Thursday, February 28, 2019

കടലിലെ പുഴമീനുകൾ

നാട്ടിൽ നിന്നൊരാൾ
മണൽ ഭൂമിയിൽ
എത്തുകയെന്നാൽ
പുഴയിൽ നിന്നൊരു മീനിനെ
കടലിൽ പാർപ്പിക്കുക്ക എന്നാണ്
ശുദ്ധജലം
ഒഴുക്ക് ,കയം
വെള്ളച്ചാട്ടം ,
കാട്, പാടം, കടവ്
വീട് , കൂട്ടുകാർ
എന്നിങ്ങിനെ അതിന്
ഉപ്പ് പിടിച്ച് കൊണ്ടിരിക്കും
ചിത്ര മത്സ്യങ്ങൾ
വർണ്ണച്ചിറകുകൾ
ഭീമാകാരന്മാർ
മലകൾ , ചുഴികൾ
തിരകൾ , ശാന്തത
മഞ്ഞുമലകൾ
തുറമുഖങ്ങൾ , അതിരുകൾ
എന്നിങ്ങിനെ അത്
ജീവിതശൈലി തന്നെ മാറ്റും
തിരിച്ച് പോവാൻ പുഴ
സ്വപ്നം കാണുമ്പോഴെല്ലാം തന്നെ അത്
കടലിൽ നിന്നിറങ്ങിപ്പോവാൻ
പറ്റാത്തൊരു ജീവിയായിട്ടുണ്ടാവും
ഒടുവിൽ
കടൽ കയറിപ്പോവുന്ന
മീനുകൾക്ക് പുഴയിൽ
നിൽക്കാനാവാത്തതും
അവ കടൽ തിരഞ്ഞ് വരുന്നതും
ഇത്കൊണ്ടൊക്കെ തന്നെയാണ്

കരച്ചിലുകളുടെ കടവാവലുകൾ

കരച്ചിലുകളുടെ കടവാവലുകൾ 
പെറ്റുപെരുകിയ ഖല്ബിന്റെ ചോട്ടില്‍
ഓർമ്മകളുടെ പറ്റുപുസ്തകം വായിക്കുന്നു

വലിയകുളം


''വി'' വാർ ചെരുപ്പുകളുടെ
അരികുകൾ തേച്ചുരച്ച
അലക്കുകല്ലുകൾ
കല്പടവുകൾക്കിടയിൽ
സൂക്ഷിച്ച് വെച്ച
തേങ്ങാതൊണ്ട് ചകിരികൾ
ബാക്കി വരുന്ന സോപ്പ്
ഈർക്കിലിൽ കുത്തി
എടുത്ത് പോന്നിരുന്ന സന്ധ്യകൾ
ആദ്യം മുങ്ങിപ്പൊങ്ങിയ ആഴം
കൈകാലടിച്ച് പഠിച്ച നീന്തൽ
അങ്ങിനെ കഥകളുടെ
ഒരു ഭാണ്ഡം തന്നെ
അഴിഞ്ഞ് വീഴുന്ന വല്ല്യൊളം

കടുത്ത വേനൽ പൊള്ളലുകളിലേക്ക്

ഋതുക്കൾക്കിടയിലെ
ജാലകവിരി നീക്കാൻ
മഴ വന്നിട്ടുണ്ട്
കടുത്ത വേനൽ
പൊള്ളലുകളിലേക്ക്
ഞാനെന്നെ മുക്കി
ഉണക്കാനിടുന്നു

ഉമ്മാമ

വന്ന് കയറിയവരോട്
ഇരിക്കാൻ പറയാഞ്ഞതിന്
ഉമ്മാമ എല്ലാവരോടും
ദേഷ്യപ്പെടുന്നുണ്ടാവണം
എന്തേലും കഴിച്ചോ ന്ന്
കഴിച്ചിട്ടേ പോകാവൂ ന്ന്
സ്നേഹത്തിലിരുത്തി
അടുക്കളയിലേക്ക്
തിരിയുന്നുണ്ടാവണം
അടുത്തിരുത്തി
ഇതും കൂടെയെന്ന്
ഊട്ടി ഊട്ടി നിറക്കുന്നുണ്ടാവണം
ഇനിയിപ്പോൾ
വൈകിയില്ലേ
ഇന്നിവിടെ കഴിഞ്ഞ്
നാളെ പോവാമെന്ന്
ഉമ്മാമ കടും പിടുത്തം
പിടിക്കുന്നുണ്ടാവണം
അനുസരിച്ചില്ലെങ്കിൽ
സ്നേഹം കൊണ്ട്
പരിഭവിക്കുന്നുണ്ടാവണം
അടുത്ത ദിവസം
പോവാനിറങ്ങുമ്പോൾ
ഉച്ച കഴിഞ്ഞ് , വൈകുന്നേരം
രാത്രി എന്നിങ്ങിനെ
നീട്ടി നീട്ടി സ്നേഹം കൊണ്ട്
ആളുകളെ ഉമ്മാമ തളച്ചിടുന്നുണ്ടാവും
ഖബറിൽ ഒറ്റക്കാക്കി
തിരിച്ച് പോവുന്ന
ആളുകളെന്നോർക്കാതെ
ഉമ്മാമ അപ്പഴും
ഒന്നും കൊടുക്കാതെ ആരെയും
പറഞ്ഞയക്കരുതെന്ന്
അടുക്കളപ്പുറത്തേക്ക്
വിളിച്ച് പറയുന്നുണ്ടാവണം 

വട്ക്ക്ണിക്കപ്പുറം

വട്ക്ക്ണീടെ
കരിപിടിച്ച ജനലഴിക്കപ്പുറം
നോക്കിയാൽ 
ആയിച്ചാത്താന്റെ വീടായിരുന്നു
ഒരു നോട്ടം അങ്ങ്‌ട്ടും
അതേ നോട്ടം ഇങ്ങ്‌ട്ടും
കിട്ടട്ടേ എന്ന്
വേലിത്തറിക്ക് മുളക്കുന്ന
കമ്പുകളൊന്നും
കുത്താതിരുന്ന
ഒരു അതിരുണ്ടായിരുന്നു
രണ്ടുള്ളിപ്പോണ
ഒരു പിടി ഉപ്പ്
ഒരു നുള്ള് ചായപ്പൊടി
ഒരച്ച് വെല്ലം
എന്നിങ്ങിനെ പലതും
ജനൽ പഴുതിലൂടെ
നീട്ടി വിളിച്ച് ചോദിച്ചാൽ
അങ്ങോട്ടും ഇങ്ങോട്ടും
ഓടിപ്പാഞ്ഞിരുന്നു
ന്റെ മ്മേ ന്നൊരു
വിളികേട്ടാൽ മതി
അപ്പുറത്ത് നിന്നാണെങ്കിൽ
ഇപ്പുറത്തും
ഇപ്പുറത്ത് നിന്നാണെങ്കിൽ
അപ്പുറത്തും
ഉള്ളിൽ തീ പിടിക്കും
എന്തേ ന്റെ ഉമ്മ്വോ ന്ന്
ഏത് പാതിരാക്കും ജവാബ്ണ്ടാവും
അതിരൊക്കെ വേറെ ആരോ
വാങ്ങിയപ്പോ
മറുപുറം കാണാത്തൊരു
ശീമക്കൊന്ന നട്ടു
ഇച്ചിരി ഇച്ചിരി ഇല്ലായ്മകളും
കരച്ചിലുകളും ആധികളും
ഓടിപ്പാച്ചിലുകളും
ആശ്വാസങ്ങളും
അവരവരുടെ പറമ്പിൽ
സമാധിയായി
* വട്ക്ക്ണി ‍‍= അടുക്കള
വെല്ലം = ശര്‍ക്കര

