Wednesday, February 20, 2019

വീടുമരം

മരം
ഒരു വീടാണ്
വേരച്ഛൻ
നീരും അന്നവും തേടി
ദേശാടനം നടത്തുന്നവൻ
തടിയമ്മ
ഇലകുഞ്ഞുങ്ങളെയും
പൂ പൈതങ്ങളെയും
പോറ്റി വളർത്തുന്നവൾ
ഒരോ ഇലയ്ക്കും
ഓരോ പൂവിനും
അവർ പേര് വെച്ചിട്ടുണ്ടാവും
പേര് ചൊല്ലി വിളിക്കുന്നുണ്ടാവും
കാറ്റ് പറഞ്ഞ കഥകൾ
മുതിർന്ന ഇലകൾ
കുഞ്ഞിലകൾക്ക്
പറഞ്ഞുകൊടുക്കുന്നുണ്ടാവും
തങ്ങൾ മരിച്ച് പോവുന്നതല്ല
അച്ഛനെ തിരഞ്ഞ്
പോവുന്നതാണെന്ന്
പഴുത്തിലകൾ പച്ചിലകളെ
വിശ്വസിപ്പിക്കുന്നതിനാലാവണം
പഴുത്തിലകൾക്കൊപ്പം
ചിലപച്ചിലകളും
ഞെട്ടറുത്ത് വീഴുന്നത്
വെയിലത്തും മഴയത്തും
മരച്ചോട്ടിൽ തന്നെ
കിടക്കാൻ ഭാഗ്യം കിട്ടുന്ന
ഇലകൾക്കാവും
അച്ഛന്റെ അടുത്തെത്താൻ
കഴിയുന്നതും
കുഞ്ഞിലകളായി വീണ്ടും
ജനിക്കാൻ കഴിയുന്നതും

No comments:

Post a Comment