Tuesday, February 19, 2019

പകലുകളിലെ രാത്രികള്‍

ദീര്‍ഘദൂരയാത്രകളിലെ പകലുകള്‍
കറുത്തകണ്ണട വെച്ചടയ്ക്കുമ്പോള്‍
ഉറക്കം വന്ന് ഒരൊറ്റവഴിയിലൂടെ
കൂട്ടിക്കൊണ്ട് പോവും
ഓര്‍മകള്‍ അടുക്കിവെച്ച
ഭൂഗര്‍ഭവായനശാലയിലേക്ക്
ഒരു തുരങ്കം നീണ്ടുപോവും
ചൂട്ടുവെട്ടത്തില്‍
മങ്ങി മഞ്ഞപിടിച്ച
തടിയന്‍ പുസ്തകങ്ങള്‍ തെളിയും
ചിലന്തിവല പിടിച്ച സ്വപ്നങ്ങള്‍കീറി
എലികള്‍ പായും
ഇടയ്ക്ക് മുകള്‍ തട്ടില്‍ നിന്ന്
ഇടയ്ക്ക് നടുവില്‍ നിന്ന്
ഇനിയിടയ്ക് താഴെനിന്നോ
ഒരു ചിത്രപുസ്തകം താഴെ വീഴും
അസംഖ്യം കളിചിരികള്‍
കുഞ്ഞുകളിപ്പാട്ടങ്ങള്‍
വെളുക്കെ കണ്ണീര്‍മണികള്‍
നിറയെ ഉമ്മകള്‍
എന്നിവ നിലത്താകെ ചിതറും
ഒരമ്മമണം വന്ന് കെട്ടിപ്പിടിക്കും
കവിളില്‍ ഉപ്പാന്റെ ബീഡിമണക്കും
ഉറക്കത്തില്‍ ചിരിക്കുന്നതും
ഉണര്‍ന്നാല്‍ കരയുന്നതും
എന്തിനാണെന്ന്
ഞാന്‍ ഉത്തരം പറയാറില്ല..!!

No comments:

Post a Comment