Wednesday, February 13, 2013

പുത്തനാല്‍ക്കല്‍ കാളവേല

തെക്ക് നിന്നൊരു
ആര്‍പ്പുവിളി
അടുത്തടുത്ത് വരുന്നുണ്ട്

ആടയാഭരണമണിഞ്ഞ
പൊയ്കാളകള്‍
ശിങ്കാരി മേളത്തിന്റെ
അകമ്പടിയോടെ നീങ്ങുന്നുണ്ട്

ആണ്ടിലൊരിക്കല്‍
''സേവി''ക്കുന്ന മണി
പെണ്‍ വേഷം കെട്ടി ആടുന്നുണ്ട്

കുഴലൂത്തും ,പമ്പരവും
വര്‍ണബലൂണുകളും
കാണിച്ച് കൊതിപ്പിക്കുന്നുണ്ട്

ആനപ്പിണ്ടത്തിന്റെ
ഗന്ധം തങ്ങിയ
അന്തരീക്ഷത്തിലേക്ക്
വെടിമരുന്ന്‍ പുക പരക്കുന്നുണ്ട്

ഒരു ''സാമ്പിളിന് ''
പൊരിവാരല്‍
ശീലമാക്കിയ രമേശനെ
കച്ചവടക്കാരി ശാസിക്കുന്നുണ്ട്

ആള്‍കൂട്ടത്തില്‍
രണ്ടുകണ്ണുകള്‍
കുപ്പിവള കൈമാറാന്‍
''ആളെ'' തിരയുന്നുണ്ട്

യന്ത്ര ഊഞ്ഞാലിന്റെ
ഉയരത്തില്‍
ഗുണ്ട നാസറിന്റെ
കണ്ണ് തള്ളുന്നുണ്ട്

മരണക്കിണറിലെ
ബൈക്കോട്ടക്കാരന്‍
കാണികളെ നിശ്ശബ്ദരാക്കുന്നുണ്ട്

കാള പറമ്പില്‍
പാട്ടും പാടി
*''തത്തയും പൂമയിലും''
കൊത്തി കൊത്തി നില്‍ക്കുന്നുണ്ട്

പിരിവിന്‌ തന്ന
തകരപ്പാട്ടയില്‍ നിന്നും
കാശെടുത്ത് രാജനോടൊപ്പം കുടിച്ച
ജീരക സോഡ ഇപ്പോഴും
തികട്ടി വരുന്നുണ്ട് ....

ഊതി വിട്ട
ഒരു ബലൂണ്‍ പീപ്പി
ഇപ്പോഴും നിലയ്ക്കാതെ
മനസ്സില്‍ കരയുന്നുണ്ട്.....

*''തത്തയും പൂമയിലും'' = പാട്ട് പാടുന്ന രണ്ട് ഗ്രൂപ്പുകള്‍

1 comment:

  1. ഊതി വിട്ട
    ഒരു ബലൂണ്‍ പീപ്പി
    ഇപ്പോഴും നിലയ്ക്കാതെ
    മനസ്സില്‍ കരയുന്നുണ്ട്.....

    തീര്‍ച്ചയായും

    ReplyDelete