Tuesday, March 18, 2014

ആ കാട്ടുതീയിൽ


എത്ര കിളിമുട്ട
വെന്തിരിക്കാം
അതിലെത്ര ചിറകുകൾ
കരിഞ്ഞിരിക്കാം

എത്ര പൂവുകൾ
പൂമ്പാറ്റകൾ
അതിലെത്ര പുതുനാമ്പുകൾ
പെട്ടിരിക്കാം

എത്ര പേടമാൻ
പിടഞ്ഞിരിക്കാം
അതിലെത്ര പിടിയാനകൾ
ചെരിഞ്ഞിരിക്കാം

എത്ര പാമ്പുകൾ
മയിലുകൾ
അതിലെത്ര കുരങ്ങുകൾ
ജഡമായിരിക്കാം

എത്ര മരമുത്തിമാർ
ചത്തിരിക്കാം
അതിലെത്ര ചെറുതേനീച്ചകൾ
ഉരുകിയേക്കാം

എത്ര കാട്ടുപോത്തുകൾ,
കൊമ്പന്മാർ
അവരെത്ര പൊള്ളി
വ്രണപ്പെട്ടിരിക്കാം

വേവുന്നയുടലുകൾ
പച്ചമാംസഗന്ധങ്ങൾ
ഓർത്തോർത്ത്
മനം പുകഞ്ഞിടുന്നു

കാടും കാട്ടാറും
നായും നരിയും
നരനുയിരിന്റെ
ഭാഗമെന്നോർത്തുവെയ്ക്കാം

Picture courtesy : Yedhu Damodaran S

Saturday, March 15, 2014

ഭ്രാന്തികൾ ഉണ്ടാവുന്നത്

ആൽത്തറയിൽ
രണ്ട് മാംസപിണ്ഡങ്ങൾ
ഒരമ്മയും
അവരുടെ മാറ് നുണഞ്ഞു
ഒരു കുഞ്ഞും

രാത്രി മുഴുവൻ അവൾ
വികാര വിസർജ്യങ്ങൾ
നെഞ്ചിലേറ്റു വാങ്ങിയ
രാത്രി വണ്ടികളുടെ പാളമായിരുന്നു

ഇപ്പോൾ കൂട്ടിയിട്ട പ ഴന്തുണിപോലെ ഉറങ്ങുന്നു

ഉടുക്കാനും ഉണ്ണാനും ഉറങ്ങാനും
ഇല്ലാത്തതിനാൽ
അവൾ തെരുവിന്റെ പുത്രിയായി

മദ്യം മണക്കുന്ന
തെരുവ് വേട്ടക്കാരുടെ
വിഷം കുത്തിവെക്കുന്ന ജീവിയായി

വയറിന്റെ പ ശി മാറ്റി
മാറിന്റെ ഉറവ കാക്കാൻ
ഒരു റൊട്ടിക്കഷ്ണം
അതിന്റെ വിലയേ
അവൾക്കുണ്ടായിരുന്നുള്ളൂ

ഇരുട്ടിന്റെ മറമുതലാക്കി
പഴയ ''ലോട്ടറി ടിക്കറ്റ് ''
കൂലി കൊടുത്തവനെ
വെളിച്ചത്തിൽ തലക്കടിച്ച്
വീഴ്ത്തിയതിനാണ്
അവളെ പോലീസ് കൊണ്ട്പോയത്

മാറിൽ നിന്നും പറിച്ചെടുത്താരോ
കുഞ്ഞിനെ കൊണ്ടുപോയതിൽ പിന്നെയാണ്
തെരുവിൽ ഒരു ഭ്രാന്തി കൂടി പിറന്നത്

Saturday, March 1, 2014

അർബുദ വാർഡിൽ

അർബുദ വാർഡിൽ
കുട്ടിയെ മരണം
സന്ദർശിക്കുമ്പോൾ

നൂല് പൊട്ടിപ്പോയ
ഒരു പട്ടം
കിനാവിന്റെ
കൈയെത്തിപ്പിടിച്ച്
പൊടുന്നനെ കൈവിട്ട്
കുപ്പിച്ചില്ലിൽ വീണ്
അമ്മേ എന്ന്
മുറിയുന്നുണ്ടാവും