നമ്മള്‍, നീ, ഞാന്‍

നമ്മളപ്പോൾ
മുറിഞ്ഞുപോയ കിനാവിന്റെ
സങ്കടങ്ങളെ
നിലാവൂട്ടുകയാവും


നീയപ്പോൾ
കൊഴിഞ്ഞുവീഴുന്ന നക്ഷത്രങ്ങളെ
പെറുക്കിയെടുക്കാൻ
ചില്ലുകുപ്പി കൊണ്ടുവരാൻ 
മറന്നുപോയതോർത്ത്
വ്യസനിക്കുകയാവും


ഞാനപ്പോൾ കൊഴിഞ്ഞു വീണ 
വസന്തങ്ങൾക്ക് നിറം കൊടുത്ത് 
വറ്റിപ്പോയ കാടുകളിൽ 
തുന്നിച്ചേർക്കുകയായിരുന്നു




നദി

വിഷാദത്തിന്റെ 
മഴ പെയ്യുമ്പോഴെല്ലാം 
ചങ്കിൽ നിന്നും 
നെഞ്ചിൻ കൂടിന്റെ 
അടിവാരത്തിലേക്ക് 
ഒരു നദി നീറിപ്പരക്കും

കാത്തിരിക്കുന്നു

സ്വപ്‌നങ്ങള്‍ 
തോരാനിട്ട വഴികളിലേക്ക്
ഉറക്കം ഇറങ്ങിപ്പോവുന്നു
വീടപ്പോഴും 
എന്ന് തിരിച്ച് വരുമെന്ന്
കാത്തിരിക്കുന്നു

പള്ളിത്തൊടിയിലെ തുമ്പികള്‍

മക്കളെന്ന് പാലൂട്ടുന്നതിനാലാണ് 
ചില ഖബറുകളുടെ മുകളിലെ 
മൈലാഞ്ചിച്ചെടികളിലിരുന്ന് 
തുമ്പികൾ ഉറങ്ങിപ്പോവുന്നത്

ജിന്ന്


വെളുത്ത തലേകെട്ടും
നീളന്‍ കുപ്പായോം
ഒറ്റത്തുണീം ഏട്ത്ത് 
നിലാവിന്റെ വെളിച്ചത്തില്
പള്ളിത്തൊടൂല് കണ്ടോരുണ്ട്
ശുദ്ധിയില്ലാതെ
അകത്തെ പള്ളീല്
കെടന്നൊറങ്ങ്യോരെ
പള്ളിക്കൊളത്തില്
കൊണ്ടോയിട്ടൂന്ന് കേട്ടിട്ടുണ്ട്
മൂന്നുംകൂട്യ നേരത്ത്
വെളിച്ചം വറ്റുമ്പോ
പൊറത്തെറങ്ങ്യ
പെണ്ണ്ങ്ങൾടെ ഉള്ളിൽ
കേറാറ്ണ്ടായിരുന്നു ത്രെ
സുവർക്കത്തിലെ
അത്തറ് മണക്കണ
കുപ്പായമിട്ടൊരുപ്പാപ്പ
കുഞ്ഞുങ്ങള്ടെ കിനാവില്
കയറിപ്പോയി
ഇക്കിളി ആക്കുന്നതിനാലാണ്
ഉറക്കത്തിലും അവര്
ചിരിക്കുന്നതെന്ന്
ഞാനെപ്പോഴും വിശ്വസിച്ചിരുന്നു

അവന്റെ എന്റെ ഉമ്മ


പണ്ടത്തെ നാട്ടിൽ
എനിക്ക്
എല്ലാ വീട്ടിലും 
ഉമ്മമാരുണ്ടായിരുന്നു
നബീസൂന്റെ കുട്ട്യല്ലേ ന്ന്
അയൽവീട്ടിലെ
ഉമ്മമാരെല്ലാം
സ്നേഹം വിളമ്പും
അന്നൊക്കെ
ഞാനും അന്റെ മ്മേം
ന്ന് പറഞ്ഞ് തുടങ്ങി
അവരോരോ കിസ്സയുടെ
മധുരമൂട്ടും
അവരുടെ
കണ്ണുകളിലപ്പോൾ
ഉമ്മവന്ന് നിറയും
തണുത്ത കൈപിടിച്ച്
അവരപ്പോഴെന്റെ ഉമ്മയാവും
ഞാനൊരു പാൽ കുഞ്ഞായി
അലിഞ്ഞില്ലാതാവും
ഉമ്മമാരെപ്പോലെയുള്ള
ഉമ്മമാർ പോവുമ്പോഴെല്ലാം
നമ്മൾക്കതാണിത്രയും
കണ്ണ് ചോരുന്നത്

'' മ ''

എറ്റവും തണുപ്പുള്ള അക്ഷരം
എ യുടെയും സി യുടെയും
നടുവിൽ കിടക്കുന്ന ബി യല്ല
മരണത്തിലും മരവിപ്പിലും 
മിഴിയിലും മൊഴിയിലും
മനസ്സിലും മൗനത്തിലും
മഴയിലും മഞ്ഞിലുമുള്ള
അമ്മയുടെ ഉമ്മയിലുള്ള
അമ്മിഞ്ഞയുടെ '' മ '' യാണ്

ഇറങ്ങിപ്പോരുമ്പോൾ

ഇറങ്ങിപ്പോരുമ്പോൾ
തിരിഞ്ഞു നോക്കാറില്ല
എനിക്ക് മാത്രം
കേൾക്കാവുന്ന ശബ്ദത്തിൽ
വീടുറക്കെ കരയുന്നുണ്ടാവും
ഞെട്ടറ്റ് വീണേക്കാവുന്ന
അവളെ താങ്ങി
വീട് അകത്തേക്ക്
കൊണ്ടുപോവും
കെട്ടിവെച്ച മഴക്കെട്ട്
നിയന്ത്രണം വിട്ട്
അഴിഞ്ഞ് പെയ്യാൻ
തുടങ്ങിയിട്ടുണ്ടാവും
പുറത്തേക്ക് തൂവരുതെന്ന്
കൺപീലികൊണ്ട്
ചിറ കെട്ടിയതിന് മീതെ
സങ്കടത്തിന്റെ തുള്ളികൾ
വിങ്ങി പൊട്ടിയടരും
വഴിയേറെ പിന്നിട്ടാലും
ഞാൻ വീട്ടിൽ നിന്നും
ഇറങ്ങിയിട്ടേ ഉണ്ടാവില്ല
അവളുടെ ആകാശം
തോരുവോളം
നനഞ്ഞേയിരിക്കുന്ന
ഭൂമിയാവും ഞാൻ

ഒടുവില്‍


നിന്റെ ആകാശം

നിന്റെ ആകാശം
ഞാൻ വാരിക്കൂട്ടി തീയിടുന്നു 
നീയെന്ന് തണുത്തിട്ടെനിക്ക്
വേദനിച്ചിട്ട് വയ്യ

അവരുടെ ദൈവം


എടവഴീക്കൂടെ
കാലൊടിഞ്ഞോരു പത്തായം
വടിയുംകുത്തി ഇറങ്ങിപ്പോവുന്നു
വഴിയിലെ വീടുകളിൽ നിന്ന്
മേൽക്കൂരകളാണതാദ്യം കണ്ടത്
മൂലോടുകളാണ്
പട്ടികകളോട് കാര്യം പറഞ്ഞത്
പട്ടിക ഉത്തരങ്ങളോടും
ഉത്തരം ചുമരുകളോടും
ചുമരുകൾ ജനലുകളോടും
ജനലുകൾ വാതിലുകളോടും
പറഞ്ഞതോടെ
ഇനി അറിയാത്തവരില്ലെന്നായി
കോഴിക്കൂടുകളും
മഞ്ചയും കട്ടിലുകളും
മേശകളും കസേരകളും
ഉരലും ഉലക്കയും
എന്തിനധികം പറയുന്നു
കൈക്കോട്ടിന്റെ തായവരെ
പത്തായത്തിനെ അനുഗമിച്ചു
വഴിയിൽ
ആരും ആരോടും
ഒന്നും മിണ്ടിയതേയില്ല
മഞ്ഞ് കൊണ്ടിട്ടെന്നോണം
എല്ലാവരും കരഞ്ഞ് നനഞ്ഞിരുന്നു
കാട്ടുകുളം ഇറക്കം കഴിഞ്ഞ്
കയറ്റം കയറി അവർ
വലത്തെ ഇറക്കം ഇറങ്ങി
ശരിയാണ് അവരുടെ
ദൈവം മരിച്ചിരിക്കുന്നു
കരഞ്ഞ് ചീർത്തതിനാൽ
രാത്രി വീടുകളിലാർക്കും
ഒരു വാതിലും അന്നടക്കാനായില്ല.

