ള
അമ്മിഞ്ഞയുടെ '' മ '' യാണ്

ഇറങ്ങിപ്പോരുമ്പോൾ

ഇറങ്ങിപ്പോരുമ്പോൾ
തിരിഞ്ഞു നോക്കാറില്ല
എനിക്ക് മാത്രം
കേൾക്കാവുന്ന ശബ്ദത്തിൽ
വീടുറക്കെ കരയുന്നുണ്ടാവും
ഞെട്ടറ്റ് വീണേക്കാവുന്ന
അവളെ താങ്ങി
വീട് അകത്തേക്ക്
കൊണ്ടുപോവും
കെട്ടിവെച്ച മഴക്കെട്ട്
നിയന്ത്രണം വിട്ട്
അഴിഞ്ഞ് പെയ്യാൻ
തുടങ്ങിയിട്ടുണ്ടാവും
പുറത്തേക്ക് തൂവരുതെന്ന്
കൺപീലികൊണ്ട്
ചിറ കെട്ടിയതിന് മീതെ
സങ്കടത്തിന്റെ തുള്ളികൾ
വിങ്ങി പൊട്ടിയടരും
വഴിയേറെ പിന്നിട്ടാലും
ഞാൻ വീട്ടിൽ നിന്നും
ഇറങ്ങിയിട്ടേ ഉണ്ടാവില്ല
അവളുടെ ആകാശം
തോരുവോളം
നനഞ്ഞേയിരിക്കുന്ന
ഭൂമിയാവും ഞാൻ

ഒടുവില്‍


നിന്റെ ആകാശം

നിന്റെ ആകാശം
ഞാൻ വാരിക്കൂട്ടി തീയിടുന്നു 
നീയെന്ന് തണുത്തിട്ടെനിക്ക്
വേദനിച്ചിട്ട് വയ്യ

അവരുടെ ദൈവം


എടവഴീക്കൂടെ
കാലൊടിഞ്ഞോരു പത്തായം
വടിയുംകുത്തി ഇറങ്ങിപ്പോവുന്നു
വഴിയിലെ വീടുകളിൽ നിന്ന്
മേൽക്കൂരകളാണതാദ്യം കണ്ടത്
മൂലോടുകളാണ്
പട്ടികകളോട് കാര്യം പറഞ്ഞത്
പട്ടിക ഉത്തരങ്ങളോടും
ഉത്തരം ചുമരുകളോടും
ചുമരുകൾ ജനലുകളോടും
ജനലുകൾ വാതിലുകളോടും
പറഞ്ഞതോടെ
ഇനി അറിയാത്തവരില്ലെന്നായി
കോഴിക്കൂടുകളും
മഞ്ചയും കട്ടിലുകളും
മേശകളും കസേരകളും
ഉരലും ഉലക്കയും
എന്തിനധികം പറയുന്നു
കൈക്കോട്ടിന്റെ തായവരെ
പത്തായത്തിനെ അനുഗമിച്ചു
വഴിയിൽ
ആരും ആരോടും
ഒന്നും മിണ്ടിയതേയില്ല
മഞ്ഞ് കൊണ്ടിട്ടെന്നോണം
എല്ലാവരും കരഞ്ഞ് നനഞ്ഞിരുന്നു
കാട്ടുകുളം ഇറക്കം കഴിഞ്ഞ്
കയറ്റം കയറി അവർ
വലത്തെ ഇറക്കം ഇറങ്ങി
ശരിയാണ് അവരുടെ
ദൈവം മരിച്ചിരിക്കുന്നു
കരഞ്ഞ് ചീർത്തതിനാൽ
രാത്രി വീടുകളിലാർക്കും
ഒരു വാതിലും അന്നടക്കാനായില്ല.

ഉപ്പിക്കാത്ത കടല്‍

നിന്‍റെ കണ്ണുകളുടെ
താഴ്വാരത്തെ
സങ്കടങ്ങളുടെ തടാകങ്ങള്‍
ഞാൻ തേവി തേവി വറ്റിക്കും
ഇനിയൊരു
വേദനയുടെ പുഴയ്ക്കും
കടന്നുവരാനാവാത്ത വിധം
ചുംബനങ്ങളുടെ തടയണ പണിയും
ഒടുവിൽ നമ്മൾ
ഉപ്പു കാറ്റുകൾക്ക്
പ്രവേശനം നിഷേധിക്കപ്പെട്ട
ഉപ്പിക്കാത്തൊരു കടലാവും

ഉമ്മാന്‍റെ ഖബര്‍

ഉമ്മാന്‍റെ  ഖബര്‍
പറക്കമുറ്റാത്ത
കുരുന്നുകള്‍
സന്ദര്‍ശിക്കുമ്പോള്‍
ഉമ്മക്കരച്ചിലുകള്‍ തോരാതെ
ഖബറിലെ മണ്ണ് നനയും
കൂട്ടിക്കെട്ടിയ
തുണികള്‍ പൊട്ടിച്ച്
ഉമ്മ എഴുനേറ്റ് വരും
മക്കളെ കെട്ടിപ്പിടിച്ച്
മതിയാവോളം
ഉമ്മകള്‍ കൊടുക്കും
കണ്ടു നില്‍ക്കെ
മലക്കുകള്‍ പോലും
കരഞ്ഞു പോവും
പടച്ചവനോട് ഉമ്മാക്ക്
ശുപാര്‍ശ ചെയ്യും

റൂഹേ..

ജന്നത്തില്‍ നിന്ന്
മലക്കുകളുടെ
കണ്ണുവെട്ടിച്ച്
ദുനിയാവിലേക്ക്
ഒളിച്ചോടി വന്നവളേ
പൂക്കളുടെ ചോപ്പിനെ
തോൽപ്പിക്കുന്ന അധരങ്ങൾ
നീ മൂടിവെയ്ക്കുക
തേനെന്ന് വണ്ടുകൾ
കുടിയിരിക്കാം
ചായ്ച്ചു കെട്ടിയ
കണ്പീലികളാൽ
നീ ജാഗരൂകയാവുക
തീയെന്നീയാംപാറ്റകൾ
വീണു മരിച്ചേക്കാം
സന്ധ്യതൂവിയ
നിൻ കപോലങ്ങൾ
നീ പൊതിഞ്ഞ് പിടിക്കുക
പൂമ്പൊടിയെന്ന്‌
ശലഭങ്ങൾ തപസ്സിരിക്കാം
ആയുസ്സിന്റെ കിത്താബിൽ
പേരു ചേർക്കപ്പെടാത്തവളേ
തിരിച്ചുപോവുമ്പോഴെന്റെ
റൂഹും കൊണ്ട് പോവുക