Tuesday, February 19, 2019

മഴതോര്‍ന്ന് പെയ്യുന്ന രാത്രികള്‍

മഴ പെയ്ത് തോര്‍ന്ന
രാത്രികളില്‍
കുളിച്ചീറനായകാറ്റ്
വയല്‍വരമ്പിലൂടെ
ഓടിക്കളിക്കാറുണ്ട്
തവളകള്‍ക്ക്
രാത്രിമുഴുവന്‍ ആഘോഷമാണ്
തൊണ്ടവീര്‍പ്പിച്ച് ഉച്ചത്തിലവര്‍
പുലരുവോളം പാടിക്കൊണ്ടിരിക്കും
ചീവീടുകള്‍ താളം പിടിച്ചുകൊണ്ടിരിക്കും
മഴയ്ക്കും
പൊടുന്നനെ പെയ്യുന്ന
നിലാവിനുമിടയ്ക്ക്
രാത്രിയിലൊരു നിശ്ശബ്ദത
പിറക്കാറുണ്ട്
മഴ കേട്ടിരുന്ന ആത്മാക്കള്‍
കുഴിമാടങ്ങളിലേക്ക്
മടങ്ങിപ്പോവുന്ന ഇടവേളയാണത്
പിന്നെയും നിലാവ് തോരും
മഴ പെയ്യും
കുളത്തിലേക്കും പുഴയിലേക്കും
ഒഴുകുന്ന വരിവെള്ളത്തില്‍
പരല്‍മീന്‍ കുഞ്ഞുങ്ങള്‍
കൂട്ടമായി കയറിപ്പോവും
ഇടയ്ക്കൊരു വരാല്‍
അതിന്റെ
വാലില്‍ കടിച്ചൊരു കൂട്ടുകാരി
വീട് വിട്ട് പോവും
അവരെ തിരഞ്ഞെന്നോണം
ഒത്തിരിവരാല്‍ കൂട്ടങ്ങള്‍
പിറകെയും പോവാം
മഴതോര്‍ന്ന് പെയ്യുന്ന രാത്രികള്‍
മണ്ണിന്‍റെ ഉത്സവക്കാലമാണ്

No comments:

Post a Comment