Monday, September 16, 2013

ആത്മഹത്യാകുറിപ്പുകൾ


''വാപ്പുട്ട്യെ ,
നാട്ടാരെ മൊത്തം
ചിരിപ്പിച്ചീർന്ന ഇയ്യെന്തിനാ
കെട്ടിത്തൂങ്ങീത്...? ''

''വയറ്റിന്റുള്ളിലൊരു മൊഴ
പരിശോധിച്ചപ്പോ ''അതന്ന്യാ''ത്രേ
ഞാൻ കരിഞ്ഞ് ചാകണത്
സൈനൂം കുട്യോളും സഹിക്കൂല
ഓര് കരേണത് കാണാൻ കയ്യൂല
വാപ്പുട്ടീനെ നോക്കീട്ടാരും കരേണ്ട അലവ്യാക്കാ...!! ''

''രാമഷ്ണാ,
നേരം മോന്ത്യാവോളം
കൈക്കോട്ടും മടാള്വായി
പണിട്ത്ത് നടന്നീര്ന്ന
അണക്കെന്താടോ പറ്റീത്...? ''

''ഒക്കെ വെറും സ്വപ്നാണ് അലവ്യാക്കാ
നിലം ചതിക്കൂലാന്ന വിശ്വാസം
നെലോം പെരേം പണയത്തിലായി
കടക്കാര് വീട്ടീ കേറി ഞെരങ്ങാൻ തൊടങ്ങും ന്നായി
പിന്നെ മ്മള് ചത്തില്ലേ..?
ഞാൻ ഇച്ചിരി നേരത്തെ ചത്തു..!!''

''ആമിന്വോ..,
മൊഞ്ചത്ത്യെ..
ന്റെ കുട്ട്യെന്തിനാ ഈ ചതി ചെയ്തത് ...?''

''ന്റെ പിന്നാലെ നടന്നിട്ട്
കണ്ണും കയ്യും കാട്ടീട്ട്
കുന്നോളം കിനാക്കൾ തന്നിട്ട്
ന്റെ കരളും മെയ്യും കവർന്നിട്ട്
ന്റെ വയറ്റില് വിത്തിട്ട് ഓൻ പോയപ്പോ
ഞാൻ മയ്യത്തായി അലവ്യാക്കാ''

''ന്നാ ഇങ്ങള് കേട്ടോളീൻ
ഇങ്ങളൊക്കെ മരിച്ച് രക്ഷപ്പെട്ടപ്പോ
മരിച്ചു തൊടങ്ങീട്ടുണ്ട്
ഇങ്ങടെ ഉപ്പേം ഉമ്മേം പെണ്ണും കുട്യോളും
ദുനിയാവില് ഒറ്റ പിറപ്പേള്ളൂ
അത് പടച്ചോൻ എട്ക്ക്ണ വരെ
ജീവിച്ച് തീർക്കന്നെ''

3 comments:

  1. ഭീരുക്കള്‍...,...

    നല്ല കവിത..

    ReplyDelete
  2. അതേ
    ഭീരുക്കള്‍

    ReplyDelete
  3. ഭീരുക്കൾ തന്നെ...
    എന്നാൽ അവരെ ഭീരുക്കളാക്കുന്ന ഘടകങ്ങളെ നമുക്ക് ഇല്ലായ്മ ചെയ്യാനാവുമോ...?

    ReplyDelete