നോവുന്നോ
എന്നമ്മക്കണ്ണുകൾ
പെയ്യുന്നുണ്ടാവും

ഏയ്‌ ഒന്നൂല്ല്യ കുട്ടിക്ക്
എന്നച്ഛൻ
പിടിച്ചണയ്ക്കുന്നുണ്ടാവും

ഏട്ടാ എന്ന്
കുഞ്ഞധരങ്ങൾ
വിതുമ്പുന്നുണ്ടാവും

ഇനി വേദനിപ്പിക്കില്ല
എന്ന് മരണം
ചങ്കു പൊട്ടും

കൊടുത്തു വിട്ടവ

ഉമ്മ കൊടുത്തു വിട്ട
ഉപ്പുമാങ്ങഭരണിയിൽ
നിന്നൊരു തേങ്ങലിറ്റി
നെറുകിൽ വീണ്
''നീ വരുന്നില്ലേ''
എന്ന് പൊള്ളിച്ചു

ഉപ്പ ഇറുത്തയച്ച
മാമ്പഴത്തിൽ നിന്നൊരു
ചുന ചുണ്ടിൽ പറ്റി
''ഇനി എന്നാണ് വരുന്നത് ''
എന്ന് ശകാരിച്ചു

അനിയത്തി കുറിച്ചയച്ച
കുറിപ്പിൽ നിന്നൊരു
വാക്ക് വീണ്
''ഇക്കാക്കാ '' എന്ന് കണ്ണ് നനച്ചു

അവൾ കൊടുത്തയച്ച
ആശംസാ കാർഡിലെ
ഹൃദയം ചുവന്നടർന്ന്
നെഞ്ചിൽ വീണ്
''ഇനിയും വയ്യ ''
എന്ന് പരിതപിച്ചു

Wednesday, February 19, 2014

മറന്നുവെച്ചത്

അച്ഛനാണാദ്യം
അമ്മയുടെ ഉദരത്തിൽ
ഒരു ബീജമായി
അവളെ മറന്നുവെച്ചത്

ഉദരത്തിന്റെ മറവിൽ
വളർന്നപ്പോൾ
അമ്മയെയും അവളെയും
വീട്ടുകാർ തെരുവിൽ മറന്നുവെച്ചു

സർക്കാരാശുപത്രിയുടെ
തിണ്ണയിൽ
അവൾ മറനീക്കി
പുറത്ത് വന്നതിൽ പിന്നെ
അമ്മ ഇടയ്ക്കിടെ
അവളെ മറന്നുവെച്ച്
പോയി വരാൻ തുടങ്ങി

ഇന്നലെ,
ഈ ചവറ്റുകൂനക്കരികിൽ
അവളെ എന്നെന്നേക്കും
മറന്നു വെച്ചാണ്
അമ്മ ചോരവാർന്ന് മരിച്ചത്

ഇനി അവളെ കറുപ്പ് തേച്ച്
സഹതാപത്തിന്റെ
നാണയത്തുട്ടു നേടാൻ
പിന്നെ നോട്ടുകൾക്ക് വിൽക്കാൻ
ഒരു ഭാണ്ഡക്കെട്ടുകാരി വരും
വീണ്ടും തെരുവിൽ
മറന്നു വെക്കുവാൻ

അലക്കു കല്ല്‌

പുഴ മരിച്ച കടവിൽ
ഓർമകളുടെ പൂപ്പൽ പേറി
തേഞ്ഞു തേഞ്ഞൊരു
അലക്കു കല്ലിരിപ്പുണ്ട്

പ്രാരാബ്ദങ്ങളെല്ലാം
എണ്ണിപ്പെറുക്കി
അലക്കിയിരുന്ന
കല്യാണിയമ്മയുടെ
കണ്ണീരുപ്പിപ്പോഴും
വറ്റാതെ കിടപ്പുണ്ട്

മണൽ തരികൾ
പാദസരം തീർത്തിരുന്ന
പാദുകങ്ങളിപ്പോൾ
വിണ്ടു കീറിയിട്ടുണ്ട്

മലവെള്ളപ്പാച്ചിലിൽ
കാലിടറിയ
ഒരു പിഞ്ചു കുഞ്ഞിന്റെ
പട്ടുടയാടത്തുമ്പിപ്പോഴും
കല്ലിലുടക്കി കിടപ്പുണ്ട്