ഉപ്പിക്കാത്ത കടല്‍

നിന്‍റെ കണ്ണുകളുടെ
താഴ്വാരത്തെ
സങ്കടങ്ങളുടെ തടാകങ്ങള്‍
ഞാൻ തേവി തേവി വറ്റിക്കും
ഇനിയൊരു
വേദനയുടെ പുഴയ്ക്കും
കടന്നുവരാനാവാത്ത വിധം
ചുംബനങ്ങളുടെ തടയണ പണിയും
ഒടുവിൽ നമ്മൾ
ഉപ്പു കാറ്റുകൾക്ക്
പ്രവേശനം നിഷേധിക്കപ്പെട്ട
ഉപ്പിക്കാത്തൊരു കടലാവും

ഉമ്മാന്‍റെ ഖബര്‍

ഉമ്മാന്‍റെ  ഖബര്‍
പറക്കമുറ്റാത്ത
കുരുന്നുകള്‍
സന്ദര്‍ശിക്കുമ്പോള്‍
ഉമ്മക്കരച്ചിലുകള്‍ തോരാതെ
ഖബറിലെ മണ്ണ് നനയും
കൂട്ടിക്കെട്ടിയ
തുണികള്‍ പൊട്ടിച്ച്
ഉമ്മ എഴുനേറ്റ് വരും
മക്കളെ കെട്ടിപ്പിടിച്ച്
മതിയാവോളം
ഉമ്മകള്‍ കൊടുക്കും
കണ്ടു നില്‍ക്കെ
മലക്കുകള്‍ പോലും
കരഞ്ഞു പോവും
പടച്ചവനോട് ഉമ്മാക്ക്
ശുപാര്‍ശ ചെയ്യും

റൂഹേ..

ജന്നത്തില്‍ നിന്ന്
മലക്കുകളുടെ
കണ്ണുവെട്ടിച്ച്
ദുനിയാവിലേക്ക്
ഒളിച്ചോടി വന്നവളേ
പൂക്കളുടെ ചോപ്പിനെ
തോൽപ്പിക്കുന്ന അധരങ്ങൾ
നീ മൂടിവെയ്ക്കുക
തേനെന്ന് വണ്ടുകൾ
കുടിയിരിക്കാം
ചായ്ച്ചു കെട്ടിയ
കണ്പീലികളാൽ
നീ ജാഗരൂകയാവുക
തീയെന്നീയാംപാറ്റകൾ
വീണു മരിച്ചേക്കാം
സന്ധ്യതൂവിയ
നിൻ കപോലങ്ങൾ
നീ പൊതിഞ്ഞ് പിടിക്കുക
പൂമ്പൊടിയെന്ന്‌
ശലഭങ്ങൾ തപസ്സിരിക്കാം
ആയുസ്സിന്റെ കിത്താബിൽ
പേരു ചേർക്കപ്പെടാത്തവളേ
തിരിച്ചുപോവുമ്പോഴെന്റെ
റൂഹും കൊണ്ട് പോവുക

മഞ്ഞും തണുപ്പും

മക്കൾക്ക് നൽകാൻ 
കഴിയാതെ പോവുന്ന 
ഉപ്പമാരുടെ ഉമ്മകള്
നനഞ്ഞ് ചേർന്നാണ് 
മരുഭൂമിയിൽ മഞ്ഞും 
തണുപ്പുമുണ്ടാവുന്നത്

കാണുമ്പോ

കാണുമ്പോ
ചായപ്പൊടീം
പഞ്ചാരേം ട്ട് നിന്നെ
തിളപ്പിച്ച് 
കുടിക്കാൻ തോന്നും

ഉമ്മ

ഉമ്മ ഉമ്മവെച്ചതോ
ഉമ്മാനെ ഉമ്മവെച്ചതോ
ചേർത്ത് പിടിച്ചതോ
ചേർന്ന് നിന്നതോ
ഓര്‍ക്കുന്നേയില്ല
ഓർമ്മവെച്ചത് മുതൽ
രോഗ ശയ്യയിൽ
നിസ്കാരപ്പായയിൽ
ജപമാലയിൽ ഉമ്മ,
സ്നേഹമെണ്ണിയെണ്ണി
ദൈവത്തിന്റെ കരങ്ങളിൽ
കൊടുത്തേൽപ്പിച്ച്
പോയതിനാലായിരിക്കാം
ഞാനിപ്പഴും സ്നേഹത്തിന്റെ
മഴ കൊണ്ടിങ്ങിനെ
നനഞ്ഞോർത്തിരിക്കുന്നത്

നിന്റെ കണ്ണുകൾ

നിന്റെ കണ്ണുകൾ 
കൺപീലിമരങ്ങൾ 
അതിരിടുന്ന 
നീല ജലാശയങ്ങൾ 
നടുവിൽ 
എന്നെ ഒളിപ്പിക്കുന്ന
ഒറ്റപ്പെട്ട ദ്വീപുകൾ

മരിച്ച് കിടക്കുമ്പോൾ



മരിച്ച് കിടക്കുമ്പോൾ 
നീ എന്നെ 
തിരിച്ച് വിളിക്കരുത്
മരിച്ച് പോയതറിയാതെ 
ഞാൻ തിരിച്ച് പോരും

വാങ്ക്

വാങ്ക് കേൾക്കുമ്പോഴെല്ലാം
വള്ളിക്കാടൻ ഉസ്താദിനെ
ഓർമ്മവരും
വാങ്കിന് 
മുക്രിക്കാടെ ശബ്ദം
മാത്രമാണുള്ളതെന്ന്
മറ്റുള്ളവർ എന്തൊക്കെയോ
ചൊല്ലി പറയുകയാണെന്ന് വരെ
ധരിച്ച് പോന്നിരുന്നു
'' അസ്സലാത്തു ഹൈറുന് മിനനൗ''
എന്ന് സുബ്ഹിക്ക്
ഒരു കുനിപ്പുണ്ട്
കേട്ടവർക്കാർക്കും പിന്നെ
ഉറങ്ങാൻ തോന്നൂല
പണിക്ക്
പോവാനുള്ളവരൊക്കെ
എഴുന്നേൽക്കും
കാരണവന്മാരൊക്കെ
മഞ്ഞു കൊള്ളാതിരിക്കാനൊരു
മുണ്ടും തലയിലിട്ട്
പള്ളികൽക്ക് പോവും
മലക്ക് മാലയിട്ടോരെല്ലാം
അയ്യപ്പൻകാവിലെ
കുളത്തിലേക്ക് കുളിക്കാൻ പോവും
അടുക്കളയിൽ
അടുപ്പിലെ വെണ്ണീറെല്ലാം
പുറത്താക്കപ്പെടും
പാത്രങ്ങൾ
കലഹിക്കാൻ തുടങ്ങും
പൂവൻ കോഴികൾ
നേരം വെളുത്തത്
തിരിച്ചറിയും
ഉച്ചക്കഞ്ഞിക്ക്
പണിമാറ്റാനും
നാലുമണിച്ചായക്ക്
ഒരു ബീഡി വലിക്കാനും
മോന്ത്യാമ്പോ മേക്കഴ്കാനും
ചോറും വൈച്ച്
കെടന്നുറങ്ങാനും
പള്ളിക്കൽന്ന്
വള്ളിക്കാടൻ തൊള്ളട്ടോ
ന്ന് നേരം നോക്കുന്ന
നാടുണ്ടായിരുന്നു
* '' അസ്സലാത്തു ഹൈറുന് മിനനൗ'' = പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് വിളിയിലെ ഒരു വാചകം = ഉറക്കത്തേക്കാള്‍ ശ്രേഷ്ടമായത് പ്രാര്‍ത്ഥനയാണ് എന്ന് അര്‍ത്ഥം..
* മേക്കഴ്കാനും = ദേഹം വൃത്തിയക്കുക / തല നനക്കാതെ കുളിക്കുക

