Tuesday, September 3, 2013

നാട്ടിൽ നിന്ന് വരുമ്പോൾ ചോദിക്കാതെ ചോദിക്കുന്ന ചിലത്

ഈ വറുത്തെടുക്കുന്ന ബീഫിൽ
നിങ്ങളുടെ വാടിയ മുഖം കണ്ടിട്ട്
ഉമ്മാ,
ഒരു കഷണം പോലും തിന്നാനാവാതെ
റൂമിന്റെ ഒരു കോണിൽ
ഞാൻ നിശ്ശബ്ദനാവുമെന്നു
ഉമ്മ അറിയുന്നുണ്ടോ....?

ഒരാഴ്ച് മുൻപേ തന്നെ
പെയ്യുന്ന നിന്റെ കണ്ണീരിൽ മുക്കി
ഉണക്കിയെടുത്ത കയ്പക്ക
തീരുവോളം എനിക്ക് കയ്ക്കുമെന്നു
പെണ്ണെ,
നിനക്കൂഹിക്കാമൊ ...?

പതിവിലും കൂടുതൽ
എന്നിൽ തന്നെ ഒട്ടി കിടക്കണമെന്ന്
വാശിപിടിക്കുന്ന പൈതലേ ,
ഏത് അദൃശ്യ ശക്തിയാണ്
നിന്നെ വിട്ടിന്നു ഞാൻ
പോവുന്നെന്നു നിന്നെ അറിയിച്ചത് ..?

ഈ ഉടുത്ത കുപ്പായം പെട്ടിയിൽ വെക്കുന്നില്ലേ

എന്നാവർത്തിക്കുന്ന സുഹൃത്തെ,
എന്റെ ഗന്ധം നുകരാൻ
അവളുടെ തലയിണക്കടിയിൽ
വിശ്രമിക്കാൻ ബാക്കി വെക്കേണ്ടതാണിതെന്ന്
നിന്നോട് പറയുന്നതെങ്ങിനെ ...?

എന്നാൽ ഇനി വൈകിക്കേണ്ട
ഇറങ്ങിക്കോ എന്നുപദേശിച്ച്
വിദൂരതയിലേക്ക് നോക്കുന്ന ഉപ്പാ,
നിങ്ങളുടെ ഉരുക്കം ഞാൻ അറിയുന്നില്ലെന്ന്
കരുതുന്നുണ്ടോ ..?

2 comments:

  1. ഇന്നത്തേതും ഇന്നലത്തേതുമായി പോസ്റ്റ് ചെയ്ത കവിതകളില്‍ പലതും മുമ്പ് വായിച്ച പോലെ ഒരു തോന്നല്‍

    റീ-പോസ്റ്റിംഗ് ആണോ?

    ReplyDelete
  2. അജിത്തേട്ടാ റീ പോസ്റ്റിങ്ങ്‌ അല്ല ഞാൻ മലയാളം ബ്ലോഗ്‌ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇട്ടിരുന്നു മിക്കതും അവിടന്ന് വായിച്ചതാവാം

    ReplyDelete