Saturday, February 23, 2019

ഒറ്റക്കാവുമ്പോള്‍ അവള്‍

ഒറ്റക്കാവുമ്പോള്‍ അവള്‍
എല്ലാ സമ്മര്‍ദ്ദങ്ങളും
വരിഞ്ഞു കെട്ടിയ
ഉഗ്രവിസ്പോടന ശേഷിയുള്ള
ഒരു വസ്തുവാകുന്നു
ഒരു ചെറു
തിരികൊണ്ട് പോലും
ഒരാളും
ഏഴയലത്ത് പോലും
ചെന്നേക്കരുത്
ഒറ്റക്കാവുമ്പോള്‍ അവള്‍
കരച്ചിലുകള്‍ ഊതി നിറച്ച
ഒരു ഭീമന്‍ കുമിളയാവുന്നു
ഒരു തരി
സങ്കടച്ചീള്കൊണ്ട് പോലും
ആകെ തകര്‍ന്ന് ചിതറുന്നത്
ഒറ്റക്കാവുമ്പോള്‍ അവള്‍
കുട്ടികള്‍ക്കിടയില്‍
കാല്പന്ത് കളി നിയന്ത്രിക്കുന്ന
റഫറിയാവുന്നു
എത്രകണ്ട് ക്ഷമയോടെ
നിയന്ത്രിച്ചാലും
ഒരു ചുവപ്പ് കാര്‍ഡെങ്കിലും
കാണിക്കാതെ ദിവസവും
അവസാനിക്കാത്ത കളി
ഒറ്റക്കാവുമ്പോള്‍ അവള്‍
ഒറ്റയ്ക്കാവുന്നതേ ഇല്ല
അവളുടെ ചിന്തകളോട്
മിണ്ടിയും പറഞ്ഞും
അവള്‍ അവളുടെ കൂടെ
ഒരായിരം പേരെ കൊണ്ട് നടക്കുന്നു

No comments:

Post a Comment