Sunday, May 12, 2013

ഇന്റൻസീവ് കെയർ യൂനിറ്റ്

ഐ. സി . യു 
രോഗികളുടെ കൂടെ ഒന്നിൽ കൂടുതൽ
ആളുകളെ അനുവദിക്കുന്നതല്ല
സന്ദർശന സമയം
വായിച്ചത് തന്നെ വായിച്ച്
കുറെ മൗന മേഘങ്ങൾ

പൊടുന്നനെ വാതിൽ പടിയിൽ
ദൈവ ദൂതനെ പോലെ നഴ്സ്
പിന്നെ പേരുകളുടെ കൂടെയുള്ളവരെ
പലയാവർത്തി വിളിച്ച് കനത്തിലോരു നോട്ടവും

ചിലപേരുകൾക്ക് അവകാശികളേ ഉണ്ടാവില്ല
ചിലതിന് അവകാശികൾ ഏറെയും

ആദ്യമായി
പ്രവേശിപ്പിക്കുന്നവരുടെ ബന്ധുക്കൾ
അടഞ്ഞ വാതിലിനു മുൻപിൽ നിശ്ചലരാവും
പിന്നെ അകത്തേക്കുള്ള
ഒരു നോട്ടത്തിന്റെ പഴുതിനായി തിരയും

സന്ദർശന സമയത്ത്
ചില്ലിലിട്ട ദൈന്യതയുടെ ചിത്രങ്ങൾക്ക്
പുറത്തിറക്കാൻ അപേക്ഷിക്കുന്ന
മിഴികൾക്ക് താഴെ കവിളിൽ
രണ്ട് നീർ ചാലുകൾ കാണാം

കാത്തിരിപ്പിനൊടുവിൽ
മയക്കത്തിലേക്ക് വീഴുമ്പോഴാവും
ധിറുതിയിൽ ഒരു നീളൻ കുപ്പായവും
കുറെ ആശങ്കയുടെ മുഖങ്ങളും
വാതിൽ തുറന്നകത്ത് പോവുന്നത്

പിന്നെ നിശ്ശബ്ദതയിൽ
അടക്കിപ്പിടിച്ച ഒരു തേങ്ങൽ
പടർന്ന് പടർന്ന് കത്തും
ഒരു വെളുത്ത തുണികൊണ്ട്
ജീവിതത്തിന്റെ തിരശ്ശീലയിട്ട രൂപം
വാതിൽ കടന്ന് പോവും വരെ .....

ജീവിതത്തിനും മരണത്തിനു മിടയിലെ
നിസ്സഹായാവസ്ഥയിൽ
മനുഷ്യൻ വെറും മനുഷ്യനാണെന്ന്
തിരിച്ചറിയുന്ന ഇടങ്ങളിൽ ഒന്നാണിത് ...

2 comments:

  1. ആത്മവിദ്യാലയങ്ങള്‍

    ReplyDelete
  2. പിന്നെ നിശ്ശബ്ദതയിൽ
    അടക്കിപ്പിടിച്ച ഒരു തേങ്ങൽ
    പടർന്ന് പടർന്ന് കത്തും
    ഒരു വെളുത്ത തുണികൊണ്ട്
    ജീവിതത്തിന്റെ തിരശ്ശീലയിട്ട രൂപം
    വാതിൽ കടന്ന് പോവും വരെ .....

    ഇതാണ് മനുഷ്യവസ്ഥ

    ReplyDelete