ചന്ദ്രിക ചാറിയ രാത്രിയിലൊന്നിൽ
കല്ലിന്റെ നിഴൽ പറ്റി
ചെമ്മീൻ പൂമീനിനു കൈമാറിയ
ചുംബന രഹസ്യമിപ്പോഴും
ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്

വെള്ളം കൊണ്ടുള്ള ഉടയാടകളും
മണൽ കൊണ്ടുള്ള ആഭരണങ്ങളും
മോഷണം പോയി പോയി
കല്ലൊരു നഗ്നയായി

അപമാനം കൊണ്ട്
ഹൃദയം പൊട്ടിമരിച്ച
കല്ലിനെ ഖബറടക്കാൻ
പുഴമോഷ്ടിച്ച് കൊണ്ടുപോയവർ
അതേ ടിപ്പറിൽ തന്നെ
മണ്ണുമായി വരുന്നുണ്ട്

ബാല്യം


ഉരുട്ടിപ്പോയ ചക്രങ്ങളിൽ
പറ്റിപിടിച്ചിരിപ്പുണ്ട്
നഷ്ട ബാല്യത്തിന്റെ
ഓർമകളുടെ മണൽതരികൾ

മണ്ണും പെണ്ണും

ചാണകം മെഴുകിയ മുറ്റം
വൈക്കോൽ കൂനകൾ
തൊഴുത്ത്
കൂട്ടിയിട്ട കൊപ്ര
ഉണക്കാനിട്ടിരിക്കുന്ന കുരുമുളക്

ഇത്രേം മതി
കാരണവന്മാർക്ക് പെണ്ണിനെ
കെട്ടിച്ചു കൊടുക്കാൻ

മണ്ണിനെ അറിയുന്നോൻ
പെണ്ണിനെ അറിയും
മണ്ണ് നോക്കുന്നോൻ
പെണ്ണിനേം നോക്കും

മണ്ണെല്ലാം വിറ്റ്
കാശാക്കിയതിൽ പിന്നെയാണ്
പെണ്ണിനെ അവനും
അവനെ കാരണവന്മാർക്കും
മനസ്സിലാക്കാനാവാതെ പോയത്

അവസാനത്തെ ഇല


ജീവിതം ഇടക്ക്
''ഓ ഹെൻറി''യുടെ
ഒരൊറ്റയില കാഴ്ചയിൽ കുടുങ്ങും

ആ ഇല കൂടി കൊഴിയുമ്പോൾ
നമ്മളില്ലാതാവും എന്ന്
ഉറച്ചു വിശ്വസിച്ചുപോവും

അത് വാടുന്നതും
വീഴുന്നതും ഭയപ്പെട്ട്
നോക്കിക്കൊണ്ടേ ഇരിക്കും

കാഴ്ചയുടെ പുറംചട്ടയിലൊരു
നിശ്ചലദൃശ്യം വരച്ച്
നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന
ഓർമകളെങ്കിലും ബാക്കിയാവാതിരിക്കില്ല

ചെറ്യേസ്കൂൾ

മുഹമ്മദലി വീ ടീടെ
പ്ലാസ്റ്റിക് സഞ്ചി

സന്തോഷ്‌ ഓടനീടെ
അലുമിനിയം പെട്ടി

മായ സീപ്പീടെ
മുടിയിലെ ചെണ്ടുമല്ലി

മണികണ്‍ഠന്റെ
പോക്കറ്റിലെ അമ്പഴങ്ങ

ഗിരിജേടെ ജ്യോമട്രി
ബോക്സിലെ പുളിങ്കുരു

മണ്യെട്ടന്റെ കടേലെ
കുപ്പിഭരണീലെ തേനുണ്ട

ഇവരൊക്കെ
ഇതെവിടെ പോയി ഒളിച്ചു...!!

സ്കൂൾ വരാന്തയിലെ തൂണിൽ
കൈ പൊത്തി ഒന്ന് കണ്ണടച്ചതേ ഉള്ളൂ..

ഇനി അവരെ കണ്ടെത്തി സാറ്റടിക്കുവോളം
ഓർമകളിലിങ്ങിനെ മുങ്ങിത്തപ്പണം