Monday, February 18, 2019

വിശ്വസിക്കാനാവാത്ത മരണങ്ങള്‍

കണ്ണിന് മുന്നിൽ കാണാത്ത
മരണങ്ങളത്രയും
വിശ്വസിക്കാനേ കഴിയില്ല
പ്രവാസത്തിന്റെ അങ്ങേ പുറത്തെ
ദുഃഖ വാർത്ത
''അത് ആർക്കോ തെറ്റു പറ്റീതാണ്''
''പറഞ്ഞപ്പോ ആള് മാറീതാണ്''
എന്ന് കേൾക്കാൻ
മനസ്സ് കൊതിച്ചുകൊണ്ടേ ഇരിക്കും
''നമുക്കാരുല്ലാതായി'' എന്ന
വാക്കിനപ്പുറത്തെ
അവളുടെ തേങ്ങലായിരുന്നു
ഉപ്പാന്റെ മരണം
പിന്നെ ഒരിക്കലും
ഉപ്പയില്ലാത്ത ഒരു വീട്
സങ്കൽപ്പിച്ചതേ ഇല്ല
അവധിക്ക് നാട്ടിൽ പോവുമ്പോൾ
ഉമ്മറത്ത് ചാരു കസേരയിൽ
''ഉപ്പയുണ്ട് ഉപ്പയുണ്ടെ'' ന്നു മനം
ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു
ഉമ്മറത്ത് കണ്ടില്ല
മീസാൻ കല്ലിൽ പേര്
മറ്റാരുടെയോ ആണെന്നും
ഞാൻ കാണുന്ന ദു:സ്വപ്നത്തിൽ
നിന്നിപ്പോള്‍ ഉണരുമെന്നും
അങ്ങിനെ ഇട്ടു പോവാന്‍ ആവില്ലെന്നും
വിശ്വസിച്ചുകൊണ്ടേ ഇരുന്നു..!!
ഉപ്പ ഇപ്പോഴും
ഇടനെഞ്ചിലൊരു
ചാഞ്ഞ കസേരയിൽ
എന്നെയും കാത്ത് കാത്തിരിപ്പുണ്ട്

അങ്ങിനെയായിരുന്ന ഗ്രാമ്യ ജീവിതങ്ങള്‍

മമ്മദാപ്ല
മുറുക്കിത്തുപ്പിച്ചോപ്പിച്ച വൈന്നേരം
ശിവേട്ടൻ തകരപ്പാട്ടയിലേക്ക് 
ആയത്തിലാറ്റിത്തണുപ്പിച്ചപ്പോള്‍
ആറരേടെ ആനക്കട്ടീൽ കേറിപ്പോയി
ഏഴ് മണ്യാമ്പൊ
ഗുരുവായൂർ മയിലിൽ
രാവിറങ്ങി മണ്യേട്ടന്റെ
പീടികത്തിണ്ണയിലിരുന്ന് കൂട്ടംകൂടി
കോട്ടക്കുന്നിന്റെ ചെരിവിൽന്ന്
വാറ്റടിച്ച് ഉണ്ണ്യേട്ടൻ
എടവഴീക്കൂടെ പാട്ട്കെട്ട്യപ്പോ
കുഞ്ഞുമക്കളെല്ലാം ചോറുണ്ടു.
ആയിച്ചുമ്മ ഓതിക്കൊണ്ടിരിക്കുന്ന
മുസായഫിന്റെ ഏടില്‍ ചന്ദനത്തിരി
അടയാളം വെച്ച് മടക്കിയപ്പോള്‍
ഗ്രാമം കിടക്കയിലായി
വള്ളിക്കാടന്‍ മൊല്ലാക്ക
സുബി വാങ്ക് വിളിച്ച് കഴിഞ്ഞപ്പോള്‍
അയ്യപ്പങ്കാവില്‍ നേരം വെളുത്തു.
രാധേച്ചി പാല്‍കുപ്പിയുമായി
വന്ന്‍ പാത്രത്തില്‍ പകര്‍ന്നതോടെ
കള്ളിക്കാട്ടില്‍ നിന്നും പകല്‍ ഇറങ്ങി വന്നു
രാമേട്ടന്‍ സൈക്കിള്‍ ബ്രേക്കിട്ട് നിര്‍ത്തി
അന്നത്തെ വാര്‍ത്തയെടുത്ത്
ചായപ്പീടികയിലേക്കെറിഞ്ഞ്
ഉച്ചയിലേക്ക് സൈക്കിള്‍ ചവിട്ടി
.
പണിക്കാര്‍ പറമ്പിലിറങ്ങി
പത്ത് മണിക്കഞ്ഞി കുടിച്ചയ്യപ്പന്‍
വരമ്പ് പൊതിഞ്ഞു
ഈസ്പ്പാപ്ല കന്നിനെ കഴുകി
കൈക്കോട്ടും തോളില്‍ വെച്ച്
തിരിച്ച് നടന്നപ്പോള്‍
വീണ്ടും മമ്മദാപ്ല മുറുക്കാന്‍ ചെല്ലം തുറന്നു
ചായപ്പീടികത്തിണ്ണയില്‍
ഗ്രാമങ്ങള്‍ ഉണര്‍ന്ന്
വാര്‍ത്തകള്‍ ഉറക്കെ വായിച്ച്
സ്നേഹിച്ച് കലഹിച്ച്
കരഞ്ഞ് സമാശ്വസിപ്പിച്ച്
ഒരൊറ്റ ഹൃദയം തീര്‍ത്തിരുന്നു.

