Sunday, February 24, 2019

കിണര്‍

വീടിന്‍റെ തെക്ക് പടിഞ്ഞാറേ മൂല
എപ്പഴും കിണറിലേക്ക്
എത്തി നോക്കിയിരുന്നു
മഴപെയ്ത് നിറഞ്ഞ 
രാത്രികളില്‍ കിണര്‍
വീടിനോട് വെളുക്കുവോളം
മിണ്ടീം പറഞ്ഞുമിരുന്നിരിക്കണം
മഴമാറി വേനല്‍ കിണറ് കുടിച്ച്
വറ്റിച്ച് കൊണ്ടിരിക്കുമ്പോള്‍
വീടിനും ആധിയാവും
ഇപ്പോള്‍ കാണാനേയില്ലെന്ന്
വല്ലാത്തൊരു ശൂന്യതയെന്ന്
ഇങ്ങിനെ മൗനമാവല്ലേയെന്ന്
വീട് മൂലോടിനിടയിലെ
ഒരോടിൻ കഷ്ണം കിണറിലേക്കിട്ട്
മുരടനക്കാറുണ്ട്
വേനലിലെപ്പോഴെങ്കിലും
മഴച്ചാറലിനോപ്പം
വീട് കിണറിനോട്
സങ്കടം പറയും
മിണ്ടാട്ടമില്ലാതെ
കണ്ണെത്താ ദൂരത്ത്
വീട് നിൽക്കുന്നുണ്ടോയെന്ന്
വേനൽ രാത്രികളിൽ
കിണറ് ആകുലപ്പെടും
സുബ്ഹി ബാങ്ക് കൊടുക്കുംവരെ
*വുളുവെടുക്കാൻ ഉമ്മ
കിണറ്റിൻ കരയിലെത്തുംവരെ
*കൊട്ടക്കോരിയിലിട്ട വീടിന്റെ കുറിപ്പ്
കിണറിലെത്തും വരെ
കിണറത്രയും വിരഹം നോൽക്കും
കിണറിപ്പോൾ നിറഞ്ഞിട്ടുണ്ടാവും
വീടെവിടെയെന്ന്
അടുക്കള ശബ്ദങ്ങളെവിടെയെന്ന്
ഉമ്മയെവിടെയെന്ന്
എത്തിനോക്കുന്നുണ്ടാവും
കൈവരികളിൽ പിടിച്ച്
കയറാൻ നോക്കുന്നുണ്ടാവും
ആളനക്കമില്ലാത്ത എവിടേക്കോ
മരിച്ചുപോയല്ലോ എന്ന്
*പൊന്ത മൂടി കരയുന്നുണ്ടാവും
----
*കൊട്ടക്കോരി = വെള്ളം കോരാൻ ഉപയോഗിക്കുന്ന പാട്ട /ബക്കറ്റ് / പാള
വുളു = അംഗ ശുദ്ധി - നമസ്കാരത്തിന്
പൊന്ത = ചെടികളും വള്ളികളും പടർന്ന ഇടം

No comments:

Post a Comment