Wednesday, March 18, 2015

ആത്മാവില്ലാത്തവര്‍

ആത്മാവ് നഷ്ടമായും
ജീവിക്കുന്ന ശരീരങ്ങളെ
നിങ്ങള്‍ക്ക് തിരിച്ചറിയാനാവുമോ..!!
പേറ്റ് നോവ്‌ മാറും മുന്‍പേ
പറിച്ചെടുത്ത കുഞ്ഞിനെപരതി
ആശുപത്രി കിടക്കയിലവള്‍
മാറ് വിങ്ങി ഉരുകുന്നുണ്ടാവും
സ്വപ്‌നങ്ങള്‍
വിലക്ക് വാങ്ങാന്‍ പോയവന്‍
മുന്നറിയിപ്പില്ലാതെ
തനിച്ചൊരു മഞ്ചലില്‍
യാത്ര പോയപ്പോള്‍
പറക്കമുറ്റാത്ത
കുഞ്ഞുങ്ങളെ പോലും വിട്ട്
അവളുടെ ആത്മാവവനെ
അനുഗമിച്ചിട്ടുണ്ടാവും
ഉറ്റവര്‍ മരിച്ചുപോവുമ്പോള്‍
തനിച്ചാവുന്ന ശരീരങ്ങളെല്ലാം
ആത്മാവില്ലാത്തവയാണ്

മണല്‍ ഉപ്പിക്കുന്നത്

ചില മരുഭൂമികളിലേക്ക്
ഓര്‍മകള്‍ക്കൊരു
പെരുമഴപ്പെയ്ത്തുണ്ട്
തുള്ളികള്‍ മണല്‍ തരികളോട്
കഥ പറഞ്ഞുകൊണ്ടേയിരിക്കും
മണല്‍ കുന്നിന്റെ
നെറുകയില്‍ പെയ്ത്
ഹൃദയത്തിലൂടെ
ഓര്‍മകള്‍ ഒലിച്ചിറങ്ങും
ഉപ്പ് നനവോര്‍മകള്‍
മരുഭൂവിലാകെ
പരക്കുന്നതിനാലാവാം
ഈ മണല്‍ ഇത്രമേല്‍ ഉപ്പിക്കുന്നത്

മല കടലാവുന്നത്

മല നൊന്തുപെറ്റ
അരുവിക്കുഞ്ഞ്
കാട്ടിലും മേട്ടിലും 
ചാടിത്തിമിര്‍ക്കും
പിന്നെ
യുവത്വത്തിന്‍റെ കാട്ടാറായി
കുന്നുകള്‍ക്ക് പാദസരങ്ങളായി
വയലുകള്‍ക്ക് കസവായി
ചോരത്തിളപ്പില്‍
ആഴങ്ങളിലേക്കെടുത്ത് ചാടും
പിന്നെയും
മധ്യ വയസ്സിന്റെ
മുടികൊഴിഞ്ഞ/മണല്‍ വറ്റിയ
ശാന്തമായൊഴുകുന്ന പുഴയാവും
ഒടുവില്‍
വാര്‍ദ്ധക്ക്യത്തിന്റെ അഴിമുഖത്ത്
പോയകാലത്തിനെയാകെ ഓര്‍ത്ത്
ശങ്കിച്ച് ശങ്കിച്ച് കടലില്‍ വീണ് മരിക്കും

നീയെന്ന ഞാന്‍

നിന്റെ മൌനത്തിനിപ്പോൾ
എന്തൊരു തേങ്ങലാണ്
തൊണ്ടയിൽ കുടുങ്ങി
മുറിഞ്ഞു പോവുന്ന നിലവിളിപോലെ
നിന്റെ മസ്തിഷ്കത്തിൽ
ചിന്തകൾ പാകി
ഞാൻ നിന്റെ ഓർമകളിൽ
മറവിയുടെ വെള്ളി വരകളായി
നിനക്ക് നീയും
എനിക്ക് ഞാനുമില്ലാതായി
ഇനി ഞാൻ നിന്നിൽ നിന്നിറങ്ങി
എന്നിൽ നിന്നെ നിനച്ചിരിക്കട്ടെ ..!!