അങ്ങിനെ ഇരിക്കെ

അങ്ങിനെ ഇരിക്കെ
ഞാൻ ഒരു നീയില്ലായ്മയെ
ഹൃദയത്തിൽ ഗർഭം ധരിക്കും
വേണ്ടെന്ന് വെച്ചിട്ടും 
ഉള്ളിൽ കുരുക്കുന്ന
അതിനെ ഒഴിവാക്കാൻ
എല്ലാവഴികളും തേടും
ഒടുവിലൊടുവിൽ
ഞാൻ പരാജയപ്പെടും
ഇരിക്കുമ്പോൾ
നടക്കുമ്പോൾ
കിടക്കുമ്പോൾ
വണ്ടിയിൽ കയറുമ്പോൾ
ജോലി ചെയ്യുമ്പോൾ
എപ്പഴും എപ്പഴും
അതുള്ളിൽ തുടിക്കും
ഇടക്ക് മറന്ന്
ഉറങ്ങി എണീക്കുമ്പോൾ
അത് വളർന്ന്
നെഞ്ചിൻകൂടിൽ തൊടും
എനിക്ക് പൊള്ളും
പുറത്താരും
കാണരുതെന്ന് അറിയരുതെന്ന്
എത്ര മുഖം മിനുക്കിവെച്ചാലും
എന്താണൊരു ഏനക്കേടെന്ന്
കാണുന്നവരെല്ലാം
ചോദിക്കാൻ തുടങ്ങും
നീയില്ലായ്മയിൽ
ഞാനില്ലാതാവുന്നത്
നമ്മളല്ലാത്ത
എല്ലാവരുമാറിയും

ഉപ്പിലിട്ടത്

ഇനി ഒരിക്കൽ 
തൊട്ട് കൂട്ടാനാവും വരേക്കും 
നമുക്ക് നമ്മളെ 
ഉപ്പിലിട്ടു വെക്കാം

വൈകാരിക പരിസരം

ഹൃദയം കൊണ്ട്
കരൾ വാങ്ങിയവൻറെ
വാക്കിനേക്കാൾ വലിയ സത്യം 
ഭൂമിയിൽ ജനിച്ചിട്ടേയില്ല
നിനക്കെന്ന് നൽകുന്ന
വാക്ക്, നോക്ക്
വരി, വര
ഇനിയതൊരു തരി
മണ്ണാവട്ടെ
അവൾക്കത്
അവളുടേതെന്നല്ലാതെ
എണ്ണാനുമാവില്ല
അത്രയും
കൃത്യമായൊരാൾ
ഇത് നിന്റേതല്ലെന്ന്
തെളിവ് നിരത്തുമ്പോൾ
അവൾക്കുടനെ
വിശ്വസിക്കാനേ കഴിയില്ല
വിശ്വസിച്ചാലും
ഇങ്ങിനെയൊരു
വൈകാരിക പരിസരത്തിൽ
ലോകം മുഴുവൻ വന്ന്
ചോദിച്ചാലും
സാക്ഷാൽ ദൈവം
ഇറങ്ങിവന്ന് ചോദിച്ചാലും
അവനെ ഒറ്റു കൊടുക്കാനുമാവില്ല
അവനവളെ ഒറ്റുകൊടുക്കും വരെ..!

കവിത എഴുതുന്നവനെ പ്രണിയിക്കുകയെന്നാൽ

കവിത എഴുതുന്നവനെ
പ്രണിയിക്കുകയെന്നാൽ
കാൽപ്പനികതയുടെ
ഒറ്റപ്പെട്ട ദ്വീപിലേക്ക്
കുടിയേറിപ്പാർക്കുക എന്നാണ്
മൗനങ്ങളുടെ ബോഗികൾ
ചേർത്ത് കെട്ടിയ തീവണ്ടിയിൽ
ഒറ്റയ്ക്ക് യാത്രപോവുക എന്നാണ്
അകാശത്ത് നിന്നിറങ്ങിവരുന്ന
ഇല്ലാത്ത ഗോവണിവഴി
അറിയാത്ത ദേശത്തേക്ക്
തീര്‍ത്ഥാടനം ചെയ്യുക എന്നതാണ്
കാണാത്ത
കടലതിരുകളിലേക്ക്
കാലുകളില്ലാത്ത
പാലം പണിയുക എന്നാണ്
സർവ്വോപരി
ഇഹലോകവാസം
വെടിയുക എന്ന് കൂടിയാണ്

കാണാതായവര്‍ / ഇറങ്ങിപ്പോയവര്‍

കാണാതായവര്‍ /
ഇറങ്ങിപ്പോയവര്‍
ഒടുവിൽ നമ്മൾ കണ്ടതിനപ്പുറം
മാറുന്നേയില്ല
ഒടുവിലവർ
ധരിച്ചിരുന്ന കുപ്പായം
കുടിച്ച കാപ്പി
പറഞ്ഞ വാക്ക്
കയറിപ്പോയ വണ്ടി
തന്ന ചുംബനം
എറിഞ്ഞ നോട്ടം
ഒന്നുമൊന്നും
മായുന്നേയില്ല
വരാനൊരിക്കലും
ഇടയില്ലാത്തയാൾ
തിരിച്ച് വരുമെന്നിപ്പഴും
നമ്മള്‍ വെറുതേ
കാത്തിരിക്കാറുണ്ട്

ഇടിയും മിന്നലും

മഴ വന്ന് കയറിയിട്ടുണ്ട്
അവൾടപ്പൻ കാറ്റ്
പിറകെ ഓടി വരുന്നുണ്ട്
'അമ്മ നെഞ്ചത്ത് 'ഇടി'
കരച്ചിൽ മൂക്ക് ചീറ്റൽ 
ആങ്ങളമാർ വാളെടുത്ത് ''മിന്നൽ''
അകെ പുകിലാണ്
വന്ന് കയറിയതല്ലേ
നിന്ന് പോവട്ടെ
അപ്പനും അമ്മേം
അങ്ങളേം ഒരു പൊടിക്കടങ്ങണം

സ്വപ്നത്തിലേക്ക് ചുരം കയറുന്നു

എപ്പോൾ വേണമെങ്കിലും 
കാരണങ്ങളൊന്നും കൂടാതെ 
ഉപേക്ഷിച്ച് പോന്നേക്കാവുന്ന 
ഒരു സ്വപ്നത്തിലേക്ക് ചുരം കയറുന്നു

പണയം

തന്ന് വീട്ടാത്ത 
ഉമ്മകള്‍ കൊണ്ട് 
കടം കയറി ഞാനെന്‍റെ 
ഖല്‍ബ് പണയത്തിലാക്കി

വരവ്

മൊബൈല് സ്ക്രീനിന്റെ
ഇരു ജാലകങ്ങളില്
വസന്തം വന്ന് നിറയുന്ന
നേരങ്ങളില്
ഇനി എന്നാണ് വരികയെന്ന്
മക്കള് കണക്കെടുക്കും
മാസങ്ങള് എണ്ണികൂട്ടാന്
ഒട്ടും താല്പര്യപ്പെടാതെയവര്
മറ്റന്നാള് എന്നൊരു
തീയ്യതി പറയും
അന്നെന്തായാലും വരണമെന്ന്
അല്ലെങ്കില് ഞാന് സ്കൂളില് പോവില്ലെന്ന്
മോള് കട്ടായം പറയും
എനിക്കിപ്പൊ കാണണമെന്ന്
മോന് വാശി പിടിക്കും
ഇതാ മൊബൈലില് ണ്ടല്ലൊ
എന്നവള് ആശ്വസിപ്പിക്കുമ്പോള്
അവനെന്നെ തോടാനായും
എനിക്ക് തൊടാന് പറ്റുന്നില്ലല്ലോ
എന്നവന് കണ്ണ് നിറയ്ക്കും
ഞാനിപ്പോ കരയുമെന്നവന്
സങ്കടപ്പെടും
അവനെ നോക്കി പുഞ്ചിരിച്ച്
ഞാനെപ്പോഴോ
കരഞ്ഞ് തുടങ്ങിയിട്ടുണ്ടാവും

