Saturday, February 23, 2019

മരിച്ചു പോയ വീട്

മരിച്ചു പോയ വീട്
ഇടക്കൊക്കെ
എന്നെ കാണാന്‍ വരും
ഉമ്മറത്തെ തൂണുകള്‍
കൈ തന്നകത്ത് കയറ്റും
''ഇത്ര നേരവും എവിടെയായിരുന്നു''
എന്ന് ശാസിക്കും
അകത്തെ മുറി
''നീ വന്നോ''
എന്നെത്തിനോക്കും
''കയ്യും കാലും കഴുകി
ചായ കുടിച്ചൊ''
എന്ന് സ്നേഹിക്കും
പടിയിളകിയ കോണി
മുകളിലേക്ക് വിളിക്കും
ചെറിയ മുറിയിലെ
ചുമരുകള്‍ തോളില്‍ പിടിക്കും
അടുക്കളയിലെ അടുപ്പ്
നിറയെ പുകയൂതും
പുക ഉമ്മയെ മണക്കും
അതെന്‍റെ കണ്ണെരിയും
തീയൂതുന്ന കുഴലിന്‍റെ
ശബ്ദം കേള്‍ക്കും
അതിനുമ്മാന്‍റെ കരച്ചിലിന്‍റെ
ശബ്ദമാണെന്ന് തോന്നും
ഞാനും കരഞ്ഞ് പോവും
കരിപിടിച്ച മേല്‍ക്കൂര
ചോര്‍ന്നൊപ്പം കൂടും
ഉമ്മറത്തിരുട്ടിലാരോ
മുരടനക്കും
ഞാന്‍ ഓടിച്ചെല്ലും
ഇരുട്ടില്‍ നിശബ്ദത കനക്കും
ഞാനാകെ വിയര്‍ക്കും
വിയര്‍പ്പിനുപ്പാനെ മണക്കും
ഇരുട്ടിലൊരു
തണുത്ത കാറ്റ് വരും
എന്നെ ചേര്‍ത്ത് പിടിക്കും
നെറ്റിയില്‍ ഉമ്മവെയ്ക്കും
മഴ പെയ്യും
ഞാന്‍ ചോര്‍ന്നൊലിക്കും

No comments:

Post a Comment