Saturday, February 23, 2019

സ്വപ്നങ്ങളിലേക്കൊരു ബസ്സോടുന്നു

പുലർച്ചെ
ലേബർ ക്യാമ്പിൽ നിന്നും
പണിത് തീരാത്ത
സ്വപ്‌നങ്ങളെയും തോരാനിട്ട്
ഒരു ബസ്സ്,
നേപ്പാളിലേക്കെന്നോണം
ആകാശ യാത്ര ചെയ്യുന്നു
സീറ്റഴയിൽ നിന്നൂർന്നിറങ്ങി
ഒരു സ്വപ്നം
ചോളകപാടങ്ങൾ മുറിച്ച് കടന്ന്
മലയിടുക്കുകളിലെ
ഒറ്റയടിപ്പാതകളിലൂടെ
വീട്ടിലേക്ക് പോവുന്നു
ഒരു രണ്ടുവയസ്സുകാരി
ഓടിവന്ന് തോളിൽ തൂങ്ങുന്നു
മറ്റൊരു സ്വപ്നം
കുടിലിന്റെ മൺചുമരുകൾ
ഇഷ്ടിക കെട്ടുന്നു
മേൽക്കൂരപ്പുല്ലുകൾ
ഓടുമേയുന്നു
ഇനിയുമൊരാൾക്ക്
അമ്മ മണക്കുന്നു
അമ്മയുടെ പുറത്തെ
പുല്ലുശേഖരിക്കുന്ന കൂടയിൽ
അവൻ ഊരു ചുറ്റുന്നു
അതിനിടയിലൊരാൾ
കാത്തിരിപ്പിന്റെ
വ്രതമെടുക്കുന്നൊരുവളെ
അന്വേഷിച്ച് പോവുന്നു
സായന്തനപ്പൂക്കൾ
ഒളിക്കണ്ണിട്ട് നോക്കുന്ന
താഴ്വാരത്തിലവർ കണ്ട് മുട്ടുന്നു
ബസ്സ്
കൺസ്ട്രക്ഷൻ സെറ്റിന്റെ ഗേറ്റിൽ
കിതച്ച് നിൽക്കുന്നു
പാകമാവാത്ത
സ്വപ്നങ്ങളെല്ലാം ഉടയുന്നു
ബസ്സ്, നിറയെ ചില്ലുകൾ
പുറത്തേക്ക് തുപ്പുന്നു
ഒരാൾ അവ എണ്ണിക്കണക്കാക്കുന്നു
മറ്റൊരാൾ കോരി അകത്തേക്കൊഴിക്കുന്നു .
സ്വപ്നങ്ങളെല്ലാം
പണിയായുധങ്ങളായി രൂപം മാറുന്നു
.....................................................................

No comments:

Post a Comment