മഴക്കൊമ്പില്‍

മഴപെയ്യുമ്പോഴിങ്ങിനെ 
ഉതിര്ന്ന് വീഴാന്
നമ്മളെയാരാണ് മഴക്കൊമ്പില് 
കൊളുത്തിയിട്ട് പോയത്

പാലപ്പൂമണം

നിലാവുകള്‍ക്ക്
പാലപൂത്തഗന്ധം
ആത്മാവുകളുടെ
ഉന്മാദന കാലം

സങ്കടങ്ങള്‍

നിന്‍റെ സങ്കടങ്ങള്‍
ഉറങ്ങിയില്ലേ
എന്റെ വേവലാതിക-
ളൊരുപോള കണ്ണടച്ചിട്ടില്ല

ഇടക്ക്

ഇടക്ക് എന്റെ ഇരിപ്പ് കണ്ടാൽ
എനിക്കെന്നോട് പാവം തോന്നും
ഇതിങ്ങിനെ എത്രകാലം
എന്താ വിചാരം 
ഇങ്ങിനെ കാലം
കഴിക്കാനാണോ പ്ലാൻ
എന്നിത്യാദി ചോദ്യങ്ങൾ
എന്നോട് ചോദിക്കും
ഞാനൊരു ഭയങ്കര പദ്ധതി
ആസൂത്രണം ചെയ്ത് വെച്ചിട്ടുണ്ടെന്ന്
ഒരു ചുക്കും ചുണ്ണാമ്പും
ആലോചിക്കാത്ത ഞാൻ
എന്നെ ആശ്വസിപ്പിക്കും
ഇപ്പൊ ഒരാശ്വാസമായില്ലേ
എന്നാശ്വസിക്കാൻ നോക്കും

സങ്കടക്കാറ്റ്

മനസ്സിന്‍റെ ചെങ്കുത്തായ 
താഴ്വരയില്‍ നിന്നാണ്
ഓര്‍മ്മകളുടെ 
സങ്കടക്കാറ്റ് വീശുന്നത്

വേനല്‍

നിനക്ക് പൊള്ളരുതെന്ന്
നിന്‍റെ വേനലുകളെ 
ഞാന്‍ കുടിച്ച് തീര്‍ക്കുന്നു

വിഷാദം

ഇടക്ക് പേരില്ലാത്ത
ഒരു വിഷാദം
എന്നെ തട്ടിക്കൊണ്ട് പോവും
ഊരോ പേരോ അറിയാത്ത 
സങ്കടത്തിന്റെ
അപരിചിതമായ വഴികളിലൂടെ
നടത്തിക്കും
ശബ്ദങ്ങളൊന്നും കടന്നുവരാത്ത,
വാതിലുകളോ ജനാലകളോ
ഇല്ലാത്തൊരു ഇരുട്ട് മുറിയിൽ
എന്നെ കെട്ടിയിടും
രക്ഷപ്പെടാനുള്ള
മാർഗ്ഗങ്ങൾ പലതുണ്ടായിരിക്കേ
ഞാനൊരു ശ്രമം പോലും നടത്താതെ
വിഷാദത്തിന് വശംവദനാവും

മ്മാ..!!

ഖബറിന്റെ മുകളിലെ
പച്ചമണ്ണിൽ വീണ എന്റെ
മിഴിത്തുള്ളികൾ തുടക്കാൻ
ഉമ്മയപ്പോഴും
കൈനീട്ടിയിട്ടുണ്ടാവണം
ഒറ്റയ്‌ക്കുമ്മാക്ക്
പേടി തോന്നുന്നുണ്ടാവുമോ
തോരാത്ത ഒരു കരച്ചിൽ
അടയാളം വെച്ച്
പൊന്നിട്ടുണ്ട് ഞാൻ
ഒറ്റയ്ക്കാവുമ്പോഴൊന്നും
ഒറ്റയ്ക്കാക്കാൻ വിടാതെ
ഓർമകളുടെ സങ്കടപ്പൊതി
തന്ന് പോയതല്ലേ മ്മാ..!!

പോരുമ്പോൾ

പോരുമ്പോൾ പെയ്യാതെ
ചങ്കിൽ സൂക്ഷിച്ച
സങ്കടത്തുള്ളികൾ
മഴ പെയ്യുമ്പോഴൊപ്പം
അകത്ത് പെയ്യും
ബാല്യത്തിൻ്റെ
നെല്ലിമരക്കൊമ്പിലെ
മഴ ബാക്കികൾ ചിതറി
ഓർമ്മകളുടെ
പനമ്പായയാകെ കുതിരും
ഓരോരുത്തരും
ഗൃഹാതുരത്വത്തിന്റെ
ഓരോ മഴത്തുള്ളികളായി
രൂപാന്തരം പ്രാപിക്കും

മഴമുറി

ഒരു മഴമുറി
ചെറുതായരിഞ്ഞ്
ഉപ്പിലിട്ട് വെച്ചിട്ടുണ്ട്
വറുതികാലത്ത്
കട്ടഞ്ചായക്കും
പരിപ്പുവടയ്കുമൊപ്പം കൂട്ടാന്‍

പെയ്യാതെ

ഒരു തുള്ളിപോലും 
ചോരാത്ത 
ഈ മുറിക്കുള്ളില്‍ 
ഞനെന്താണിങ്ങിനെ 
മഴ നനയുന്നത്..!!

അച്ഛൻ മഴ

ഗർഭിണിയായ
ഭൂമിയുടെ പ്രസവമുറിയുടെ
പുറത്ത് ഉലാത്തുന്ന
മഴയുടെ കാലടിശബ്ദമാണ്
ഇടി മുഴക്കങ്ങൾ
മഴക്കാരോ വഴി
തെളിക്കുന്നതാണ് മിന്നല്‍‍
ഭൂമി പ്രസവിക്കുന്ന
കുഞ്ഞുങ്ങളാണ് കൂണുകൾ
കുഞ്ഞുങ്ങളെ കാണാൻ
അച്ഛൻ വരുന്നതാണ് മഴ

കൂണുകൾ

ഇടി മുരളുമ്പോൾ 
ഭൂമി പ്രസവിക്കുന്ന 
മഴക്കുഞ്ഞുങ്ങളാണ് 
കൂണുകൾ

മഴപ്പിരാന്ത്

മഴ വരുമ്പോൾ
വെയിലത്ത് കൊട്ട തേങ്ങ
ഉണക്കാനിട്ടത് പോലെ
ഉള്ളിലൊരു ആധിയാണ്
ഞാനെന്നെ
ഇപ്പൊ നനഞ്ഞേക്കുമെന്ന്
ഓടിച്ചെന്ന് വാരിക്കൂട്ടി
വരാന്തയിലിടും
മണ്ണിന്റെ മണം
ആലിപ്പഴം
കട്ടൻചായ
എരിവുള്ള മിക്സ്ചർ
എന്നിങ്ങിനെ
ഓരോരുത്തരായി കയറിവരും
ഞാനപ്പോൾ തന്നെ
വീട്ടിൽ പോവും
മഴ അവിടെ പെയ്ത് തുടങ്ങ്യോ
ഉള്ള മഴേനെ പേടിപ്പിച്ച് വിടല്ലേ
എന്നും പറഞ്ഞ്
ചിലരൊക്കെ എത്തിനോക്കും
ഓ..!! ഞാനൊന്നും മിണ്ടാനില്ലേ
ഇനി അക്കാരണം കൊണ്ട്
മഴ നിക്കണ്ട ന്നൊരു
കൊഞ്ഞനം കാട്ടി
ഞാൻ മഴയെഴുതും

