Monday, March 4, 2013

ആനക്കട്ടി

മൂവാണ്ടന്‍ , പുളി ,ഗോമാങ്ങ , കിളിച്ചുണ്ടന്‍ എന്നിങ്ങനെ മാവുകള്‍ പലതുണ്ട്.. ഈ മാവുകള്‍ക്ക് മൂച്ചി എന്നാണ് ഞങ്ങള്‍ പറയുന്നത്. മേല്പറഞ്ഞ മൂചികളല്ലാതെ ഞങ്ങള്‍ടെ നാട്ടില്‍ ഉണ്ടായിരുന്ന ആനക്കട്ടി മൂചിയെ കുറിച്ചാണ് കഥ

ഞങ്ങള്‍ടെ കുട്ടിക്കാലത്ത് മാമ്പഴം പെറുക്കാന്‍ പോയിരുന്ന എന്റെ വീടിന്റെ എതിര്‍ വശത്തെ തറവാട് തൊടിയിലെ മൂചിയാണ്‌ കഥാപാത്രം . ''ആനക്കട്ടി ''എന്നത് ''ആനെ കെട്ടി ''എന്നത് ലോപിച്ച് ഉണ്ടായതാണ്. ഞങ്ങള്‍ടെ നാട്ടിലെ അയ്യപ്പന്‍ കാവില്‍ ഉത്സവം ണ്ടാവുംപോ ആനെ കൊണ്ടന്നു കേട്ടീര്‍ന്നത് ഈ മൂച്ചീമ്മലാര്‌ന്നു

ഞങ്ങള്‍ടെ ചുറ്റുപാടുമുള്ള അല്ല ഞങ്ങള്‍ടെ വാര്‍ഡിലെ തന്നെ കുട്ട്യോളെ യെല്ലാം മാങ്ങ ണ്ടാവണ കാലത്ത് വയറു നെറയെ മാങ്ങ കൊട്ത്തിര്‌ന്ന മൂച്ച്ച്യാണ്‌ ഈ ആനക്കട്ടി . മാങ്ങണ്ടാവണ കാലായ ഞങ്ങള്‍ കുട്യോള്ടെ ദെവസം തൊടങ്ങണതും അവസാനിക്കണതും ഈ മൂച്ചീടെ ചോട്ടിലാര്‍ന്നു .

രാമ വിലാസ് എന്നായിരുന്നു മൂച്ചി നിന്നിരുന്ന തറവാടിന്റെ പേര്. അവടെ ള്ളോരൊക്കെ മദ്രാസിലും അമേരിക്കേലും ആയിരുന്നു . പിന്നെ അവടെ ണ്ടായിര്‍ന്നത് അമ്മുട്ട്യമ്മേം പിന്നെ ഭാഗ്യവാനും. അമ്മുട്ട്യംമെടെ കൂടെ ആരൊക്കെ ണ്ടാര്‍ന്നു ന്നോര്‍മ്മല്ല്യ.

ഭാഗ്യവാന്‍ രാമവിലാസിലെ കാര്യസ്ഥനായിരുന്നു. ഒരു വെള്ളമുണ്ടും മടക്കി കുത്തി ഷര്‍ട്ടിടാത്ത ദേഹവുമായി ഭാഗ്യവാന്‍ . വല്യ തൊടീല് ,ഒറ്റപ്പെട്ട് കെടക്കണ വീട്ടില്‍ അയാള്‍ ചിലപ്പോള്‍ ഒറ്റക്കാവും. രാത്രീല് പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്ന് ബാബൂനോടും കുട്ടനോടും ഭാഗ്യവാന്‍ പറഞ്ഞ്ട്ടുണ്ടത്രേ .
ബാബൂം കുട്ടനും പിന്നെ സതീശനും ഒക്കെ രാമവിലാസിന്റെ അയലോക്കക്കാര്‍ ഞാനും ന്റെ ഏട്ടനും എട്ടത്തീം എല്ലാരും കൂടി ആനക്കട്ടീടെ ചോട്ടില് എത്തുമ്പോഴേക്കും എത്തണം ന്ന് കരുതുന്നവര്‌ .

