Thursday, February 28, 2013

അല്‍ഖോറില്‍ നിന്നും വീട്ടിലേക്കുള്ള ദൂരം ...

അല്‍ഖോറിലേക്കുള്ള യാത്രയില്‍
മരുഭൂമിയുടെ അതിരായി നില്‍ക്കുന്ന
ആകാശത്തിനു ചുവട്ടില്‍ താനേ മരങ്ങള്‍ മുളയ്ക്കും
മരുഭൂവാകെ പച്ചപിടിച്ച് നില്‍ക്കും

ഒരു പഴുത്തമാങ്ങ തേന്‍ കുടിച്ച്
ഉടുപ്പില്‍ കറ പറ്റി തലതാഴ്ത്തി
കൃത്രിമ വിഷമം കാട്ടി
ഉമ്മാന്റെ മുന്‍പില്‍ നില്‍ക്കും

ബാക്കി വന്ന മാങ്ങയണ്ടി
അനിയത്തിയെ നീട്ടിവിളിച്ച്
''തൊണ പോവാന്‍'' പറഞ്ഞ്
നീട്ടിയെറിഞ്ഞ് കളിയാക്കും

വീട്ടുപടിക്കല്‍ നിന്നും
ഹരിയുടെ ഒരു കൂവല്‍ ശബ്ദം
കോട്ടക്കുന്നിലേക്ക് ''മുള്ളിന്‍ പഴം''
അറുക്കാന്‍ ക്ഷണിക്കും

പോവുന്ന വഴിയിലെ
''കമ്യൂണിസ്റ്റപ്പ'' യുടെ തലപ്പ്‌
വടികൊണ്ട് വെറുതെ വെട്ടിമാറ്റും

ശേഖരിച്ച പറങ്കിമാങ്ങ
വള്ളിയില്‍ കോര്‍ത്ത്
മാലയാക്കും

കുളത്തിന്‍ കരയിലെ
ചെരിഞ്ഞ തെങ്ങില്‍ കയറി
കുളത്തില്‍ ചാടി മറിഞ്ഞ്
കണ്ണ് ചുവന്ന് വീട്ടിലെത്തും

ഉപ്പാനെ ഓടി തോല്‍പ്പിക്കാന്‍
ശ്രമിച്ചൊടുവില്‍ തോല്‍ക്കുമ്പോള്‍
കുസൃതിച്ചിരി ചിരിച്ച്
മനസ്സലിയിക്കും

ബാറ്ററി പെട്ടിയില്‍
വളര്‍ത്തുന്ന അണ്ണാറക്കണ്ണന്
തീറ്റ കൊടുക്കും

പിന്നെ ആത്മഹത്യ ചെയ്ത
ശാരദേച്ചിയെ സ്വപ്നം കണ്ട്
ഞെട്ടി ഉണരുമ്പോഴാവും
''പച്ച'' മരുഭൂവാകുന്നത് ...

No comments:

Post a Comment