മിന്നല്‍

മണൽ കാട്ടിൽ നിന്ന്
വെള്ളി പഴുതാരകൾ
മാനത്തേക്ക് പായുന്നു

അഞ്ചാംതരം ബിയിൽ

അഞ്ചാംതരം ബിയിൽ
കിണറിന്റെ അരികിലുള്ള
ക്ലാസ്‌റൂമിൽ
സൈഡ് ബെഞ്ചിൽ
തൊട്ടടുത്തിരുന്നിരുന്ന 
മുഹമ്മദലി വിടി
ധനികനായിരുന്നു
അവന്റെ
പുസ്തക സഞ്ചിയിൽ
ചോക്ക് കഷ്ണങ്ങൾ
പേനയുടെ സ്പ്രിംഗ്
എഴുത്ത് നിന്ന റീ ഫില്ലർ
പരുക്കൻ ഗോ(ട്ടി)ലികൾ
മിഠായിയുടെ പൊതികൾ
തീപ്പെട്ടി ചിത്രങ്ങൾ
പീലിയില്ലാത്ത
മയിൽ‌പീലി തണ്ട്
മീൻ കൊളുത്ത്
മോതിരം മുടയുന്ന
പ്ലാസ്റ്റിക് നൂലുകൾ
അരിക് മൂർച്ചയുള്ള
ഒരു കരിങ്കൽ കഷ്ണം
ചെമ്പിൻറെ നാലണ
വാടിയ ചെമ്പകം
ചുട്ട പുളിങ്കുരുകൾ തുടങ്ങിയ
സമ്പത്തുകളുണ്ടായിരുന്നു
അവന്റെ കണ്ണുകൾ
ആരോ കോപ്പി
ചെയ്തതാവണം
ഇന്നത്തെ സിസിടിവി
കാമറകൾ

ഒച്ച

മൗനങ്ങളെയെല്ലാം 
വാരിക്കൂട്ടി തീയിടണം 
തൊണ്ട് പൊട്ടിച്ച് 
ഒച്ചയുടെ പരിപ്പെടുക്കണം

മനക്കോട്ട

മനക്കോട്ടയൊന്ന് 
പുതുക്കി പണിയണം
മഴയും വെയിലും കൊണ്ടതാകെ 
നിറം മങ്ങിയിരിക്കുന്നു

വിരഹത്തിന്‍റെ മുല്ലവള്ളികള്‍

ഉള്ളിലേക്ക്
മിഴികരഞ്ഞ്
ഖല്‍ബ് നനഞ്ഞ്
താനേ വളരുന്നു
വിരഹത്തിന്‍റെ മുല്ലവള്ളികള്‍
രാത്രി വിരിയുന്ന
മൊട്ടുകള്‍ക്കെന്തെന്ത്
സങ്കട ഗന്ധമാണ്

കാത്തിരിപ്പിന്‍റെ പെണ്ണൊരുത്തി

നിലാവിന്‍റെ 
നൂലുകൊണ്ട്
കിനാവ് തുന്നുന്നു
കാത്തിരിപ്പിന്‍റെ 
പെണ്ണൊരുത്തി

ശബ്ദം

അത്രയടുത്ത രണ്ടാളുകള്‍
മൗനമായിരിക്കുമ്പോള്‍
ഉണ്ടാവുന്ന നിശ്ശബ്ദതയെക്കാള്‍
വലിയ ശബ്ദമില്ല

Monday, February 25, 2019

നിന്‍റെ ചിരി

ചുണ്ടിണകളില്‍ 
മുല്ലപ്പൂമൊട്ടിന്‍റെ കാടുകള്‍
ഒളിച്ച് വെച്ചവളേ
നിന്‍റെ പുഞ്ചിരിയുടെ 
താഴ്വരകളില്‍ ഞാന്‍ 
വീണുമരിച്ചിരിക്കുന്നു

നീ

എൻ്റെ 
കൺപീലികളുടെ ജയിലിൽ 
നീ ആജീവനാന്തം തടവിലാണ്

നിന്റെ ഖല്ബിന്റെ തീരത്ത്

നിന്റെ
ഖല്ബിന്റെ തീരത്ത്
പൊരകെട്ടി താമസിക്കണം
കല്‍ക്കണ്ടം കൊണ്ട്
ചുമരുവെക്കണം 
മയില്‍പീലികൊണ്ട്
കെട്ടിമേയണം
പനിനീര്‍ പൂവിതളിന്‍റെ
ജനാലകള്‍ പണിയണം
താമരയിതളിന്‍റെ
വാതിലുവെക്കണം
നക്ഷത്രങ്ങള്‍കൊണ്ട്
വിളക്കുകള്‍
മിന്നാമിനുങ്ങുകൾ കൊണ്ട്
മുറ്റം നിറയെ തോരണം
പൂമ്പാറ്റകളെ
വളർത്തുന്ന ഉദ്യാനം
കുഴിയാനകളെ
പടിക്കൽ കാവൽ നിർത്തണം

കിനാവിന്‍റെ തോണി

നിന്റെ 
കണ്ണിന്റെ കടവത്ത് 
എന്റെ 
കിനാവിന്റെ 
തോണി മറിഞ്ഞു

കല്ല്യാണത്തലേന്നത്തെ രാത്രി

കല്ല്യാണത്തലേന്നത്തെ രാത്രി
കല്ല്യാണവീടൊരു
ജനാധിപത്യ മതേതര സോഷ്യലിസ്റ്റ്
രാജ്യമാവുമായിരുന്നു
അയല്‍ പക്കങ്ങളില്‍ നിന്നും
കത്തി, ചിരവ, അമ്മിക്കല്ല് , ഉരല്‍,
മുറം, പാത്രങ്ങള്‍ എന്നിങ്ങിനെ
തോളിലും തലയിലും കയറി
കല്ല്യാണവീട്ടിലെത്തും
നാട്ടിലെ തൊടിയായ
തൊടികളില്‍ നിന്നെല്ലാം
കവുങ്ങും പട്ടയും
അലങ്കരിക്കാന്‍ കുരുത്തോലയും
വീട് കയറിവരും
അരികളില്‍ നിന്ന്
കല്ല് തിരഞ്ഞ് പെണ്ണുങ്ങള്‍
കണ്ണീരും സന്തോഷവും
കഥകളും പങ്കുവെയ്ക്കും
പണ്ടൊക്കെ എന്ന് തുടങ്ങി
ബാല്യവും കൌമാരവും
യൌവനവും ഓര്‍മിച്ചെടുത്ത്
ഒരു തലമുറ കട്ടഞ്ചായ കുടിക്കും
ചുളുവില്‍ ഒരു പുക
എവിടുന്നോ
കണ്ടുമുട്ടാനൊരു നോട്ടം
പാചകപ്പുരയിലൊരു സഹായം
പന്തല്‍ പണിയില്‍ ശ്രദ്ധ
എന്നിങ്ങിനെ ഒരു കൂട്ടം
നേരം വെളുപ്പിക്കും
പകലുതന്നെ എന്നോണം
കുട്ടികള്‍ ഉറക്കെ ശബ്ദമുണ്ടാക്കുകയും
നിരത്തി വെച്ച സാധങ്ങള്‍ക്കിടയിലൂടെ
ഓടുകയും തട്ടി വീഴ്ത്തുകയും
ചെയ്ത് കൊണ്ടിരിക്കും
മിണ്ടിയിട്ടോ
നേരാം വണ്ണം കണ്ടീട്ടോ
പോലുമില്ലാത്ത ചെക്കനെ
ഓര്‍ത്തും ഗണിച്ചും
വീട് വിട്ടൊരു വീട്ടിലേക്കെന്ന്
ഇനി എന്തെന്ത് ജീവിതമാവുമെന്ന്
കൂട്ടുകാരികള്‍ പോയിട്ടും
ഉറ്ങ്ങാനാവാത്തൊരു
പെണ്കുട്ടിയുണ്ടാവും