അതൊക്കെ പറയാ ..അതിന് മുന്പ് ഭാഗ്യവാനെ കുറിച്ച് ചിലത് കൂടി പറയാനുണ്ട്. ഭാഗ്യവാന്‍റെ ശബ്ദം പെണ്ണുങ്ങള്‍ടെ പോലെ ആയിര്‍ന്നു. പാചകവും കഴിക്കലും അലക്കലും എല്ലാം ഒറ്റക്ക് .അയാള്‍ടെ ഒറ്റക്കുള്ള താമസോം പ്രേതത്തെ കാണലും എല്ലാം ഓര്‍ത്ത് പലപ്പോഴും എന്റെ ഉറക്കം പോയിട്ടുണ്ട്. അയാളെവ്ടത്തെ ആണെന്നൊ എങ്ങിനെ അവിടെ എത്തീന്നോ ഭാഗ്യവാന്‍ എന്ന പേരെങ്ങിനെ കിട്ടീന്നൊ ഒരു പിടുത്തോം ഇല്ല .

മൂച്ചീടെ ചോട്ടില് മാങ്ങക്ക് കാത്ത് നിക്കുമ്പോ ചെലോരോക്കെ മൂച്ചീമ്മല്‌ക്ക് ഏറിയും ഇത് കണ്ടാല്‍ ഭാഗ്യവാന്‍ അയാള്‍ടെ ചെറിയ ശബ്ദം ഉയര്‍ത്തി കുട്യോളെ ചീത്ത പറയും .ചീത്താനൊന്നും പറയാന്‍ പറ്റില്ല്യ . അയാള് ദേഷ്യപ്പെടണത് ഞാന്‍ കണ്ടിട്ടേ ഇല്ല . ''എന്തിനാ കുട്ട്യോളെ വെര്‍തെ എരീണത് , താഴെ വീഴുമ്പട്ക്കാലോ '' എന്ന് പറയും . മാങ്ങ പെറുക്കണതിന് അമ്മുട്ട്യമ്മെ , ഭാഗ്യവാനൊ ഒന്നും പറയൂല .എറിഞ്ഞു ചാടിക്കണത് അവര്‍ക്കിഷ്ടല്ല .

നമ്മക്ക് ആനക്കട്ടീടെ ചോട്ടില്‍ക്കന്നെ പോവാം . ആ തൊടീല് ആനക്കട്ട്യല്ലണ്ടെ വേറെ മൂച്യെളും ണ്ട്. ന്നാ ആനക്കട്ടിക്കാ കുട്യോളോട് ഇഷ്ടം . ഒരു ചെറ്യേ കാറ്റിനും രണ്ടുമൂന്നു മാങ്ങെങ്കിലും തരും ആനക്കട്ടി .ഒരാനെ കെട്ടണം ന്ന് വെച്ചാല്‍ തന്നെ വല്യേ മൂച്യാവണ്ടേ . നല്ല വണ്ണോം പൊക്കോം ള്ള പടര്‍ന്ന് പന്തലിച്ച് നില്‍ക്കണ മരമായിരുന്നു ആനക്കട്ടി . ആനക്കട്ടീമേ കേറി മാങ്ങ പറിക്കാന്‍ ആണ്കുട്ട്യോള്‍ ഉണ്ടായിരുന്നില്ല . പോരാത്തീനു നെറച്ചും പുലിയനുറുംമ്പും ണ്ടാവും .

