Tuesday, February 19, 2019

പേരില്ലാത്ത വീട്

വീട്ടിലൊരാള്‍ മരിക്കുമ്പോഴെല്ലാം
അന്ന് വീടും മരിക്കാറുണ്ട്
എവിടെയാ ''മരിച്ച വീട്''
എന്ന് ചോദിച്ചാളുകള്‍ വരാറുണ്ട്
ഇറങ്ങിപ്പോവുമ്പോള്‍
വീടും ശബ്ദമില്ലാതെ കരയാറുണ്ട്
ഉപേക്ഷിച്ച് പോവുന്ന
ഓര്‍മകളെയെല്ലാം എടുത്ത്
പലയിടങ്ങളില്‍ സൂക്ഷിച്ച് വെയ്ക്കാറുണ്ട്
വീട്ടിലൊരാള്‍
കല്ല്യാണം കഴിക്കുമ്പോള്‍
വീടിനും കല്യാണമാവാറുണ്ട്
''കല്യാണ വീട്''
ചോദിച്ചാളുകള്‍ വരാറുണ്ട്
വീട് നിറയെ
കുപ്പിവള ചിരികള്‍ തോര്‍ന്ന്
പെണ്മകള്‍ ഇറങ്ങിപ്പോവുമ്പോഴാവും
വീട് കരയുന്നതും ഉറങ്ങുന്നതും ..!!
ഓരോ വേര്‍പാടുകളും
എത്ര ചായം പൂശിയാലും
മായ്ക്കാനാവാത്ത
കരച്ചിലടയാളങ്ങള്‍
വീടുമുഖത്ത് കൊളുത്തിയിടാറുണ്ട്

No comments:

Post a Comment