Saturday, February 23, 2019

കാലം

ശരിക്കടച്ച് വെക്കായ്കയാല്‍
ചോണനുറുമ്പുകള്‍ കയ്യേറിയ
പഞ്ചസാരപാത്രത്തിന്‍റെ
വക്കില്‍ നിന്നും
ബാല്യം തൊട്ട് മധുരിക്കുന്നു
വിറകുപുരയ്ക്ക് പിറകിലെ
പൂഴിമണ്ണില്‍ വാരിക്കുഴികള്‍ തീര്‍ത്ത്
കുഴിയാനകളിന്നും
എന്നെ തളയ്ക്കാന്‍ നോക്കുന്നു
ഈ മഞ്ഞ ശലഭത്തിനാരാവും
പൂമ്പൊടികൊണ്ട് പുടവ തുന്നിയത്
തൊട്ടാല്‍ മതി കയ്യില്‍ പുരളാന്‍
ചെടികളില്‍
മരുന്ന് തെളിക്കാന്‍ വരുന്ന
ഹെലികോപ്റ്ററുകളാണത്രെ
കല്ലന്‍ തുമ്പികള്‍
പകല്‍
കളഞ്ഞുപോയതെന്തോ
വിളക്ക് തെളിച്ച്
അന്യേഷിക്കുന്ന ഗൂര്‍ഖകള്‍
മിന്നാമിനുങ്ങുകള്‍
എത്ര അലമുറയിട്ടിട്ടും
എല്ലാം കൊത്തിയെടുത്ത്
പറന്ന് പോയി
കാലം /ന്‍ പരുന്തുകള്‍

No comments:

Post a Comment