നേരം വെളുക്കണേനു മുന്പന്നെ നരച്ച വെളിച്ചത്തില്‍ എല്ലാരും ആനക്കട്ടീടെ ചോട്ടില്‍ എതീട്ടുണ്ടാവും .ആദ്യം താഴെ വീണ് കെടക്കണത് പെറുക്കും .പിന്നെ താഴെ വീഴുന്നതും കാത്ത് നില്‍ക്കും. രാവിലെ വന്ന് പഴുത്ത് വീഴാറായി നില്‍ക്കണ മാങ്ങ ആദ്യം കാണുന്നവര്‍ ''ദ് ഞാങ്കണ്ടതാ, വീണാ ഇന്ക്കന്നെ വേണം'' ന്ന് പറഞ്ഞ് വെയ്ക്കും . ആ മാങ്ങ വീഴണ വരെ അവിടെ നില്‍ക്കും .അത് വീണാ വേറാരും എടുക്കാന്‍ പാടില്ല എന്നതാണ് പ്രമാണം .
ആനക്കട്ടീടെ ചോട്ടില്‍ ഒരു യുദ്ധത്തിന് തയ്യാറായിട്ടാവും ഞങ്ങള്‍ കുട്ട്യോള്‍ നില്‍ക്കുന്നത്. ഒരു ചെറ്യേ കാറ്റ് വന്നാല്‍ എലാരും കൂടി മൂചിമ്മല്‍ക്ക് ശ്രദ്ധിക്കും .ചെലപ്പോ നാലഞ്ചെണ്ണം വീഴും. ഓരോരുത്തര്‍ ഒരൊന്നുമ്മല്‌ക്ക് ചാടി വീഴും.ചെലപ്പോ ഒന്നേ വീഴൂ .ആപോഴാവും ആട്ടക്കളം .ഒരു റഗ്ബി കളിപോലെ ഒരാള്ടെമെലെ മറ്റൊരാളൊക്കെ ആയിട്ട് . അവസാനം നോക്കുമ്പോ മാങ്ങ തോലീന്നു പൊറത്ത് വന്നിട്ടുണ്ടാവും .

പെറുക്കി എട്ക്ക്ണ മാങ്ങ സൂക്ഷിക്കാന്‍ മൂചീടെ താഴെ പൊട്ടി കിടന്നിരുന്ന ഓടുകൊണ്ട് കൂട് ഉണ്ടാക്കി അതില്‍ വെക്കും .ഓരോരുത്തര്‍ക്കും പ്രത്യേകം കൂട് ഉണ്ടായിരുന്നു . ചിഅല്‌ പോക്കിരികള്‍ അന്യന്റെ കൂട്ടീന്നു മോഷ്ട്ടിച്ചിരുന്നു.

മാങ്ങ തിന്നാന്‍ തന്നെ പല സ്റ്റൈല്‌ ഉണ്ടായിരുന്നു .പ്പോണ്ട് തിന്നല്‍ ,കടിച്ച് തിന്നല്‍ പിന്നെ തേന്‍ മുട്ടി കുടിക്കല്‍ . തേന്‍ മുട്ടിക്കുടിക്കല്‍ ന്താ ന്നല്ലേ ..? നല്ല പഴുത്ത് തുടുത്ത മാങ്ങയാണ്‌ അങ്ങിനെ തിന്നുന്നത്. ആദ്യം അതിന്റെ ഞെട്ടീടെ അവടത്തെ ചൊണ ഒരച്ച് കളഞ്ഞിട്ട് മരത്തിലോ മതിലിലോ മാങ്ങ ഇടിച്ച് അയവു വരുത്തും പിന്നെ മാങ്ങേടെ ചുണ്ടത്തൊരു തൊള ഉണ്ടാക്കും അതിലൂടെ മാങ്ങേടെ തേന്‍ മുഴുവന്‍ കുടിക്കും അതാണ്‌ തേന്‍ മുട്ടിക്കുടി.തേന്‍ മുഴോന്‍ തീര്‍ന്നാല്‍ മാങ്ങേടെ തോലുരിക്കും . പിന്നെ മാങ്ങയണ്ടിമേലുള്ള സകലതും തിന്നും.. എല്ലാം കഴിഞ്ഞ് മാങ്ങയണ്ടി മാത്രമാവുമ്പോള്‍ ആരുടെയെങ്കിലും പേര് നീട്ടി വിളിക്കും വിളികേട്ടാല്‍ ''ഈ മാങ്ങണ്ടിക്കൊന്നു തോണ പൊക്കൊ '' ന്ന് പറഞ്ഞു കളിയാക്കും .