വരിയൊപ്പിക്കുമ്പോള്‍

ശൂന്യതയിലേക്ക്
വല വീശിയപ്പോഴാണ്
നീ ഉപേക്ഷിച്ച് പോയ
മൌനാക്ഷരങ്ങള്‍ കുടുങ്ങിയത്
ഞാനിപ്പോള്‍
ചിതറിപ്പോയ വാക്കുകളെ
വരിയൊപ്പിച്ച്
വായിക്കാന്‍ ശ്രമിക്കുന്നു

രാത്രി, കടലുപ്പ്‌

കടലെന്നും പതം പറഞ്ഞ് 
കണ്ണീര്‍ വാര്‍ക്കയാലും
സൂര്യനത് കേട്ട് 
നിറം കെടുന്നതിനാലുമാവാം
കടലിങ്ങിനെ ഉപ്പിക്കുന്നതും 
രാത്രി ഉണ്ടാവുന്നതും

നിന്റെ മണം

പച്ചമീനിന്റെ 
വെളുത്തുള്ളിയുടെ
മസാലയുടെ 
പുകയുടെ
മൂത്രത്തുണിയുടെ
അലക്ക്പൊടിയുടെ
ഡെറ്റോളിന്റെ
വാസന സോപ്പിന്റെ
കാച്ചെണ്ണയുടെ
വിയര്‍പ്പിന്റെ
എന്റെ പെണ്ണേ
എനിക്ക്
നിന്നെ മണക്കുന്നു

മൌനത്തിന്റെ നാനാര്‍ഥങ്ങള്‍ ...

മൌനം,
നീ മിണ്ടാതെയാവുമ്പോള്‍
എനിക്ക് നേരെയുള്ള നിന്റെ
ഒരായുധമാണ്‌
നിന്റെ ചോദ്യങ്ങളില്‍
പിടഞ്ഞു മാറി
ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍
അതൊരു പരിചയുമാണ്‌

''ഘര്‍ വാപ്പസി''

താഴെ വളപ്പില്‍
അയമുമകന്‍ കുഞ്ഞാപ്പു
വയസ്സ് ഇരുപത്തിനാല്
മതം / ദീന്‍ മാറിയിട്ട്
ഇരുപത്തിനാല് വര്‍ഷം
താഹിറാക്ക് ഒരു തേനുണ്ട
ഒരൊറ്റക്കണ്ണന്‍ ഗോട്ടി
അതിനാണ് ഒറ്റരൂപയ്ക്ക്
വാപ്പാന്റെ പോക്കറ്റടിച്ചത്
കേസായി ,
അന്വേഷണമായി
പിടിക്കപ്പെട്ടു
പുളിവടി പൊട്ടുവോളം പ്രഹരം
''കള്ള ഹിമാറെ കടന്നു പോ'' ന്ന്
വിധി കല്‍പ്പന
അന്ന് കുഞ്ഞാപ്പു
ദീന്‍ മാറി
വയനാട്ടിലേക്ക് വണ്ടി കയറി
മതം മാറി
കുഞ്ഞാമിന,
''ന്റെ കുട്ട്യെവ്ടെ'' ന്ന്‍
നെലോളിച്ചപ്പോഴേക്കും
അയമുക്ക,
''ഓന്‍ വന്ന്‍ലേ'' ന്ന്‍
ഉള്ളു കാളിയപ്പോഴേക്കും
കുഞ്ഞാപ്പു,
വയനാടന്‍ ദീന്‍ കഴിഞ്ഞ്
മൈസൂര്‍ മതത്തില്‍ എത്തിയിരുന്നു
കുഞ്ഞാപ്പൂന്
ദീന്‍ ഉണ്ടോന്നല്ല
ഓന് ''തീനും കുടീം'' ഉണ്ടോന്നാണ്
ഉമ്മ മതവും ഉപ്പ ദീനും മുറിപ്പെടുന്നത്
പെരുന്നാള്കള്‍ക്കൊക്കെയും
വിരുന്നൊരുക്കി
എരിഞ്ഞ വയറും
ഒരു പെരുന്നാള്‍ കോടി
സൂക്ഷിച്ച്
മുറിഞ്ഞ മനസ്സും
ഒരു ''ഘര്‍ വാപ്പസി''
കിനാ കാണുന്നു
**********************
* മതം = അഭിപ്രായം , വിശ്വാസം
* ദീന്‍= വഴി, അനുസരണ, മതം
*തെനുണ്ട = ഒരു മിട്ടായി
*ഗോട്ടി = ഗോലി
*നെലോളി= നിലവിളി

ഞാന്‍ , നീ , നമ്മള്‍

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പമ്പ് ചെയ്യുന്ന 
ഹൃദയവാല്‍വുകള്‍ക്കിടയില്‍
നമുക്ക് നമ്മളില്ലാതായി 
മൌനം കനം വെയ്ക്കുമ്പോഴാണ്
ഹൃദയാഘാതം ഉണ്ടാവുന്നത്