Wednesday, February 20, 2019

വിരഹം - മഴ

ഇനിയും വറ്റാതെ
ഒരു തുള്ളി മഴ
കവിളില്‍ എവിടെയോ
കാണാതായിട്ടുണ്ട്
--------------------------
മഴ 
ഈറന്‍ 
കുടഞ്ഞു വിരിച്ച 
ഉമ്മറത്താണിപ്പഴും
---------------------------
ഒരു മഴ നടണം
ഒരു പോക്കാച്ചിത്തവളയേം കുടുംബത്തേം
അതിന്‍റെ ചോട്ടില്‍ പാര്‍പ്പിക്കണം
ഒരു ചീവീടും , ഒരു തിത്തിരി പക്ഷിയും
ഈ നിശ്ശബ്ദതയാകെ
തൂത്ത് വൃത്തിയാക്കണം
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------
വേദനിക്കുമ്പോള്‍
നമ്മള്‍ ആരെ കാണണം
എന്നാണ് ആഗ്രഹിക്കുക
ഉമ്മാനെ തന്നെ അല്ലേ..
അവിടെ നിന്ന് കിട്ടുന്നതിനേക്കാള്‍
വലിയ മരുന്ന്
ഏത് ഡോക്ടര്‍ക്കാണ് എഴുതി നല്‍കാനാവുക
ഉമ്മ പോയതില്‍ പിന്നെ
വേദനകള്‍ക്കെല്ലാം
വേദന തന്നെയായിരുന്നു കൂട്ട്
ഇപ്പൊ വേദനകള്‍ക്ക്
മറുമരുന്ന്
നല്ല പാതിയുണ്ട്
മക്കളുണ്ട്
സ്വപ്നങ്ങളുണ്ട്
വേദനയൊക്കെ വെറും തോന്നലാണ്
പക്ഷെ പെണ്ണെ...,
നിന്നെയും മക്കളെയും
കാണാന്‍ തോന്നുന്നത് മാത്രമാണ്
യാഥാര്‍ത്ഥ്യം
--------------------------
മഴയോലകള്‍ മേഞ്ഞ ആകാശം
നിലാവ് ചോര്‍ന്ന് വെളുക്കുന്നു

No comments:

Post a Comment