മാബഴക്കാലത്ത് രാത്രി കാറ്റും മഴേം വന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാറില്ല .പേടിച്ചിട്ടല്ല , ഞങ്ങള്‍ടെ മനസ്സ് മുഴുവനും ആനക്കട്ടീടെ ചോട്ടിലായിരിക്കും .മാങ്ങ വീഴണ പട പടാന്ന ശബ്ദം കേള്‍ക്കണ പോലെ തോന്നും.നേരം പെട്ടെന്ന് വെളുക്കാന്‍ പ്രാര്‍ഥിചോണ്ട് കെടക്കും .രാത്രി ആരും അറിയാതെ പോയി നോക്ക്യാലോ ന്നൊക്കെ തോന്നും എന്നാല്‍ രാത്രി അവിടെ പ്രേതം ഉണ്ടാവും എന്നും ആനേ കേട്ടീട്ടുണ്ടാവും എന്നും എല്ലാരും പറഞ്ഞിരുന്നു .

ഒരീസം ഒരബദ്ധം പറ്റി .പുലര്‍ച്ചെ പോയതായിരുന്നു മാങ്ങ പെറുക്കാന്‍ .ആരും എത്തിയിരുന്നില്ല മാങ്ങയൊക്കെ പെറുക്കി കൂട്ടില്‍ വെക്കാന്‍ പോയപ്പോ തൊട്ട് മുന്‍പില്‍ ആന രാത്രി കൊണ്ട് വന്ന് കെട്ടിയതായിരുന്നു .പെട്ടെന്ന് ശ്വാസം പോയി .കയ്യും കാലും തളര്‍ന്നു . എപ്പോഴോ ദൈര്യം സംഭരിച്ച് ഓടി .വീട്ടിലെത്തീട്ടാ നിന്നത് . കിതപ്പ് നില്‍ക്കാന്‍ പിന്നേം സമയം എടുത്തു . അന്ന് മുഴുവന്‍ പനി പിടിച്ച് കിടന്നു. ചിലരൊക്കെ പേടിത്തൊണ്ടന്‍ ന്ന് വിളിച്ചു . പിന്നേം പോയിത്തുടങ്ങി .

അമ്മുട്ട്യമ്മക്കൊ , ഭാഗ്യവാനൊ ആ തൊടീം വളപ്പും മുഴോനും നോക്കി നടത്താന്‍ കഴിയ്വാര്‍ന്നില്ല . അവരടെ മക്കളാച്ചാ അമേരിക്കേലും മദ്രാസിലും .അവര്‍ക്കിവിടെ വന്നു താമസിക്കാന്‍ താല്പര്യോം ഇല്ല .മൂന്ന് നിലകളും നടുമുറ്റവു മുള്ള ആ തറവാട് പലപ്പോഴും തനിയെ ഉറങ്ങി ..

അങ്ങിനെ ഇരിക്കുമ്പോഴാണ് ഞങ്ങള്‍ കുട്ട്യോളെ മാത്രമല്ല ..ആ ദേശക്കാരെ മൊത്തം ഞെട്ടിക്കുന്ന ആ വാര്‍ത്ത വന്നത്. ആനക്കട്ടി മൂച്ചി മുറിച്ച് വിക്കാണത്രേ...ഞങ്ങളാരും അത് വിശ്വസിച്ചില്ല കാരണം അതീമ്മേ കേറാന്‍ മാത്രം വമ്പന്മാര്‍ ആരും ഇല്ലെന്നു തന്നെ ഞങ്ങള്‍ വിശ്വസിച്ചിരുന്നു .അല്ലെങ്കില്‍ അങ്ങിനെ ആവണേ എന്ന് പ്രാര്‍ഥിച്ചിരുന്നു..

