Tuesday, February 19, 2019

മഴയുപ്പ

എത്ര ചായ്ച്ചു കെട്ടിയാലും
പൂമുഖത്ത് കയറി ഇരിക്കാതെ
മഴ പെയ്ത് പോവാറേയില്ല
മുറ്റത്തെ ചെടികളും
തൊടിയിലെ വിത്തുകളും
കാത്ത് കാത്തിരുന്നിരുന്ന
ഒരു മഴയുപ്പയുണ്ടായിരുന്നു
ചാരുകസേരയിലെ
തുണിശീലയില്‍
തലയിലെ മെഴുക്ക്‌ മണം
ഇപ്പോഴുമുണ്ടാവണം
ഇടയ്ക്ക് സ്വപ്നത്തില്‍
അതിനുമിടയില്‍ ആള്‍ക്കൂട്ടത്തില്‍
എത്രയോ പേരുടെ
ശബ്ദങ്ങള്‍ക്കിടയില്‍ നിന്നും
ഉമ്മാക്കും മക്കള്‍ക്കും
വേര്‍ തിരിച്ചെടുക്കാനാവുന്ന
ഒരു ചുമ മുഴങ്ങി അലിയാറുണ്ട്
ദ്രവിച്ച പട്ടികച്ചീളിലൂടെ
ഇളകിയ ഓടിന്‍ വിടവിലൂടെ
കരിപിടിച്ച ഉത്തരത്തിലൂടെ
കുമ്മായമടര്‍ന്ന ചുമരിലൂടെ
മഴ ചോരുന്നെന്ന് പറയരുത്
അവരുപ്പയെ തിരയുന്നതാണ്.

No comments:

Post a Comment