ഓര്‍മ്മകളുടെ പെയ്ത്താണ്

പാലും ബിസ്കറ്റും കൊടുത്ത്
വളര്‍ത്തിയിരുന്നൊരു
അണ്ണാന്‍ കുഞ്ഞുണ്ടായിരുന്നു
എപ്പോഴും ട്രൌസറിന്‍റെ
കീശയിലിട്ട് കൊണ്ട് നടന്നിരുന്നത്
ഉമ്മവെയ്ക്കുമ്പോഴെല്ലാം
അതിന്‍റെ മീശയ്ക്ക്
പാലിന്‍റെ മണമായിരുന്നു
അത്രയധികം അക്കാലത്ത്
മറ്റാരെയും ഞാന്‍
സ്നേഹിച്ചിട്ടില്ലായിരുന്നു
കൂടെ തന്നെയാണു ഉറക്കവും
ബാറ്ററിയുടെ കാര്‍ട്ടൂണ്‍ ബോക്സില്‍
തലയിണക്കടുത്ത് വെക്കും
ഉണര്‍ന്നാല്‍ ആദ്യം നോക്കുന്നത്
അതിനെയാവും
ഒരു ദിവസം രാവിലെ
അതിനെ കാണാനില്ല
പിന്നെ നോക്കുമ്പോ പായയില്‍
പതിഞ്ഞ് കിടക്കുന്നു
തൊട്ടിട്ടും തട്ടിയിട്ടും
അനങ്ങിയതേയില്ല
ഉറക്കത്തില്‍ ബോക്സില്‍ നിന്നും
അണ്ണാന്‍ കുഞ്ഞ് പുറത്ത് വന്ന്
എന്‍റെ മേലെ കയറിയത് ഞാന്‍
അറിഞ്ഞില്ലായിരുന്നു
തിരിഞ്ഞ് മറിഞ്ഞ് കിടന്നപ്പൊ
അവന്‍ അടിയിലായിപ്പോയി
അത് പിടഞ്ഞിട്ടുണ്ടാവും
കരഞ്ഞിട്ടുണ്ടാവും
ഞാന്‍ അറിഞ്ഞതേയില്ല
എത്ര ദിവസം
ഞാനാ ദുഖത്തില്‍ കരഞ്ഞ് നടന്നു
എന്ന് തന്നെ അറിയില്ല
ഓര്‍ത്താല്‍ ഇപ്പഴും സങ്കടം വന്ന്
ചങ്കില്‍ കുത്തുന്ന എത്രയെത്ര
ഓര്‍മകളൂടെ പെയ്ത്താണ് ജീവിതം..!

Sunday, February 24, 2019

സ്നേഹം

ഒരവധിക്കാലം മുതല്‍ 
അടുത്ത അവധികാലം വരെ 
നീ ഭരണിയിലിട്ട് സൂക്ഷിക്കുന്ന 
സങ്കടങ്ങളുടെ 
കണ്ണിമാങ്ങാ അച്ചാറാണ് സ്നേഹം

ഓര്‍ത്തോര്‍ത്ത്

ഇനി ഒരിക്കല്‍
ദുനിയാവിന്‍റെ അറ്റത്ത്
മലക്കുല്‍ മൗത്തിറങ്ങിവരും
കൂടെ സുഗന്ധദ്രവ്യങ്ങളേന്തി
സഹചാരികളുണ്ടാവും 
റൂഹിനെ വരവേല്‍ക്കാന്‍
അവര്‍ രണ്ട് വരികളായി നില്‍ക്കും
ജന്നാത്തിന്‍റെ സന്തോഷമറിയിക്കും
നീയപ്പോള്‍
ഉച്ചത്തിലോ നിശബ്ദമായോ
കരഞ്ഞുകൊണ്ടിരിക്കുകയാവും
ഞാന്‍ മൗത്തില്‍ നിന്നും
കുതറിമാറിയാലോ
എന്ന് ഭയന്ന്
നിന്‍റെ കരച്ചിലുകള്‍ക്ക് മലക്കുകള്‍
ദിക്ക്റുകളുടെ ശബ്ദം നല്‍കും
നിന്‍റെ ഉപ്പിക്കുന്ന മിഴിനീരുകളില്‍
എനിക്കും നിനക്കുമേറെ പ്രിയപ്പെട്ട
അത്തറ് പൂശും
ഞാന്‍
നിന്‍റെ ഒടുവിലെ ഉമ്മകളുടെ
ഒരു കാടാവും
ഖബറിലും
ഒരവധികാലം വരെ എന്നോണം
നിന്നെ ഓര്‍ത്തോര്‍ത്തിരിക്കും

കിനാവുകള്‍

കിനാവുകള്‍ 
തേവിനിറച്ചൊരു തോണിയില്‍
നിന്‍റെ കാത്തിരിപ്പിന്‍റെ 
കരയിലേക്ക് തുഴയുന്തുന്നു

കാണാതായ ഒരാളെ തിരയുമ്പോൾ

കാണാതായ ഒരാളെ
തിരയുമ്പോൾ
അപകടങ്ങളിൽ നിന്നെല്ലാം 
അയാൾ രക്ഷപ്പെട്ട്
സുരക്ഷിതമായൊരിടത്ത്
അവളെ കാത്തിരിക്കുന്നുണ്ടാവുമെന്ന്
അവൾ വിശ്വസിക്കും
തിരഞ്ഞ്
നടക്കുന്നതിനിടയിൽ
അമ്മേ എന്ന വിളികേട്ടെന്ന്
എന്റെ കുഞ്ഞിവിടെതന്നെയുണ്ടെന്ന്
അവിടെ ഒന്ന് നോക്കെന്ന്
അമ്മവയറെരിയും
തിരഞ്ഞ് തിരഞ്ഞിടയിൽ
അവനിപ്പൊ കയറിവരും
ഇങ്ങ് വരട്ടെ
അവന്റെയീപോക്ക്
ഇന്നത്തോടെ നിർത്തുമെന്ന്
അച്ഛൻ ചങ്ക് പൊട്ടും
കാത്ത് കരഞ്ഞ്
കാണാതൊടുവിൽ
ഞാനിനി മിണ്ടില്ലെന്ന്
എന്നെ കൂട്ടാതെയീ
അച്ഛനിതെവിടേക്കാ പോയേ ന്ന്
മോള് തളർന്നുറങ്ങും
അയാളപ്പോൾ
ശരീരത്താൽ ഉപേക്ഷിക്കപ്പെട്ട്
കരച്ചിലുകൾ തോർത്താനെന്നോണം
ആർത്തലച്ച് പെയ്യുന്നുണ്ടാവും