ബാബൂം കുട്ടനുമാണ് വാര്‍ത്ത തന്നത്, അവരോട് ഭാഗ്യവാന്‍ പറഞ്ഞതാത്രേ.ഞെട്ടിക്കുന്ന വാര്‍ത്തകളൊക്കെ അവര്‍ ഭാഗ്യവാന്‍ പറഞ്ഞൂന്നും പറഞ്ഞ് പറയാരുണ്ടായിരുന്നതി നാല്‍ ഞങ്ങളാദ്യം വിശ്വസിച്ചില്ല . പിന്നെ ഭാഗ്യവാനോട് നേരിട്ട് ചോദിച്ചു .
'' ഇക്കറീല ങ്ങനോക്കെ പറേണ കേട്ടു '' ന്ന് പറഞ്ഞു ഭാഗ്യവാന്‍ .

''അതെന്തായാലും നടക്കും ന്ന് തോന്നണില്ല്യ '' സതീശന്‍ പറഞ്ഞ്
''നടക്കര്തെ ന്ന ന്ന്യാ എല്ലാര്‍ടേം വിചാരം '' ഞങ്ങളും ഏറ്റു പിടിച്ചു .
''ഓര്ടെ മൂച്ചി ഓര് വിക്കാണ്‌ , അയിന് നമ്മളെന്താ ചെയ്യ്വാ '' ബാബു ആശങ്ക പ്രകടിപ്പിച്ചു .
''അതല്ല ഇതീമ്മേ കേറാന്‍ പറ്റീട്ട് വേണ്ടേ '' സതീശന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു .

ഈ വാര്‍ത്ത കേട്ട അന്ന് ഞങ്ങള്‍ കുട്ടിസംഘങ്ങള്‍ ആനക്കട്ടീടെ ആയുസ്സിനെ കുറിച്ചും നില നില്പ്പിനെ കുറിച്ചും പലേടത്തായി കൂട്ടം ചേര്‍ന്ന്‍ സംസാരിച്ചോണ്ടിരുന്നു .അന്ന് രാത്രീലും ഞങ്ങളാരും ഉറങ്ങീല .

അടുത്ത ദിവസം എന്നത്തേം പോലെ ഞങ്ങള്‍ മാങ്ങ വീഴുന്നതും നോക്കി മൂച്ചീടെ ചോട്ടില്‍ നില്‍ക്കായിരുന്നു . അപ്പോഴാണ്‌ ലുങ്കി ഉടുത്ത് മൂന്ന് മല്ലന്മാരും ഒരു വെള്ളമുണ്ടും ഷര്‍ട്ടും ഇട്ട മറ്റൊരാളും വന്നത് .മല്ലന്മാര്‍ തോളില്‍ തടിച്ച കയര്‍ ,കോടാലി ,മഴു , മടവാള്‍ തുടങ്ങിയവയും കരുതിയിരുന്നു . ഒറ്റ നോട്ടത്തില്‍ തന്നെ ആനക്കട്ടീനെ കൊല്ലാനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി .

വെളുത്ത മുണ്ടും ഷര്‍ട്ടും ഇട്ടയാള്‍ ''കുട്ട്യോളൊക്കെ മൂച്ചീന്റെ ചോട്ടീന്ന് മാറിക്കീം , ഞങ്ങള്‍ക്ക് മരം വെട്ടണം '' ന്ന് പറഞ്ഞു . അയാള്‍ മുറുക്കി ചുവപ്പിച്ച കറ പിടിച്ച പല്ല് കാട്ടി ചിരിച്ചു . അയാള്‍ടെ ചിരി ഞങ്ങള്‍ക്ക് ഒരു കാട്ടാളന്റെത് പോലെ തോന്നിച്ചു .