രമണി

രമണി എന്നെക്കാള്‍ മൂത്തവള്‍
എന്റെ ഓര്‍മയില്‍
ദേശത്ത് നിന്നാദ്യം
മിശ്രവിവാഹം കഴിച്ചവള്‍
ഇടവഴികള്‍ക്കിരുവശവും നീളെ വേലികള്‍
മണ്ണ്‍കൊണ്ട് പടുത്ത കല്ലിളകിയ മതിലുകള്‍
ഉച്ചമയക്കത്തിന്റെ വിജനത
ഇരുവശവും പടര്‍ന്ന്‍ നിന്നിരുന്ന
മരത്തണല്‍ വിരിച്ച വഴികള്‍
അവിടം പ്രണയം പൂക്കാന്‍ പറ്റിയ
ആവാസവ്യവസ്ഥയായിരുന്നു
കരിമീന്‍ കണ്ണുകള്‍
ഉള്ളത്കൊണ്ടായിരിക്കണം
മീന്‍ പിടിക്കാന്‍ പോവുന്ന
ഗോപാലനവളെ ഇഷ്ടമായത്
അവളുടെ ഒറ്റക്കല്‍ മൂക്കുത്തി
ചൂണ്ടക്കൊളുത്ത് കുടുങ്ങിയ മീന്‍പോലെ
അവനെ വല്ലാതെ ആകര്‍ഷിച്ചിരിക്കാം
നാല് മണിക്ക് നാല് തൂക്കുപാത്രത്തില്‍
കറന്ന പാല് വിതരണത്തിനായി
അവള്‍ ഉത്സാഹം കാണിക്കാന്‍
തുടങ്ങിയത് മുതലായിരുന്നു
ഗോപാലന്റെ ചൂണ്ടാക്കൊളുത്തില്‍
അവള്‍ കുടുങ്ങിയതിന്റെ
ആദ്യ സൂചനകള്‍ ദേശത്തിന് ലഭിച്ച് തുടങ്ങിയത്
എഴുത്തറിയാത്ത ഗോപാലന്‍
പത്ത് ജയിച്ച രമണിക്ക്
ഇടവഴികളില്‍ വെച്ച്
എന്ത് പ്രണയലേഖനമാവും കൊടുത്തിട്ടുണ്ടാവുക..!!
സതിടീച്ചറുടെ വീട്ടില്‍ പാല് കൊടുത്ത്
ഇടവഴി താണ്ടി അവള്‍
ഒരു പ്രണയതടാകം നീന്തിയാണ്
ഇക്കരെ എത്തിയിരുന്നത്
തടാകത്തില്‍ നിറയെ മീനുകള്‍ ഉണ്ടാവും
അവള്‍ ഒരു മത്സ്യകന്യകയായി മാറും
നീലകണ്ണാടിപോലെ തെളിഞ്ഞ തടാകത്തില്‍
ഗോപാലന്‍ ഒരുരാജകുമാരനാവും
ചുറ്റുമുള്ള മീനുകളെല്ലാം അപ്രത്യക്ഷരാവും
ജലസസ്യങ്ങളിലെ പൂക്കള്‍ മണക്കും
ഒരു ദീര്‍ഘചുംബനത്തില്‍ ഗോപാലന്‍
അവള്‍ക്ക് ഒരുപ്രണയ മഹാകാവ്യം കൈമാറും
ചാരന്മാര്‍ പ്രണയകഥ
ചോര്‍ത്തിയത് മുതലാണ്‌
രമണിയുടെ അച്ഛനും ഗോപാലനും
അങ്കം കുറിച്ചതും
രമണി റേഷന്‍ മണ്ണെണ്ണ കുടിച്ചതും
ആശുപത്രിയിലാവുന്നതും
തിരിച്ച് വരുമ്പോള്‍
ആര് തടുത്തിട്ടും നില്‍ക്കാതെ
ഗോപാലന്റെ വീട്ടിലേക്ക് കയറിപ്പോയതും
ചുറുചുറുക്കുള്ള രണ്ട് മക്കളെ പെറ്റിട്ടതും
രണ്ട് ജാതികള്‍ ഒരേ ജാതിയാവുന്നതും

