Saturday, February 23, 2019

വിചാരണ

കണ്ടില്ലേ ഒരു തുള്ളി കണ്ണീരു 
വന്നിട്ടില്ലിതുവരെയെന്ന് 
പഠിച്ച കള്ളനെന്ന്
അവരവനെ പൊതിരെ തല്ലി
അവനപ്പോഴും കരഞ്ഞതേയില്ല
കരച്ചിലെന്നേ വറ്റിപ്പോയതാണെന്ന്
പറയാനവനൊരു ഭാഷയില്ലായിരുന്നു
എത്രകുട്ടികളെ കിട്ടിയെന്ന്
എവിടെ വിറ്റെന്ന്
എത്ര കാശ് കിട്ടിയെന്ന്
കൂടെ ആരൊക്കെയെന്ന്
അവരോരുത്തരായവനെ
അടിച്ചുകൊണ്ടിരുന്നു
ഗ്രാമ ഭാഷമാത്രം
വശമുള്ളവന്
കുഞ്ഞെന്ന് മാത്രം തിരിച്ചറിഞ്ഞു
''ബാബാ'' എന്ന് വിളിച്ചൊരു
രണ്ടരവയസ്സു പൈതല്‍
ഇരുകൈകളും പൊക്കി
ഞാനും ഞാനുമെന്നപ്പോള്‍
കരഞ്ഞുകൊണ്ടേയിരുന്നു.
ഒന്നെന്നൊരു ചൂണ്ടുവിരല്‍ പൊങ്ങി
കേട്ടില്ലെ ഒന്നിനെ കിട്ടിയെന്ന്
കൂടെ ആരൊക്കെയെന്നൊരുവന്‍
അവന്‍റെ നാഭിക്ക് തൊഴിച്ചു
അവനപ്പോള്‍
അവന്‍റെ വീടിന്‍റെ
ചെമ്മണ്‍ തറയിലേക്ക്
തലയടിച്ച് വീണു.
അവന്‍റെയമ്മയപ്പോള്‍
കരച്ചില്‍ ചോരുന്ന
അവന്‍റെ കുഞ്ഞിനെ
വെള്ളമൂട്ടുകയായിരുന്നു
ഭാര്യയപ്പോള്‍
ഉള്ളിലെ കടല്‍ തടഞ്ഞ്
വഴിനീളെ അവനു കാവല്‍തേടി
ദൈവങ്ങള്‍ക്ക് മുന്പില്‍
വ്രതത്തിലായിരുന്നു.
രണ്ടല്ല മൂന്നുയിരുകള്‍
വെന്ത് കാത്തിരിക്കുന്നെന്ന്
അവനാംഗ്യം കാണിച്ചു
കൂട്ടത്തില്‍ മൂന്ന് പേരുണ്ടത്രെ
എന്നൊരു വിരുതന്‍
കുനിച്ച് നിര്‍ത്തി മുതുകിനിടിച്ചു.
ഇത്തിരി മുലപ്പാലുചോത്ത്
അവന്‍റെ വായ ചോര തുപ്പി
അച്ഛനിറങ്ങിപ്പോയ
വയല്‍ വരമ്പിന്‍റെ ചേറ് മണത്തു
ഒരുമഴക്കിനിയും
അതിജീവിക്കാനില്ലാത്ത
ഉമ്മറത്തെ തൂണൊടിഞ്ഞവന്‍റെ
മുതുകില്‍ വീണു.
ഭാണ്ഡത്തിലവനപ്പോഴും
മൂന്ന് കരച്ചിലുകള്‍
താഴെ വീണേക്കരുതെന്ന്
അടക്കി പിടിച്ചിരുന്നു

No comments:

Post a Comment