Sunday, May 26, 2013

ചില പ്രണയ ചിന്തകൾ






















നിനക്കെന്നിലിടം തന്നതിൽ പിന്നെ
എനിക്കെന്നിലിടമില്ലാതെയായി..
.........................................................................

എന്നിൽ നിന്നെ വെച്ച്
പടിയിറങ്ങിപ്പോയ നിന്നെ
ഞാനെന്തിന് കാത്തിരിക്കണം ...!!
.....................................................................
നിന്നെ കാണാൻ
എനിക്കൊരു കണ്ണാടി മതി
...................................................................
എന്നിൽ നിന്ന് നീ ഇറങ്ങിപ്പോയിട്ടും
നിന്നിൽ നിന്ന് ഞാൻ ഇറങ്ങി വന്നിട്ടും
എന്റെ മിഴി തുളുമ്പാൻ
എന്താണ് നീ ബാക്കി വെച്ച് പോയത്

Friday, May 24, 2013

പ്രണയമേ...

നിന്നെ ,
കാണാതിരിക്കാൻ
കണ്ണുകൾ ചൂഴ്ന്നെടുക്കാം
കേൾക്കാതിരിക്കാൻ
ചെവികൾ കൊട്ടിയടക്കാം

നിന്നെ കുറിച്ച് ,
മിണ്ടാതിരിക്കാൻ
അധരങ്ങൾ മൂടി മൗനിയാവാം
എഴുതാതിരിക്കാൻ
വിരലുകൾ അറുത്തു മാറ്റാം

പക്ഷെ ,
നിന്നെക്കുറിച്ച്
ചിന്തിക്കാതിരിക്കാൻ
എന്റെ ഹൃദയം നിലയ്ക്കണം
എന്നിൽ നീ കുടിയിരിക്കുമ്പോൾ
ഞാൻ ആത്മാഹുതി ചെയ്യുന്നതെങ്ങിനെ....?

Sunday, May 19, 2013

പരിഭവം മഴയോട് ...


മഴപ്പെണ്ണെ,
നിന്നോട് പരിഭവിച്ച് ,

പുഴ
അരുവികൾ വഴി
മല കയറിപ്പോയി

വിത്ത്
മുളപൊട്ടാതെ
മറഞ്ഞിരുന്നു

മീൻ
അലക്കുകല്ലിൽ
തല തല്ലി മരിച്ചു

കൊക്ക്
ഒറ്റക്കാലിലെ
ഒരു ഓർമച്ചിത്രമായി

പൂമ്പാറ്റ
പ്യൂപ്പയിലേക്ക്
മടങ്ങിപ്പോയി

കിണർ
വക്കിടിഞ്ഞ് തൂർന്നു

കാട്
തീ പെട്ട്
ആത്മാഹുതി ചെയ്തു

മഞ്ഞുമലകൾ
കരഞ്ഞ് കൊണ്ടേയിരിക്കുന്നു

നീ വരില്ലയെങ്കിൽ
പെണ്ണെ ഞാനും
മണ്ണിലേക്ക് ചേരും ....

വെള്ളിയാഴ്ച .....















അലാറത്തിന്റെ ശബ്ദം
കേൾക്കാതെ പോലും പതിവ് സമയത്ത്
ഉണർന്ന് പോവുന്ന വെള്ളിയാഴ്ചയിൽ
സഹമുറിയന്റെ സാനിദ്ധ്യം കൊണ്ട്
അവധി ദിവസം തിരിച്ചറിഞ്ഞ്
കട്ടിലിലേക്ക് വീണുറ ങ്ങാൻ
ശ്രമിക്കുമ്പോൾ മനസ്സ് നാട്ടിലെത്തും

കവിളത്ത്
ഒരു കുഞ്ഞ് കൈ പതിഞ്ഞ്
ഉണർന്നു പോവും
പിന്നെ ഒരു ചക്കരയുമ്മ തന്ന്
മോൾ ചിരിക്കും
വയറ്റത്തിരുന്ന്
മോൻ ആന കളിക്കും
തലമുടി പിടിച്ച് വലിച്ച്
മോൾ എഴുനേൽക്കാൻ പറയും
''മക്കളും ഉപ്പേം എഴുനേറ്റെ''
എന്ന ശാസന കേൾക്കും
മക്കളെ പുണർന്ന് കിടക്കുമ്പോൾ
ആവി പറക്കുന്ന മുഹബ്ബത്തിന്റെ
ഒരു ചായ കയ്യിൽ പിടിച്ച്
മുടിയിലെ വെള്ളം മുഖത്തേക്ക്
അവൾ കുടയുമ്പോഴാവും ഉണരുന്നത്

പച്ചപ്പിൽ നിന്നും മരുഭൂമിയിലേക്ക്
മഴയത്ത് നിന്നും വേനലിലേക്ക് ....