മഴ പെയ്യുമ്പോള്‍ നമ്മളെന്തിനാണിങ്ങിനെ മരിച്ചവര്‍ക്ക് കൂട്ടിരിക്കുന്നത്

തൊപ്പിക്കുടയൂരി
ചുമരില്‍ ചാരി
ഉമ്മറത്തിരികുമ്പോള്‍
ഇറവെള്ളം ചീതലടിക്കും
''മ്മരത്ത്ന്ന് കേറിക്കോ
ആ ചീതനടിച്ചാ മതി
ഞ്ഞി ചീരാപ്പുടിക്കാന്‍''
ന്നുമ്മ ശകാരിക്കും
മഴേത്ത് നോക്കി
കെ എം ഫോട്ടോ ബീഡി ചെറുത്
ഒരെണ്ണം കത്തിച്ച് വലിച്ച്
ഉപ്പ നില്‍ക്കുന്നുണ്ടാവും
മഴയപ്പോള്‍
ഓടുകള്‍ക്കിടയിലൂടെ
വട്ക്ക്ണിയിലുമ്മാനെ
കാണാന്‍ വരും
കഴുകിവെച്ച കഞ്ഞിക്കലം
ഉമ്മ അവര്‍ക്ക്
നീക്കിവെച്ച് കൊടുക്കും
ഒരു തുള്ളി
രണ്ട് തുള്ളി
പല തുള്ളികളായങ്ങിനെ
മഴ ഉമ്മാനോട്
വര്‍ത്താനം പറയും
ഉമ്മ ഇറങ്ങിപ്പോവുമ്പോ
മഴക്കുഞ്ഞുങ്ങള്‍
കാണാന്‍ വന്നിരുന്നു
പള്ളിത്തൊടിയോളം
അവര്‍ ദിക്ക്ര്‍ ചൊല്ലിയിരുന്നു
മൂന്നു പിടി മണ്ണില്‍
അവരുടെ കണ്ണുനീരുണ്ടായിരുന്നു
മരിച്ചു പോയോടത്തും
മഴ ഉണ്ടാവും
അല്ലെങ്കില്‍ ഭൂമിയില്‍
പെയ്യുന്ന മഴയിത്ര ധിറുതിയില്‍
കരഞ്ഞുകലങ്ങി
എങ്ങോട്ടാണ് ഓടിപ്പോണത്
അല്ലെങ്കില്‍
മഴ പെയ്യുമ്പോള്‍
നമ്മളെന്തിനാണിങ്ങിനെ
മരിച്ചവര്‍ക്ക് കൂട്ടിരിക്കുന്നത്

ഓര്‍മ്മകള്‍ അത്തറ് മണക്കുന്നത്

മാനത്തെ ഉപ്പാപ്പ
ദുനിയാവ് വിട്ട് പോയ
റൂഹുകളുടെ
സങ്കടങ്ങളെല്ലാം
അത്തറ് പൂശി 
കുപ്പികളിലാക്കി വെക്കും
മഴ പെയ്യുമ്പോള്‍
ഉപ്പാപ്പ
തുള്ളിക്കൊന്നിന്
അവരുടെ ഓര്‍മ്മകളുടെ
അത്തറ്
തൊട്ട് കൊടുക്കും
അത് കൊണ്ടാണ്
മഴപെയ്യുമ്പോൾ
മരിച്ച് പോയ ഓർമ്മകളെല്ലാം
നമുക്ക് മണക്കുന്നതും
മഴയോടൊപ്പം നമ്മൾ
ഓർമ്മകൾ നനയുന്നതും

പ്രണയം

ഭൂമിയിലുള്ള
എല്ലാ മനുഷ്യരും
കവിതകളെഴുതുന്ന
നാള്‍ വരും.
അന്ന്
ഇറങ്ങിപ്പോയ
സ്നേഹങ്ങളെല്ലാം
തിരികെയെത്തും
മൗനങ്ങളിലെല്ലാം
വാക്കുകള്‍ മുളക്കും
ഉമ്മകള്‍ കൊണ്ടെല്ലാവരും
അഭിവാദ്യം ചെയ്യും
കാടുകളിലേക്കുള്ള
വാഹന പാതകളെല്ലാം
അടക്കപ്പെടും
പേരറിയാത്ത മരങ്ങള്‍ കൊണ്ട്
കാടുകള്‍ പൂക്കും
മനോഹരമായ
മഴകള്‍ മാത്രം പെയ്യും
അരുവികളും പുഴകളും
കടലോളം പാട്ട് മൂളും
മരുഭൂമികളിലെല്ലാം
വസന്തം കുടിപാര്‍ക്കും
യുദ്ധഭൂമിയില്‍ നിന്ന്
ഉറക്കെയുറക്കെ
കവിതകള്‍ കേള്‍ക്കും
വെടിക്കോപ്പുകള്‍
താഴെവെച്ചവര്‍ ഉമ്മവെച്ച് പിരിയും
വീടുകളിലെല്ലാം
കുഞ്ഞുചിരിമഴകള്‍ പെയ്യും
പ്രണയം എന്ന
ഒരു മതം മാത്രം
നിലനില്‍ക്കും
അവള്‍/അവന്‍ ദൈവവും

മഴ മൊഴികള്‍

ഞാന്ന് കെട്ടിയ 
ചായ്പ്പിന്‍റെ തുമ്പത്ത്
തോരണം കെട്ടിയപോലെ
മഴ പെയ്ത് തോര്‍ന്നിരുന്നു
-------------------------------------
അവിടെ മഴപെയ്ത്
തോരാറുണ്ടായിരുന്നു
പുളിമരത്തിന്‍റെ
മഞ്ഞപ്പൂക്കള്‍
കുളിക്കാറുണ്ടായിരുന്നു
മഴയും നോക്കി ഒരുപാടോര്‍മകള്‍
ഉമ്മറത്തിരിക്കാറുണ്ടായിരുന്നു
മഴയിപ്പോള്‍ വീട്
തിരയുന്നുണ്ടാവും
ഉണങ്ങിപ്പോയ ഓര്‍മകള്‍
തിരഞ്ഞ് തിരഞ്ഞ്
മഴ വെള്ള ചാലുകള്‍ വഴി
മഴ മടങ്ങിപ്പോയിട്ടുണ്ടാവും.
-------------------------------
നിന്റെ പെരുമഴയുടെയും
എന്റെ ചാറ്റൽ മഴയുടെയും ഇടയിൽ
ഈ മരുഭൂമിയോളം മൗനമാണ്
--------------------------------------
നിന്നെ മാത്രമാണ്
വിളിച്ചത്
കാറ്റിനൊപ്പം
ഇടിയേയും മിന്നലിനേയും
കൂട്ടിവന്ന് ഭയപ്പെടുത്തരുത്

ഉപ്പ് മാങ്ങാ ബാല്യം

മതിലിലെറിഞ്ഞ് പൊട്ടിച്ച
ഒരു പച്ചമാങ്ങാ കഷ്ണം
ഇത്തിരിയുപ്പ്
ഇത്തിരി മുളക്പൊടി
എറിഞ്ഞ് വീഴ്ത്തിയ
രണ്ട് നെല്ലിക്ക
ഒരു കവിള്‍ വെള്ളം
ചപ്പിലകൂട്ടി തീയിട്ട്
ചുട്ടെടുത്ത കശുവണ്ടി
കല്ല് കൊണ്ട് കുത്തിപൊട്ടിച്ചത്
ഇത്രയും മതി
കൊതി തീരാകാലത്തേക്ക്
കപ്പലോടിക്കാന്‍

മഴപ്പാടം

മഴതോരാതെ പെയ്യുന്നത്
ഉപ്പ അറിയുന്നുണ്ടാവണം
''ന്‍റെ തൊപ്പിക്കൊടെവ്ടെ'' ന്ന്
ഉമ്മാനോട് തിരയുന്നുണ്ടാവണം
''ഈ കണ്ണ് കാണാത്തോട്ത്ത്
ഇങ്ങളെങ്ങ് ട്ടാ'' ന്നുമ്മ
വിലങ്ങ് നില്‍ക്ക് ണ് ണ്ടാവും
''ഞാറൊക്കെ വെള്ളം
മൂടീട്ട് ണ്ടാവും '' ന്ന്
''വരമ്പ് തൊറന്നീലെങ്കി
ഒക്കെ ചീയൂം'' ന്നുപ്പ
ബേജാറാവുന്നുണ്ടാവും
''അയ്നിപ്പോ ഈസ് പ്പേ
ആരും ഞാറൊന്നൂപ്പൊ
നട് ണ് ല്ലലോ'' ന്ന്
മമ്മദാക്ക ഓര്‍മിപ്പിക്കുന്നുണ്ടാവും
ഏത് ഖബറിന്‍റെ
ബന്ധനത്തില്‍ നിന്നും
ഉപ്പ പാടത്ത് വന്ന്
പോണുണ്ടാവണം
''ന്‍റെ പാടം
ന്‍റെ കന്ന്
ന്‍റെ നെല്ലെന്ന്''
എട്യേയ് കുട്ട്യോള്‍ക്ക് തിന്നാന് ള്ളതും
കൂടി ണ്ടാക്കീട്ടില്ലെന്ന്
ചങ്ക് പൊട്ട്ണുണ്ടാവും