Tuesday, February 19, 2013

ഉപ്പ /തറവാട്

വാര്‍ദ്ധക്ക്യത്താല്‍ തലകുനിച്ച
പുരയുടെ മോന്തായം
ഒന്ന് പുതുക്കി പണിയണം

ചിതലുകള്‍ തിന്നു തീര്‍ത്ത ഉത്തരം
ഒരുമൂഷിക പ്പാച്ചിലിലാണ്
ഇന്നലെ കരഞ്ഞടര്‍ന്നത്

നരയുടെ പായല്‍ പറ്റിയ ഓടിപ്പോഴും
ഒരു നവീകരണത്തിനെ എതിര്‍ത്ത്
ഒരു പട്ടികച്ചീളില്‍ അടരാതെ നില്‍ക്കുന്നു

വീടിനിപ്പോഴും ഉപ്പയുടെ മനസ്സാണ്
കരിങ്കല്ലിലെ കാലുകളും
ചെങ്കല്ലിലെ ചുമരുകളും
മക്കളെ എന്നും ചിറകിലൊതുക്കുന്നു

പുതിയ ജാലകം പണിയാന്‍
ചുമര്‍ തുരക്കുമ്പോള്‍
ആയുധം കൊണ്ടിരുന്നത്
ഉപ്പാന്റെ ചങ്കിലായിരുന്നു

പെരുമഴയത്ത് ഓടിനിടയിലൂടെ
പെയ്യുന്ന തുള്ളികളെ
ഉപ്പാടെ ഹൃദയത്തിന്റെ
''എക്സ് റേ '' ഫിലിം കൊണ്ടാണടച്ചിരുന്നത്

കോണ്‍ ക്രീറ്റ് കൂട്ടില്‍ ശ്വാസം മുട്ടാന്‍
ജീവനുള്ളോടത്തോളം കാലം
ഉപ്പ ഇഷ്ടപ്പെട്ടിട്ടില്ലല്ലോ

ഇനി ഈ എന്നെ പോറ്റിയ ഉപ്പാനെ
ഈ തറവാടിനെ പുതുക്കുന്നതെങ്ങിനെ
ഉമ്മറപ്പടിയില്‍ ചാരുകസേരയില്‍
ഉപ്പ ഞങ്ങള്‍ക്കിന്നും കാവലായ്
ഇരിക്കുന്ന കാലത്തോളം ......

3 comments:

  1. പുതിയ ജാലകം പണിയാന്‍
    ചുമര്‍ തുരക്കുമ്പോള്‍
    ആയുധം കൊണ്ടിരുന്നത്
    ഉപ്പാന്റെ ചങ്കിലായിരുന്നു

    പെരുമഴയത്ത് ഓടിനിടയിലൂടെ
    പെയ്യുന്ന തുള്ളികളെ
    ഉപ്പാടെ ഹൃദയത്തിന്റെ
    ''എക്സ് റേ '' ഫിലിം കൊണ്ടാണടച്ചിരുന്നത്

    ഷംസ് ഉപ്പമനസ്സ് എപ്പോഴും അങ്ങിനെ ആണ് ...നന്നായിരിക്കുന്നു ആശംസകള്‍ ..

    ReplyDelete
  2. എക്സ്റേ ഫിലിം കൊണ്ടടച്ചിരുന്ന ആ വീട് മതി

    ഇഷ്ടപ്പെട്ടു ഈ കവിത

    ReplyDelete
  3. നന്ദി ഇത്ത അജിത്തേട്ടാ ......

    ReplyDelete