ഒരു ബ്രേക്ക് ....













വിരൽ തുമ്പിലെ പേന വറ്റി
വാക്കുകളെ മൗനം വിഴുങ്ങി
സ്മരണകൾ മൃതിയടഞ്ഞ്
കിനാവുകൾ ഇരുട്ടടഞ്ഞ്
ചിന്തകൾ സ്തംഭിച്ച്
മനസ്സൊരു വെള്ളക്കടലാസുപോലെ
ശൂന്യമായങ്ങിനെ .......ഇനിയെത്ര നേരം

തിരിച്ചറിവുകൾ..





















അകലങ്ങളിലാവുമ്പോഴാണ് 
അടുത്തിരിക്കാൻ തോന്നുന്നത്

നിന്റെ സല്ലാപത്തിന്റെ മഴ
നിലച്ചപ്പോഴാണ്
ഞാനതിൽ നനഞ്ഞിരുന്നതറിയുന്നത്

പിഴുത് മാറ്റാൻ നോക്കുമ്പോഴാണ്
വേരാഴത്തിലിറങ്ങിയതറിയുന്നത് ...

എന്നിലെ എന്നെ തിരഞ്ഞപ്പോഴാണ്
അത് നിന്നിലാണെന്നറിയുന്നത്

മതിലുകൾ



















സന്ദേശങ്ങളും
ശബ്ദ വീചികളും
അറിയിപ്പുകളുമില്ലാതെ....
നാം ഒരു മതിലിനിരുപുറവുമാവുമ്പോൾ
അപ്പുറത്ത് നിന്നൊരു
ചുള്ളിക്കമ്പെങ്കിലും മുകളിലേക്കെറിയുക
നിൻറെ അസ്ഥിത്വം അറിഞ്ഞ്
ഞാനൊന്നാശ്വസിക്കട്ടെ ......

വലയിൽ വീഴുന്നവർ

അറ്റമില്ലാത്ത ഈ വലയുടെ
അങ്ങേ തലക്കൽ നിന്നും
നിൻറെ സന്ദേശങ്ങൾ
തരംഗങ്ങളായി വന്നെന്നെ
മൂടാൻ തുടങ്ങിയതിൽ പിന്നെയാണ്
ഞാൻ വലയിൽ പെട്ടത് മറന്നു പോയത്

ഇടക്ക് കണ്ണി പൊട്ടി
തരംഗം നിലച്ച്
ഞാനും നീയും രണ്ട്
ലോകത്തായപ്പോഴാണ്
വലക്ക് പുറത്ത് നമ്മൾ
അപരിചിതരാണെന്നറിയുന്നത്

ഒടുവിൽ വലക്കകത്താണെന്ന്
തിരിച്ചരിഞ്ഞ് പുറത്ത്
കടക്കാൻ ശ്രമിക്കുമ്പോഴാണ്
വലയുടെ കണ്ണികളിൽ
കുടുങ്ങിപ്പോയതറിയുന്നത്......

ഒന്ന് വേർപെടാൻ .....

ആൾകൂട്ടത്തിൽ
ഇനിയൊന്ന് തനിച്ചാവണം
ഈ തണൽ മായുന്നതിന് മുൻപേ
വെയിലിൽ ഇറങ്ങണം
സൂര്യ താപമേറ്റ് പൊള്ളുന്ന
ആ സഹന ശീലം തിരിച്ചെടുക്കണം
ഇനിയെങ്കിലും
കണ്ണീർ പൊഴിച്ച്
ആവോളം ശബ്ദത്തിൽ
വാവിട്ട് കരയണം
കനം വെച്ച നോവുകളെ
പെയ്ത് തീർക്കണം .....

രണ്ട് ചിന്തകൾ ...

നമ്മിൽ കനംവെച്ച
മൗന മേഘങ്ങൾ
അക്ഷരങ്ങളായ്‌ പെയ്യും വരെ
ഈ ശൂന്യതയിൽ വളർന്ന നിശ്ശബ്ദത
അലിഞ്ഞ് പോവുന്നതെങ്ങിനെ .....
.....................................................

ഉള്ളിൽ,
ഇടക്ക് ഒരു വിഷാദത്തിന്റെ കനൽ
നീറി നീറി പുകയും ...

ചിലപ്പോൾ,
പൊട്ടി വീഴുന്ന നക്ഷത്രം പോലെ
ശൂന്യതയിൽ തന്നെ കത്തിയമർന്ന് ഇല്ലാതാവും

അല്ലെങ്കിൽ,
മഞ്ഞുകാലത്തെ വൈക്കോൽ കൂനപോലെ
അകം പൊള്ളിച്ച് പുകഞ്ഞു കൊണ്ടേയിരിക്കും
അടുത്ത ഋതുവിലേക്ക് മനസ്സ് മാറും വരെ......