പനി പിരാന്തുകള്‍

പനിപുതച്ചുറങ്ങുമ്പോഴെല്ലാം
ഇടയിലെ ഞെട്ടിഉണരല്‍ കൊണ്ട്
അവനൊരു ജനാലവിടവുണ്ടാക്കും
കോട്ടക്കുന്ന് മുഴുവന്‍ 
മുള്ളുംപഴം ഉണ്ടെ
ന്ന്  പൂതിപ്പെടുത്തും
നേരത്തെ പോയില്ലെങ്കില്‍ ഒന്നുംകിട്ടില്ലെന്ന്
അവന്‍ പറഞ്ഞുവെയ്ക്കും
പനിക്കാറ്റ് പിന്നെയും ചൂട്ട് വീശും
ചൂടുകാട്ടിന്റെ തണുപ്പുപോവാന്‍
ജാനാല ചാരി പിന്നെയും പനിപുതയ്ക്കും
കോട്ടക്കുന്നിന് മുകളില്‍ നടുക്ക്
പന്ത്രണ്ടടി വട്ടത്തില്‍ ഒരു കിണറുണ്ടെന്ന്
അത് ടിപ്പുവിന്റെ കാലത്ത് ഉണ്ടാക്കിയതാണെന്ന്
ശത്രുക്കളെ കൊന്ന് അതിലാണ്
തള്ളിയിരുന്നതെന്ന്
അതിലിപ്പോഴും പ്രേതങ്ങള്‍ ഉണ്ടെന്ന്
കുട്ടികളെ പിടിച്ച് ചോരകുടിക്കാറുണ്ടെന്ന്
അവന്‍ പതിവുപോലെ ഭയപ്പെടുത്തും
അപ്പോള്‍ ആരോ ജനാലയില്‍ മുട്ടും
ദേഹം മുഴുവന്‍ പേടി വന്ന് മൂടും
കൊളുത്ത് അടര്‍ത്താന്‍ ശ്രമിക്കുന്ന
ശബ്ദം ഉച്ചത്തിലാവും
ഞാനുറക്കെ ശബ്ദമില്ലാതെ നിലവിളിക്കും
ഒരു പൊക്കിള്‍ കൊടി താനേ
നെഞ്ചിലേക്ക് ഇറങ്ങി വരും
ഒന്നുമില്ലെന്ന് ചൂട് പകരും
ഞാനെന്‍റെ ഗര്‍ഭാവസ്ഥയിലേക്ക് മരിക്കും..!!

