Wednesday, February 19, 2014

മറന്നുവെച്ചത്

അച്ഛനാണാദ്യം
അമ്മയുടെ ഉദരത്തിൽ
ഒരു ബീജമായി
അവളെ മറന്നുവെച്ചത്

ഉദരത്തിന്റെ മറവിൽ
വളർന്നപ്പോൾ
അമ്മയെയും അവളെയും
വീട്ടുകാർ തെരുവിൽ മറന്നുവെച്ചു

സർക്കാരാശുപത്രിയുടെ
തിണ്ണയിൽ
അവൾ മറനീക്കി
പുറത്ത് വന്നതിൽ പിന്നെ
അമ്മ ഇടയ്ക്കിടെ
അവളെ മറന്നുവെച്ച്
പോയി വരാൻ തുടങ്ങി

ഇന്നലെ,
ഈ ചവറ്റുകൂനക്കരികിൽ
അവളെ എന്നെന്നേക്കും
മറന്നു വെച്ചാണ്
അമ്മ ചോരവാർന്ന് മരിച്ചത്

ഇനി അവളെ കറുപ്പ് തേച്ച്
സഹതാപത്തിന്റെ
നാണയത്തുട്ടു നേടാൻ
പിന്നെ നോട്ടുകൾക്ക് വിൽക്കാൻ
ഒരു ഭാണ്ഡക്കെട്ടുകാരി വരും
വീണ്ടും തെരുവിൽ
മറന്നു വെക്കുവാൻ

6 comments:

  1. മറന്നുവക്കുന്നവര്‍!

    ReplyDelete
  2. സന്തോഷത്തിന്റെ അന്ത്യം :(

    ReplyDelete
  3. ഇതൊക്കെയും മറന്നു വെയ്പ്പുകലാണോ? ചിന്തിക്കട്ടെ ...

    ReplyDelete
  4. അജിത്തെട്ടാ , ജോല്സ്ലെറ്റ് ഫൈസൽ ബാബു.. നന്ദി

    ReplyDelete
  5. മിനീ , ഇവിടെ മനപ്പൂർവം മറന്നു വെക്കുന്നു... അല്ലെങ്കിൽ ഉപേക്ഷിക്കുന്നു

    ReplyDelete