Tuesday, February 19, 2019

വീട് മരുക്കുമ്പോള്‍..

വീട്
പേടിക്കുന്നുണ്ടാവും
വേദനിക്കുന്നുണ്ടാവും
കാത്തിരുന്നിരുന്ന
നിശ്വാസപ്പൊട്ടുകളെല്ലാം
നഗ്നമാക്കപ്പെട്ട മേല്‍ക്കൂരവഴി
ആകാശത്തേക്ക് ചാടി
ആത്മാഹുതി ചെയ്തിട്ടുണ്ടാവും
ഉമ്മറത്ത്
വരാന്തയില്‍
ഉപ്പ ചാഞ്ഞിരിക്കാറുള്ള
കസേരയുടെ ഇരിപ്പിടത്തില്‍നിന്ന്
ഇറങ്ങിപ്പോവാന്‍ കൂട്ടാക്കാതെ
ഒരു കാറ്റ് കരയുന്നുണ്ടാവും
അകത്ത്
നിസ്കാരപ്പായില്‍
ഓതിക്കൊണ്ടേയിരിക്കുന്ന ഉമ്മ
പുറത്തെ ബഹളങ്ങള്‍
എന്താവുമെന്ന് ചെവിയോര്‍ക്കുന്നുണ്ടാവും
ഒരു മച്ചിങ്ങവീണെന്ന്
ഓട് പൊട്ടിയേക്കുമോ എന്ന്
ഉമ്മ ഉപ്പയോടാധി പറയുന്നുണ്ടാവും
ഖബറിലെമേല്‍ക്കൂരയ്ക്
നിങ്ങടെ ബീഡിപ്പുകമണമാണെന്ന്
ഉമ്മ പറയുമ്പോഴെല്ലാം
തൊട്ടപ്പുറത്ത്
ഉപ്പ വീട് കാണുന്നുണ്ടാവും
മരിച്ചുപോയാല്‍
വീടിനും ഉടമസ്ഥരെ തേടി
പോവാതിരിക്കാനാവില്ലല്ലോ..!!

No comments:

Post a Comment