മൂടല്‍ മഞ്ഞ്‌ ഓര്‍മിപ്പിക്കുന്നത്

പ്ലാവിന് താഴെ കൂട്ടിയിട്ട് കത്തിച്ചിരുന്ന
ചപ്പിലകൂട്ടങ്ങളെയാണ്
ഉയര്‍ന്നും പിന്നെ നേര്‍ത്തും
വഴിയിലൂടെ നടന്നുപോയിരുന്ന
ശരണം വിളികളെയാണ്
പള്ളിയില്‍ എത്തുവോളം
പുകവലിക്കാതെ
പുകയൂതാന്‍ കഴിഞ്ഞിരുന്ന
തണുപ്പന്‍ പ്രഭാതങ്ങളെയാണ്

അ/പരിചിതര്‍

രണ്ട് പേര്‍ പരിചിതരാവുക 
എന്നതിനേക്കാള്‍ ദുഷ്കരമാണ്
ഏറെ പരിചിതരായ രണ്ടുപേര്‍
അപരിചിതരാവുക എന്നത്..!!


മഴ

മഴ നൂലുകളില്‍ 
മുത്തുകള്‍ കോര്‍ത്തെടുക്കാന്‍
വൈകുന്നത് കൊണ്ടാവും 
മഴയിങ്ങിനെ പെയ്യാന്‍ വൈകുന്നത്..!!


ചില നീ വിചാരങ്ങള്‍

നീ പകര്‍ന്ന നോവിന്‍റെ 
അവസാന തുള്ളിയും 
കുടിച്ച് വറ്റിക്കുമ്പോഴാവും
ഞാന്‍ ഇല്ലാതാവുക
                ***
എന്നെ പേടിച്ചിട്ടെനിക്കിപ്പോള്‍
ഉറങ്ങാന്‍ കഴിയുന്നില്ല
സ്വപ്നത്തിന് വാതിലില്ലല്ലോ
വീണ്ടു വിചാരവും 
നീ വരരുതെന്ന് വിലക്കിയ വഴികള്‍
അവിടെ മലര്‍ക്കെ തുറന്നാലോ

               ***
മലമുകളിലേക്കെത്ര
കയറാമെന്നത് കയറിയും
കടലാഴത്തിലേക്കെത്ര
മുങ്ങാമെന്നത് മുങ്ങിയും നോക്കാം
നിന്റെ മനമാഴത്തിലേക്കെത്ര 
ഞാന്‍ വന്നെന്നളക്കാന്‍
നീ മാത്രമാണല്ലോ എനിക്ക് മാപിനി

               ***
ഹൃദയം
നിലത്ത് വീണാൽ പൊട്ടുന്ന
ഒരു ഉഗ്ര സ്ഫോടക വസ്തു
ഓരോ മിടിപ്പിനുമിപ്പോൾ
എന്തൊരു ഭാരം..!!

           ***
രാവുകള്‍ക്കൊക്കെയും
നിന്റെ മണമാണ്
എന്റെ പ്രണയത്തിന്റെ
കുഴിമാടത്തില്‍ നീ
എന്തിനാണിങ്ങിനെ 
രാവുകള്‍ തോറും പൂക്കുന്നത്..!!

പെണ്‍പേടികള്‍ ഉണ്ടാവുന്നത്

ഒരൊളിഞ്ഞു നോട്ടം
തനിച്ചാവുന്ന വഴി
മനപ്പൂര്‍വം മുട്ടുന്ന ദേഹം 
ഒരപരിചിതന്റെ സന്ദേശം
പരിചിതന്റെ പോലും
നിരന്തര ഫോണ്‍ വിളി
നിഴലനക്കങ്ങള്‍
രാത്രിയില്‍ നിശ്ശബ്ദതയെ
ഉടയ്ക്കുന്ന ശബ്ദങ്ങള്‍
അങ്ങിനെ അങ്ങിനെ
പെണ്‍പേടികളില്‍ മിക്കതും ഉണ്ടാവുന്നത്
ആണ്‍ പൂതികളില്‍ നിന്നാണത്രേ..!!

ചെമ്പനീന്‍ പൂവുകള്‍

പെണ്ണേ,
ഇന്നലെ നിനക്ക് തന്ന 
ഉമ്മകളില്‍ നിന്ന് കൊഴിഞ്ഞതാവണം
ഇന്നെന്റെ നെഞ്ചിന്‍ മുറ്റത്തെ 
ഈ ചെമ്പനീന്‍ പൂവുകള്‍