സതീശന്‍ അപ്പോഴും ആതമാവിശ്വാസത്ത്തില്‍ ആയിരുന്നു
''അവര്‍ക്ക് കേറാന്‍ പറ്റൂല'' അവന്‍ ഒറപ്പിച്ച് പറഞ്ഞു.
തോളത്ത് കയര്‍ ഇട്ടിരുന്ന ഒരു മല്ലന്‍ മടവാളും അരയില്‍ തിരുകി മരത്ത്തിനോടടുത്തു . ഞങ്ങളെല്ലാരും അയാള്‍ മരത്തില്‍ കേറാന്‍ ആവാതെ തിരിച്ച് വരുന്ന രംഗം ഓര്‍ത്തു.അല്ലെങ്കില്‍ അങ്ങിനെ ആഗ്രഹിച്ചു .
എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് ഒരണ്ണാന്‍ കയറുന്നത് പോലെ അയാള്‍ മരത്തില്‍ അള്ളിപ്പിടിച്ച് കയറി . ഞങ്ങള്‍ പരസ്പരം നോക്കി . അവസാനത്തെ പ്രതീക്ഷയും നഷ്ടമായതിന്റെ കണ്ണുകള്‍ കലങ്ങാതിരിക്കുന്നതെങ്ങിനെ .

''രാമഷ്ണാ അയ്മല്ത്തെ മാങ്ങേക്കെ ഇങ്ങട് കുല്‍ക്കി വീഴ്ത്തിക്കൊ , ഈ കുട്ട്യോള്‍ ഇട്ത്തോട്ടെ '' ആ ഔദാര്യത്തിന് ആനക്കട്ടിയുടെ മാങ്ങ എന്ന് കേട്ടാല്‍ കൊതിക്കുന്ന ഞങ്ങളില്‍ അപ്പോള്‍ ഒരു ആവേശവും ഉണ്ടാക്കിയില്ല .

ആനക്കട്ടീടെ മാങ്ങക്ക് അന്നാദ്യമായി ഞങ്ങള്‍ക്ക് അരുചി അനുഭവപ്പെട്ടു .ആ മൂച്ചീടെ ഓരോ കൊമ്പും ഞങ്ങള്‍ടെ നെഞ്ചിലേക്ക് പതിച്ചു .ഒടുവില്‍ ആനക്കട്ടി നിന്നിരുന്ന സ്ഥലം വെറും ഒരു കുഴിയായി . ആനക്കട്ടീടെ കൊമ്പുകള്‍ പലതും വിറകായി കരിഞ്ഞു പോയി .

ചിലത് കസേരകള്‍ക്കും ,ടേബിളുകള്‍ക്കും , കട്ടിലുകള്‍ക്കും ജന്മം നല്‍കി .ചിലത് ജനാലകളും വാതിലുകളുമായി . ഇന്നും പലതരത്തില്‍ ജീവിക്കുന്ന ആനക്കട്ടി ഞങ്ങള്‍ കുട്ടികളെ മറന്നിട്ടുണ്ടാവില്ല .

അടുത്ത ദിവസവും ആനക്കട്ടീടെ ചോട്ടില്‍ക്ക് എല്ലാം മറന്നോടി, ഒരു കുഴി മാത്രം കണ്ട് തിരിച്ച് വന്ന ഞങ്ങള്‍ടെ മനസ്സില്‍ ഇപ്പോഴും പടര്‍ന്ന്‍ പന്തലിച്ച് ആനക്കട്ടീടെ ഓര്‍മകള്‍ നില്‍ക്കുന്നു .ഒരു മാമ്പഴക്കാലം തേടി .......

No comments:

Post a Comment